നീരജ് ചോപ്ര, മിൽഖ സിങ്
നീരജ് ചോപ്ര ഒളിമ്പിക്‌സ് സ്വര്‍ണം കഴുത്തിലണിഞ്ഞു നില്‍ക്കുന്ന ദൃശ്യം രാജ്യം മുഴുവന്‍ കണ്‍കുളിര്‍ക്കെ കണ്ടു. പക്ഷെ, ഈ കാഴ്ച്ച കാണാന്‍ ഏറ്റവും അര്‍ഹത ഉണ്ടായിരുന്ന ഒരാള്‍ നമ്മോടൊപ്പം ഇല്ലാതെ പോയി. പറക്കും സിഖ് സര്‍ദാര്‍ മില്‍ഖാ സിങ്.
1960-ലെ റോം ഒളിമ്പിക്‌സില്‍ 400 മീറ്ററില്‍ സെക്കന്റിന്റെ പത്തിലൊരംശം വ്യത്യാസത്തിന് മെഡല്‍ നഷ്ടമായപ്പോള്‍ ഇന്ത്യന്‍ അത്‌ലറ്റിക്‌സിന് ഒരു തീരാ നഷ്ടമായിരുന്നു. വര്‍ഷങ്ങള്‍ പിന്നിട്ട ശേഷവും അന്നത്തെ നഷ്ടത്തിന്റെ ആഘാതത്തില്‍ നിന്ന് അദ്ദേഹം കരകയറിയില്ല.
'ഞാന്‍ മരിക്കുവോളം ആ വേദന പിന്തുടരും. അല്‍പമെങ്കിലും ആശ്വാസം കിട്ടണമെങ്കില്‍ ഏതെങ്കിലും ഒരു ഇന്ത്യന്‍ അത്‌ലറ്റ് ഒളിമ്പിക്‌സില്‍ മെഡല്‍ നേടണം' അഭിമുഖങ്ങളില്‍ അദ്ദേഹം പലതവണ ആവര്‍ത്തിച്ച വാക്കുകളാണിത്. ഇപ്പോള്‍ മില്‍ഖ ഇഹലോക വാസം വെടിഞ്ഞ് ആഴ്ച്ചകള്‍ പിന്നിടുമ്പോള്‍ മില്‍ഖയുടെ സ്വപ്നം സ്വര്‍ണ ശോഭയോടെ നീരജ് ചോപ്ര യാഥാര്‍ത്ഥ്യമാക്കിയിരിക്കുന്നു. രണ്ടു മാസം കൂടി ജീവിച്ചിരുന്നെങ്കില്‍ അദ്ദേഹത്തിന് ഈ കാഴ്ച്ച കണ്‍നിറയെ കാണാമായിരുന്നു.
സ്വര്‍ണമെഡല്‍ ഏറ്റു വാങ്ങിയ ശേഷം മാധ്യമങ്ങളോട് നീരജ് പറഞ്ഞത് ഈ മെഡല്‍ മില്‍ഖക്ക് സമര്‍പ്പിക്കുന്നു എന്നു തന്നെയാണ്. മില്‍ഖയുടെ നഗരമായ ചണ്ഡീഗഡില്‍ നിന്ന് ഏറെ അകലെയല്ലാത്ത പാനിപത്തിലാണ് നീരജ് ജനിച്ചത്. രണ്ടു പേരും ഇന്ത്യന്‍ ആര്‍മിയില്‍ ഉദ്യോഗസ്ഥര്‍.
ഇപ്പോള്‍ നീരജ് സ്വര്‍ണനേടിയ ഒളിമ്പിക്‌സിന് വേദിയായ ടോക്കിയോയില്‍ ഇതിന് മുമ്പ് 1964-ലും ഒളിമ്പിക്‌സ് നടന്നിരുന്നു. ആ ഒളിമ്പിക്‌സില്‍ മില്‍ഖ മല്‍സരിച്ചിരുന്നു. എല്ലാംകൊണ്ടും മില്‍ഖക്ക് നഷ്ടമായത് ഇന്ത്യക്ക് വേണ്ടി നേടാന്‍ ദൈവം നിയോഗിച്ച പോരാളിയാണ് നീരജ്. ഒരു പക്ഷെ ആ ദൈവത്തിന്റെ അരമനയിലിരുന്ന് മില്‍ഖ ആ കാഴ്ച്ച കണ്ടിരിക്കാം.
Content Highlights: Milkha Singh and Neeraj Chopra tokyo 2020