പി.ആർ. ശ്രീജേഷും മാന്വൽ ഫ്രെഡ്രിക്കും (ഫോട്ടോ: എസ്.എൽ. ആനന്ദ്)
ചോരകൊണ്ടെഴുതിയതാണ് മ്യൂണിക്ക് ഒളിമ്പിക്‌സിന്റെ ചരിത്രം. കോവിഡ് ടോക്യോ ഒളിമ്പിക്‌സിന്റെ നിറംകെടുത്തി. എന്നാല്‍, ഇതിന് രണ്ടിനുമിടയിലെ നാല്‍പത്തിയൊന്‍പത് കൊല്ലത്തിനിടയ്ക്ക് പിറന്ന ഈ രണ്ട് ഒളിമ്പിക്‌സുകള്‍ക്കും ഒരു സമാനതയുണ്ട്. കേരളക്കര അഭിമാനപൂര്‍വം അണിഞ്ഞ രണ്ടു മെഡലുകളും ഈ ഒളിമ്പിക്‌സുകളുടെ സംഭാവനയാണ്. 1972ലെ മ്യൂണിക്ക് ഒളിമ്പിക്‌സില്‍ വെങ്കലം നേടിയ ടീമില്‍ അംഗമായിരുന്നു കണ്ണൂര്‍ക്കാരന്‍ മാന്വല്‍ ഫ്രെഡ്രിക്. നാല്‍പത്തിയൊന്‍പതുകൊല്ലത്തിനുശേഷം വീണ്ടും ഒളിമ്പിക് മെഡല്‍ കേരളത്തിലെത്തി. എറണാകുളത്തുകാരന്‍ പി.ആര്‍. ശ്രീജേഷ് എന്ന സൂപ്പര്‍മാന്‍ ഗോള്‍കീപ്പറുടെ വക. മലയാളികള്‍ നേടിയ രണ്ട് മെഡലുകളും സംഭാവന ചെയ്തത് കേരളത്തില്‍ ഏറെയൈാന്നും വേരോട്ടമില്ലാത്ത ഹോക്കിക്കാരാണ് എന്നത് കൗതുകകരാണ്.
പി.ടി.ഉഷയ്ക്കും അഞ്ജു ബോബി ജോര്‍ജിനുമെല്ലാം വിരല്‍ത്തുമ്പില്‍ നിന്ന് വഴുതിപ്പോയ ഒളിമ്പിക് മെഡല്‍ സ്വന്തമാക്കിയ മറ്റൊരു പാതിമലയാളി കൂടിയുണ്ട്. അലന്‍ സ്‌കോഫീല്‍ഡ്. മറ്റൊരു ഹോക്കി താരം. 1980 മോസ്‌ക്കോ ഗെയിംസില്‍ സ്വര്‍ണമണിഞ്ഞ ടീമില്‍ അംഗമായിരുന്നു അയര്‍ലന്‍ഡില്‍ നിന്ന് ശ്രീലങ്ക വഴി മൂന്നാറില്‍ എത്തിയ ടീ പ്ലാന്റര്‍ ജോര്‍ജ് സ്‌കോഫീല്‍ഡിന്റെയും കോട്ടയം കഞ്ഞിക്കുഴി വളഞ്ഞാറ്റില്‍ ഗ്രേസ് തോമസിന്റെയും പുത്രനായ അലന്‍. എന്നാല്‍, പകരക്കാരന്‍ ഗോള്‍കീപ്പറായിരുന്ന അലന് മോസ്‌ക്കോ ഒളിമ്പിക്‌സില്‍ കളിക്കാന്‍ അവസരം ലഭിച്ചിരുന്നില്ല.
