Photo: Twitter
വന്‍മതിലെന്ന് കേള്‍ക്കുമ്പോള്‍ ആദ്യം ചൈനയെ കുറിച്ച് ഓര്‍മ വരുന്നവരായിരിക്കും ഇത് വായിച്ച് തുടങ്ങുന്ന ഭൂരിഭാഗം പേരും. എന്നാല്‍ ക്രിക്കറ്റിനെ സ്‌നേഹിക്കുന്നവര്‍ക്ക് ആ വാക്ക് കേട്ടാല്‍ ഓര്‍മ വരിക ബ്രിട്ടാനിയയുടെ ബാറ്റുമായി എത്തിയിരുന്ന അചഞ്ചലമായ ശരീര ഭാഷ കൈമുതലായുണ്ടായിരുന്ന ഒരു സുന്ദരന്റെ മുഖമാണ്. രാഹുല്‍ ദ്രാവിഡ് എന്ന ക്രിക്കറ്റിങ് ജീനിയസിന്റെ.
രാഹുല്‍ ദ്രാവിഡ്, ആ പേരു കേള്‍ക്കുമ്പോള്‍ ക്രിക്കറ്റ് മൈതാനങ്ങളിലെ പോരുകളോ അമിത ആഹ്ലാദ പ്രകടനങ്ങളോ വൈകാരിക നിമിഷങ്ങളോ ഒന്നും തന്നെ നിങ്ങളുടെ മനസിലേക്ക് കടന്നുവരില്ല. ലോകത്തെവിടെയുമുള്ള മൈതാനങ്ങളാകട്ടെ ടീം ഇന്ത്യയുടെ ബാറ്റിങ് നിര ചീട്ടുകൊട്ടാരംപോലെ വീഴുമ്പോള്‍, മുങ്ങിത്താഴുന്ന ആ കപ്പലിനെ താങ്ങിനിര്‍ത്താന്‍ അയാളുണ്ടാകുമായിരുന്നു. നാണക്കേടിന്റെ പടുകുഴിയിലേക്കു വീണുപോകേണ്ടിയിരുന്ന ടീമിനെ എത്രയോ തവണ അയാള്‍ തന്റെ പകരംവെയ്ക്കാനില്ലാത്ത ബാറ്റിങ് മികവുകൊണ്ട് താങ്ങിനിര്‍ത്തി. നീണ്ട റണ്ണപ്പെടുത്ത് 150 കിലോമീറ്റര്‍ വേഗതയില്‍ ബൗളര്‍ എറിയുന്ന പന്ത് ചുമ്മാ തട്ടി ക്രീസിലിടുമ്പോള്‍ അയാള്‍ക്കൊപ്പം നമ്മളും പലപ്പോഴും ആഹ്ലാദിച്ചു. വൈകാതെ നമ്മള്‍ ആ രക്ഷകന് ഒരു പേരും ചാര്‍ത്തിക്കൊടുത്തു 'THE WALL', ഇന്ത്യയുടെ വന്‍മതില്‍.
എന്നാല്‍ ആ ദ്രാവിഡ് കളി മതിയാക്കി ഒമ്പത് വര്‍ഷങ്ങള്‍ക്കിപ്പുറം ഒളിമ്പിക് ഹോക്കിയില്‍ വെങ്കലവുമായി ഇന്ത്യ ഒരു ചരിത്രനേട്ടം സ്വന്തമാക്കിയിരിക്കുകയാണ്. നമ്മുടെ സ്വന്തം കായിക ഇനമായ ഹോക്കിയില്‍ 41 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം ഒരു പോഡിയം ഫിനിഷ്.
മന്‍പ്രീതും മന്‍ദീപും ഹര്‍മന്‍പ്രീതും സിമ്രന്‍ജീത്തുമെല്ലാമടങ്ങിയ ഇന്ത്യന്‍ നിരയില്‍ പക്ഷേ നിര്‍ണായക സമയത്ത് ഇന്ത്യയുടെ രക്ഷകനായത് പാറാട്ട് രവീന്ദ്രന്‍ ശ്രീജേഷ് എന്ന മലയാളി ഗോള്‍കീപ്പറായിരുന്നു. ടൂര്‍ണമെന്റിലുടനീളം ഇന്ത്യയുടെ മുന്നേറ്റത്തില്‍ രക്ഷകന്റെ റോള്‍ സ്വയം എടുത്തണിയുകയായിരുന്നു മലയാളത്തിന്റെ ശ്രീ. ഒടുവില്‍ വെങ്കല മെഡല്‍ പോരാട്ടത്തില്‍ ജര്‍മനിക്കെതിരേ ഇന്ത്യയുടെ ശ്വാസം നിലച്ചുപോയ അവസാന സെക്കന്‍ഡില്‍ പോലും നിര്‍ണായക സേവ് നടത്തിയ ശ്രീജേഷാണ് ഇന്ത്യയുടെ രക്ഷകനായത്.
