Photo: PTI
കോഴിക്കോട്: ജാവലിന്‍ ത്രോയിലെ നീരജ് ചോപ്രയുടെ സ്വര്‍ണ നേട്ടം ഇന്ത്യന്‍ അത്‌ലറ്റിക്‌സിന് ഒരു പുത്തന്‍ ഉണര്‍വാകട്ടെയെന്ന് അഞ്ജു ബോബി ജോര്‍ജ്.
നീരജ് ചോപ്രയുടെ സ്വര്‍ണ നേട്ടത്തിനു പിന്നാലെ മാതൃഭൂമി ഡോട്ട്‌കോമിനോട് സംസാരിക്കുകയായിരുന്നു അവര്‍. ''ഇന്ത്യന്‍ അത്‌ലറ്റിക്‌സിലെ ചരിത്രമാണിത്. ഇതിനായി കുറേ വര്‍ഷങ്ങളായി നാം കാത്തിരിക്കുന്നു. നിരവധി തവണ നേരിയ വ്യത്യാസത്തിന് നഷ്ടമായ ഒരു നേട്ടമാണിത്. ഇത്തവണ സ്വര്‍ണ നേട്ടം കൊണ്ടു തന്നെ അതിനെല്ലാം ഒരു പരിഹാരമായിരിക്കുന്നു.'' - അഞ്ജു പറഞ്ഞു.
പരിക്കും മറ്റ് തിരിച്ചടികളും പിന്നിട്ട നീരജിന്റെ മുന്നേറ്റത്തെ കുറിച്ചും അഞ്ജു സംസാരിച്ചു. ''നീരജ് ജൂനിയര്‍ വേള്‍ഡ് റെക്കോഡ് ഹോള്‍ഡറാണ്. നേരത്തെ തന്നെ ഒരു ചാമ്പ്യന്‍. പിന്നീട് പരിക്കും മറ്റും നീരജിനെ അലട്ടിയിരുന്നു. 2019 തൊട്ട് പരിക്കും അതിന്റെ സര്‍ജറികളുമൊക്കെയായി പോകുകയായിരുന്നു. ഇതോടെ 2019 ലോക ചാമ്പ്യന്‍ഷിപ്പും നഷ്ടമായി. പിന്നീട് തിരിച്ചെത്തി 88 മീറ്റര്‍ എറിഞ്ഞിരുന്നു. എന്നാല്‍ 88 മീറ്ററില്‍ ഒരു ഒളിമ്പിക് ഗോള്‍ഡ് പ്രതീക്ഷിച്ചിരുന്നില്ല. ഒരു മെഡല്‍ പ്രതീക്ഷിച്ചിരുന്നു പക്ഷേ ഒരു ഗോള്‍ഡ് പ്രതീക്ഷിച്ചിരുന്നില്ല. 97 മീറ്റര്‍ എറിഞ്ഞ ജൊഹാനസ് വെട്ടറിന് പോലും ഇത്തവണ മികച്ച പ്രകടനം നടത്താനായില്ല. പരിക്കാണെന്നാണ് തോന്നുന്നത്. ആദ്യ ത്രോയില്‍ തന്നെ ലീഡെടുക്കാന്‍ സാധിച്ചത് നീരജിന് ഒരു മെന്റല്‍ ബൂസ്റ്റായിരുന്നു. അത് തന്നെ നിര്‍ണായകമായി. 216 രാജ്യങ്ങള്‍ മത്സരിക്കുന്ന ഒളിമ്പിക്‌സില്‍ ഒരു സ്വര്‍ണ മെഡല്‍ അത്ര ചില്ലറ കാര്യമല്ല.'' - അവര്‍ കൂട്ടിച്ചേര്‍ത്തു.
സര്‍ക്കാരിന് ഇതിന്റെ ക്രെഡിറ്റ് കൊടുക്കാതിരിക്കാനാകില്ലെന്നും അഞ്ജു പറഞ്ഞു. പ്രത്യേകിച്ച് സായി. അത്‌ലറ്റ്‌സിന് മികച്ച പിന്തുണയാണ് ഇത്തവണ നല്‍കിയത്. പരിശീലനത്തിനും മറ്റും മികച്ച പിന്തുണയാണ് സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് താരങ്ങള്‍ക്ക് കിട്ടയത്. അത് ഫപ്രദമാകുകയും ചെയ്തു.
Content Highlights: Tokyo 2020 Anju Bobby George Neeraj Chopra s gold medal triumph