ഹെന്ദ് സാസ| Photo: Tony Leung|Hong Kong Table Tennis Association Ltd
പശ്ചിമേഷ്യന്‍ രാജ്യങ്ങളിലെ ദുരിതവും നിറമില്ലാത്ത ബാല്യവും കാഴ്ച്ചയില്‍ നിറച്ചൊരുക്കിയ നാദിന്‍ ലബകിയുടെ കഫര്‍ണൗം എന്ന ലബനീസ് ചിത്രത്തിലെ ദൃശ്യങ്ങള്‍ ആരും മറന്നിട്ടുണ്ടാകില്ല. തന്നെ ജനിപ്പിച്ചതിന്റെ പേരില്‍ ഉപ്പയ്ക്കും ഉമ്മയ്ക്കുമെതിരേ കേസ് കൊടുക്കുന്ന 12 വയസ്സുകാരന്‍ സെയ്ന്‍ അല്‍ ഹജ്ജിന്റെ ജീവിതം കണ്ടവരെല്ലാം കണ്ണീര് തുടച്ചു. വെള്ളിത്തിരയിലെ സെയ്‌നിനെപ്പോലെ ചെമ്പിച്ച തലമുടിയും ദയനീയത നിറഞ്ഞ കണ്ണുകളുമായി തെരുവില്‍ അലയേണ്ടവളായിരുന്നു സിറിയയില്‍ നിന്നുള്ള 12 വയസ്സുകാരി ഹെന്ദ് സാസയും. എന്നാല്‍ സെയ്‌നിനെപ്പോലെ തന്റെ ജീവിതം വിധിക്ക് വിട്ടുനല്‍കാന്‍ അവള്‍ ഒരുക്കമായിരുന്നില്ല. അവസാന സീനില്‍ 'ശുഭം' എന്നെഴുതി കാണിക്കുന്ന ഒരു ഫീല്‍ ഗുഡ് സിനിമയാക്കി അവള്‍ തന്റെ ജീവിതത്തിന്റെ തിരക്കഥ മാറ്റിയെഴുതി. ഒരുപാട് വെട്ടിത്തിരുത്തലുകള്‍ വേണ്ടിവന്നെങ്കിലും ഒടുവില്‍ അവള്‍ ടോക്യോ ഒളിമ്പിക്‌സെന്ന സ്വപ്‌ന സീനിലാണ് എത്തിനില്‍ക്കുന്നത്.
2020 ഫെബ്രുവരിയില്‍ ജോര്‍ദാനില്‍ നടന്ന ഒളിമ്പിക് യോഗ്യതയ്ക്കുള്ള ടേബിള്‍ ടെന്നീസ് മത്സരമാണ് ആ സിനിമയിലെ ആദ്യ സീന്‍. അന്ന് ഹെന്ദ് സാസയ്ക്ക് പ്രായം 11. ഹെന്ദ് സാസയും ലെബനനില്‍ നിന്നുള്ള 42 വയസ്സുകാരിയായ മരിയാന സഹാകിയാനും തമ്മിലാണ് മത്സരം. ഒടുവില്‍ തന്നേക്കാള്‍ 30 വയസ്സ് കൂടുതലുള്ള എതിരാളിയെ തോല്‍പ്പിച്ച് ആ കുഞ്ഞുപെണ്‍കുട്ടി ടോക്യോയിലേക്കുളള ടിക്കറ്റ് എടുത്തു. ആഭ്യന്തര യുദ്ധത്തിന്റെ നീറ്റലുള്ള കണ്ണീരുമാത്രം പരിചയമുള്ള അവളുടെ കണ്ണുകള്‍ ആദ്യമായി സന്തോഷത്താല്‍ തിളങ്ങി. രണ്ടു തുള്ളി സന്തോഷക്കണ്ണീര്‍ താഴെ വീണു.
ബോംബ് സ്‌ഫോടനങ്ങളുടേയും പൊട്ടിത്തകര്‍ന്ന കെട്ടിടങ്ങളുടേയും പൊടിപടലങ്ങളുടേയും ഇടയില്‍ നിന്ന് ടേബിള്‍ ടെന്നീസിലേക്കുള്ള ഹെന്ദ് സാസയുടെ യാത്ര ദുര്‍ഘടമായിരുന്നു. പലപ്പോഴും മുന്നില്‍ വഴികള്‍ അടഞ്ഞപ്പോള്‍ കുടുംബവും പരിശീലകനുമാണ് അവളുടെ വെളിച്ചമായത്. ഒടുവില്‍ 11 വയസ്സിനുള്ളില്‍ തന്നെ ഹെന്ദ് ഒളിമ്പിക്‌സിന് യോഗ്യത നേടി. ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അഞ്ചാമത്തെ ഒളിമ്പ്യന്‍, 1968-ല്‍ സ്‌കേറ്റിങ്ങില്‍ മത്സരിച്ച റൊമാനിയയുടെ ബെട്രിസ് ഹുസ്റ്റ്യുവിന് ശേഷം ഒളിമ്പിക്‌സില്‍ മത്സരിക്കുന്ന പ്രായം കുറഞ്ഞ താരം, ടോക്യോ ഒളിമ്പിക്‌സിലെ ഏറ്റവും പ്രായം കുറഞ്ഞ താരം, ടേബിള്‍ ടെന്നീസില്‍ ഒളിമ്പിക്‌സില്‍ മത്സരിക്കുന്ന ആദ്യ സിറിയന്‍ താരം..ടോക്യോയിലേക്കുള്ള ടിക്കറ്റിനൊപ്പം ഹെന്ദ് സാസയുടെ കൂടെ വിമാനം കയറുന്നത് ഒരുപിടി റെക്കോഡുകള്‍ കൂടിയാണ്.

