ഇന്ത്യയുടെ ടോക്യോ ഒളിമ്പിക്സ് മെഡൽ ജേതാക്കൾ
ഇത്തവണ ഒളിമ്പിക്‌സില്‍ പങ്കെടുത്ത് വീരോചിതമായ പ്രകടനം കാഴ്ചവെച്ച ഇന്ത്യന്‍ കായികതാരങ്ങളോട് രാജ്യത്തെ 130 കോടി ജനങ്ങള്‍ എന്നും കടപ്പെട്ടിരിക്കും. ചരിത്രത്തിലെ ഏറ്റവും മികച്ച നേട്ടം കൊയ്തുകൊണ്ടാണ് ടോക്യോ ഒളിമ്പിക്‌സില്‍ നിന്നും ഇന്ത്യ തലയുയര്‍ത്തി മടങ്ങുന്നത്. ചരിത്രത്തില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച പ്രകടനമാണ് ഈ ഒളിമ്പിക്‌സിലൂടെ പിറന്നിരിക്കുന്നത്.
ടോക്യോ ഒളിമ്പിക്‌സിന് ഇന്ന് കൊടിയിറങ്ങുമ്പോള്‍ ഇന്ത്യന്‍ സംഘം ഏഴ് മെഡലുകളുമായാണ് നാട്ടിലേക്ക് മടങ്ങുന്നത്. ഒരു സ്വര്‍ണവും രണ്ട് വെള്ളിയും നാല് വെങ്കലവും നേടിക്കൊണ്ട് പ്രൗഢിയോടെയാണ് ഇന്ത്യന്‍ താരങ്ങള്‍ സ്വന്തം മണ്ണിലേക്ക് പറന്നിറങ്ങുക. ഇതുവരെയുണ്ടായിരുന്ന ഇന്ത്യയുടെ ഏറ്റവും മികച്ച പ്രകടനം 2012 ലണ്ടന്‍ ഒളിമ്പിക്‌സിലായിരുന്നു. എന്നാല്‍ ടോക്യോ ഒളിമ്പിക്‌സില്‍ അത് മാറി മറഞ്ഞു. ആ റെക്കോഡിനെ പഴങ്കഥയാക്കിക്കൊണ്ട് ഇന്ത്യ ഏഴ് മെഡലുകള്‍ കഴുത്തിലണിഞ്ഞു. അതില്‍ ഒരു സ്വര്‍ണവും ഉള്‍പ്പെട്ടു. ലണ്ടന്‍ ഒളിമ്പിക്‌സില്‍ രണ്ട് വെള്ളിയും നാല് വെങ്കലവുമാണ് ഇന്ത്യ സ്വന്തമാക്കിയത്.
ഇത്തവണ ഇന്ത്യയ്ക്ക് വേണ്ടി നീരജ് ചോപ്ര ജാവലിന്‍ ത്രോയില്‍ സ്വര്‍ണം നേടിയപ്പോള്‍ ഭാരോദ്വഹനത്തില്‍ മിരാബായ് ചാനുവും ഗുസ്തിയില്‍ രവികുമാര്‍ ദഹിയയും വെള്ളി നേടി. പി.വി.സിന്ധു, ബജ്‌റംഗ് പുനിയ, ലവ്‌ലിന ബോര്‍ഗോഹെയ്ന്‍ എന്നിവര്‍ക്കൊപ്പം ഇന്ത്യന്‍ പുരുഷ ഹോക്കി ടീമും വെങ്കലം സ്വന്തമാക്കി. സമാനതകളില്ലാത്ത നേട്ടം.
