Photo: ANI
ഗ്രഹാം റീഡ്
ജന്മസ്ഥലം : ക്വീന്‍സ്ലന്‍ഡ്, ഓസ്ട്രേലിയ
കളിക്കാരനായി: ഒളിമ്പിക്‌സ് വെള്ളി (1992 ബാഴ്സലോണ)
ചാമ്പ്യന്‍സ് ലീഗ് കിരീടം : 4
ഹോക്കി ലോകകപ്പ് വെങ്കലം - 1990
ഓസ്ട്രേലിയന്‍ ഹോക്കി ടീമില്‍ പ്രതിരോധത്തിലായിരുന്നു അധികസമയവും ഗ്രഹാം റീഡിന്റെ റോള്‍. കളിക്കാരനില്‍നിന്ന് പരിശീലകനായി മാറിയപ്പോള്‍ തന്റെ പാരമ്പര്യം റീഡ് ഒന്ന് മാറ്റിപ്പിടിച്ചു. ആക്രമണ ഹോക്കിയായി അദ്ദേഹത്തിന്റെ മന്ത്രം. ഇതിനൊപ്പം യുവതാരങ്ങളെ പ്രോത്സാഹിപ്പിക്കുകയും അവരുടെ കഴിവില്‍ വിശ്വാസമര്‍പ്പിക്കുകയും ചെയ്തു.
2019-ല്‍ ഇന്ത്യന്‍ടീമിന്റെ പരിശീലകനായി ചുമതലയേറ്റപ്പോഴും ഇതേ തന്ത്രമാണ് അദ്ദേഹം പിന്തുടര്‍ന്നത്. 41 വര്‍ഷത്തിനുശേഷം ഒളിമ്പിക്‌സില്‍ ഇന്ത്യ മെഡല്‍ നേടുമ്പോള്‍ തന്റേതായ പങ്കു വഹിച്ചതിന്റെ സന്തോഷത്തിലാണ് ഈ ക്വീന്‍സ്ലന്‍ഡുകാരന്‍.
കുറച്ചുകാലം ഇന്ത്യന്‍ ഹോക്കി ടീമുകളുടെ സാങ്കേതിക ഉപദേഷ്ടാവായിരുന്ന റിക്ക് ചാള്‍സ്വര്‍ത്തിന്റെ ശിഷ്യനായി 2009-ലാണ് റീഡ് പരിശീലകരംഗത്തേക്ക് വന്നത്. അന്ന് ചാള്‍സ്വര്‍ത്ത് ഓസ്ട്രേലിയന്‍ ടീമിന്റെ മുഖ്യ പരിശീലകന്‍. റീഡ് സഹപരിശീലകനായി. അഞ്ചുവര്‍ഷം ചാള്‍സ്വര്‍ത്തിനൊപ്പം ഓസ്ട്രേലിയന്‍ ടീമിന്റെ സഹപരിശീലകനായി. 2014 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഓസ്ട്രേലിയയെ ജേതാക്കളാക്കിയതിനു പിന്നാലെ ചാള്‍സ്വര്‍ത്ത് പരിശീലകസ്ഥാനം ഒഴിഞ്ഞു. റീഡ് മുഖ്യപരിശീലകനായി.
റിയോ ഒളിമ്പിക്‌സില്‍ റീഡിനുകീഴില്‍ ഓസ്ട്രേലിയ ആറാം സ്ഥാനത്തായി. ഒളിമ്പിക്‌സിനു പിന്നാലെ ടീം വിട്ടു.ഇന്ത്യന്‍ ഹോക്കി ടീം മുഖ്യപരിശീലകനെ അന്വേഷിക്കുന്ന സമയമാണിത്. ഒരു കൈ പരീക്ഷിക്കാന്‍ ചാള്‍സ്വര്‍ത്ത് ശിഷ്യനെ നിര്‍ബന്ധിച്ചു. 2019 ഏപ്രിലില്‍ ഇന്ത്യന്‍ ടീമിന്റെ പരിശീലകനായി ചുമതലയേറ്റു. ആക്രമണവും വേഗവും സമന്വയിപ്പിച്ച ശൈലിയില്‍ ഇന്ത്യയെ റീഡ് മുന്നോട്ടുനയിച്ചു. ലോക ഹോക്കിയില്‍ ഇന്ത്യ റാങ്കിങ്ങില്‍ നാലാം സ്ഥാനത്തേക്കുയര്‍ന്നു. ഒട്ടേറെ യുവതാരങ്ങളെയും അദ്ദേഹം മുന്‍നിരയിലെത്തിച്ചു. ദില്‍പ്രീത് സിങ്, ഹാര്‍ദിക് സിങ്, വിവേക് സാഗര്‍ പ്രസാദ്, മന്‍ദീപ്സിങ്, വരുണ്‍കുമാര്‍ എന്നിവരൊക്കെ ഇതില്‍പ്പെടും. ഇവരൊക്കെ ടോക്യോയില്‍ ഗംഭീരമായി കളിച്ചു. 1992-ലെ ബാഴ്സലോണ ഒളിമ്പിക്‌സില്‍ ഓസ്ട്രേലിയന്‍ ടീമിനൊപ്പം റീഡ് വെള്ളി നേടിയിരുന്നു.
Content Highlights: Tokyo 2020 Indian Men s Hockey Team Coach Graham Reid