Photo: AFP
കാണുമ്പോള്‍ വിരസവും കളിച്ചുതുടങ്ങിയാല്‍ ഹരം പകരുന്നതുമായ ഗെയിമാണ് ഗോള്‍ഫ്. ടൈഗര്‍ വുഡ്സിനെപ്പോലുള്ള താരങ്ങള്‍ വന്നതോടെ ഗോള്‍ഫ് ഏറെ ജനപ്രിയമായി. ഇപ്പോഴിതാ ടോക്യോ ഒളിമ്പിക്‌സില്‍ അദിതി അശോകിലൂടെ ഇന്ത്യ ഗോള്‍ഫിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ തുടങ്ങുന്നു.
ഗോള്‍ഫ് എങ്ങനെ?
കളിക്കായി രൂപകല്‍പന ചെയ്ത പലതരത്തിലുള്ള ക്ലബ്ബുകള്‍ (ദണ്ഡ്) ഉപയോഗിച്ച് ഏറ്റവും കുറഞ്ഞ അടികളിലൂടെ പന്ത് ഗോള്‍ഫ് കോഴ്സിലെ ഹോളില്‍ (കുഴി) വീഴ്ത്താനാണ് കളിക്കാരന്‍ ശ്രമിക്കേണ്ടത്. 9 അല്ലെങ്കില്‍ 18 ഹോളുകളാണ് ഒരു ഗോള്‍ഫ് കോഴ്സില്‍ ഉണ്ടാവുക. മൊത്തം 60 പേര്‍ പങ്കെടുക്കുന്ന നാല് റൗണ്ടുകളിലായാണ് ഒളിമ്പിക്‌സിലെ ഗോള്‍ഫ് മത്സരം.
കളി തുടങ്ങുന്ന പ്രദേശത്തെ ടീ എന്ന് വിളിക്കും. ഇവിടെനിന്ന് പന്ത് ക്ലബ്ബ് ഉപയോഗിച്ച് ഗ്രീന്‍ എന്ന് വിളിക്കുന്ന ഭാഗത്തേക്ക് അടിച്ചകറ്റണം. ലക്ഷ്യസ്ഥാനമായ ഹോള്‍ അവിടെയായിരിക്കും. 18 ഹോള്‍ കളിയില്‍ പാര്‍ മൂന്ന്, പാര്‍ നാല്, പാര്‍ അഞ്ച് എന്നിങ്ങനെയാണ് ലക്ഷ്യസ്ഥാനത്തേക്ക് പന്തു തട്ടേണ്ടത്. ഉദാഹരണമായി പാര്‍ നാലിലാണെങ്കില്‍ നാല് ഷോട്ടിനകം പന്ത് ഹോളില്‍ ഇടാന്‍ ശ്രമിക്കണം. അങ്ങനെയെങ്കില്‍ പാര്‍ പോയന്റ് പൂജ്യം ആയിരിക്കും. അഞ്ച് ഷോട്ടിലാണ് ഇടുന്നതെങ്കില്‍ അതു പ്ലസ് ഒന്ന് ആകും. ആറ് ഷോട്ടിലാണെങ്കില്‍ പ്ലസ് രണ്ട്, ഏഴിലാണെങ്കില്‍ പ്ലസ് മൂന്ന് എന്നിങ്ങനെ. മൂന്ന് ഷോട്ടിലാണ് ലക്ഷ്യം നേടുന്നതെങ്കില്‍ മൈനസ് ഒന്ന് രണ്ട് ഷോട്ടിലാണെങ്കില്‍ മൈനസ് രണ്ട് എന്നിങ്ങനെ സ്ട്രോക്ക് കിട്ടും.
പാര്‍ മൂന്ന് ഹോളിലാണെങ്കില്‍ മൂന്ന് ഷോട്ടിനകം പന്ത് ഹോളില്‍ ഇടാനാണ് ശ്രമിക്കേണ്ടത്. അങ്ങനെ ഇട്ടാല്‍ പാര്‍ പോയന്റ് പൂജ്യം. നാല് ഷോട്ടിലാണെങ്കില്‍ പ്ലസ് ഒന്ന് ആകും. രണ്ടു ഷോട്ടിലാണ് ലക്ഷ്യം നേടുന്നതെങ്കില്‍ മൈനസ് ഒന്നാകും. ഒറ്റ ഷോട്ടിലാണെങ്കില്‍ മൈനസ് രണ്ട് സ്ട്രോക്ക് കിട്ടും.
ഇതുപോലെ പാര്‍ അഞ്ചില്‍ അഞ്ച് ഷോട്ടിനകം പന്ത് ഹോളില്‍ ഇടാനാണ് ശ്രമിക്കേണ്ടത്. പാര്‍ നാലില്‍ പത്ത് വീതവും പാര്‍ അഞ്ചിലും മൂന്നിലും നാല് വീതവുമായി ആകെ 72 സ്ട്രോക്കിലാണ് ഹോളിലേക്ക് പന്തെത്തിക്കേണ്ടത്. എല്ലാ റൗണ്ടുകളിലുംകൂടി ഏറ്റവും കുറഞ്ഞ സ്ട്രോക്ക് കിട്ടുന്നയാളായിരിക്കും വിജയി. അതായത് കുറഞ്ഞ ഷോട്ടുകളിലൂടെ പന്ത് ലക്ഷ്യത്തിലെത്തിച്ച് മൈനസ് സ്ട്രോക്ക് സമ്പാദിക്കാനാണ് കളിക്കാരന്‍ ശ്രമിക്കുക.
Content Highlights: Tokyo 2020 Golf Guide for Beginner