പാളിച്ചകള്‍ മനസ്സിലാക്കി തന്ത്രം മാറ്റി; ലവ്ലിനയുടെ വിജയം വന്നവഴി ഇങ്ങനെ


1 min read
Read later
Print
Share

ലവ്ലിനയുടെ വിജയം ബോക്സിങ് പരിശീലകന്‍ ആര്‍.കെ. മനോജ്കുമാര്‍ വിലയിരുത്തുന്നു

Photo: ANI

ആദ്യ റൗണ്ടിലെ പാളിച്ചകള്‍ മനസ്സിലാക്കി അതിനനുസരിച്ച് തന്ത്രം മാറ്റിയാണ് ലവ്ലിന, ചൈനീസ് തായ്പേയുടെ മുന്‍ലോക ചാമ്പ്യന്‍ ചെന്‍ നീന്‍ ചിന്നിനെ കീഴടക്കിയത്.

ചെന്‍ ഒരു മിക്‌സ് അപ് (ഒരു പ്രത്യേക ശൈലി പിന്തുടരാതെ ) കളിക്കുന്ന ബോക്‌സറാണ്. ഇങ്ങനെയുള്ള ബോക്‌സര്‍മാരോട് ലോങ് റേഞ്ചില്‍നിന്ന് (അകലം പാലിച്ച് ) മത്സരിച്ചാലേ ജയിക്കാന്‍ പറ്റൂ. അടുത്തുചെന്ന് ആക്രമിച്ചാല്‍ തിരിച്ചടി നേരിടും. ആദ്യ റൗണ്ടില്‍ ഇവിടെയാണ് ലവ്ലിനയ്ക്ക് പിഴച്ചത്. അകലം പാലിക്കാതെയും അടുത്തുചെന്ന് ആക്രമിക്കാനും ഇന്ത്യന്‍താരം ശ്രമിച്ചു. അതിനാലാണ് നേരിയ ലീഡ് (3-2) ആയത്.

രണ്ടാം റൗണ്ടില്‍ പാളിച്ച തിരുത്താന്‍ ലവ്ലിനയ്ക്കായി. ചെന്നിനെ അകറ്റിനിര്‍ത്തി ആക്രമിച്ചാലേ ജയിക്കാന്‍ കഴിയൂ എന്ന് മനസ്സിലാക്കി. പരിശീലകരും വേണ്ട നിര്‍ദേശം നല്‍കുകയും ചെയ്തു. ഇതോടെ ലവ്ലിന, ചെന്നിനെ അകത്തിനിര്‍ത്തി ഇടിക്കുകയും ചെന്‍ ആക്രമിക്കാന്‍ വന്നപ്പോഴൊക്കെ ദൂരെനിന്ന് ഇടിച്ചുമാറുകയും ചെയ്തു. ജഡ്ജിമാര്‍ക്ക് ക്ലാരിറ്റിയോടെ സ്‌കോറിങ്ങും സാധിച്ചു. ആ റൗണ്ടില്‍ ലവ്ലിനയുടെ സമ്പൂര്‍ണ ആധിപത്യമായിരുന്നു. അഞ്ച് ജഡ്ജിമാരും ഇന്ത്യന്‍ താരത്തിന് അനുകൂലമായി വിധിയെഴുതി. ഈ റൗണ്ടിലെ ആധിപത്യം ക്വാര്‍ട്ടറിലെ ജയത്തില്‍ പ്രധാനമായി.

രണ്ട് റൗണ്ടുകള്‍ കഴിഞ്ഞപ്പോള്‍ മത്സരം തന്റെ വരുതിയിലാണെന്ന് മനസ്സിലായ ലവ്ലിന അവസാന റൗണ്ടില്‍ ലീഡ് സംരക്ഷിക്കുകയെന്ന പ്രതിരോധതന്ത്രം പുറത്തെടുത്തു. എതിരാളിക്ക് ഇടിക്കാനുള്ള അവസരം കൊടുക്കാതിരിക്കുക, എതിരാളിയെ ഇടിച്ചശേഷം ദൂരെ പോകുക. ഇതുവഴി സമയം കളയാന്‍ സാധിക്കും. ഈ തന്ത്രം ഫലപ്രദമായി പ്രയോഗിച്ചതോടെ മൂന്നാം റൗണ്ടിലും മേല്‍ക്കൈ നേടി (41) സെമി സ്ഥാനവും മെഡലും ഉറപ്പിക്കാനായി.

Content Highlights: Tokyo 2020 boxing How Lovlina Borgohain won against Chen Nien-Chin

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram