Photo: PTI
വര്‍ഷങ്ങള്‍ക്ക് മുമ്പ് അസമിലെ ഗോലഗാട്ട് ജില്ലയിലെ ബരോമുഖിയ എന്ന ഗ്രാമത്തിലെ ടികെന്‍ എന്ന വ്യക്തി തന്റെ മക്കള്‍ക്കായി കുറച്ച് മധുര പലഹാരങ്ങള്‍ വാങ്ങി ഒരു പത്രത്താളില്‍ പൊതിഞ്ഞ് വീട്ടിലെത്തി. അദ്ദേഹത്തിന്റെ മക്കളായ ലിച്ച, ലിമ എന്നീ ഇരട്ടക്കുട്ടികള്‍ക്കും അവര്‍ക്ക് താഴെയുള്ള ലോവ്‌ലിനയ്ക്കും സന്തോഷം അടക്കാനായില്ല. എന്നാല്‍ അന്ന് ആ മധുരപലഹാരങ്ങളടങ്ങിയ കടലാസിന് തന്റെ ഒരു മകളുടെ തലവര തന്നെ മാറ്റിമറിക്കാന്‍ സാധിക്കുമെന്ന് ആ അച്ഛന്‍ കരുതിയിരുന്നില്ല.
മധുരപലഹാരങ്ങള്‍ ആസ്വദിച്ച് കഴിക്കുന്നതിനിടെ ടികെന്റെ മക്കളില്‍ ഒരാളായ ലോവ്‌ലിനയുടെ കണ്ണ് പതിഞ്ഞത് അവ പൊതിഞ്ഞുകൊണ്ടുവന്ന ആ പത്രത്താളില്‍ ഉണ്ടായിരുന്ന ഒരു വ്യക്തിയെ കുറിച്ചുള്ള കുറിപ്പിലായിരുന്നു. പലഹാരങ്ങള്‍ ആസ്വദിച്ച് കഴിച്ച പോലെ തന്നെ അവള്‍ ആ കുറിപ്പും ആസ്വദിച്ച് വായിച്ചു. അന്ന് ആ പത്രത്താളില്‍ ഉണ്ടായിരുന്ന കുറിച്ച് മറ്റാരുടേതും ആയിരുന്നില്ല, ബോക്‌സിങ് ഇതിഹാസം മുഹമ്മദ് അലിയെ കുറിച്ചുള്ളതായിരുന്നു.
അലിയെ കുറിച്ചുള്ള ആ കുറിപ്പ് വായിച്ച അന്നത്തെ ആ കൗമാരക്കാരിയാകട്ടെ ടോക്യോ ഒളിമ്പിക്‌സില്‍ ബോക്‌സിങ്ങില്‍ ഇന്ത്യയ്ക്കായി മത്സരിക്കാനിറങ്ങുന്ന ലോവ്‌ലിന ബോര്‍ഗോഹൈന്‍ എന്ന 24-കാരിയും.
ടോക്യോയിലെ കോകുഗികന്‍ അരീനയില്‍ ഇത്തവണ ലോവ്‌ലിന മത്സരിക്കാനിറങ്ങുമ്പോള്‍ അസം സംസ്ഥാനത്തിന് അത് അഭിമാന നേട്ടമാണ്. കാരണം സംസ്ഥാനത്ത് നിന്ന് ഒളിമ്പിക്‌സിന് യോഗ്യത നേടുന്ന ആദ്യ ബോക്‌സറാണ് ലോവ്‌ലിന. ഈ യുവതാരം ഒരു ഒളിമ്പിക് മെഡലുമായി മടങ്ങിയെത്തുമെന്നു തന്നെയാണ് അവരുടെയെല്ലാം പ്രതീക്ഷ.
മുഹമ്മദ് അലിയും മൈക്ക് ടൈസനുമാണ് അവളുടെ ആരാധനാപാത്രങ്ങള്‍.
ടോക്യോയില്‍ 69 കിലോ വിഭാഗത്തിലാണ് ലോവ്‌ലിന മത്സരിക്കുന്നത്. അസമിലെ ഗോലഗാട്ട് ജില്ലയിലെ ബരോമുഖിയ ഗ്രാമത്തിലാണ് ലോവ്‌ലിനയുടെ വീട്. സരുപത്താര്‍ നിയോജകമണ്ഡലത്തില്‍പ്പെട്ട സ്ഥലമാണിത്. ബോക്‌സിങ് റിങ്ങുകളില്ലാത്ത, അടിസ്ഥാന സൗകര്യങ്ങള്‍ ഒന്നും തന്നെയില്ലാത്ത ഒരു സ്ഥലത്തുനിന്നാണ് ലോവ്‌ലിന ഇന്ന് ഒളിമ്പിക്‌സ് എന്ന മഹാവേദിയില്‍ എത്തിനില്‍ക്കുന്നത്. കഠിന പ്രയത്‌നവും നിശ്ചയദാര്‍ഢ്യവും മാത്രമായിരുന്നു അവളുടെ കൈമുതല്‍.
