അലിഷര്‍... അമ്മയുടെ എട്ട് ഒളിമ്പിക്‌സ് അത്രയും നിന്റെ ജീവനുവേണ്ടിയായിരുന്നില്ലെ


3 min read
Read later
Print
Share

ആദരവേറ്റുവാങ്ങി കണ്ണീരോടയാണ് മടക്കമെങ്കിലും മെഡല്‍നേട്ടങ്ങളേക്കാള്‍ വലിയൊരു ചരിത്രം ബാക്കിവയ്ക്കുന്നുണ്ട് ചുസുവിറ്റിന.

ചുസുവിറ്റിനയും മകനും (ഇടത്). ചുസുവിറ്റിന ടോക്യോയിൽ വിരമിക്കൽ പ്രഖ്യാപിച്ചശേഷം (വലത്) Photo: Getty Images

ടോക്യോ: എട്ടാമത്തെ ഒളിമ്പിക്‌സും കഴിഞ്ഞ് ഒക്‌സാന ചുസോവിറ്റിന ഫ്‌ളോറില്‍ നിന്ന് കൈവീശി നടന്നകലുമ്പോള്‍ ജിംനാസ്റ്റിക്‌സ് ഫെഡറേഷന്‍ ട്വീറ്റ് ചെയ്തു: 'ഈറനണിയാത്ത ഒരൊറ്റ കണ്ണും അവിടെ ഇല്ല.' കണ്ടുനിന്നവര്‍ക്ക് മാത്രമല്ല, എട്ട് ഒളിമ്പിക്‌സിന്റെ സംഭവള്‍ബഹുലമായ ചരിത്രം ബാക്കിയാക്കി വിടവാങ്ങല്‍ പ്രഖ്യാപിച്ച ഒക്‌സാനയ്ക്കും കണ്ണീരടക്കാന്‍ കഴിഞ്ഞില്ല. ടീമംഗങ്ങളുടെ ആലിംഗനത്തിലമര്‍ന്ന് അവര്‍ വിതുമ്പി. പ്രായം ചുളുവുവീഴ്ത്തിയ മുഖത്ത് കണ്ണീര്‍ ചാലിട്ടൊഴുകി.

ഓര്‍മകളുടെ ചൂടുള്ള ആ കണ്ണീരില്‍ പക്ഷ, നിഴലിട്ടത് അവസാന അങ്കത്തിലെ വീഴ്ചയായിരുന്നില്ല. മുപ്പത് കൊല്ലക്കാലത്തെ കരിയറിന്റെ ഓര്‍മകളുമായിരുന്നില്ല. ഇക്കഴിഞ്ഞ മുപ്പത് കൊല്ലക്കാലം ഒപ്പം മത്സരിച്ചവരുടെ ലക്ഷ്യമത്രയും മെഡലുകളായിരുന്നെങ്കില്‍, ഒക്‌സാനയുടെ മനസില്‍ മകന്‍ മാത്രമായിരുന്നു. മുന്നോട്ടുവച്ച ഓരോ ചുവടിലും, ചുവടുറപ്പിച്ച ഓരോ കുതിപ്പിലും ജീവന്‍ പണയംവച്ചുകൊണ്ടുള്ള ഓരോ പറക്കലിലും അവന്റെ ജീവന്‍ കാക്കാനുള്ള പോരാട്ടം മാത്രമായിരുന്നു. മെഡലുകളായിരുന്നില്ല, അതില്‍ നിന്നു കിട്ടുന്ന സമ്മാനത്തുകയില്‍ മാത്രമായിരുന്നു ഒക്‌സാനയുടെ കണ്ണ്. ആ പണം കൊണ്ട് മാത്രമാണ് മൂന്നാം വയസ്സില്‍ രക്താര്‍ബുദം ബാധിച്ച മകന്‍ അലിഷറിനെ അവര്‍ ചികിത്സിച്ചുകൊണ്ടിരുന്നത്. ടോക്യോയില്‍ വിരമിക്കല്‍ പ്രഖ്യാപിച്ച് അമ്മ മടങ്ങുമ്പോഴേയ്ക്കും അമ്മയുടെ സുവര്‍ണപ്രകടനം ഒന്ന് കൊണ്ട് മാത്രം അര്‍ബുദത്തെ പടിപടിയായി തോല്‍പിച്ചുകഴിഞ്ഞു ഇന്ന് ഇരുപത്തിരണ്ടുകാരനായ അലിഷര്‍.