സ്വര്‍ണമുനയാല്‍ ചരിത്രമെഴുതി നീരജ്
ലേറ്റാലും ലേറ്റസ്റ്റാ താന്‍ വരുവേന്‍ എന്ന് പറയുന്നപോലെ ഇന്ത്യയുടെ മെഡല്‍ പട്ടികയിലേക്ക് അവസാനമാണ് സുവര്‍ണതിളക്കം കയറിവന്നത്. നീരജ് ചോപ്രയിലൂടെ ഇന്ത്യ 2008-ന് ശേഷം സ്വര്‍ണമെഡല്‍ സ്വന്തമാക്കി. ജാവലിന്‍ ത്രോയില്‍ 87.58 മീറ്റര്‍ ദൂരം കണ്ടെത്തി ഒന്നാം സ്ഥാനം നേടിക്കൊണ്ടാണ് നീരജ് ചോപ്ര ഇന്ത്യയ്ക്ക് വേണ്ടി സ്വര്‍ണം കഴുത്തിലണിഞ്ഞത്. അത്‌ലറ്റിക്‌സില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ താരം എന്ന റെക്കോഡും നീരജ് ചോപ്ര സ്വന്തമാക്കി. അഭിനവ് ബിന്ദ്രയ്ക്ക് ശേഷം ഒളിമ്പിക്‌സില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ താരമാണ് കരസേനയിലെ ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫീസര്‍ കൂടിയായ നീരജ് ചോപ്ര.
പതിവുപോലെ ഗുസ്തി
ഗുസ്തി ഒരിക്കലും ഇന്ത്യയെ നിരാശപ്പെടുത്തിയിട്ടില്ല. എല്ലാ പ്രധാന ടൂര്‍ണമെന്റിലും ഇന്ത്യയുടെ ഗുസ്തി താരങ്ങള്‍ സ്ഥിരമായി മെഡലുകള്‍ നേടാറുണ്ട്. പ്രത്യേകിച്ച് ഒളിമ്പിക്‌സില്‍. ഇത്തവണയും അതിന് മാറ്റമുണ്ടായില്ല. രണ്ട് ഒളിമ്പിക് മെഡലുകളാണ് ഗുസ്തിയിലൂടെ ഇന്ത്യ ടോക്യോയില്‍ സ്വന്തമാക്കിയത്. ഒരു വെള്ളിയും ഒരു വെങ്കലവും.
സ്വര്‍ണത്തിന്റെ അടുത്തുവരെയെത്തി പൊരുതി ഇന്ത്യയ്ക്ക് വേണ്ടി ഗുസ്തിയിലൂടെ വെള്ളിമെഡല്‍ സമ്മാനിച്ചത് രവികുമാര്‍ ദഹിയയാണ്. പുരുഷന്മാരുടെ 57 കിലോ ഗ്രാം ഫ്രീസ്റ്റൈല്‍ വിഭാഗത്തിന്റെ ഫൈനലില്‍ ലോകചാമ്പ്യനായ റഷ്യയുടെ സോര്‍ ഉഗ്യുവിനോട് പൊരുതിത്തോല്‍ക്കുകയായിരുന്നു രവികുമാര്‍. 7-4 എന്ന സ്‌കോറിനാണ് റഷ്യന്‍ താരം വിജയം നേടിയത്. ഒളിമ്പിക് ഗുസ്തിയില്‍ ഇന്ത്യ നേടുന്ന രണ്ടാമത്തെ മാത്രം വെള്ളി മെഡലാണിത്.
പുരുഷന്മാരുടെ 65 കിലോ ഫ്രീ സ്റ്റൈലിലൂടെ ബജ്‌റംഗ് പുനിയയാണ് ഗുസ്തിയിലൂടെ ഇന്ത്യയ്ക്ക് വെങ്കലമെഡല്‍ സമ്മാനിച്ചത്. കസാഖ്‌സ്താന്റെ ദൗലത് നിയാസ്‌ബെക്കോവിനെ 8-0 എന്ന സ്‌കോറിന് തോല്‍പ്പിച്ചുകൊണ്ട് ബജ്‌റംഗ് വെങ്കലമെഡല്‍ സ്വന്തമാക്കി. ഒളിമ്പിക് ചരിത്രത്തില്‍ ഗുസ്തിയില്‍ ഇന്ത്യയുടെ ഏഴാം മെഡലും കൂടിയാണിത്.