2009-ല്‍ സിറിയയിലെ ഹമയില്‍ ജനിച്ച ഹെന്ദ് കണ്ണുതുറന്നതു മുതല്‍ കേള്‍ക്കുന്നതാണ് ബോംബ് സ്‌ഫോടനങ്ങളുടെ ശബ്ദം. അഞ്ചു വയസ്സായപ്പോഴേക്കും യുദ്ധത്തിന്റെ ഭീകരത അവളുടെ മനോനില തെറ്റിക്കാന്‍ തുടങ്ങി. ഇതോടെ അവളുടെ ശ്രദ്ധ മാറ്റാനായി മാതാപിതാക്കള്‍ ടേബിള്‍ ടെന്നീസ് റാക്കറ്റ് സമ്മാനിച്ചു. തുടക്കത്തില്‍ ഒരു കളിപ്പാട്ടം പോലെയായിരുന്നു അവള്‍ക്ക് ആ റാക്കറ്റ്. പതുക്കെ പതുക്കെ അവള്‍ ടേബിള്‍ ടെന്നീസിലെ ബാലപാഠങ്ങള്‍ അഭ്യസിക്കാന്‍ തുടങ്ങി. 2016-ല്‍ അന്താരാഷ്ട്ര ടേബിള്‍ ടെന്നീസ് ഫെഡറേഷന്റെ (ഐടിടിഎഫ്) ഹോപ്‌സ് പോഗ്രാമിലേക്ക് ഹെന്ദിന് സെലക്ഷന്‍ കിട്ടി. ഹെന്ദിന്റെ ജീവിതത്തിലെ വഴിത്തിരിവായിരുന്നു ആ പ്രോഗ്രം. സഹോദരനോടൊപ്പം അവള്‍ ടേബിള്‍ ടെന്നീസിലെ പ്രൊഫഷണല്‍ പാഠങ്ങള്‍ ആദ്യമായി പഠിച്ചു. അന്ന് ഏഴു വയസ്സുകാരിയായ ഹെന്ദ് ഐടിടിഎഫ് വിദഗ്ദ്ധയായ ഇവ ജെലെറിന്റെ പ്രശംസയും പിടിച്ചുപറ്റി.
'ഇത്രയും ആസ്വദിച്ച് സന്തോഷത്തോടെ പരിശീലനം നേടുന്ന ഒരു കുട്ടിയെ ഞാന്‍ ആദ്യമായി കാണുകയായിരുന്നു. പന്ത് പുറത്തേക്ക് പോകുമ്പോള്‍ അതെടുക്കാന്‍ അവള്‍ ആവേശത്തോടെ ഓടും. അവളുടെ ടെക്‌നിക് ശരാശരി മാത്രമാണ്. അത് ഇനിയും മികച്ചതാക്കണം. എന്നാല്‍ ആ നിശ്ചയദാര്‍ഢ്യം അവളെ ഉയരങ്ങളിലെത്തിക്കുമെന്ന് എനിക്കുറപ്പാണ്.' അന്ന് ഇവ ജെലെര്‍ പറഞ്ഞ വാക്കുകളാണിത്. ആ ദീര്‍ഘവീക്ഷണം കൃത്യമായിരുന്നു. സബ്ജൂനിയര്‍ മുതല്‍ സീനിയര്‍ തലം വരെയുള്ള നാല് തലങ്ങളിലും ദേശീയ ചാമ്പ്യനായ ആദ്യ സിറിയന്‍ താരമായി ഹെന്ദ് സാസ ചരിത്രമെഴുതി. ലോക റാങ്കിങ്ങില്‍ സിംഗിള്‍സില്‍ 155-ാം സ്ഥാനത്തെത്തി. ഇപ്പോള്‍ സിറിയയിലെ അരക്ഷിതാവസ്ഥയിലേക്ക് ജനിച്ചുവീഴുന്ന ഓരോ കുഞ്ഞിന്റേയും മുഖത്തെ പുഞ്ചിരിയുടെ പേരാണ് ഹെന്ദ് സാസ.
Content Highlights: Syrias Hend Zaza is the youngest Olympian paddler at the Tokyo Olympics