Photo: twitter.com|DjokerNole
ടോക്യോ: ഒളിമ്പിക്‌സില്‍ആദ്യ സ്വര്‍ണം നേടാനുറച്ചാണ് ലോക ഒന്നാം നമ്പര്‍ ടെന്നീസ് താരം നൊവാക് ജോക്കോവിച്ച് ടോക്യോയിലെത്തിയിരിക്കുന്നത്.. പ്രമുഖ താരങ്ങളായ റോജര്‍ ഫെഡററും റാഫേല്‍ നദാലുമെല്ലാം ഒളിമ്പിക്‌സില്‍ നിന്നും പിന്മാറിയതോടെ ജോക്കോവിച്ച് സ്വര്‍ണം ഏതാണ്ട് ഉറപ്പിച്ചിരുന്നു.
എന്നാല്‍ ജോക്കോവിച്ചിന്റെ സ്വര്‍ണത്തിലേക്കുള്ള യാത്ര അത്ര എളുപ്പമാകില്ല. ലോക രണ്ടാം നമ്പര്‍ താരമായ അലക്‌സാണ്ടര്‍ സ്വെരേവ്, ഏഴാം നമ്പര്‍ താരം ആന്ദ്രെ റുബലേവ് തുടങ്ങിയ ശക്തരായ താരങ്ങളെയെല്ലാം ജോക്കോവിച്ചിന് നേരിടേണ്ടി വരും.
സെര്‍ബിയയെ പ്രതിനിധീകരിക്കുന്ന ജോക്കോവിച്ച് ഈ സീസണില്‍ മൂന്ന് ഗ്രാന്‍ഡ്സ്ലാം കിരീടങ്ങളും സ്വന്തമാക്കി. ടോക്യോ ഒളിമ്പിക്‌സില്‍ സ്വര്‍ണം നേടിയാല്‍ ഗോള്‍ഡന്‍ സ്ലാം എന്ന നേട്ടത്തിലേക്ക് താരം അടുക്കും. ഒളിമ്പിക്‌സില്‍ സ്വര്‍ണം നേടിയ ശേഷം ഓഗസ്റ്റില്‍ നടക്കുന്ന യു.എസ് ഓപ്പണ്‍ കൂടി സ്വന്തമാക്കാനായാല്‍ ജോക്കോവിച്ച് ഗോള്‍ഡന്‍ സ്ലാം സ്വന്തമാക്കും. ഇങ്ങനെ സംഭവിച്ചാല്‍ ഈ നേട്ടം കൈവരിക്കുന്ന ആദ്യ പുരുഷതാരമാകും ജോക്കോവിച്ച്.
ചരിത്രത്തില്‍ വനിതാ ഇതിഹാസതാരം സ്റ്റെഫി ഗ്രാഫ് മാത്രമാണ് ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ളത്. 1988-ലാണ് താരം ഈ നേട്ടം സ്വന്തമാക്കിയത്.
ജോക്കോവിച്ച് ഇതുവരെ ഒളിമ്പിക്‌സില്‍ സ്വര്‍ണം നേടിയിട്ടില്ല. മൂന്നുതവണ ഒളിമ്പിക്‌സില്‍ പങ്കെടുത്തെങ്കിലും ഒരു വെങ്കലമെഡല്‍ മാത്രമാണ് താരത്തിന് ഇതുവരെ നേടാനായത്.
Content Highlights: Novak Djokovic faces tough draw at Olympics