ഇരുവരെയും കൂടാതെ 86 കിലോ വിഭാഗത്തില്‍ ഇന്ത്യയുടെ ദീപത് പുനിയയും മികച്ച പ്രകടനം സ്വന്തമാക്കി. മെഡല്‍ നേടാനായില്ലെങ്കിലും താരം നാലാം സ്ഥാനത്തെത്തി. വെങ്കലമെഡലിനായുള്ള മത്സരത്തില്‍ സാന്‍ മരിനോയുടെ മൈലെസ് നാസെമിനോട് അവസാന നിമിഷം തോല്‍വി വഴങ്ങുകയായിരുന്നു ദീപക്.
ഭാരോദ്വഹനത്തിലെ പെണ്‍കരുത്ത്
ടോക്യോ ഒളിമ്പിക്‌സില്‍ ഇന്ത്യ അക്കൗണ്ട് തുറന്നത് ഭാരോദ്വഹനത്തിലെ വെള്ളി മെഡല്‍ നേട്ടത്തിലൂടെയാണ്. ഇന്ത്യയ്ക്ക് വേണ്ടി ആദ്യ ദിനത്തില്‍ തന്നെ വെള്ളിമെഡല്‍ സമ്മാനിച്ച് മിരാബായ് ചാനു രാജ്യത്തിന്റെ വീരപുത്രിയായി. വനിതകളുടെ 49 കിലോ ഭാരോദ്വഹനത്തിലാണ് ചാനു വെള്ളി മെഡല്‍ നേടിയത്. 2000 ത്തില്‍ നടന്ന സിഡ്‌നി ഒളിമ്പിക്‌സില്‍ വെങ്കലം നേടിയ കര്‍ണം മല്ലേശ്വരിയ്ക്ക് ശേഷം ആദ്യമായാണ് ഒരു ഇന്ത്യന്‍ താരം ഭാരോദ്വഹനത്തില്‍ ഒരു ഒളിമ്പിക് മെഡല്‍ സ്വന്തമാക്കുന്നത്. സ്‌നാച്ചില്‍ 84 കിലോയും പിന്നീട് 87 കിലോയും ഉയര്‍ത്തിയ ചാനു ക്ലീന്‍ ആന്‍ഡ് ജെര്‍ക്കിലെ ആദ്യ ശ്രമത്തില്‍ 110 കിലോയും പിന്നീട് 115 കിലോയും ഉയര്‍ത്തിയാണ് വെള്ളി മെഡല്‍ ഉറപ്പിച്ചത്. പി.വി.സിന്ധുവിന് ശേഷം ഒളിമ്പിക്‌സില്‍ വെള്ളി മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിത കൂടിയാണ് മിരാബായ് ചാനു.
തുടര്‍ച്ചയായി രണ്ട് ഒളിമ്പിക്‌സുകളില്‍ മെഡല്‍ നേടി സിന്ധു
ബാഡ്മിന്റണില്‍ ഇന്ത്യയുടെ സുവര്‍ണതാരകമാണ് പി.വി.സിന്ധു. ഇത്തവണയും താരം ഇന്ത്യന്‍ ജനതയുടെ പ്രതീക്ഷ കാത്തു. 2016 റിയോ ഒളിമ്പിക്‌സില്‍ വെള്ളി നേടിയ സിന്ധു ടോക്യോ ഒളിമ്പിക്‌സില്‍ വെങ്കലം നേടി ചരിത്രം കുറിച്ചു. തുടര്‍ച്ചയായ രണ്ട് ഒളിമ്പിക്‌സുകളില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരം എന്ന റെക്കോഡ് സിന്ധു സ്വന്തമാക്കി.
വെങ്കലമെഡലിനായുള്ള മത്സരത്തില്‍ ചൈനയുടെ ഹി ബിങ് ജിയാവോയെ 21-13, 21-15 എന്ന സ്‌കോറിന് തകര്‍ത്താണ് സിന്ധു വെങ്കലമെഡല്‍ സ്വന്തമാക്കിയത്. വിജയിച്ച മത്സരങ്ങളിലെല്ലാം ഒറ്റ സെറ്റ് പോലും വിട്ടുനല്‍കാതെയാണ് താരം വെങ്കലമെഡല്‍ കഴുത്തിലണിഞ്ഞത്.
