രാജ്‌മോഹന്‍ നെഞ്ചിടിപ്പോടെ കാത്തിരിക്കുന്നു; നോഹയും അലക്‌സും ടോക്യോയിലെ ട്രാക്കിലിറങ്ങുന്നതിനായി


By ജെസ്‌ന ജിന്റോ

3 min read
Read later
Print
Share

എയര്‍ഫോഴ്സില്‍ വന്നതിനുശേഷമാണ് പരിശീലകനു കീഴില്‍ ആദ്യമായി പരിശീലനം കിട്ടിയത്. താനെന്ന വ്യക്തിയെ കടഞ്ഞെടുക്കുന്നതില്‍ വ്യോമസേനയിലെ പരിശീലനം വലിയ മുതല്‍ക്കൂട്ടായെന്ന് രാജ്മോഹന്‍ സമ്മതിക്കുന്നു. ശാസ്ത്രീയമായ രീതിയിലുള്ള പരിശീലനമാണ് അവിടെ നല്‍കുന്നത്.

രാജ്‌മോഹൻ

ടോക്യോ ഒളിംപിക്‌സില്‍ രാജ്യത്തിനു മെഡല്‍ പ്രതീക്ഷയുമായി അത്‌ലറ്റിക് ടീം പറന്നിറങ്ങിക്കഴിഞ്ഞു. ടീമിന്റെ ഭാഗമായ കോഴിക്കോട് സ്വദേശി നോഹ നിര്‍മല്‍ ടോമും തിരുവനന്തപുരത്ത് നിന്നുള്ള അലക്സ് ആന്റണിയും ടോക്യോയില്‍ മാറ്റുരയ്ക്കുമ്പോള്‍ മലയാളിക്ക് അഭിമാനിക്കാന്‍ മറ്റൊരു കാരണം കൂടിയുണ്ട്. ഇരുവരുടെയും എല്ലാമെല്ലാമായ പരിശീലകന്‍ എം.കെ. രാജ്‌മോഹനനും ഒരു മലയാളിയാണ്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഇരുവരുടെയും പരിശീലനത്തിനുവേണ്ടി ഉഴിഞ്ഞുവെച്ചതാണ് രാജ്മോഹനന്റെ ജീവിതം. വ്യാഴാഴ്ച രാജ്‌മോഹനും ടോക്യോയിലേക്ക് തിരിക്കും, നോഹയുടെയും അലക്‌സിന്റെയും ഒളിംപിക്‌സിലെ കന്നിയങ്കത്തിന് സാക്ഷ്യം വഹിക്കാന്‍.

കുട്ടിക്കാലത്തേ കായികതാരം

ആറാം ക്ലാസില്‍ തുടങ്ങിയതാണ് രാജ്മോഹനന് സ്പോര്‍ട്സിനോടുള്ള കമ്പം. ചേട്ടന്‍ റാം മോഹനന്റെ പിന്തുണയായിരുന്നു അതിനുകാരണം. സ്‌കൂള്‍ തലത്തില്‍ ലോങ്ജംപില്‍ മത്സരിച്ച് രാജ്മോഹന്‍ സമ്മാനങ്ങള്‍ വാരിക്കൂട്ടി. സ്‌കൂള്‍ വിട്ട് കോളേജ് തലത്തിലെത്തിയപ്പോഴേക്കും സ്പോര്‍ട്സ് രാജ്മോഹനു ജീവശ്വാസമായി. ആലപ്പുഴ ജില്ലയിലെ വണ്ടാനം മെഡിക്കല്‍ കോളേജിനടുത്തായിരുന്നു രാജ്മോഹനന്റെ വീട്. അമ്മ വിമലാദേവി അവിടെ അനാട്ടമി വിഭാഗം ക്യൂറേറ്ററായിരുന്നു. അമ്മയുടെ ആഗ്രഹമായിരുന്നു മക്കളെ ഡോക്ടറായി കാണണമെന്ന്. സ്പോര്‍ട്സ് ക്വോട്ടയില്‍ എം.ബി.ബി.എസിനു ചേര്‍ന്ന് ഡോക്ടറാകണമെന്നായിരുന്നു രാജമോഹന്റെ മോഹം. എന്നാല്‍, വിധി മറ്റൊന്നായി. എം.ബി.ബി.എസ്സിനു പ്രവേശനം കിട്ടുന്നതിനുമുമ്പേ വ്യോമസേനയില്‍നിന്നു അദ്ദേഹത്തിനു വിളി വന്നു. 1998-ലാണ് വ്യോമസേനയുടെ ഭാഗമാകുന്നത്.

