മീരാബായിയുടെ ഒളിമ്പിക് നേട്ടം ഇംഫാലിൽ ആഘോഷിക്കുന്ന കുടുംബാംഗങ്ങളും സുഹൃത്തുക്കളും | Photo: PTI
''ഇത് ലോകത്തിന്റെ അവസാനമല്ല. മത്സരങ്ങള്‍ ഇനിയും വരാനുണ്ട്. ഞാനും നിങ്ങളും ഇവിടെത്തന്നെയുണ്ടാവും. എന്റെ ദിവസം വരും.'' - വിയര്‍ത്തൊലിച്ച് ശരീരത്തോട് പറ്റിനില്‍ക്കുന്ന ഇന്ത്യന്‍ ജേഴ്സിയണിഞ്ഞ് കിതപ്പൊതുക്കിനിന്ന ആ പെണ്‍കുട്ടിയുടെ മുഖം വിളറിവെളുത്തിരുന്നു. പക്ഷേ, അവളുടെ വാക്കുകള്‍ക്ക് നല്ല മൂര്‍ച്ചയുണ്ടായിരുന്നു. അഞ്ചു വര്‍ഷംമുമ്പ് റിയോ ഒളിമ്പിക്‌സില്‍ വനിതകളുടെ 48 കിലോഗ്രാം ഭാരോദ്വഹനത്തില്‍ ഏറ്റവും അവസാനസ്ഥാനത്തായ മീരാബായ് ചാനുവിന്റെ ആദ്യ പ്രതികരണം അങ്ങനെയായിരുന്നു.
ചാനുവിന് മെഡല്‍പ്രതീക്ഷയുണ്ടെന്ന് വിലയിരുത്തപ്പെട്ടിരുന്നതുകൊണ്ട് മത്സരംനടന്ന റിയോ സെന്‍ട്രോ പവിലിയനിലേക്ക് ഇന്ത്യയില്‍നിന്നുള്ള മാധ്യമപ്രവര്‍ത്തകരും ഒഫീഷ്യലുകളുമെല്ലാം കൂട്ടത്തോടെ എത്തിയിരുന്നു. അവരുടെ മുന്നില്‍വെച്ച് ഒരു ക്ലീന്‍ ലിഫ്റ്റ് പോലുമില്ലാതെ ദയനീയ പരാജയം ഏറ്റുവാങ്ങേണ്ടിവന്ന ഷോക്കില്‍ ആ 22-കാരി പെണ്‍കുട്ടി പറഞ്ഞ വാക്കുകളുടെ പൊരുള്‍ മനസ്സിലായത് ഇപ്പോഴാണ്. ഇതാ അവളുടെ ദിവസം വന്നിരിക്കുന്നു.
അടിമുടി പോരാളികളാണ് മണിപ്പുരികള്‍. പ്രത്യേകിച്ചും പെണ്‍കുട്ടികള്‍. പ്രതികൂല സാഹചര്യങ്ങളോട് പൊരുതിജയിക്കാന്‍ മിടുക്കുള്ളവര്‍. മണിപ്പുരുപോലുള്ള പിന്നാക്ക സംസ്ഥാനത്തിലേക്ക് രണ്ടാമത്തെ ഒളിമ്പിക് മെഡലാണെത്തുന്നത്. 2012-ലെ ലണ്ടന്‍ ഒളിമ്പിക്‌സില്‍ ബോക്‌സിങ്ങില്‍ വെങ്കലം നേടിയ മേരി കോമിന്റെ പിന്‍ഗാമി. മൂന്നു കുട്ടികളുടെ മാതാവായ 38-കാരി മേരി കോം ഈ ഒളിമ്പിക്‌സിലും മത്സരിക്കുന്നു. വെയ്റ്റ്ലിഫ്റ്റിങ്ങില്‍ ലോകചാമ്പ്യനായിരുന്ന കുഞ്ചുറാണി ദേവി, ഒളിമ്പ്യന്‍ സനമാചാ ചാനു എന്നിവരും മണിപ്പുരി പെണ്‍കരുത്തിന്റെ പ്രതീകങ്ങളാണ്.
മീരാബായ് വെള്ളിമെഡല്‍ കഴുത്തിലണിഞ്ഞ് ഒളിമ്പിക്‌സ് പോഡിയത്തില്‍ നില്‍ക്കുമ്പോള്‍ കുഞ്ചുറാണി ദേവി മുമ്പൊരിക്കല്‍ പറഞ്ഞ വാക്കുകള്‍ ഓര്‍മവരുന്നു. ''വെയ്റ്റ്ലിഫ്റ്റിങ് തികച്ചും വേദനാജനകമായ അനുഭവമാണ്. ഉയര്‍ന്നതലത്തില്‍ എത്തിക്കഴിഞ്ഞാല്‍ പിന്നെ ഓരോ ഗ്രാമും കൂടുതല്‍ ഉയര്‍ത്തണമെങ്കില്‍ അത്രയ്ക്ക് ശരീരത്തെ പീഡിപ്പിക്കണം, വേദനിപ്പിക്കണം. പെണ്‍കുട്ടികളെ സംബന്ധിച്ചിടത്തോളം അതു കൂടുതല്‍ വേദനാജനകമാണ്. നിങ്ങളുടെ ശരീരത്തെ സ്‌നേഹിക്കാതെ, ജീവിതത്തെക്കുറിച്ച് ഗൗനിക്കാതെ സ്‌പോര്‍ട്സിനും രാജ്യത്തിനുംവേണ്ടി എല്ലാം അര്‍പ്പിക്കുന്നവര്‍ക്കേ നേട്ടമുണ്ടാക്കാനാവൂ.'' പരിക്കില്‍നിന്നും മോശം ഫോമില്‍നിന്നും കരകയറിവന്ന മീരാബായ് അത്രയ്ക്ക് സഹിച്ചിട്ടാണ് ഈ ഒളിമ്പിക് മെഡല്‍ രാജ്യത്തിന് സമ്മാനിച്ചത്. നമ്മള്‍ക്ക് ഇനി ഹൃദയത്തില്‍ പ്രതിഷ്ഠിക്കാന്‍ ഇതാ ഒരു ശക്തമീര.
Content Highlights: Tokyo 2020 Mirabai Chanu From Rio Agony To Tokyo Glory