100 മീറ്റര്‍ എറിഞ്ഞ കോച്ചിന് കീഴില്‍ പരിശീലനം, നീരജിന് സ്വര്‍ണം ലഭിച്ചില്ലെങ്കിലേ അദ്ഭുതമുള്ളൂ !


By സ്‌പോര്‍ട്‌സ് ലേഖകന്‍

2 min read
Read later
Print
Share

ലോകത്ത് 100 മീറ്റര്‍ ദൂരം കണ്ടെത്തിയ ഏക ജാവലിന്‍ ത്രോ താരം എന്ന അപൂര്‍വ റെക്കോഡിനുടമയാണ് ഹോണ്‍

നീരജ് ചോപ്രയും ഊവെ ഹോണും

ലോകം മുഴുവന്‍ ഇന്ത്യയിലേക്ക് ചുരുങ്ങുന്ന അസുലഭ മുഹൂര്‍ത്തത്തിനാണ് ഇന്ന് ഒളിമ്പിക്‌സിലെ ജാവലിന്‍ ത്രോ വേദി സാക്ഷിയായത്. ഒളിമ്പിക്‌സിലെ അത്‌ലറ്റിക്‌സില്‍ നിന്നും ഒരു മെഡല്‍ നേടുക എന്ന ഇന്ത്യയുടെ എക്കാലത്തെയും വലിയ ആഗ്രഹം സാധിച്ചിരിക്കുകയാണ് നീരജ് ചോപ്ര എന്ന യുവതാരം.

ടോക്യോ ഒളിമ്പിക്‌സില്‍ സ്വര്‍ണം നേടിക്കൊണ്ടാണ് താരം 130 കോടി ജനങ്ങളുടെ ആരാധ്യപുരുഷനായി മാറിയത്. അഭിനവ് ബിന്ദ്രയ്ക്ക് ശേഷം ഇന്ത്യയ്ക്കായി സ്വര്‍ണമെഡല്‍ നേടുന്ന ആദ്യ താരം എന്ന റെക്കോഡും താരം സ്വന്തമാക്കി. നീരജ് ചോപ്രയുടെ ഈ നേട്ടത്തിന് പിറകില്‍ ഊവെ ഹോണ്‍ എന്ന വലിയ മനുഷ്യന്റെ കഠിനാധ്വാനവും പ്രയത്‌നവുമുണ്ട്.

നീരജ് ചോപ്രയുടെ പരിശീലകനാണ് ജര്‍മന്‍ താരമായ ഊവെ ഹോണ്‍. ചോപ്രയുടെ ഈ നേട്ടത്തില്‍ ഹോണ്‍ നിര്‍ണായകമായ പങ്കാണ് വഹിച്ചിരിക്കുന്നത്. ലോകത്ത് 100 മീറ്റര്‍ ദൂരം കണ്ടെത്തിയ ഏക ജാവലിന്‍ ത്രോ താരം എന്ന അപൂര്‍വ റെക്കോഡിനുടമയാണ് ഹോണ്‍. 1984 ജൂലായ് 20 നാണ് ഹോണ്‍ ഈ റെക്കോഡ് നേട്ടം സ്വന്തമാക്കിയത്.

ബെർലിനിൽ വെച്ചാണ് ഈ റെക്കോഡ് പിറന്നത്. താരം അന്ന് 104.80 മീറ്റര്‍ ദൂരം കണ്ടെത്തിക്കൊണ്ട് ലോകറെക്കോഡ് സ്വന്തമാക്കി. എന്നാല്‍ ഭാഗ്യം അദ്ദേഹത്തിനൊപ്പം രണ്ട് വര്‍ഷം മാത്രമേ നിന്നുള്ളൂ. 1986-ല്‍ ജാവലിന്റെ രൂപഘടനയിലും ഭാരത്തിലുമെല്ലാം മാറ്റങ്ങള്‍ വരുത്തി. ഇതോടെ ജാവലിൻ ത്രോയിലെ അതുവരെയുള്ള റെക്കോഡുകളെല്ലാം തിരുത്തി മത്സരം പുതുതായി തന്നെ ആരംഭിച്ചു. 1986 ന് ശേഷമുള്ള റെക്കോഡുകൾ മാത്രമാണ് നിലവിൽ ഔദ്യോ​ഗികമായി പരി​ഗണിക്കുന്നത്. അതുവരെയുള്ള റെക്കോഡുകളെല്ലാം പഴങ്കഥയായി. ഇതോടെ റെക്കോഡ് പുസ്തകത്തിലില്ലാത്ത റെക്കോഡുകളുടെ കൂട്ടത്തില്‍ ഹോണും വന്നുവീണു.