ഇടിക്കൂട്ടിലെ പെണ്‍പുലി
ഇന്ത്യ സ്ഥിരമായി മെഡല്‍ നേടാറുള്ള ബോക്‌സിങ്ങില്‍ ഇത്തവണ രാജ്യത്തിന്റെ മാനം കാത്തത് ഒരു പെണ്‍പുലിയാണ്. അസം സ്വദേശിനിയായ യുവതാരം ലവ്‌ലിന ബോര്‍ഗൊഹെയ്ന്‍. വനിതകളുടെ വെല്‍ട്ടര്‍ വെയ്റ്റ് വിഭാഗത്തിലാണ് താരം വെങ്കലമെഡല്‍ സ്വന്തമാക്കിയത്. സെമിയില്‍ ലോക ഒന്നാം നമ്പര്‍ താരമായ തുര്‍ക്കിയുടെ ബുസെനാസ് സുര്‍മെലെനിയോട് തോല്‍വി വഴങ്ങിയതോടെയാണ് ലവ്‌ലിന വെങ്കലം നേടിയത്. വിജേന്ദര്‍ സിങ്ങിനും (2008), മേരികോമിനും (2012) ശേഷം ഒളിമ്പിക് ബോക്‌സിങ്ങില്‍ ഇന്ത്യയ്ക്ക് വേണ്ടി മെഡല്‍ നേടുന്ന താരമാണ് ലവ്‌ലിന. മേരി കോമിന് ശേഷം ഈ നേട്ടം കൈവരിക്കുന്ന ആദ്യ വനിതാതാരം കൂടിയാണ് ലവ്‌ലിന.
41 വര്‍ഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ച് ഇന്ത്യന്‍ ഹോക്കി ടീം
അവിശ്വസനീയ പ്രകടനം പുറത്തെടുത്താണ് ഇന്ത്യയുടെ പുരുഷ-വനിതാ ഹോക്കി ടീമുകള്‍ ടോക്യോയില്‍ നിന്നും മടങ്ങുന്നത്. കരുത്തരായ ജര്‍മനിയെ കീഴടക്കി ഇന്ത്യന്‍ പുരുഷ ടീം 41 വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു ഒളിമ്പിക് മെഡല്‍ ഇന്ത്യയിലേക്ക് കൊണ്ടുവന്നു.
വെങ്കലമെഡലിനായുള്ള മത്സരത്തില്‍ ഇന്ത്യ ജര്‍മനിയെ നാലിനെതിരേ അഞ്ചുഗോളുകള്‍ക്ക് തകര്‍ത്തു. മലയാളി താരമായ ഇന്ത്യയുടെ ഗോള്‍കീപ്പര്‍ ശ്രീജേഷിന്റെ തകര്‍പ്പന്‍ സേവുകള്‍ ഈ നേട്ടത്തില്‍ നിര്‍ണായകമായി. 1980 മോസ്‌കോ ഒളിമ്പിക്‌സില്‍ സ്വര്‍ണം നേടിയ ശേഷം ഇന്ത്യ ഹോക്കിയില്‍ നേടുന്ന ആദ്യ മെഡലാണിത്. ആദ്യ മത്സരം മുതല്‍ മികച്ച പ്രകടനമാണ് ഇന്ത്യന്‍ പുരുഷ ടീം കാഴ്ചവെച്ചത്.
