രവി കുമാർ ദഹിയയുടെ അച്ഛൻ രാകേഷ് ദഹിയ| photo: twitter|ani
ഹരിയാണയിലെ സോണിപതിലെ നഹ്രി ഗ്രാമത്തില്‍നിന്ന് ഒരച്ഛന്‍ എന്നും പുലര്‍ച്ചെ തന്റെ യാത്ര തുടങ്ങും. 60 കിലോമീറ്റര്‍ അകലെുള്ള ഛത്രസാല്‍ സ്റ്റേഡിയത്തില്‍ പരിശീലനം നടത്തുന്ന പത്തുവയസ്സുകാരന്‍ മകന് പാലും വെണ്ണയും എത്തിച്ചുകൊടുക്കാന്‍. പുലര്‍ച്ചെ മൂന്നുമണിക്ക് എഴുന്നേറ്റ് ഭാര്യ പൊതിഞ്ഞുകെട്ടിത്തരുന്ന പാലും വെണ്ണയും സഞ്ചിയിലാക്കി അടുത്തുള്ള റെയില്‍വേ സ്റ്റേഷനിലേക്ക് അഞ്ച് കിലോമീറ്റര്‍ നടക്കും. എന്നിട്ട് ആസാദ്പുര്‍ സ്റ്റേഷനില്‍ ഇറങ്ങി ഛത്രസാല്‍ സ്റ്റേഡിയത്തിലേക്ക് വീണ്ടും രണ്ട് കിലോമീറ്റര്‍ നടത്തം. അപ്പോഴേക്കും പരിശീലനം കഴിഞ്ഞ് മകന്‍ അവിടെ കാത്തിരിപ്പുണ്ടാകും.
13 വര്‍ഷമായി രാകേഷ് ദഹിയ എന്ന അച്ഛന്‍ തുടരുന്ന ഈ യാത്ര വെറുതെയായില്ല, അന്നത്തെ പത്തുവയസ്സുകാരന്‍ ഇന്ന് രവികുമാര്‍ ദഹിയ എന്ന പേരില്‍ ഒളിമ്പിക് ഗുസ്തിയില്‍ രാജ്യത്തിന്റെ അഭിമാനമായിരിക്കുന്നു.
ഗുസ്തിയിലെ ചെറിയ അശ്രദ്ധ 139 കോടി ജനങ്ങളുടെ സ്വപ്നമാണ് ഇല്ലാതാക്കുന്നതെന്ന് രവികുമാറിന് നന്നായി അറിയാം. ചെറിയ അശ്രദ്ധയില്‍ എത്ര ദിവസത്തെ കഷ്ടപ്പാടാണ് വിഫലമാകുന്നതെന്ന് അച്ഛന്‍തന്നെയാണ് രവിയെ പഠിപ്പിച്ചത്. ആ കഥയും വെണ്ണയും തമ്മിലും ബന്ധമുണ്ട്. ഒരു ദിവസം അച്ഛന്‍കൊണ്ടുവന്ന വെണ്ണപ്പാത്രം തുറക്കുന്നിതിനിടയില്‍ അല്‍പം താഴെപ്പോയി. ഇങ്ങനെ അശ്രദ്ധയോടെ പാത്രം തുറക്കരുതെന്നും വളരെ പ്രയാസപ്പെട്ടാണ് ഭക്ഷണമെത്തിക്കുന്നതെന്നും രാകേഷ് മകനെ ഉപദേശിച്ചു. ഗ്രൗണ്ടില്‍ വീണ വെണ്ണ കുനിഞ്ഞുനിന്ന് കോരിയെടുത്ത് രവി കഴിച്ചു.
ഒളിമ്പിക്സില്‍ ഒരു മെഡല്‍ എന്ന ആഗ്രഹവുമായാണ് കുട്ടിക്കാലം മുതല്‍ രവി വളര്‍ന്നത്. മുന്നില്‍ വഴികാട്ടികളായി സുശീല്‍ കുമാറും യോഗേശ്വര്‍ ദത്തുമെല്ലാം ഉണ്ടായിരുന്നു. ഇന്ത്യയ്ക്ക് ഒളിമ്പ്യന്‍മാരെ സമ്മാനിച്ച പരിശീലകന്‍ സത്പാല്‍ സിങ്ങിന്റെ അടുത്തെത്തുമ്പോള്‍ രവിയുടെ പ്രായം പത്ത്. അന്ന് മുതല്‍ ഛത്രസാല്‍ സ്റ്റേഡിയത്തില്‍ ചിട്ടയായ പരിശീലനം. റഷ്യയില്‍ മുറാദ് ഗൈദറോവിന്റെ കീഴില്‍ പരിശീലിക്കാന്‍ കഴിഞ്ഞത് വഴിത്തിരിവായി. 2015-ലെ ലോക ജൂനിയര്‍ ഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി നേടി വരവറിയിച്ച രവി ആറ് വര്‍ഷത്തിനകം ഒളിമ്പിക്സില്‍ വെള്ളി നേടിയിരിക്കുന്നു. 13 വര്‍ഷം ഒരു അച്ഛന്‍കൊണ്ട വെയില്‍ ഒരു രാജ്യത്തിന്റെ തണലായി മാറിയിരിക്കുന്നു
content highlights: ravi kumar dahiya wrestling tokyo olympics 2020 life story