കൃത്യമായി പറഞ്ഞാല്‍ 13-ാം വയസിലാണ് ലോവ്‌ലിനയും അവളുടെ ഇരട്ട സഹോദരിമാരായ ലിച്ചയും സിമയും മുയ് തായ് എന്ന ബോക്‌സിങ് വിഭാഗത്തിലൂടെ കായിക ലോകത്തേക്ക് എത്തിപ്പെടുന്നത്. തന്റെ സഹോദരിമാര്‍ മുയ് തായിലൂടെ ദേശീയ തലത്തില്‍ മത്സരിക്കാനാരംഭിച്ചപ്പോള്‍, മുഹമ്മദ് അലി ഫാക്ടര്‍ കാരണം ലോവ്‌ലിന ബോക്‌സിങ് റിങ്ങിലെത്തി.
ബാര്‍പത്താര്‍ ഗേള്‍സ് ഹൈസ്‌കൂളില്‍ ഒമ്പതാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ലോവ്‌ലിനയുടെ കരിയര്‍ മാറിമറിയുന്നത്. സ്‌കൂളില്‍ നടന്ന ബോക്‌സില്‍ ട്രയല്‍സില്‍ മികച്ച പ്രകടനം പുറത്തെടുത്ത താരത്തെ ശ്രദ്ധിച്ചത് സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ കോച്ച് പദും ബോറോയായിരുന്നു. 2012 മുതല്‍ ലോവ്‌ലിന ബോറോയ്ക്ക് കീഴില്‍ പരിശീലിക്കാനാരംഭിച്ചു.
പിന്നീട് 2018-ലെ വനിതാ ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ വെങ്കല മെഡല്‍ നേടിയതോടെ ലോവ്‌ലിന ശ്രദ്ധ നേടാന്‍ തുടങ്ങി. ഈ നേട്ടത്തോടെ താരം 2018-ലെ കോമണ്‍വെല്‍ത്ത് ഗെയിംസിനുള്ള വനിതാ ബോക്‌സിങ് ടീമിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.
പിന്നാലെ ന്യൂഡല്‍ഹിയില്‍ നടന്ന ഇന്ത്യ ഓപ്പണ്‍ ഇന്റര്‍നാഷണല്‍ ബോക്‌സിങ് ടൂര്‍ണമെന്റില്‍ സ്വര്‍ണമെഡല്‍ നേടി താരം കരുത്ത് കാട്ടി. തുടര്‍ന്ന് 2019-ല്‍ നടന്ന വനിതാ ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പിലും താരം വെങ്കലം നേടി. കഴിഞ്ഞ വര്‍ഷം ലോവ്‌ലിനയെ അര്‍ജുന അവാര്‍ഡ് നല്‍കി രാജ്യം ആദരിച്ചു.
അച്ഛന്‍ ടിക്കെനും അമ്മ മമോനി ബോര്‍ഗോഹൈനും നല്‍കിയ പിന്തുണ തന്നെയാണ് ലോവ്‌ലിനയുടെ കരുത്ത്. ഗോലഗാട്ട് ജില്ലയിലെ ഒരു ചെറുകിട കച്ചവടക്കാരനായ ടിക്കെന്‍ തന്റെ തുച്ഛമായ വരുമാനത്തിനിടയിലും മക്കളുടെ പരിശീലനത്തിനും മറ്റും ഒരു കുറവും വരുത്താത്തതിന്റെ ഫലമാണ് ലോവ്‌ലിനയുടെ ഇന്നത്തെ വളര്‍ച്ച.
അവര്‍ക്കൊപ്പം ബരോമുഖിയയിലെ രണ്ടായിരത്തോളം വരുന്ന ജനങ്ങളും കാത്തിരിക്കുകയാണ് തങ്ങളുടെ ലോവ്‌ലിന ടോക്യോയില്‍ അദ്ഭുതങ്ങള്‍ കാണിക്കുന്നത് കാണാന്‍.
Content Highlights: Tokyo 2020 Lovlina Borgohain the 1st boxer from Assam to qualify for Olympics