Photo: PTI
നാലാം ക്ലാസില്‍ പഠിക്കുമ്പോള്‍ സ്‌കൂളിലെ ഓട്ടമത്സരത്തിനു കിട്ടിയ ജീവിതത്തിലെ ആദ്യത്തെ ട്രോഫി. ഹോക്കിയുടെ ലോകത്തേക്കു കൂട്ടിക്കൊണ്ടുപോയ ജി.വി. രാജ സ്‌കൂളിലെ മൈതാനത്തുനിന്നു കൈക്കുടന്നയില്‍ കോരിയെടുത്ത മണ്ണു സൂക്ഷിച്ചിരിക്കുന്ന ഒരു ടിന്‍. ഷോക്കേസിലും സ്വീകരണമുറിയിലും ഹാളിലുമായി നിറഞ്ഞിരിക്കുന്ന ഒട്ടേറെ ട്രോഫികള്‍ക്കും മെഡലുകള്‍ക്കുമിടയില്‍ പി.ആര്‍. ശ്രീജേഷ് ഇന്നും നിധിപോലെ സൂക്ഷിക്കുന്നു ഇതു രണ്ടും. ആ നിധിയുടെ കൂട്ടത്തിലേക്കാണ് ഇപ്പോള്‍ ഒളിമ്പിക്‌സിലെ വെങ്കലമെഡല്‍ എത്തുന്നത്. ടോക്യോയില്‍ നിന്നു സംസാരിക്കുമ്പോള്‍ ശ്രീജേഷ് ആദ്യം ഓര്‍ത്തതും ഈ നിധികളെക്കുറിച്ചായിരുന്നു.
ഹോക്കിയില്‍ ഇന്ത്യക്കു 41 വര്‍ഷത്തിനുശേഷം ഒരു മെഡല്‍. വിശ്വസിക്കാനാവുന്നുണ്ടോ ഈ സത്യം?
സത്യത്തില്‍ ഇന്ത്യന്‍ ക്യാമ്പില്‍ ഞങ്ങളെല്ലാവരും വല്ലാത്തൊരു അവസ്ഥയിലാണ്. ജയവും തോല്‍വിയും സമ്മര്‍ദവും എല്ലാം നിറഞ്ഞ ദിവസങ്ങള്‍ പിന്നിട്ടാണ് ഈ നിമിഷത്തിലെത്തിയിരിക്കുന്നത്. ഇതെങ്ങനെയാണ് ആഘോഷിക്കേണ്ടതെന്നു ഇപ്പോള്‍ ഞങ്ങള്‍ക്കാര്‍ക്കും അറിയില്ല. നാട്ടില്‍ വന്നുകഴിയുമ്പോഴായിരിക്കും ഈ മെഡലിന്റെ വിലയറിയുക.
ചരിത്ര വിജയത്തില്‍ ശ്രീജേഷ് എന്ന ഗോളിയെ എങ്ങനെ കാണുന്നു?
ഹോക്കിയില്‍ എതിര്‍ ടീം ആക്രമിച്ചുകയറുമ്പോള്‍ അതിനെ പ്രതിരോധിക്കാനുള്ള ലാസ്റ്റ് ഡിഫന്‍ഡറാണ് ഗോളി. അയാള്‍ക്ക് പിഴച്ചാല്‍ ടീം തകരും, രാജ്യം തകരും. പക്ഷേ, എന്റെ ടീം ഗോളിമുതല്‍ ഫോര്‍വേഡ്വരെ എല്ലാവരും ഒറ്റക്കെട്ടാണ്. ഗോളിയെ മറികടന്ന് നാലുഗോള്‍ നമ്മുടെ പോസ്റ്റില്‍ വീണെങ്കില്‍ എന്റെ കൂട്ടുകാര്‍ അഞ്ചുഗോള്‍ എതിരാളിയുടെ പോസ്റ്റില്‍ അടിച്ചിട്ടുണ്ട്. അത് നിര്‍ണായകമായി.
ഒളിമ്പിക്‌സിലെ മെഡല്‍ ഒരു സ്വപ്നസാഫല്യമാണോ?
