Photo: PTI
അമ്മയുടെ രോഗക്കിടയ്ക്കയില്‍നിന്നാണ് ലവ്ലിന ബോര്‍ഗൊഹെയ്ന്‍ എന്ന അസംകാരി ടോക്യോയിലേക്ക് വിമാനം കയറിയത്. രണ്ടു വൃക്കകളും തകരാറിലായി രോഗക്കിടയ്ക്കയിലാണ് അമ്മ മാമോനി.
ഇന്ന് ബോക്‌സിങ് സെമിയില്‍ ലോക ഒന്നാം നമ്പര്‍ താരം തുര്‍ക്കിയുടെ ബുസെനാസ് സുര്‍മേനെലിയോട് തോറ്റെങ്കിലും വെങ്കല മെഡല്‍ സമ്മാനിച്ച് അസമിന്റെയും ഇന്ത്യയുടെയും അഭിമാനമായി മാറിയിരിക്കുകയാണ് താരം. നാട്ടിലേക്ക് മടങ്ങുമ്പോള്‍ അമ്മയ്ക്കുള്ള സ്‌നേഹസമ്മാനമാകുന്നു ആ വെങ്കലം.
മീരാബായ് ചാനുവിനും പി.വി സിന്ധുവിനും ശേഷം ടോക്യോയില്‍ ഇന്ത്യയുടെ മൂന്നാം മെഡല്‍ ലോവ്‌ലിനയെന്ന 23-കാരിയുടെ പേരില്‍. വിജേന്ദര്‍ സിങ്ങിനും (2008) മേരി കോമിനും (2012) ശേഷം ഇടിക്കൂട്ടില്‍ ഇന്ത്യയ്ക്കായി മെഡല്‍ നേടുന്ന താരമെന്ന ബഹുമതിയും ലോവ്‌ലിന സ്വന്തമാക്കി.
ഒളിമ്പിക്സിനുള്ള യോഗ്യതാ ടൂര്‍ണമെന്റായ ഏഷ്യ ഓഷ്യാനിയ ബോക്സിങ് ചാമ്പ്യന്‍ഷിപ്പില്‍ സെമിയിലെത്തിയാണ് ലവ്ലിന ടോക്യോയിലേക്കുള്ള ടിക്കറ്റ് ഉറപ്പിച്ചത്. ഒളിമ്പിക്സ് യോഗ്യത നേടിയതിനു പിന്നാലെ രണ്ടു മാസത്തോളം നീളുന്ന യൂറോപ്യന്‍ പര്യടനത്തിനു അയക്കാനായിരുന്നു ബോക്സിങ് ഫെഡറേഷന്റെ തീരുമാനം.
യൂറോപ്പിലേക്കു പുറപ്പെടാനിരിക്കുമ്പോഴാണ് അവര്‍ക്കു കോവിഡ് സ്ഥിരീകരിക്കുന്നത്. യൂറോപ്യന്‍ യാത്ര മുടങ്ങിയെന്നു മാത്രമല്ല, ഇവിടുത്തെ പരിശീലനവും അവതാളത്തിലായി. ക്വാറന്റീന്‍ എന്ന ഏകാന്തതയുടെ തടവിലേക്കു എടുത്തെറിയപ്പെട്ടപ്പോഴും ലവ്ലിന 'പോസിറ്റീവ് ' ആയിരുന്നു.
അസം തലസ്ഥാനമായ ഗുവാഹാട്ടിയില്‍നിന്ന് മുന്നൂറോളം കിലോമീറ്റര്‍ അകലെയുള്ള ഗോലഘട്ട് ജില്ലയിലെ ബാരോമുഖിയ ഗ്രാമത്തില്‍നിന്നാണ് ലവ്ലിന വരുന്നത്. ട്രെയിനികളെ തിരഞ്ഞെടുക്കാന്‍ സായി കോച്ച് പദം ബോറോ സ്‌കൂളിലെത്തിയത് ലവ്ലിനയുടെ കരിയറില്‍ വഴിത്തിരിവായി. അദ്ദേഹമാണ് ബോക്‌സിങ്ങിലേക്ക് വഴിതിരിച്ചുവിട്ടത്. പിന്നീട് ഗുവാഹാട്ടിയിലെ അക്കാദമിയിലേക്ക് മാറി. അതേവര്‍ഷം അവര്‍ സബ്ജൂനിയര്‍ ദേശീയ ചാമ്പ്യനായി. ഇതിനിടെ തായ് ബോക്‌സിങ്ങും പരിശീലിച്ചു.
23-കാരിയായ ലവ്ലിനയുടെ വളര്‍ച്ച അതിവേഗമായിരുന്നു. 2018, 2019 വര്‍ഷങ്ങളില്‍ വനിതാ ലോക ബോക്സിങ് ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലം ലഭിച്ചു.
ആദ്യത്തെ ഇന്ത്യ ഓപ്പണ്‍ അന്താരാഷ്ട്ര ബോക്‌സിങ്ങില്‍ സ്വര്‍ണം. അടുത്ത ഇന്ത്യ ഓപ്പണില്‍ വെള്ളി. ഒളിമ്പിക്‌സിന് യോഗ്യതനേടുന്ന ആദ്യത്തെ അസം വനിത. ശിവ് ഥാപ്പയ്ക്കുശേഷമുള്ള രണ്ടാമത്തെ ബോക്സറും. അര്‍ജുന അവാര്‍ഡ് ലഭിച്ചത് കഴിഞ്ഞ വര്‍ഷമാണ്.
Content Highlights: Tokyo 2020 A bronze medal Lovlina Borgohain s gift to mother