നീരജ് ചോപ്ര, മിൽഖ സിങ്, പി.ടി.ഉഷ
ടോക്യോ: നാളിതുവരെ രണ്ട് നഷ്ടങ്ങളായിരുന്നു ഒളിമ്പിക് അത്‌ലറ്റിക് ചരിത്രത്തിലെ ഇന്ത്യയുടെ നേട്ടങ്ങള്‍. ഇന്നലെ വരെ നെഞ്ചില്‍ ചേര്‍ത്ത് കൊണ്ടുനടന്ന ഗൃഹാതുരസ്മരണകള്‍. ഒന്ന് 1960ലെ മില്‍ഖാ സിങ്ങിന്റേത്. മറ്റൊന്ന് സെക്കന്‍ഡിന്റെ നൂറിലൊരംശത്തിന്റെ വിലയറിഞ്ഞ 1984 ലോസ് ആഞ്ജലീസിലെ പയ്യോളി എകസ്പ്രസ് പി.ടി.ഉഷയുടേത്. കണ്ണീരില്‍ കുതിര്‍ന്ന ഈ രണ്ട് നഷ്ടങ്ങളേയുമാണ് ജാവലിന്‍ 87.58 മീറ്റര്‍ ദൂരേയ്ക്ക് പായിച്ച് നീരജ് ചോപ്ര എന്ന സൈനികന്‍ പഴങ്കഥയാക്കിയത്. അതും മില്‍ഖ ജീവിതത്തിന്റെ അവസാനലാപ്പ് പൂര്‍ത്തിയാക്കി മടങ്ങി രണ്ട് മാസം തികയും മുന്‍പ്.
ഇന്ത്യന്‍ ഹോക്കി ടീമിന്റെ കുതിപ്പിന് ആദ്യമായി പാകിസ്താന്‍ കടിഞ്ഞാണിട്ടത് മാത്രമായിരുന്നില്ല 1960 ഒളിമ്പിക്‌സിന്റെ ഏറ്റവും വലിയ നഷ്ടം. ഇന്ത്യ അക്ഷരാര്‍ഥത്തില്‍ കണ്ണീരണിഞ്ഞത് ട്രാക്കിലായിരുന്നു. പുരുഷന്മാരുടെ 400 മീറ്റര്‍ ഓട്ടത്തില്‍ സാധ്യത ഏറെയും കല്‍പിക്കപ്പെട്ടിരുന്നത് ടോക്യോ ഏഷ്യന്‍ ഗെയിംസില്‍ 200, 400 മീറ്ററുകളില്‍ സ്വര്‍ണമണിഞ്ഞ മില്‍ഖയ്ക്കായിരുന്നു. ഫ്രാന്‍സില്‍ 45.8 സെക്കന്‍ഡില്‍ ഓടിയെത്തി ലോക റെക്കോഡ് സൃഷ്ടിച്ചാണ് മില്‍ഖ റോമിലെത്തിയത് എന്നുമൊരു കഥയുണ്ട്. അക്കഥയ്ക്ക് എന്നാല്‍, സ്ഥിരീകരണമില്ല. ഫൈനലില്‍ വെടിയൊച്ച മുഴങ്ങിയത് മുതല്‍ മില്‍ഖയായിരുന്നു മുന്നില്‍. ആദ്യ 200 മീറ്റര്‍ വരെ ഈ ലീഡ് മില്‍ഖ നിലനിര്‍ത്തിയപ്പോള്‍ ഇന്ത്യ സ്വര്‍ണമുറപ്പിച്ചു. ഹോക്കിയുടെ നഷ്ടം മില്‍ഖയിലൂടെ നികത്തുമെന്ന് പ്രത്യാശിച്ചു. എന്നാല്‍, അടുത്ത ക്ഷണം കാര്യങ്ങളെല്ലാം മാറിമറിഞ്ഞു. അവസാനദൂരത്തില്‍ വേഗം കുറച്ചതും സഹതാരങ്ങളെ നോക്കിയതുമാണ് തിരിച്ചടിയായതെന്ന് പറയപ്പെടുന്നു. സംഗതി എന്തായാലും ഒട്ടിസ് ഡേവിസും കാള്‍ കൗഫിമാനും മാല്‍ക്കം സ്‌പെന്‍സുമെല്ലാം മില്‍ഖയെ മറികടന്ന് ഫിനിഷ് ചെയ്തു. ഒളിമ്പിക് റെക്കോഡ് ഭേദിച്ചെങ്കിലും മില്‍ഖ നാലാമനായി. 44.9 സെക്കന്‍ഡിലായിരുന്നു ഡേവിസിന്റെയും കൗഫ്മാന്റെയും ഫോട്ടോഫിനിഷ്. ജീവിതത്തിലെ ഏറ്റവും വലിയ വിഡ്ഡിത്തം എന്നാണ് മില്‍ഖ തന്നെ ഈ ദുരന്തത്തെ പില്‍ക്കാലത്ത് വിശേഷിപ്പിച്ചത്.
