നീരജ് ചോപ്ര കുടുംബത്തോടൊപ്പം | Photo: Reuters| twitter| Seth Bennett
ഹരിയാണയിലെ പാനിപതില്‍ നിന്ന 15 കിലോമീറ്റര്‍ അകലെയുള്ള കാന്ദ്രയിലെ ഒരു കൂട്ടുകുടുംബത്തില്‍ മുത്തശ്ശിയുടെ വാത്സല്യമേറ്റ് വളര്‍ന്നവനാണ് നീരജ് ചോപ്ര. 17 അംഗങ്ങളുള്ള ആ കുടുംബത്തിലെ കുട്ടികളില്‍ ഏറ്റവും മുതിര്‍ന്നവന്‍ നീരജ് ആയിരുന്നു. ആദ്യത്തെ കണ്‍മണി ആയതുകൊണ്ടുതന്നെ മുത്തശ്ശിയുടെ വാത്സല്യം ആവോളം ലഭിച്ചു. ഭക്ഷണത്തിന്റെ രൂപത്തിലായിരുന്നു മുത്തശ്ശി സ്‌നേഹം പ്രകടിപ്പിച്ചത്. ഇതോടെ 11 വയസ്സിലെത്തിയപ്പോഴേക്കും നീരജിന്റെ ഭാരം 80 കിലോയും കടന്നു.
സ്‌കൂളില്‍ പോകുമ്പോഴെല്ലാം കൂട്ടുകാര്‍ അവനെ കളിയാക്കാന്‍ തുടങ്ങി. ടെഡ്ഡി ബെയര്‍, പൊണ്ണത്തടിയന്‍..ഇരട്ടപ്പേരുകള്‍ ഒരുപാടുണ്ടായിരുന്നു. കൂട്ടുകാരുടെ പരിഹാസം കൂടിയതോടെ എങ്ങനെയെങ്കിലും ഭാരം കുറയ്ക്കണമെന്ന് നീരജ് കരുതി. നേരെ പോയത് പാനിപതിലുള്ള ജിമ്മിലേക്കാണ്. ആ യാത്രക്കിടയില്‍ ശിവാജി സ്‌റ്റേഡിയത്തില്‍ ജാവലിന്‍ ത്രോ പരിശീലനം നടത്തുന്ന അത്‌ലറ്റുകളെ നീരജ് ബസിലിരുന്ന് കണ്ടു. ആ ഒരൊറ്റ കാഴ്ച്ചയില്‍ തന്നെ അവന് ജാവലിനോട് അനുരാഗം തോന്നി.
ജിമ്മിലേക്കുള്ള യാത്ര അവന്‍ കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ ശിവാജി സ്റ്റേഡിയത്തിലേക്ക് വഴി തിരിച്ചുവിട്ടു. അവിടെ പരിശീലനം നടത്തുന്ന ഒരു അത്‌ലറ്റില്‍ നിന്ന് ജാവലിന്‍ വാങ്ങി അവനും അതുപോലെ എറിയാന്‍ ശ്രമിച്ചു. പക്ഷേ എറിഞ്ഞിടത്ത് തന്നെ വീണു. എന്നാലും ഈ കളി കൊള്ളാമല്ലോ എന്ന് കുഞ്ഞു നീരജിന് തോന്നി. പിന്നീട് അവന്റെ ജീവിതംതന്നെ ജാവലിന്‍ ത്രോ ആയി മാറി. ഇതോടെ ഭക്ഷണത്തിലും പുതിയ ക്രമീകരണങ്ങള്‍ വന്നു.
അന്ന് ഓരോ ദിവസവും അവന്റെ പോക്കറ്റിലുണ്ടായിരുന്നത് 30 രൂപ മാത്രമായിരുന്നു. 15 കിലോമീറ്റര്‍ യാത്രയ്ക്കുള്ള ബസ് ടിക്കറ്റിന് തന്നെ ആ പൈസ തികയില്ലായിരുന്നു. ഒരു ഗ്ലാസ് ജ്യൂസ് കുടിക്കാന്‍ പോലും പറ്റാത്ത അവസ്ഥ. പാനിപതില്‍ ജോലി ചെയ്യുന്ന അങ്കിളിനൊപ്പം വൈകുന്നേരം തിരിച്ചുപോരുന്നതിനാല്‍ ആ ബസ് കൂലി അദ്ദേഹത്തിന്റെ വകയായിരുന്നു. എന്നിട്ടും ജാവലിനോടുള്ള അതിയായ ഇഷ്ടം കാരണം അവന്‍ തന്റെ യാത്ര തുടര്‍ന്നു.