എതിരാളികളുടെ ആക്രമണങ്ങളില്‍ ഗോള്‍പോസ്റ്റിന് മുന്നില്‍ ഒരു മതില്‍ പോലെ ശ്രീ നിലകൊണ്ടു. മുന്‍പ് ഇന്ത്യ തകര്‍ന്നടിയുന്ന ഘട്ടങ്ങളില്‍ ദ്രാവിഡ് എന്ന ജീനിയസ് പ്രതിരോധമുയര്‍ത്തുന്നതു പോലെ. വന്‍മതിലെന്ന് വിളിക്കാന്‍ ഇനി ദ്രാവിഡിനൊപ്പം ഇന്ത്യയ്ക്ക് മറ്റൊരു പേരുകൂടി ലഭിച്ചിരിക്കുകയല്ലേ ഇപ്പോള്‍.
ഓര്‍മയില്ലേ 2001-ല്‍ ഈഡന്‍ ഗാര്‍ഡന്‍സില്‍ ഓസീസിനെതിരേ നടന്ന ഇന്ത്യയുടെ ആ ചരിത്ര ടെസ്റ്റ്. ഫോളോഓണ്‍ വഴങ്ങിയ ഇന്ത്യ ജയിച്ചുകയറിയ ആ ചരിത്ര മത്സരം ഓര്‍മിക്കപ്പെടുന്നത് തന്നെ വി.വി.എസ് ലക്ഷ്മണ്‍ - രാഹുല്‍ ദ്രാവിഡ് കൂട്ടുകെട്ടിന്റെ പേരിലാണ്. അമിതാവേശത്തിന് നില്‍ക്കാതെ തന്നില്‍ നിന്ന് ടീമിന് എന്താണ് ആവശ്യമെന്ന് തിരിച്ചറിഞ്ഞ് കളിക്കുന്നതായിരുന്നു ദ്രാവിഡിന്റെ രീതി.
ഇവിടെ ശ്രീജേഷും ഒട്ടും വ്യത്യസ്തനല്ല. കാട്ടിക്കൂട്ടലുകള്‍ക്ക് നില്‍ക്കാതെ ടീം ആവശ്യപ്പെടുമ്പോഴെല്ലാം ശ്രീജേഷ് ടീമിന്റെ രക്ഷകനായി അവതരിച്ചിട്ടുണ്ട്. ജര്‍മനിയെ 5-4ന് തകര്‍ത്ത് ഇന്ത്യ വെങ്കമണിഞ്ഞ മത്സരത്തില്‍ ഗോളെന്നുറപ്പിച്ച ഒമ്പതോളം അവസരങ്ങളാണ് ശ്രീജേഷ് തട്ടിയകറ്റിയത്. ജര്‍മന്‍ താരങ്ങള്‍ക്ക് മുന്നില്‍ കീഴടങ്ങാന്‍ തയ്യാറാകാത്ത പോരാളിയെ പോലെ ശ്രീജേഷ് നിലയുറപ്പിച്ചിടത്തു നിന്നാണ് മത്സരം ഇന്ത്യ സ്വന്തമാക്കിയത്.
ബ്രിട്ടനെതിരേ ശ്രീയുടെ ഗോള്‍കീപ്പിങ് മികവാണ് ഇന്ത്യയെ സെമിയിലെത്തിച്ചത്. എട്ടോളം രക്ഷപ്പെടുത്തലുകളാണ് താരം ഈ മത്സരത്തില്‍ നടത്തിയത്. പെനാല്‍റ്റി കോര്‍ണറുകള്‍ പ്രതിരോധിക്കാന്‍ സാധിക്കാത്തതായിരുന്നു ഇന്ത്യയുടെ പ്രധാന ദൗര്‍ബല്യം. അത് മുതലെടുത്താണ് സെമിയില്‍ ബെല്‍ജിയം ഇന്ത്യയെ മറികടന്നത്.
ജര്‍മനിക്കെതിരായ മത്സരത്തിലും പെനാല്‍റ്റി കോര്‍ണറുകള്‍ വില്ലനായെങ്കിലും അതിനെ ഫലപ്രദമായി പ്രതിരോധിച്ച ശ്രീജേഷിന്റെ മികവ് ഇന്ത്യയുടെ രക്ഷയ്‌ക്കെത്തുകയായിരുന്നു.
ക്രിക്കറ്റില്‍ ഇംഗ്ലണ്ടിലെയും ഓസ്‌ട്രേലിയയിലെയും പേസ് പിച്ചുകളില്‍ ദ്രാവിഡിന്റെ ക്ഷമയോടെയുള്ള സമീപനം പലപ്പോഴും ടീമിന്റെ രക്ഷയ്‌ക്കെത്തിയിട്ടുണ്ട്. ഇത്തവണ ടോക്യോയില്‍ ശ്രീജേഷ് ഇന്ത്യയ്ക്കായി പുറത്തെടുത്തതും അത്തരമൊരു പ്രകടനമായിരുന്നു. ബെല്‍ജിയത്തിനെതിരായ മത്സരത്തില്‍ നിര്‍ഭാഗ്യമാണ് വിധി നിര്‍ണയിച്ചതെങ്കിലും മറ്റ് മത്സരങ്ങളില്‍ ഗോള്‍പോസ്റ്റിന് മുന്നിലെ ശ്രീജേഷിന്റെ പ്രകടനം ഇന്ത്യയുടെ മെഡല്‍ നേട്ടത്തില്‍ നിര്‍ണായക പങ്കു വഹിച്ചു.
Content Highlights: Tokyo 2020 Sorry Dravid there is one more here to the nickname of the Great Wall of India