ഇന്ത്യയുടെ വിജയാഘോഷം | Photo: Reuters
ഒളിമ്പിക് ഹോക്കിയില്‍ എട്ടു സ്വര്‍ണ മെഡലിന്റെ പ്രതാപമുള്ള ഇന്ത്യക്ക് കഴിഞ്ഞ മൂന്ന് ഒളിമ്പിക്സിലും കണ്ണീര്‍ക്കഥയാണ് പറയാനുള്ളത്. 2008 ബെയ്ജിങ് ഒളിമ്പിക്സിന് യോഗ്യത പോലും നേടാതിരുന്ന ഇന്ത്യ 2012-ല്‍ ലണ്ടനില്‍ അവസാന സ്ഥാനക്കാരായാണ് മത്സരം പൂര്‍ത്തിയാക്കിയത്. 2016 റിയോയില്‍ നേടിയത് എട്ടാം സ്ഥാനവും. അന്ന് ഇന്ത്യന്‍ ടീം കേള്‍ക്കാത്ത പഴികളും വിമര്‍ശനങ്ങളുമില്ല. ഇന്ത്യയുടെ ദേശീയ കായിക വിനോദത്തെ ചവറ്റുകൊട്ടയില്‍ എറിയേണ്ട സമയമായിരിക്കുന്നു എന്നുവരെ ആളുകള്‍ പരിഹസിച്ചു. പക്ഷേ അന്ന് ഇന്ത്യന്‍ ടീം തളര്‍ന്നുവീണില്ല. തോല്‍വിയില്‍ നിന്ന് അവര്‍ പുതിയ പാഠങ്ങള്‍ പഠിച്ചു. പിന്നീട് ഇന്ത്യയുടെ ജൈത്രയാത്രയാണ് ഗ്രൗണ്ടില്‍ കണ്ടത്. ലോക റാങ്കിങ്ങില്‍ മൂന്നാം സ്ഥാനം, പിന്നാലെ ഒളിമ്പിക്‌സില്‍ ഒരു വെങ്കലവും. 41 വര്‍ഷത്തിന് ശേഷം ഹോക്കിയില്‍ ഇന്ത്യ നേടുന്ന മെഡല്‍.
രണ്ടു വര്‍ഷം മുമ്പ് ഓസ്ട്രേലിയന്‍ പരിശീലകന്‍ ഗ്രഹാം റീഡ് ഇന്ത്യന്‍ ടീമിനൊപ്പം ചേര്‍ന്നതോടെ താരങ്ങളുടെ ആത്മവിശ്വാസം വര്‍ധിച്ചു. ടോക്യോയിലും അതിന്റെ മികവ് കണ്ടു. രണ്ടാം മത്സരത്തില്‍ ഓസ്‌ട്രേലിയക്കെതിരേ 7-1 ന് തകര്‍ന്നശേഷം ടീം ഐതിഹാസികമായി തിരിച്ചുവന്നു. പിന്നീട് മൂന്ന് മത്സരങ്ങളും ജയിച്ച് പൂള്‍ എ യില്‍ രണ്ടാംസ്ഥാനക്കാരായാണ് ക്വാര്‍ട്ടറില്‍ കടന്നത്. നിലവിലെ ഒളിമ്പിക് ചാമ്പ്യന്മാരായ അര്‍ജന്റീന വരെ ഇന്ത്യന്‍ കുതിപ്പില്‍ തകര്‍ന്നു. അഞ്ചില്‍ നാല് കളിയും ജയിച്ചാണ് ഇന്ത്യന്‍ സംഘം മുന്നേറിയത്. ബ്രിട്ടനെതിരായ ക്വാര്‍ട്ടര്‍ ഫൈനലിലും ഇന്ത്യയുടെ ആധിപത്യം കണ്ടു. ഗോള്‍പോസ്റ്റിന് കീഴില്‍ മലയാളി താരം പിആര്‍ ശ്രീജേഷിന്റെ പ്രകടനം കൂടി ആയതോടെ ഇന്ത്യ സെമിയിലേക്ക് മുന്നേറി. 1972-ലെ മ്യൂണിച്ച് ഒളിമ്പിക്സിന് ശേഷം ഇന്ത്യ സെമിയിലെത്തുന്നത് ആദ്യം. 1980-ലെ മോസ്‌ക്കോ ഗെയിംസില്‍ ഇന്ത്യ സ്വര്‍ണം നേടിയിരുന്നെങ്കിലും അന്ന് സെമി മത്സരങ്ങളുണ്ടായിരുന്നില്ല.
സെമി ഫൈനലില്‍ കരുത്തരായ ബെല്‍ജിയത്തോട് പൊരുതിത്തോല്‍ക്കുകയായിരുന്നു. അവസാന ക്വാര്‍ട്ടറില്‍ ഇന്ത്യ മത്സരം കൈവിട്ടു. എന്നാല്‍ വെങ്കല മത്സരത്തില്‍ ജര്‍മനിക്കെതിരേ വമ്പന്‍ തിരിച്ചുവരവ് കണ്ടു. ആവേശ മത്സരത്തിനൊടുവില്‍ ഇന്ത്യക്ക് ചരിത്രവിജയം.
ഇതിന് മുമ്പ് ഹോക്കിയില്‍ ഇതുപോലെ ഇന്ത്യയുടെ തേരോട്ടം കണ്ടത് പതിറ്റാണ്ടുകള്‍ക്ക് മുമ്പാണ്. ആ തേരോട്ടത്തില്‍ എട്ട് സ്വര്‍ണവും ഒരു വെള്ളിയും രണ്ട് വെങ്കലവുമാണ് കൂടെപ്പോന്നത്. ഹോക്കിയില്‍ ഏറ്റവും കൂടുതല്‍ ഒളിമ്പിക് സ്വര്‍ണം നേടിയ ടീമും ഇന്ത്യ തന്നെ. 1928 മുതല്‍ 1964 വരെ നടന്ന എട്ട് ഒളിമ്പിക്സുകളില്‍ ഏഴിലും സ്വര്‍ണം ഇന്ത്യയ്ക്കായിരുന്നു. അന്ന് ധ്യാന്‍ചന്ദ് എന്ന ഇതിഹാസ താരമായിരുന്നു ഇന്ത്യയുടെ പടക്കുതിര.1928, 1932, 1936 ഒളിമ്പിക്സുകളില്‍ ഇന്ത്യ തുടര്‍ച്ചയായി മൂന്നു സ്വര്‍ണം നേടിയപ്പോള്‍ ടീമില്‍ ധ്യാന്‍ചന്ദുമുണ്ടായിരുന്നു. 1960 റോം ഒളിമ്പിക്സില്‍ വെള്ളിയും 1968, 1972 ഒളിമ്പിക്സുകളില്‍ വെങ്കലവും ഇന്ത്യന്‍ ടീം നേടി.
1976-ലെ മോണ്ട്റിയല്‍ ഒളിമ്പിക്സിലായിരുന്നു അക്കാലത്തെ ഇന്ത്യയുടെ മോശം പ്രകടനം. അന്ന് ഏഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട ഇന്ത്യന്‍ ടീം 1980-ല്‍ മോസ്‌കോയില്‍ സ്വര്‍ണ മെഡല്‍ നേട്ടത്തോടെയാണ് തിരിച്ചുവന്നത്. അതുപോലെ ഒരു തിരിച്ചുവരവ് ടോക്യോയിലും കണ്ടു.
Content Highlights: Tokyo Olympics Indian hockey Story