മാന്വല്‍ ഫ്രെഡ്രിക്കിനേക്കാളും അലന്‍ സ്‌കോഫീല്‍ഡിനേക്കാളും പത്തരമാറ്റ് തിളക്കമുള്ളതാണ് ശ്രീജേഷ് നേടിയ വെങ്കലം. വെറുതെ ഒരു മെഡല്‍ സ്വന്തമാക്കുകയല്ല, ഇന്ത്യന്‍ ഹോക്കിയുടെ ചരിത്രംകുറിച്ച തിരിച്ചുവരവില്‍ എല്ലാ അര്‍ഥത്തിലും മാന്‍ ഓഫ് ദി മാച്ചായാണ് ശ്രീജേഷിന്റെ മടക്കം. ഒട്ടും സാധ്യത കല്‍പിക്കപ്പെടാതിരുന്ന ടീമിനെ വെങ്കലം വരെ എത്തിച്ചത് ശ്രീജേഷിന്റെ എണ്ണമറ്റ സേവുകളാണെന്ന് നിസ്സംശയം പറയാം. വെങ്കല മെഡല്‍ നിശ്ചയിച്ച മത്സരത്തിന്റെ അവസാന സെക്കന്‍ഡില്‍ ജര്‍മനിക്ക് വീണുകിട്ടിയ പെനാല്‍റ്റി കോര്‍ണര്‍ ശ്രീജേഷാണ് അത്ഭുതകരമായി സേവ് ചെയ്തത്. ഈ സേവോടെ ഫൈനല്‍ വിസില്‍ ഉയരുകയും ചെയ്തു. എല്ലാ അര്‍ഥത്തിലും ഇന്ത്യന്‍ പോസ്റ്റില്‍ ഒരു വന്‍മതില്‍ തന്നെയായിരുന്നു ആത്മവിശ്വാസത്തിന്റെ ആള്‍രൂപമായ മുന്‍നായകന്‍ കൂടിയായ ശ്രീജേഷ്.
2014 ഇഞ്ചിയോണ്‍ ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് സ്വര്‍ണം സമ്മാനിച്ചതും ശ്രീജേഷിന്റെ സേവുകള്‍ തന്നെയായിരുന്നു. പാകിസ്താനെതിരായ സ്റ്റാര്‍ ഫൈനലില്‍ രണ്ട് പെനാല്‍റ്റി സ്‌ട്രോക്കുകളാണ് ശ്രീജേഷ് അവിശ്വസനീയമായി സേവ് ചെയ്തത്. 2014ലെയും 2018ലെയും ചാമ്പ്യന്‍സ് ട്രോഫിയില്‍ ഗോള്‍കീപ്പര്‍ ഓഫ് ദി ടൂര്‍ണമെന്റായി തിരഞ്ഞെടുക്കപ്പെട്ടതും ശ്രീജേഷ് തന്നെ. 2014ല്‍ ലോകത്തിലെ ഏറ്റവും മികച്ച ഗോള്‍കീപ്പര്‍ക്കുള്ള അവാര്‍ഡിന് നാമനിര്‍ദേശം ചെയ്യപ്പെട്ട ശ്രീജേഷ് തലനാരിഴയ്ക്കാണ് നെതര്‍ലന്‍ഡ്‌സിന്റെ ജാപ് സ്‌റ്റോക്മാനോട് തോറ്റത്.
അത്‌ലറ്റിക്‌സായിരുന്നു നാളിതുവരെ ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ കരുത്ത്. എന്നാല്‍, പി.ടി.ഉഷയുടെ ലോസ് ആഞ്ജലീസിലെ ഫൈനലിനെ സെക്കന്‍ഡിന്റെ നൂറിലൊരംശത്തിന്റെ നഷ്ടവും അഞ്ജു ബോബി ജോര്‍ജിന്റെ ഏതന്‍സിലെ അഞ്ചാം സ്ഥാനവും മാത്രമായിരുന്നു ചരിത്രത്തിലെ ഏറ്റവും വലിയ രണ്ട് അധ്യായങ്ങള്‍. മലയാളിയുടെ ഇതുവരെയുള്ള ഏറ്റവും വലിയ ഒളിമ്പിക് ഗൃഹാതുരസ്മരണകൾ. അമാനുഷികമായ എണ്ണമറ്റ സേവുകള്‍ കൊണ്ട് ഇതിനെയൊക്കെ പഴങ്കഥയാക്കി പുതുയ ചരിത്രം രചിച്ചിരിക്കുകയാണ് ശ്രീജേഷ് എന്ന കവല്‍ഭടന്‍. ഇനി നമുക്ക് വിളിക്കാം ഇന്ത്യയുടെ തന്നെ ഒരേയൊരു ശ്രീജേഷ് എന്ന്.
Content Highlights: Tokyo Olympics Indian Hockey Goalkeeper PRSreejesh Second Keralite To bag Olympic Medal