അതിനുശേഷം നടന്ന ഐ.എ.എ.ഫ് ലോകകപ്പിലും യൂറോപ്യന്‍ കപ്പിലും സ്വര്‍ണം നേടിക്കൊണ്ട് കായികതാരമെന്ന കരിയര്‍ ഹോണ്‍ അവസാനിപ്പിച്ചു. പിന്നീട് 1999-ലാണ് ഹോണ്‍ പരിശീലകന്റെ കുപ്പായമെടുത്തണിയുന്നത്. ചൈനീസ് ദേശീയ ചാമ്പ്യന്‍ ഷാവോ ക്വിന്‍ഗാങ്ങിനെ പരിശീലിപ്പിച്ച ശേഷമാണ് ഹോണ്‍ നീരജ് ചോപ്രയെ കണ്ടെത്തുന്നത്.

ചോപ്രയെ ടോക്യോ ഒളിമ്പിക്‌സിലേക്ക് ഒരുക്കിയെടുക്കുക എന്നതായിരുന്നു ഇന്ത്യ ഹോണിലെ ഏല്‍പ്പിച്ച ദൗത്യം. ഇടയ്ക്ക് പരിശീലത്തിനായി ഒരുക്കിയ സൗകര്യങ്ങളിലെ പിഴവുകള്‍ മുന്‍നിര്‍ത്തി അധികൃതര്‍ക്കെതിരേ ഹോണ്‍ ശക്തമായി പ്രതിഷേധിച്ചെങ്കിലും താരം കൃത്യമായി ചോപ്രയെ പരിശീലിപ്പിച്ചു. പാട്യാലയിലെ ചുട്ടുപൊള്ളുന്ന കാലാവസ്ഥയെ അതിജീവിച്ച ചോപ്രയുടെ ജാവലിന്‍ ത്രോകള്‍ തീയമ്പുപോലെ പറന്നകന്നു. പിന്നാലെ യൂറോപ്പിലേക്ക് താരത്തെയും കൊണ്ട് ഹോണ്‍ പറന്നു. ഏത് കാലാവസ്ഥയിലും ചാമ്പ്യനായി മാറാനുള്ള കരുത്ത് ചോപ്രയ്ക്ക് ഹോണ്‍ പകര്‍ന്നു നല്‍കി. അതുതന്നെയാണ് ടോക്യോയിലും കണ്ടത്.

ആദ്യ ശ്രമത്തില്‍ തന്നെ 87.03 മീറ്റര്‍ ദൂരം നീരജ് ചോപ്ര കണ്ടെത്തിയതോടെ എതിരാളികള്‍ വിറച്ചു. ലോകചാമ്പ്യനും ഒളിമ്പിക് ചാമ്പ്യനുമെല്ലാം ഇന്ത്യന്‍ താരത്തിന് മുന്നില്‍ മുട്ടുവിറച്ചുനിന്നു. രണ്ടാം ശ്രമത്തില്‍ 87.58 മീറ്റര്‍ കൂടി കണ്ടതോടെ ചോപ്ര വിജയമുറപ്പിച്ചു. ഒളിമ്പിക് പോഡിയത്തില്‍ നിന്നും ഇന്ത്യന്‍ ദേശീയഗാനത്തിന്റെ അകമ്പടിയോടെ നീരജ് ചോപ്ര സ്വര്‍ണമെഡലില്‍ മുത്തമിടുമ്പോള്‍ ഹോണ്‍ എന്ന പരിശീലകന്റെ കണ്ണുകള്‍ അഭിമാനം കൊണ്ട് നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.

Content Highlights: Uwe Hohn, coach of Neeraj Chopra for tokyo olympics 2020

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram