Photo: twitter.com|Media_SAI
ടോക്യോയില്‍ സത്യത്തില്‍ അത്ഭുതമാണ് ഇന്ത്യന്‍ വനിതാ ഹോക്കി ടീം കാഴ്ചവെച്ചത്. ആരും കാര്യമായ പ്രതീക്ഷകളൊന്നും വെച്ചുപുലര്‍ത്താതിരുന്ന റാണി രാംപാല്‍ നയിച്ച ഇന്ത്യന്‍ വനിതാ ഹോക്കി ടീം സെമിയിലേക്ക് മുന്നേറിയ ശേഷമാണ് ജപ്പാനില്‍ നിന്നും മടങ്ങുന്നത്.
സെമിയില്‍ കരുത്തരായ അര്‍ജന്റീനയ്ക്ക് മുന്നില്‍ വീണെങ്കിലും ചരിത്രത്തിലാദ്യമായി ഒളിമ്പിക്സ് സെമിയിലെത്തുന്ന ഇന്ത്യന്‍ വനിതാ ഹോക്കി ടീം എന്ന അപൂര്‍വമായ റെക്കോഡ് റാണിയും സംഘവും നേടിയെടുത്തു.
മാത്രമല്ല ലോകത്തിലെ ഏറ്റവും കരുത്തുറ്റ ടീമുകളിലൊന്നായ ഓസ്ട്രേലിയയെ തകര്‍ത്തുകൊണ്ടായിരുന്നു ടീമിന്റെ സെമി ഫൈനല്‍ പ്രവേശനം. ഒടുവില്‍ ഇപ്പോഴിതാ വെങ്കല മെഡിനായുള്ള പോരാട്ടത്തില്‍ ബ്രിട്ടനെതിരേ അവസാന നിമിഷം വരെ പൊരുതിയ ശേഷമാണ് ടീം 4-3ന് കീഴടങ്ങിയത്.
ഇന്ത്യയുടെ മുന്നേറ്റത്തിനു പിന്നില്‍ നിര്‍ണായക സാന്നിധ്യമായത് നായിക റാണി രാംപാല്‍ തന്നെയാണ്. തുടര്‍ച്ചയായി പരാജയങ്ങള്‍ ഏറ്റുവാങ്ങി ക്വാര്‍ട്ടര്‍ കാണാതെ പുറത്താകുമെന്ന് ഏവരും വിധിയെഴുതിയപ്പോള്‍ റാണിയും സംഘവും തളര്‍ന്നില്ല. ഫീനിക്സ് പക്ഷിയേപ്പോലെ ഭാഗ്യത്തിന്റെയും കഠിനാധ്വാനത്തിന്റെയും തേരില്‍ അവര്‍ പറന്നുയര്‍ന്നു. സൗത്ത് ആഫ്രിക്കയെയും അയര്‍ലന്‍ഡിനെയും തകര്‍ത്ത് ക്വാര്‍ട്ടറിലേക്ക് മുന്നേറി.
ക്വാര്‍ട്ടറില്‍ ഇന്ത്യ വിജയം നേടുമെന്ന് ആരും കരുതിയില്ല. എന്നാല്‍ റാണി രാംപാലിന്റെ വാക്കുകളും നേതൃത്വ പാടവവും ടീം ഇന്ത്യയെ എന്തും നേരിടാന്‍ സജ്ജമാക്കി. പൂള്‍ ബി യിലെ ചാമ്പ്യന്മാരായി ഒരു മത്സരം പോലും തോല്‍ക്കാതെയെത്തിയ ഓസ്ട്രേലിയന്‍ വനിതകളെ ക്വാര്‍ട്ടറില്‍ കീഴടക്കുമ്പോള്‍ റാണിയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി.
' ഇന്ത്യന്‍ ഹോക്കിയെ സംബന്ധിച്ചിടത്തോളം ഏറ്റവും അഭിമാനകരമായ മുഹൂര്‍ത്തത്തിലൂടെയാണ് ഇപ്പോള്‍ കടന്നുപോകുന്നത്. വനിതാ ടീമും പുരുഷ ടീമും സെമിയില്‍ പ്രവേശിച്ചിരിക്കുന്നു. അതില്‍ ഞാനേറെ അഭിമാനിക്കുന്നു. മത്സരം ജയിക്കാനായി ഞങ്ങള്‍ എന്തിനും തയ്യാറായിരുന്നു. ഒടുവില്‍ ഞങ്ങള്‍ ലക്ഷ്യത്തിലെത്തിയിരിക്കുന്നു'-റാണി രാംപാല്‍ മത്സരശേഷം പറഞ്ഞു.
എങ്കിലും ആദ്യമായി ഒരു ഒളിമ്പിക് മെഡലെന്ന സ്വപ്‌നം ബാക്കിയാക്കി ഇന്ത്യന്‍ വനിതകള്‍ ടോക്യോയില്‍ നിന്നും മടങ്ങുന്നു.
Content Highlights: Proudest moment for Indian hockey says Rani Rampal lauds women's team after historic win over Australia