എയര്‍ഫോഴ്സില്‍ വന്നതിനുശേഷമാണ് പരിശീലകനു കീഴില്‍ ആദ്യമായി പരിശീലനം കിട്ടിയത്. താനെന്ന വ്യക്തിയെ കടഞ്ഞെടുക്കുന്നതില്‍ വ്യോമസേനയിലെ പരിശീലനം വലിയ മുതല്‍ക്കൂട്ടായെന്ന് രാജ്മോഹന്‍ സമ്മതിക്കുന്നു. ശാസ്ത്രീയമായ രീതിയിലുള്ള പരിശീലനമാണ് അവിടെ നല്‍കുന്നത്. ഏഴുവര്‍ഷം വ്യോമസേനയുടെ 400 മീറ്റര്‍ ടീമില്‍ അംഗമായിരുന്നു. ബെംഗളുരൂവിലായിരുന്നു ആ സമയത്ത് പരിശീലനം. അതിനുശേഷം പരിക്കുപിടിമുറുക്കിയതോടെ കോച്ച് പദവി നല്‍കി. 2008 മുതല്‍ 2018 വരെയുള്ള കാലയളവില്‍ വ്യോമസേനയുടെ കായികവിഭാഗത്തില്‍ കോച്ചായി പ്രവര്‍ത്തിച്ചു. 2015-ല്‍ നാഷണല്‍ ടീമിന്റെ ഭാഗമായി.

2018 മേയില്‍ വ്യോമസേനയില്‍നിന്നും വിരമിച്ച അദ്ദേഹം ജൂണില്‍ തിരുവനന്തപുരത്ത് കേരളാ സ്പോര്‍ട്സ് കൗണ്‍സലിന്റെ ഭാഗമായ ഓപ്പറേഷന്‍ ഒളിംപ്യ സ്‌കീമില്‍ ചേര്‍ന്നു. അവിടെ അത്ലറ്റിക് ടീമില്‍ അപ്പോള്‍ കുട്ടികളുണ്ടായിരുന്നില്ല. ദേശീയ ടീമിന്റെ കോച്ചെന്ന നിലയില്‍ ആര്‍ക്കും അദ്ദേഹത്തെ അറിയില്ലായിരുന്നു. അപ്പോഴേക്കും നോഹയും അലക്സും തിരികെ വിളിച്ചു. പരിശീലനത്തിനു രാജ്മോഹന്‍ തന്നെ വേണമെന്നു പറഞ്ഞു. അങ്ങനെ ഡെപ്യൂട്ടേഷനില്‍ ദേശീയ ടീമില്‍ കോച്ചായി രാജ് മോഹന്‍ തിരികെയെത്തി. കായികതാരങ്ങളായ സജിന്‍, സച്ചിന്‍ റോബി, നോഹ നിര്‍മല്‍ ടോം, അലക്സ് ആന്റണി എന്നിവരാണ് വ്യോമസേനയിലെ രാജ്മോഹന്റെ ശിഷ്യന്മാര്‍.

റാഞ്ചി ഓപ്പണ്‍ നാഷണല്‍സില്‍ ശിഷ്യന്‍ സച്ചില്‍ റോബിക്കൊപ്പം പങ്കെടുക്കുന്നതിനിടെ 2013-ലാണ് നോഹയെ രാജ്മോഹന്‍ കണ്ടെത്തുന്നത്. തൊട്ടടുത്തവര്‍ഷം രാജ്മോഹനൊപ്പം നോഹ ചേര്‍ന്നു. കേരളാ യൂണിവേഴ്സിറ്റി മീറ്റിനിടെയാണ് അലക്സ് ആന്റണിയെ അദ്ദേഹം കാണുന്നത്.

Raj Mohan
നോഹ നിര്‍മല്‍ ടോമിനും അലക്‌സ് ആന്റണിക്കുമൊപ്പം രാജ്‌മോഹന്‍

400 മീറ്റര്‍ എന്നും പ്രിയപ്പെട്ടത്

തനിക്ക് 400 മീറ്റര്‍ മത്സര ഇനത്തോട് അതീവതാത്പര്യമുണ്ടെന്ന് രാജ്മോഹന്‍ പറയുന്നു. എയര്‍ഫോഴ്സില്‍ 25 കൊല്ലം പഴക്കമുള്ള 400 മീറ്ററിലെ റെക്കോര്‍ഡ് 2002 രാജ്മോഹന്‍ തകര്‍ത്തു. തൃശ്ശൂര്‍ സ്വദേശി ഒ.എല്‍ തോമസ് 1969-ല്‍ നേടിയ റെക്കോര്‍ഡാണ് അദ്ദേഹം തകര്‍ത്തത്. റെക്കോര്‍ഡു തകര്‍ത്തതോടെ ആ മത്സരയിനത്തോട് കൂടുതല്‍ താത്പര്യം വര്‍ധിച്ചു. 400 മീറ്ററില്‍ കുറെയേറെ ഗവേഷണങ്ങളും പഠനങ്ങളും നടത്തി. ഈ താത്പര്യമാണ് നോഹയിലും അലക്സിലും എത്തിച്ചേര്‍ന്നത്.