രണ്ട് ഒളിമ്പിക് മെഡലുകള്‍, പതിനൊന്ന് ലോക ചാമ്പ്യന്‍ഷിപ്പ് മെഡലുകള്‍, രണ്ട് ലോകകപ്പ് മെഡലുകള്‍, എട്ട് ഏഷ്യന്‍ ഗെയിംസ് മെഡലുകള്‍, നാല് ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പ് മെഡലുകള്‍, നാല് യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പ് മെഡലുകള്‍.... പോരാട്ടങ്ങള്‍ മുഴുവന്‍ മകനുവേണ്ടിയായിരുന്നെങ്കിലും നേട്ടങ്ങളുടെ ഒരു വലിയ ശേഖരം തന്നെയുണ്ട് മൂന്ന് രാജ്യങ്ങള്‍ക്കുവേണ്ടി മാറ്റുരച്ച ചരിത്രമുള്ള ഒക്‌സാനയുടെ വീട്ടില്‍.

പതിമൂന്നാം വയസ്സില്‍ പഴയ സോവിയറ്റ് റഷ്യയുടെ ജൂനിയര്‍ ചാമ്പ്യനായി ശ്രദ്ധനേടി തുടങ്ങിയ ചുസുവിറ്റിനയ്ക്ക് പറയാന്‍ വലിയൊരു തിരിച്ചുവരവിന്റെ കഥയുണ്ട്. മകനായിരുന്നു അതിന് കാരണം.

1992ലെ ബാഴ്‌സലോണയായിരുന്നു ആദ്യ ഗെയിംസ്. അന്ന് ടീമിനത്തില്‍ സ്വര്‍ണം നേടിയാണ് കരുത്തരായ സോവിയറ്റ് യൂണിയനൊപ്പമുള്ള മടക്കം. പിന്നീട് ഉസ്ബക്കിസ്ഥാന്‍ താരമായി രണ്ട് ഒളിമ്പിക്‌സില്‍ കൂടി മത്സരിച്ച ചുസുവിറ്റിന 2000 സിഡ്‌നി ഗെയിംസോടെ വിരമിക്കാന്‍ ഒരുങ്ങിയതായിരുന്നു. അമ്മയായശേഷം ജിംനാസ്റ്റിക്‌സില്‍ തിരിച്ചെത്തി വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്ന ആ കാലത്താണ് ചുസുവിറ്റിന ഞെട്ടുന്ന ആ സത്യം തിരിച്ചറിഞ്ഞത്. മൂന്ന് വയസ്സുകാരന്‍ മകന്‍ അലിഷറിനെ രക്താര്‍ബുദം ആക്രമിച്ചുതുടങ്ങിയിരിക്കുന്നു. വലിയ ചെലവേറിയതായിരുന്നു മകന്റെ ചികിത്സ. പണം കണ്ടെത്താന്‍ വിരമിക്കാന്‍ ഒരുങ്ങുന്ന തനിക്കോ വിരമിച്ചുകഴിഞ്ഞ ഒളിമ്പ്യന്‍ തന്നെയായ ഭര്‍ത്താവ് ബയോഡിര്‍ കുര്‍ബനോവിനോ മറ്റ് മാര്‍ഗങ്ങളില്ല. ചിസുവിറ്റിന രണ്ടാമതൊന്നും ആലോചിച്ചില്ല. കുപ്പായമണിഞ്ഞ് വീണ്ടും ജിംനാസ്റ്റിക് ഫ്‌ളോറിലിറങ്ങി. ഒളിമ്പികസിലും ലോകചാമ്പ്യന്‍ഷിപ്പുകളിലും ലോകകപ്പുകളിലും ഓടിനടന്ന് പങ്കെടുത്തു. മെഡലുകളേക്കാള്‍ പ്രൈസ്മണിയായിരുന്നു പ്രധാന ആകര്‍ഷണം. ജര്‍മനിയിലായിരുന്നു മകന്റെ ചികിത്സ. അങ്ങനെ ചുസുവിറ്റിന ജര്‍മനിയിലേയ്ക്ക് കൂടുമറി.

Oksana Chusovitina

അങ്ങനെയാണ് ബെയ്ജിങ് ഒളിമ്പിക്‌സില്‍ ജര്‍മനിക്കുവേണ്ടി മാറ്റുരയ്ക്കാനായത്. പക്ഷേ, ചുസുവിറ്റിന ആതിഥ്യമരുളിയവരെ നിരാശപ്പെടുത്തിയില്ല. ബെയ്ജിങ്ങില്‍ ആദ്യ ഒളിമ്പിക് വ്യക്തിഗത ഒളിമ്പിക് മെഡല്‍ സ്വന്തമാക്കി. വൈകാതെ അര്‍ബുദം മകന് മുന്നില്‍ മുട്ടുമടക്കുന്നുവെന്ന ശുഭവാര്‍ത്തയും വന്നു. പിന്നീട് ലണ്ടന്‍ ഒളിമ്പിക്‌സിലും ജര്‍മനിക്കുവേണ്ടി തന്നെ ചുസുവിറ്റിന് മത്സരിച്ചു.