ബിഞ്ചോളിലെ ജാവലിന്‍ ത്രോ താരം ജയ്‌വീറിനെ കണ്ടുമുട്ടിയതാണ് നീരജിന്റെ ജീവിതത്തിലെ വഴിത്തിരിവ്. ഹരിയാനയുടെ താരമായ ജയ് വീര്‍ നീരജിന്റെ കഴിവ് തിരിച്ചറിഞ്ഞു അവന് പരിശീലനം നല്‍കാന്‍ തുടങ്ങി. 14-ാം വയസ്സില്‍ പാഞ്ച്കുലയിലെ സ്‌പോര്‍ട്‌സ് നഴ്‌സറിയിലെത്തി. അവിടെ നിന്നാണ് സിന്തറ്റിക്ക് ട്രാക്കിലെ ആദ്യ ജാവലിന്‍ പരിശീലനം. 2012-ല്‍ ലക്ക്‌നൗവില്‍ ആദ്യ ദേശീയ ജൂനിയര്‍ സ്വര്‍ണം നേടി. 68.46 മീറ്റര്‍ എറിഞ്ഞ് ദേശീയ റെക്കോഡും തിരുത്തി.

എന്നാല്‍ അന്താരാഷ്ട്ര തലത്തില്‍ നിറം മങ്ങിയ തുടക്കമാണ് നീരജിന് ലഭിച്ചത്. 2013-ല്‍ യുക്രെയ്‌നില്‍ നടന്ന ലോക യൂത്ത് ചാമ്പ്യന്‍ഷിപ്പില്‍ ലഭിച്ചത് 19-ാം സ്ഥാനം മാത്രം. രണ്ടു വര്‍ഷങ്ങള്‍ക്ക് ശേഷം ചൈനയില്‍ നടന്ന ഏഷ്യന്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ ഒമ്പതാം സ്ഥാനവുമായി മടങ്ങേണ്ടിവന്നു. ഇതോടെ വിദേശത്ത് പോയി പരിശീലനം നേടിയ നീരജ് ലോക റെക്കോഡുകാരനായ ഉവെ ഹോഹ്നയുടേയും (ജാവലിന്‍ 100 മീറ്റര്‍ പായിച്ച ജര്‍മന്‍ താരം) വെര്‍ണര്‍ ഡാനിയല്‍സിന്റേയും ഗാരി കാല്‍വേര്‍ട്ടിന്റേയും ക്ലൗസ് ബര്‍ട്ടോനിയെറ്റ്‌സിന്റേയും ശിഷ്യനായി. നീരജിന്റെ കരിയറില്‍ തന്നെ നിര്‍ണായകമായിരുന്നു ഈ വിദേശ കോ്ച്ചുമാരുടെ സേവനം.
2016-ന് ശേഷം നീരജിന്റെ ജൈത്രയാത്രയാണ് കണ്ടത്. ലോക അണ്ടര്‍ -20 ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടി ഈ നേട്ടത്തിലെത്തുന്ന ആദ്യ ഇന്ത്യന്‍ താരമായി. 86.48 മീറ്റര്‍ എറിഞ്ഞ് ലോക ജൂനിയര്‍ റെക്കോഡും ഇന്ത്യന്‍ താരം സ്വന്തം പേരില്‍ കുറിച്ചു. പിന്നീട് തിരിഞ്ഞുനോക്കിയിട്ടില്ല. 2018-ല്‍ ഏഷ്യന്‍ ഗെയിംസിലും കോമണ്‍വെല്‍ത്ത് ഗെയിംസിലും സ്വര്‍ണത്തിലേക്ക് എറിഞ്ഞു.
ഇതിനിടയില്‍ കൈമുട്ടിന് പരിക്കേറ്റത് നീരജ് ചോപ്രയെ കുറച്ചുകാലം വലച്ചു. ഒടുവില്‍ ശസ്ത്രക്രിയക്ക് വിധേയനാകേണ്ടി വന്നു. ഇതോടെ 2019-ലെ ലോക അത്‌ലറ്റിക്‌സ്് ചാമ്പ്യന്‍ഷിപ്പിലും ദേശീയ ഓപ്പണ്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിലും നീരജിന് പങ്കെടുക്കാനായില്ല. 2020-ല്‍ കോവിഡിനെ തുടര്‍ന്ന പരിശീലനവും മുടങ്ങി. എന്നാല്‍ 2021-ല്‍ തിരിച്ചുവരവ് കണ്ടു. ആ വര്‍ഷം നടന്ന അഞ്ച് മത്സരങ്ങളില്‍ നാല് എണ്ണത്തിലും 83 മീറ്ററിന് മുകളില്‍ ജാവലിന്‍ പായിച്ചു. പാട്യാലയില്‍ നടന്ന ഇന്ത്യന്‍ ഗ്രാന്റ് പ്രീയില്‍ 88.07 മീറ്റര്‍ പിന്നിട്ട് പുതിയ ദേശിയ റെക്കോഡും സൃഷ്ടിച്ചു. ടോക്യോയിലും ഈ ആത്മവിശ്വാസം നീരജ് കൈവിട്ടില്ല. ഒളിമ്പിക്‌സില്‍ ഇന്ത്യക്ക് ചരിത്ര മെഡല്‍!
Content Highlights: Neeraj Chopra Javelin Throw Tokyo Olympics 2020 Life Story