എന്നാല്‍ വനിതാ ടീം ക്വാര്‍ട്ടര്‍ കാണാതെ പുറത്താകും എന്ന നിലയില്‍ നിന്നും അത്ഭുതകരമായി തിരിച്ചുവന്ന് നാലാം സ്ഥാനം കൈവരിച്ചു. വനിതാ ഹോക്കിയില്‍ ഇന്ത്യയുടെ ഒളിമ്പിക്‌സിലെ ഏറ്റവും മികച്ച പ്രകടനമാണിത്. ക്വാര്‍ട്ടറില്‍ ലോക ഒന്നാം നമ്പര്‍ ടീമായ ഓസ്‌ട്രേലിയയെ തകര്‍ത്ത് ഇന്ത്യ സെമിയിലെത്തി. വെങ്കലമെഡലിനായി മത്സരിച്ചെങ്കിലും ബ്രിട്ടനോട് പൊരുതിത്തോല്‍ക്കുകയായിരുന്നു ഇന്ത്യന്‍ പെണ്‍പുലികള്‍. തോറ്റെങ്കിലും ഇന്ത്യയ്ക്ക് അഭിമാന നേട്ടം സമ്മാനിച്ചാണ് റാണി രാംപാലും സംഘവും ടോക്യോയില്‍ നിന്നും മടങ്ങുന്നത്.
ചില അപ്രതീക്ഷിത കുതിപ്പുകള്‍
മെഡല്‍ നേടാനായില്ലെങ്കിലും ചരിത്രം കുറിച്ച ചില പ്രകടനങ്ങള്‍ ഇന്ത്യ ടോക്യോ ഒളിമ്പിക്‌സില്‍ പുറത്തെടുത്തിട്ടുണ്ട്. തുഴച്ചിലിലും ഗോള്‍ഫിലും ഫെന്‍സിങ്ങിലുമെല്ലാം ഇന്ത്യ അപ്രതീക്ഷിതമായ കുതിപ്പ് നടത്തി.
അതില്‍ പ്രധാനപ്പെട്ടത് വനിതാ ഗോള്‍ഫിലെ ഇന്ത്യയുടെ പ്രകടനമാണ്. അവിശ്വസനീയമായ കുതിപ്പ് നടത്തി ഇന്ത്യയ്ക്ക് മെഡല്‍ പ്രതീക്ഷ സമ്മാനിച്ച ശേഷം നാലാമതെത്തിയ അദിതി അശോക് എന്നും ഇന്ത്യന്‍ കായികപ്രേമികളുടെ മനസ്സിലുണ്ടാകും. വനിതകളുടെ വ്യക്തിഗത സ്‌ട്രോക്ക് പ്ലേയില്‍ മൂന്ന് റൗണ്ട് വരെ രണ്ടാം സ്ഥാനത്തുനിന്ന അദിതി നാലാം റൗണ്ടിലാണ് നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്. ഒളിമ്പിക് ഗോള്‍ഫില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച പ്രകടനമാണിത്. -15 പാര്‍ പോയന്റുകള്‍ നേടിയാണ് അദിതി രാജ്യത്തിനഭിമാനമായത്. നിര്‍ഭാഗ്യം ഒന്നുകൊണ്ടുമാത്രമാണ് താരത്തിന് മെഡല്‍ നഷ്ടമായത്.
പുരുഷന്മാരുടെ ഡബിള്‍സ് തുഴച്ചിലിലും ഇന്ത്യ അദ്ഭുതകരമായ പ്രകടനമാണ് കാഴ്ചവെച്ചത്. ലൈറ്റ് വെയ്റ്റ് ഡബിള്‍ സ്‌കള്‍സ് മത്സരത്തില്‍ ചരിത്രം കുറിച്ചുകൊണ്ട് ഇന്ത്യയുടെ അര്‍ജുന്‍ ലാല്‍ ജത്-അരവിന്ദ് സിങ് സഖ്യം ഫൈനലില്‍ പ്രവേശിച്ചു. ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ ടീം ഒളിമ്പിക്സ് തുഴച്ചില്‍ മത്സരത്തിന്റെ ഫൈനലില്‍ പ്രവേശിക്കുന്നത്. ഫൈനലില്‍ 11-ാം സ്ഥാനം നേടിക്കൊണ്ട് ഇരുവരും ചരിത്രം സൃഷ്ടിച്ചു. സെമിയില്‍ എത്തിയപ്പോള്‍ തന്നെ ഇരുവരും റെക്കോഡ് സ്വന്തമാക്കിയിരുന്നു.
