Photo: PTI
ഇംഫാലില്‍നിന്ന് 20 കിലോമീറ്റര്‍ അകലെയുള്ള നോങ്പോക് കാങ്ചിങ്ങിലെ കുന്നിന്‍ചെരുവിലെ ഒരു വീട്ടിലെ എരിയുന്ന വിറകടുപ്പിനൊപ്പം മനസ്സിലെ ആഗ്രഹങ്ങള്‍ ഊതിക്കാച്ചിയെടുക്കുന്ന തിരക്കിലായിരുന്നു 13 വര്‍ഷങ്ങള്‍ക്കുമുമ്പ് ആ പെണ്‍കുട്ടി. കുന്നിന്‍ചെരുവിലെ കാട്ടില്‍നിന്ന് വെട്ടിയൊതുക്കിക്കൊണ്ടുവരുന്ന വിറകിന്റെയും കുളത്തില്‍നിന്ന് വലിയ പാല്‍പ്പൊടിക്കാനുകളില്‍ കൊണ്ടുവരുന്ന വെള്ളത്തിന്റെയും ഭാരം അവള്‍ക്ക് നിസ്സാരം.
അമ്മയും ജ്യേഷ്ഠനുംവരെ ഭാരം താങ്ങാന്‍ വിഷമിച്ചപ്പോള്‍ അവള്‍ പുഷ്പംപോലെ എല്ലാം പൊക്കിയെടുത്തു. ആ പെണ്‍കുട്ടി 26 വയസ്സിലെത്തിയപ്പോള്‍ ടോക്യോയില്‍ ഇന്ത്യയിലെ 130 കോടിയിലേറെ ജനങ്ങളുടെ പ്രതീക്ഷയുടെ ഭാരം ഉയര്‍ത്തിയിരിക്കുന്നു. കഷ്ടപ്പാടില്‍ കാലൂന്നിനിന്ന ഒരു പെണ്ണിന്റെ പോരാട്ടത്തിനുമുന്നില്‍ 202 കിലോഗ്രാം ഭാരം തലകുനിക്കുകയല്ലാതെ പിന്നെന്തുചെയ്യാന്‍?
മീരാബായ് ചാനു എന്ന ആ പെണ്‍കുട്ടി ആദ്യമായിക്കണ്ട കായികമത്സരം ഫുട്ബോളായിരുന്നു. വീടിനുമുന്നിലെ മണ്ണില്‍ ഒരു പന്തിനുപിന്നാലെ പായുന്ന സഹോദരങ്ങളുടെ കളിയോട് അവള്‍ക്ക് താത്പര്യം തോന്നിയില്ല. വിറകെടുത്തും വെള്ളം താങ്ങിയും മടുത്ത അവള്‍ക്ക് ശരീരത്തില്‍ ചെളിപറ്റാത്ത മത്സരത്തില്‍ പങ്കെടുക്കണമെന്നായിരുന്നു ആഗ്രഹം. അതിന് തിരഞ്ഞെടുത്തത് അമ്പെയ്ത്തായിരുന്നു. എന്നാല്‍, ബന്ധുവിനൊപ്പം ഇംഫാലിലെ സായ് സെന്ററിലെത്തിയ അവള്‍ക്ക് അമ്പെയ്ത്ത് പരിശീലിപ്പിക്കാന്‍പറ്റിയ ഒരാളെ കിട്ടിയില്ല. ഇതോടെ വീട്ടിലേക്കുള്ള ബസിന്റെ സൈഡ് സീറ്റില്‍ അവള്‍ നിരാശയോടെ തലതാഴ്ത്തിയിരുന്നു. ആ യാത്രയ്ക്കിടയില്‍ അവള്‍ ഒരു വീഡിയോ കണ്ടു. മണിപ്പുരിന്റെ ഭാരോദ്വഹന ഇതിഹാസതാരം കുഞ്ചുറാണി ദേവിയുടെ പ്രകടനമായിരുന്നു അത്. ആ കരുത്തിനുമുന്നില്‍ അവള്‍ കണ്ണുമിഴിച്ചു. എങ്ങനെയെങ്കിലും ഭാരോദ്വഹനം പഠിക്കണമെന്ന് മനസ്സിലുറപ്പിച്ചു. ദിവസങ്ങള്‍ക്കുള്ളില്‍ ഇംഫാലില്‍ തിരിച്ചെത്തി ഇന്ത്യന്‍ താരം അനിത ചാനുവിനെ കണ്ടു. അങ്ങനെ അവളുടെ പ്രതീക്ഷയുടെ ഭാരം അനിത ചാനു പകുത്തെടുത്തു.
വീട്ടില്‍നിന്ന് 22 കിലോമീറ്റര്‍ അകലെയുള്ള പരിശീലനസ്ഥലത്തേക്കുള്ള യാത്ര കഠിനമായിരുന്നു. രണ്ടു ബസുകള്‍ മാറിക്കയറി അവള്‍ എന്നും രാവിലെ ആറുമണിക്ക് പരിശീലനകേന്ദ്രത്തിലെത്തി. അതിനിടയില്‍ വീണുകിട്ടുന്ന സമയത്ത് ബാഗുമെടുത്ത് സ്‌കൂളിലേക്കോടി. ആ ഓട്ടം ദേശീയ ചാമ്പ്യന്‍ഷിപ്പും കോമണ്‍വെല്‍ത്ത് ഗെയിംസും റിയോ ഒളിമ്പിക്സും പിന്നിട്ട് ടോക്യോയില്‍ വെള്ളിത്തിളക്കത്തിലെത്തിനില്‍ക്കുന്നു. മെഡല്‍ പോഡിയത്തില്‍ നില്‍ക്കുമ്പോള്‍ അവളുടെ നിറഞ്ഞ ചിരിക്കൊപ്പം കാതിലെ ഒളിമ്പിക് വളയത്തിന്റെ ആകൃതിയിലുള്ള സ്വര്‍ണക്കമ്മലുകളും തിളങ്ങി.
അഞ്ചുവര്‍ഷങ്ങള്‍ക്കുമുമ്പ് സ്വന്തം ആഭരണം വിറ്റ് അമ്മ മകള്‍ക്ക് സമ്മാനിച്ചതാണത്. ആ കമ്മലുകള്‍ ഭാഗ്യം കൊണ്ടുവരും എന്നായിരുന്നു അമ്മയുടെ വിശ്വാസം. അതു തെറ്റിയില്ലെന്ന് കാലം തെളിയിച്ചു.
Content Highlights: Tokyo 2020 life story of Mirabai Chanu who wins a historic silver