സത്യം പറഞ്ഞാല്‍ ഹോക്കി കളിച്ചുതുടങ്ങുന്ന കാലത്ത് ഞാന്‍ ഒളിമ്പിക്‌സ് മെഡലൊന്നും സ്വപ്നം കണ്ടിട്ടില്ല. ജി.വി. രാജ സ്‌കൂളിലെത്തുമ്പോള്‍ അത്ലറ്റിക്‌സും അതുകഴിഞ്ഞ് വോളിബോളുമാണ് ഞാന്‍ ലക്ഷ്യമിട്ടിരുന്നത്. എന്റെ അമ്മാവന്‍ അടക്കമുള്ളവര്‍ക്കു വോളിബോളിലൂടെ കേരള പോലീസില്‍ ജോലി കിട്ടിയതായിരുന്നു അന്നത്തെ ആകര്‍ഷണം. എസ്.എസ്.എല്‍.സി. പരീക്ഷയ്ക്കു 60 ഗ്രേസ് മാര്‍ക്കു കിട്ടുമെന്നാണ് കോച്ച് ആദ്യം പറഞ്ഞത്.
ഹോക്കിയില്‍ ഈ യാത്രയെ എങ്ങനെ കാണുന്നു?
ഒരുപാടു പ്രയാസങ്ങളും പ്രതിസന്ധികളും നേരിട്ടാണ് ഞാന്‍ ഹോക്കി കളി തുടര്‍ന്നത്. ജൂനിയര്‍ ഇന്ത്യന്‍ ക്യാമ്പിലെത്തിയപ്പോള്‍ എന്റെ കാലിലെ പാഡില്‍ കെട്ടിയ കയര്‍ കണ്ട് കൂട്ടുകാര്‍ പരിഹസിച്ചിട്ടുണ്ട്. പാഡിലെ സ്ട്രിപ്പ് പൊട്ടിയാല്‍ അതു നന്നാക്കാന്‍ കേരളത്തില്‍ അന്നു സൗകര്യമില്ല. അതൊക്കെ ലക്ഷ്യത്തിലേക്കുള്ള ഊര്‍ജമാകുകയായിരുന്നു.
ആദ്യം ഒളിമ്പ്യന്‍, ഇപ്പോള്‍ മെഡല്‍ ജേതാവ്. ഇനിയുള്ള സ്വപ്നം എന്താണ്?
വിധിയില്‍ വിശ്വസിക്കുന്നയാളാണ് ഞാന്‍. ജി.വി. രാജയില്‍വെച്ച് കോച്ച് ജയകുമാര്‍ സാര്‍ എന്നെ ഹോക്കിയിലേക്കു ക്ഷണിച്ചപ്പോള്‍ ഞാന്‍ അച്ഛനോടു പറഞ്ഞതു പത്താം ക്ലാസ് വരെ ഹോക്കി കളിക്കട്ടെ, അതു ശരിയായില്ലെങ്കില്‍ മറ്റു മാര്‍ഗം നോക്കാമെന്നായിരുന്നു. ഹോക്കിയാണ് എന്റെ മാര്‍ഗം എന്നു കാലം തെളിയിച്ചു.
കളി തീരാന്‍ ആറു സെക്കന്‍ഡ് ബാക്കിയുള്ളപ്പോള്‍ പെനാല്‍ട്ടി കോര്‍ണര്‍ നേരിടുമ്പോള്‍ എന്തായിരുന്നു മനസ്സില്‍?
ഞാന്‍ ഒരു ഹീറോയൊന്നുമല്ല. പക്ഷേ, എല്ലാ പെനാല്‍ട്ടി കോര്‍ണര്‍ നേരിടുമ്പോഴും മനസ്സു കൊതിക്കുന്നത് അതു സേവ് ചെയ്യാനാണ്. ഇവിടെയും അതിനാണ് ശ്രമിച്ചത്. പോസ്റ്റില്‍ നില്‍ക്കുമ്പോള്‍ കൂടെയുള്ളവരോടു ഞാന്‍ പറഞ്ഞത് ഇതു സേവ് ചെയ്താല്‍ മെഡല്‍ നമുക്കുള്ളതാണെന്നാണ്.
Content Highlights: Tokyo 2020 P R Sreejesh Indian hockey team goalkeeper interview