അത്ര പരിചിതമല്ലാത്ത ഫെന്‍സിങ്ങിലും ഇത്തവണ ഇന്ത്യ ഒരു കൈ നോക്കി. വനിതാ ഫെന്‍സിങ്ങില്‍ ഇന്ത്യയ്ക്ക് വേണ്ടി ഇറങ്ങിയ ഭവാനി ദേവി ചരിത്ര നേട്ടവുമായാണ് തിരിച്ചുകയറിയത്. ചരിത്രത്തിലാദ്യമായി ഒളിമ്പിക് ഫെന്‍സിങ്ങിന്റെ രണ്ടാം റൗണ്ടില്‍ കയറുന്ന ഇന്ത്യന്‍ താരം എന്ന റെക്കോഡ് തമിഴ്‌നാട്ടുകാരിയായ ഭവാനിദേവി സ്വന്തമാക്കി. ആദ്യ റൗണ്ടില്‍ ടൂണീഷ്യയുടെ നാദിയ അസീസിയെ കീഴടക്കിയ താരം രണ്ടാം റൗണ്ടില്‍ ലോക നാലാം നമ്പര്‍ താരം ഫ്രാന്‍സിന്റെ മേനണ്‍ ബ്രൂണറ്റിനോട് തോല്‍വി വഴങ്ങുകയായിരുന്നു.
4X400 മീറ്റര്‍ റിലേയിലും ഇന്ത്യ മികച്ച പ്രകടനം പുറത്തെടുത്തു. ഈ ടീമില്‍ മൂന്ന് മലയാളികള്‍ മത്സരിച്ചു എന്നതും അഭിമാനകരമാണ്. ഫൈനലിലേക്ക് പ്രവേശനം നേടാനായില്ലെങ്കിലും ഹീറ്റ്‌സില്‍ നാലാം സ്ഥാനത്തെത്താന്‍ ഇന്ത്യന്‍ സഖ്യത്തിന് കഴിഞ്ഞു. ഏഷ്യന്‍ റെക്കോഡോടെയാണ് ഇന്ത്യന്‍ ടീം നാലാം സ്ഥാനത്തെത്തിയത്. മുഹമ്മദ് അനസ് യഹിയ, നോഹ നിര്‍മല്‍ ടോം, ആരോക്യ രാജീവ്, അമോജ് ജേക്കബ് എന്നിവര്‍ ഉള്‍പ്പെട്ട ഇന്ത്യന്‍ ടീം 3:00.25 സെക്കന്‍ഡില്‍ മത്സരം അവസാനിപ്പിച്ചു. 2018 ഏഷ്യന്‍ ഗെയിംസില്‍ ഖത്തര്‍ കുറിച്ച റെക്കോഡ് ഇതോടെ പഴങ്കഥയായി.
വനിതകളുടെ ഡിസ്‌കസ് ത്രോ മത്സരത്തില്‍ ആറാം സ്ഥാനത്തെത്തി ഇന്ത്യയുടെ കമല്‍പ്രീത് കൗറും മികച്ച നേട്ടം സ്വന്തമാക്കി. യോഗ്യതാ റൗണ്ടില്‍ 64 മീറ്റര്‍ ദൂരം കണ്ടെത്തി രണ്ടാമതായി ഫൈനലിലേക്ക് യോഗ്യത നേടിയ താരം ഫൈനലില്‍ ആ പ്രകടനം ആവര്‍ത്തിച്ചില്ല. ഫൈനലില്‍ 63.79 മീറ്ററാണ് കമല്‍പ്രീത് നേടിയത്. എങ്കിലും താരം മികച്ച പ്രകടനമാണ് പുറത്തെടുത്തത്.
Content Highlights: tokyo 2020 olympics round up, spectacular performance by Indians in Olympics