മകന് രോഗം ഭേദമായതോടെയാണ് ചുസുവിറ്റിന് വീണ്ടും ജന്മനാടായ ഉസ്ബക്കിസ്ഥാനിലേയ്ക്ക് മടങ്ങി. റിയോ ഒളിമ്പിക്‌സില്‍ ജന്മനാടിനുവേണ്ടിയാണ് ചുസുവിറ്റിന മാറ്റുരച്ചത്. അന്ന് റിയോയില്‍ ചുസുവിറ്റിനയെ തോല്‍പിച്ച് സ്വര്‍ണമണിയുമ്പോള്‍ അമേരിക്കയുടെ സൂപ്പര്‍സ്റ്റാര്‍ സിമോണ്‍ ബൈല്‍സ് മകന്‍ അലിഷറേക്കാള്‍ ഇളയതായിരുന്നു.

ഏറ്റവും കൂടുതല്‍ ഒളിമ്പിക്‌സില്‍ മാറ്റുരച്ച താരമെന്ന റെക്കോഡ് സ്വന്തമാക്കിയ റിയോയ്ക്ക് ശേഷം ചുസുവിറ്റിന ഫ്‌ളോറിനോട് വിപറയുമെന്ന് പലരും കരുതി. റിയോയിലെ മെഡല്‍ദാന ചടങ്ങില്‍ അതുകൊണ്ട് തന്നെ മെഡല്‍ നേടാനാവാത്ത വലിയ ചുസുവിറ്റിനയ്ക്ക് വലിയ ആദരമാണ് നല്‍കിയത്.

പക്ഷേ, ചുസുവിറ്റിനയ്ക്ക് മാത്രമുണ്ടായിരുന്നില്ല തെല്ലും സന്ദേഹം. ടോക്യോയിലും ഞാനുണ്ടാവുമെന്ന് അവര്‍ അര്‍ഥശങ്കയ്ക്കിടയില്ലാതെ പ്രഖ്യാപിച്ചു. ഇതിനുവേണ്ടി 2019ലെ ലോക ആര്‍ട്ടിസ്റ്റിക് ജിംനാസ്റ്റിക് ചാമ്പ്യന്‍ഷിപ്പില്‍ മത്സരിച്ചു. കഠിനമായിരുന്നു പോരാട്ടം. പലപ്പോഴും പിഴച്ചു. എങ്കിലും ഓവറോള്‍ പോയിന്റിന്റെ ബലത്തില്‍ കഷ്ടിച്ച് ഒളിമ്പിക്‌സ് യോഗ്യത നേടി. ഇക്കുറി ടോക്യോയില്‍ ഗെയിംസിന്റെ തന്നെ മുത്തശ്ശിയായ ചുസുവിറ്റിനയെയായിരുന്നു ഉസ്ബക്കിസ്ഥാന്‍ ആദ്യം നിശ്ചയിച്ചിരുന്നത്. എന്നാല്‍, ഒടുവില്‍ കൊടിയേറ്റത്തിന് തൊട്ടുമുന്‍പാണ് തീരുമാനം മാറിയത്.

ടോക്യോയില്‍ വലിയ അത്ഭുതങ്ങള്‍ പുറത്തെടുക്കാന്‍ ചുസുവിറ്റിനയ്ക്ക് കഴിഞ്ഞില്ല. വോള്‍ട്ടില്‍ 14.166 പോയിന്റ് മാത്രമായിരുന്നു സമ്പാദ്യം. ഫൈനലിന് യോഗ്യത നേടാന്‍ ഇത് മതിയാകുമായിരുന്നില്ല.

ആദരവേറ്റുവാങ്ങി കണ്ണീരോടയാണ് മടക്കമെങ്കിലും മെഡല്‍നേട്ടങ്ങളേക്കാള്‍ വലിയൊരു ചരിത്രം ബാക്കിവയ്ക്കുന്നുണ്ട് ചുസുവിറ്റിന. കണ്ണീരുകൊണ്ടെഴുതിയ ഒരു പോരാട്ടത്തിന്റെ ചരിത്രം. ഇത്തരം പോരാട്ടങ്ങളാണല്ലോ മെഡലുകളേക്കാള്‍ ഒളിമ്പിക്സ് പോലുള്ള കായികമാമാങ്കങ്ങൾക്ക് തിളക്കമേറ്റുന്നതും.

Content Highlights: Tokyo Olympics: Life Story Of Oksana Chusovitina, 46 retires after eighth Olympics

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram