Photo: PTI
''എപ്പോഴും ഗോള്‍പോസ്റ്റിന് മുന്നിലാണല്ലോ ഞാന്‍ കാവല്‍ക്കാരനായി നിന്നിരുന്നത്. ഒളിമ്പിക് മെഡല്‍ നേടിയപ്പോള്‍ ഗോള്‍പോസ്റ്റിന് മുകളില്‍ കയറിയിരിക്കാന്‍ തോന്നി. ജീവിതത്തിലെ ഏറ്റവും വിലപിടിച്ച നിമിഷം അങ്ങനെ ആഘോഷിക്കാനാണ് എനിക്ക് തോന്നിയത്.'' ഗോള്‍പോസ്റ്റിന് മുകളില്‍ കയറിയിരിക്കുന്ന ഇന്ത്യന്‍ ഹോക്കിതാരം പി.ആര്‍. ശ്രീജേഷിന്റെ ചിത്രം വൈറലാകുമ്പോള്‍ അതിന് പിന്നിലെ കഥ പറയുകയാണ് ശ്രീജേഷ്. ഒളിമ്പിക്‌സില്‍ മെഡല്‍ നേടിയ ശേഷമുള്ള വിശേഷങ്ങള്‍ ശ്രീജേഷ് 'മാതൃഭൂമി'യുമായി പങ്കുവെക്കുന്നു.
പാഡ് പോലും അഴിക്കാതെ പോസ്റ്റിന് മുകളിലേക്ക് കയറിയത് എങ്ങനെ?
ജര്‍മനിയുടെ അവസാന പെനാല്‍ട്ടി കോര്‍ണറും രക്ഷപ്പെടുത്തി ഇന്ത്യ മെഡലിലെത്തിയെന്ന് ഉറപ്പായപ്പോള്‍ മനസ്സിലൂടെ കടന്നുപോയ വികാരങ്ങള്‍ പറഞ്ഞറിയിക്കാനാകില്ല. പോസ്റ്റിലേക്ക് പിടിച്ചുകയറാന്‍ തോന്നിയപ്പോള്‍ അത് ചെയ്തു. പാഡ് അതിനൊരു തടസ്സമായിരുന്നില്ല. പാഡ് എന്റെ ശരീരത്തില്‍ വസ്ത്രംപോലെ ഇഴുകിച്ചേര്‍ന്ന ഒന്നാണ്. പോസ്റ്റിന്റെ ഭാഗത്തെ തട്ടില്‍ ചവിട്ടിയാണ് മുകളിലേക്ക് കയറിയത്.
മെഡല്‍ നേടിയ ശേഷമുള്ള ടോക്യോയിലെ രാത്രി
മെഡലുമായി ഗെയിംസ് വില്ലേജിലെത്തിയപ്പോള്‍ വലിയൊരു അനുഭൂതിയുടെ ലോകത്തായിരുന്നു ഞാന്‍. രാത്രി ഡിന്നര്‍ കഴിഞ്ഞും ഏറെ അഭിമുഖങ്ങളും മറ്റുമുണ്ടായി. കൂട്ടുകാരുമൊത്ത് കുറെ നേരം വര്‍ത്തമാനം പറഞ്ഞിരുന്നു. രാവിലെ കഴിച്ച കോഫി ജെല്ലിന്റെ ഊര്‍ജം ഏറെയുണ്ടായിരുന്നു. പുലര്‍ച്ചെ നാല് മണിക്കാണ് ഉറങ്ങാന്‍ കിടന്നത്. 11 മണിവരെ സുഖമായി ഉറങ്ങി.
ഗെയിംസ് വില്ലേജില്‍ വെള്ളിയാഴ്ചത്തെ പകല്‍
മെഡല്‍ നേടിയ സന്തോഷത്തില്‍ അല്‍പം 'അഹങ്കാര'ത്തോടെ ടോക്യോയില്‍ നടന്ന പകല്‍. സാധാരണയുള്ള ടീം മീറ്റിങ്ങിന്റെ ടെന്‍ഷനോ പദ്ധതികളോ ഒന്നുമില്ലാതെ റിലാക്‌സ് ആയ ദിവസം. ഗെയിംസ് വില്ലേജിലൂടെ കുറെ ദൂരം വെറുതെ നടന്നു. നാട്ടില്‍ നിന്നടക്കം ഒട്ടേറെ അഭിമുഖങ്ങളും ഫോണ്‍വിളികളും ഇതിനിടയിലുണ്ടായി. രാത്രി ഡിന്നര്‍ കഴിഞ്ഞും അഭിമുഖങ്ങള്‍ ഉള്ളതിനാല്‍ ഇന്നും ഉറങ്ങാന്‍ വൈകും.
മടങ്ങിവരവ് എപ്പോള്‍
ഞായറാഴ്ച നടക്കുന്ന സമാപനച്ചടങ്ങ് കഴിഞ്ഞ് തിങ്കളാഴ്ച ടോക്യോയില്‍നിന്ന് ഡല്‍ഹിയിലേക്ക് തിരിക്കും. അവിടെ പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിമാരുമൊക്ക പങ്കെടുക്കുന്ന ചടങ്ങുകളുണ്ട്. ഭുവനേശ്വറില്‍ ഒഡിഷ സര്‍ക്കാരിന്റെ ചില പരിപാടികളുണ്ട്. ഇതിന്റെ കാര്യങ്ങളൊക്കെ അസോസിയേഷന്‍ ക്രമീകരിച്ചുകൊണ്ടിരിക്കുകയാണ്. നാട്ടിലേക്കുവരുന്ന തീയതി തീരുമാനിച്ചിട്ടില്ല. ആ ദിവസത്തിനായി കാത്തിരിക്കുന്നു.
Content Highlights: Tokyo 2020 P R Sreejesh responds after goal post celebration