
നമ്മുടെ നാട്ടുവഴികളിലൂടെ ഒരു ലുങ്കിയുമുടുത്ത് തോര്‍ത്തും തോളിലിട്ട് നടന്നുവരുന്ന അന്താരാഷ്ട്ര ഗ്രാമീണനാണ് പി.ആര്‍. ശ്രീജേഷ്. എന്തൊക്കെയുണ്ട് വിശേഷം എന്ന ഭംഗിവാക്ക് ചോദിച്ചാല്‍, ആംസ്റ്റര്‍ഡാമില്‍ ലോകകപ്പ് തുടങ്ങുകയാണ് അവിടെവരെയൊന്ന് പോണം എന്ന മറുപടി ലഭിക്കും. എറണാകുളം ജില്ലയിലെ പള്ളിക്കരയില്‍നിന്ന് ഹോളണ്ട് തലസ്ഥാനമായ ആംസ്റ്റര്‍ഡാമിലേക്ക് ചില്ലറദൂരമല്ല. പക്ഷേ, ഇത്രയുംദൂരം താണ്ടി അവിടെയെത്തിയാലും രക്തത്തില്‍ അലിഞ്ഞ ഗ്രാമീണസ്വഭാവം ആ മനുഷ്യന്‍ മറക്കില്ല. ഇന്ന് ഇന്ത്യയുടെ ഒളിമ്പിക് ജേതാവാണ് ശ്രീജേഷ്.
ശ്രീജേഷ് ഇന്ത്യന്‍ ക്യാപ്റ്റനായിരിക്കുന്ന സമയത്താണ് 'മാതൃഭൂമി' എറണാകുളത്തെ പ്രമുഖ ഹോട്ടലില്‍ ഒരു ചടങ്ങ് സംഘടിപ്പിക്കുന്നത്. അന്ന് ശ്രീജേഷ് തമാശയായി പറഞ്ഞു: ''ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനോ താരമോ ആണ് ഇവിടെയെത്തിരുന്നതെങ്കില്‍ എന്തായിരുന്നേനേ സ്ഥിതി. ഞാനൊരു ഹോക്കി താരമായി പോയില്ലേ''. ശ്രീയുടെ പ്രയാസത്തിന് കാലത്തിന്റെ ശക്തമായ മറുപടി. ഒളിമ്പിക് മെഡല്‍ എന്ന സാര്‍വത്രിക ഭൗതിക മഹത്ത്വം നല്‍കി അദ്ദേഹത്തെ കാലം അനുഗ്രഹിച്ചിരിക്കുന്നു.
ശ്രീജേഷിന്റെ ഗ്രാമീണവേഷം
2012 ലണ്ടന്‍ ഒളിമ്പിക്‌സിനിടെ ഒന്ന് കെട്ടിയാടിയാലോ എന്ന് ആശയം തോന്നി. സംസാരിച്ചപ്പോള്‍ ശ്രീജേഷിനും സമ്മതം. ലണ്ടനിലേക്കുള്ള യാത്രപ്പെട്ടിയില്‍ ശ്രീജേഷിനുള്ള ലുങ്കിയും തോര്‍ത്തും ഇടംപിടിച്ചു. അങ്ങനെ ആ ദിവസമെത്തി. ശ്രീജേഷ് ലണ്ടന്‍ നഗരമധ്യത്തിലേക്ക് വന്നു. വേഷം മാറി. ലുങ്കിയും ബനിയനും ധരിച്ച് നാടന്‍ തോര്‍ത്തുകൊണ്ടൊരു തലേക്കെട്ടും കെട്ടി നില്‍പ്പായി. ലണ്ടന്‍ നഗരം അത് കണ്ടുനിന്നു. അവര്‍ക്ക് അതൊരു അദ്ഭുതക്കാഴ്ചയായിരുന്നു.
ഒമ്പതു വര്‍ഷങ്ങള്‍ക്കിപ്പുറവും മനസ്സ് പറയുന്നു, ശ്രീജേഷ് എന്ന ഒളിമ്പ്യനല്ലാതെ അത് സാധിക്കില്ലെന്ന്. കാരണം, ശ്രീജേഷിന്റെ നില്‍പ്പ് ചവിട്ടിക്കുഴച്ച മണ്ണിലാണ്. ഗ്രാമീണവിശുദ്ധിയുടെ മാതൃക.
Content Highlights: Tokyo 2020 P R Sreejesh london olympics memory