രണ്ട് പതിറ്റാണ്ടുകാലമാണ് ഇന്ത്യ ഈ വേദന നെഞ്ചില്‍ കൊണ്ടുനടന്നത്. ഒടുവില്‍ 1984ല്‍ അതിലും വലിയൊരു വേദന വേണ്ടിവന്നു ഇത് മായാന്‍. ഹൃദയഭേദകമായിരുന്നു ലോസ് ആഞ്ജലീസിലെ പയ്യോളി എക്‌സ്പ്രസിന്റെ ആ വേദന. വനിതകളുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ 55.42 സെക്കന്‍ഡിലായിരുന്നു ഉഷയുടെ ഫിനിഷ്. ഉഷ മെഡലിണിഞ്ഞുവെന്ന് സകലരും കരുതി. എന്നാല്‍, ഫോട്ടോഫിനിഷിന്റെ വിധിയെഴുത് ഒരു രാജ്യത്തിന്റെ മുഴുവന്‍ ഹൃദയം തകര്‍ത്തു. സെക്കന്‍ഡിന്റെ നൂറിലൊരംശത്തിന്റെ വ്യത്യാസത്തില്‍ റുമാനിയയുടെ ക്രിസ്റ്റീനയ്ക്ക് വെങ്കലം. സഹതാരത്തിന്റെ ഫൗള്‍സ്റ്റാര്‍ട്ട് കാരണം സ്റ്റാര്‍ട്ട് പിഴച്ചതാണ് തന്റെ താളംതെറ്റിച്ചതെന്ന് ഉഷ തന്നെ പിന്നീട് തുറന്നുപറഞ്ഞു. അന്ന് ഉഷ മാത്രമല്ല, ഒരു രാജ്യം മുഴുവന്‍ വിതുമ്പിപ്പോയി. ഓരോ തവണ ഒളിമ്പിക് ട്രാക്കുണരുമ്പോഴും നമ്മള്‍ സെക്കന്‍ഡിന്റെ വില അറിഞ്ഞുകൊണ്ടിരുന്നു. ഈ വേദനയും നഷ്ടബോധവും ഓര്‍ത്തുകൊണ്ടിരുന്നു.
പിന്നീടൊരിക്കല്‍ക്കൂടി ഇന്ത്യ ഒളിമ്പിക് മെഡലിനടുത്തെത്തി. 2004ലെ ഏതന്‍സ് ശതാബ്ധി ഗെയിംസിലായിരുന്നു. പാരിസ് ലോകചാമ്പ്യന്‍ഷിപ്പില്‍ ലോംഗ്ജമ്പ് വെങ്കലം നേടി ചരിത്രം കുറിച്ചാണ് അഞ്ജു ബോബി ജോര്‍ജ് ഏതന്‍സിലെത്തിയത്. വലിയ പ്രതീക്ഷയായിരുന്നു ഇന്ത്യയ്ക്ക്. ഫൈനലില്‍ 6.83 മീറ്റര്‍ ചാടി ദേശീയ റെക്കോഡ് തിരുത്തിയെങ്കിലും അഞ്ചാം സ്ഥാനത്ത് ഫിനിഷ് ചെയ്യാനെ കഴിഞ്ഞുള്ളൂ. ഈ ദേശീയ റെക്കോഡ് ഇന്നും അഭേദ്യമായി തുടരുകയാണ്.
പിന്നീട് ഇന്ത്യ മെഡലിനടുത്തെത്തിയത് ടോക്യോയില്‍ തന്നെയാണ്. വനിതളുടെ ഡിസ്‌ക്കസ് ത്രോയില്‍ വലിയ പ്രതീക്ഷയാണ് കമല്‍പ്രീത് കൗര്‍ നല്‍കിയത്. ഒടുവില്‍ 64 മീറ്റര്‍ എറിഞ്ഞ് ആറാം സഥാനത്താണ് കമല്‍പ്രീത് ഫിനിഷ് ചെയ്തത്. ത്രോയിലെ ഒരു ഇന്ത്യന്‍ താരത്തിന്റെ ഏറ്റവും വലിയ നേട്ടമായിരുന്നു അത്.
ഈ നഷ്ടങ്ങളാണ് ഒരൊ ഏറ് കൊണ്ട് നീരജ് ചോപ്ര പൊന്നുകൊണ്ട് മായ്ച്ചുകളഞ്ഞത്. ഇനി ചരിത്രത്തില്‍ ഓര്‍ക്കാന്‍ ഗൃഹാതുരവേദനകളില്ല. നീരജിന്റെ സ്വര്‍ണനേട്ടം മാത്രം.
Content Highlights: Tokyo Olympics Neeraj Chopra Wins Gold in Javelin Throw Milkha Singh PT Usha