ഹെൻസ് സാസ. Photo Courtesy: olympics.com
ടോക്യോ: എതിരാളിക്ക് തന്നേക്കാള്‍ മൂന്നിരട്ടിയുണ്ട് പ്രായം. ഒളിമ്പിക് ടേബിള്‍ ടെന്നിസ് വനിതാ വിഭാഗം ആദ്യറൗണ്ടില്‍ എന്നിട്ടും പന്ത്രണ്ടുകാരി ഹെന്‍ഡ് സാസയ്ക്കുണ്ടായിരുന്നില്ല തെല്ലും കുലുക്കം. നല്ല അനുഭവസമ്പത്തുള്ളവരെ പോലെ തന്നെ പൊരുതി. ഒടുക്കം മടക്കമില്ലാത്ത നാലു സെറ്റിന്റെ തോല്‍വി ഏറ്റുവാങ്ങേണ്ടിവന്നിട്ടും വിജയിയെപോലെയാണ് ഈ സിറിയക്കാരി പെണ്‍കുട്ടി മടങ്ങിയത്.
'ടോക്യോ ഒളിമ്പിക്‌സില്‍ പങ്കെടുക്കാന്‍ കഴിഞ്ഞത് തന്നെ വലിയൊരു നേട്ടമല്ലെ. എന്നോട് ജയിക്കാനല്ല. നന്നായി കളിക്കാന്‍ മാത്രമാണ് ആവശ്യപ്പെട്ടത്. ഞാന്‍ നന്നായി കളിച്ചു എന്നു തന്നെയാണ് തോന്നല്‍. ഈ തോല്‍വിയില്‍ നിന്ന് ഒരുപാട് പാഠങ്ങള്‍ പഠിക്കാനായി. എനിക്ക് ജയിക്കുകയും ഒന്നോ രണ്ടോ മത്സരങ്ങള്‍ സ്വന്തമാക്കുകയും ചെയ്യണം. ഒരുപക്ഷേ, അത് അടുത്ത ഒളിമ്പിക്‌സില്‍ സാധ്യമായേക്കും'- മത്സരശേഷം സാസ പറഞ്ഞു.
വീരോചിതമായ തോല്‍വി ഏറ്റുവാങ്ങി മടങ്ങുംമുന്‍പ് മറ്റൊന്ന്കൂടി ചെയ്തു നിത്യവും വെടിയൊച്ച കേട്ടുണരാന്‍ വിധിക്കപ്പെട്ട സാസ. 4-11, 9-11, 3-11, 5-11 എന്ന സ്‌കോറിന്റെ ഏകപക്ഷീയമായ തോല്‍വി ഏറ്റുവാങ്ങേണ്ടിവന്നെങ്കിലും മത്സരം കഴിഞ്ഞ ഉടനെ തന്നെ ചെന്ന് ആറ് ഒളിമ്പിക്‌സില്‍ മാറ്റുരച്ച പാരമ്പര്യമുള്ള എതിരാളിയെ അഭിനന്ദിക്കാന്‍ മറന്നില്ല സാസ. ഓര്‍മയുടെ ചെപ്പില്‍ സൂക്ഷിക്കാന്‍ അവര്‍ക്കൊപ്പം ഒരു സെല്‍ഫി കൂടി എടുത്തു സാസ. ല്യു ജിയാന്‍ യൂറോപ്പ്യന്‍ കിരീടം നേടി അഞ്ച് വര്‍ഷം കഴിഞ്ഞാണ് സാസ ജനിക്കുന്നത് തന്നെ.

പന്ത്രണ്ടാം വയസില്‍ മുപ്പത്തിയൊന്‍പതുകാരിയായ ഓസ്‌ട്രേലിയയുടെ ല്യു ജിയയെ നേരിടാനിറങ്ങുമ്പോള്‍ ഒളിമ്പിക്‌സില്‍ മാറ്റുരയ്ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ടെന്നിസ് താരം എന്ന ബഹുമതി കൂടി സ്വന്തമാക്കിയിരുന്നു സാസ. ടോക്യോയിലെ ഉദ്ഘാടനച്ചടങ്ങില്‍ സിറിയയുടെ പാതകയേന്തിയ സാസ തന്നെയാണ് ഈ ഒളിമ്പിക്‌സിന്റെ ബേബിയും. 2009 ജനുവരിയില്‍ ജനിച്ച സാസയ്ക്ക് ഇപ്പോള്‍ പന്ത്രണ്ട് വയസും 205 ദിവസവുമാണ് പ്രായം. മറ്റൊരു ബേബി പതിമൂന്ന് വയസ്സുള്ള ബ്രിട്ടീഷ് സ്‌കേറ്റ്‌ബോഡര്‍ സ്‌കൈ ബ്രൗണാണ്.
1896ല്‍ പത്താം വയസില്‍ ഏതന്‍സ് ഒളിമ്പിക്‌സില്‍ മാറ്റുരച്ച് ജിംനാസ്റ്റിക്‌സില്‍ വെങ്കലം നേടിയ ഗ്രീക്കുകാരന്‍ ദിമിത്രിയോസ് ലൗന്‍ഡ്രാസിസ് തന്നെയാണ് ഒളിമ്പിക് ചരിത്രത്തിലെ ഏറ്റവും പ്രായംകുറഞ്ഞ അത്‌ലറ്റ്. 1968 ശീതകാല ഒളിമ്പിക്‌സില്‍ ബിയാട്രിസ് ഹസ്റ്റിയു പതിനൊന്നാം വയസില്‍ ഫിഗര്‍ സ്‌കേറ്റിങ്ങില്‍ പങ്കെടുത്ത ചരിത്രവുമുണ്ട്.
സാസയെ സംബന്ധിച്ചിടത്തോളം ടോക്യോ യാത്ര ഒരു വലിയ ആശ്വാസമായിരുന്നു. യുദ്ധം കൊടുമ്പിരികൊണ്ട നാട്ടില്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നത് പോയിട്ട് ഒന്ന് പുറത്തിറങ്ങുന്നത് തന്നെ ജീവന്‍മരണ പോരാട്ടമാണ്. അഞ്ചാം വയസില്‍ കളിച്ചുതുടങ്ങിയെങ്കിലും പരിശീലനമത്രയും വീടിനകത്തുതന്നെയായിരുന്നു.
ആകെ മൂന്ന് തവണയാണ് പുറത്ത് ഒരു ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നത്. കഴിഞ്ഞ വര്‍ഷം ജോര്‍ദാനില്‍ വച്ചാണ് ഒളിമ്പിക് യോഗ്യത നേടിയത്. ലോകമെങ്ങും വലിയ വാര്‍ത്തയായിരുന്നു ഇത്.
Content Highlights: Syrian table tennis prodigy Hend Zaza Beaten In first Round Of Tokyo olympics