400 മീറ്ററില്‍ ഇപ്പോഴും പഠനം തുടരുകയാണെന്ന് അദ്ദേഹം പറയുന്നു. പാലക്കാട് സ്വദേശി സജിനെയാണ് രാജ്മോഹന്‍ ആദ്യമായി തന്റെ ശിഷ്യനാക്കിയത്. അതിനുശേഷം സച്ചിന്‍ റോബി. മൂന്നാമത്തെ റിക്രൂട്ട്മെന്റിലാണ് നോഹയും അലക്സുമെത്തുന്നത്.

കായികതാരമാണെങ്കിലും പരിശീലകനായാലും ഏറ്റവും വലിയ സ്വപ്നം ഒളിമ്പിക് മെഡലാണ്. 'എന്റെ കുട്ടികള്‍ ഒളിമ്പ്യനായി കാണാനുള്ള ആഗ്രഹവും എന്നിലൂടെ ഒരു ഒളിമ്പിക് മെഡല്‍ ഇന്ത്യയിലെത്തണമെന്നും ഞാന്‍ ആഗ്രഹിക്കുന്നു. അതിന് ഇനിയും കുറേ മുന്നോട്ട് പോകേണ്ടിയിരിക്കുന്നു. ഇനിയും കുറേ പഠിക്കാനുണ്ട്'-രാജ്മോഹന്‍ പറഞ്ഞു.

കോവിഡ് തീര്‍ത്ത വെല്ലുവിളി

2020 ഫെബ്രുവരിയില്‍ തിരുവനന്തപുരത്തുനിന്നും പാട്യാലയിലെത്തി. മാര്‍ച്ച് ആകുമ്പോഴേക്കും കോവിഡ് തുടങ്ങി. അതോടെ കുട്ടികളെല്ലാം മാനസികമായി തളര്‍ന്നു. ഒളിമ്പിക്സ് നടക്കുമോയെന്നുപോലും ഭയന്നു. തുടര്‍ന്ന് കുട്ടികളെ മാനസികമായി പ്രചോദിപ്പിക്കുന്നതായിരുന്നു പിന്നീടുള്ള വെല്ലുവിളി. ഒരു കോച്ചെന്ന നിലയില്‍ ഇക്കാര്യത്തില്‍ ഏറെ ബുദ്ധിമുട്ടി. വരാന്‍ പോകുന്ന മത്സരങ്ങളെക്കുറിച്ച് പ്രചോദിപ്പിച്ചുകൊണ്ടേയിരുന്നു. അത് ഏറെ ഗുണം ചെയ്തു. രാജ്യത്തിനുവേണ്ടി ഒരു ഒളിമ്പിക് മെഡല്‍ എന്ന സ്വപ്നമാത്രമായി അവരുടെ ലക്ഷ്യം. 2019 ഒക്ടോബറില്‍ ഇന്ത്യന്‍ ക്യാംപിലെത്തിയതാണ് നോഹ. ഇതുവരെ നാട്ടിപ്പോകുകയോ പരിശീലനകേന്ദ്രത്തിന്റെ പുറത്തുപോകുകയോ ചെയ്തിട്ടില്ല. ഇക്കാലയളവില്‍ പരിശീലനത്തെക്കുറിച്ചു മാത്രമേ അവര്‍ ചിന്തിച്ചിട്ടുള്ളൂ. ഇന്ത്യയിലെ 130 കോടി ജനങ്ങള്‍ക്ക് അഭിമാനിക്കാന്‍ ഇവരിലൂടെ മെഡല്‍ കിട്ടുമെന്നുതന്നെയാണ് പ്രതീക്ഷയെന്നും രാജ്മോഹന്‍ പറഞ്ഞുവെക്കുന്നു. യു.എസ്. പൗര ഒളിമ്പ്യന്‍ ഗലീന ബുക്കാറിനയാണ് ദേശീയ ടീമിന്റെ മുഖ്യപരിശീലക.

വ്യക്തിഗത നേട്ടങ്ങള്‍

വ്യോമസേനയിലായിരിക്കേ 400 മീറ്ററില്‍ രണ്ടുതവണ റെക്കോഡ് തകര്‍ത്തു. 1969-ല്‍ തൃശ്ശൂര്‍ സ്വദേശിയായ ഒ.എല്‍. തോമസിന്റെ 25 വര്‍ഷം പഴക്കമുള്ള റെക്കോഡ് രാജ്മോഹന്‍ 2002-ല്‍ തകര്‍ത്തു. അടുത്തവര്‍ഷം രാജ്മോഹന്‍ സ്വന്തം റെക്കോഡ് വീണ്ടും തിരുത്തി.

അധ്യാപികയായ രാജലക്ഷിയാണ് രാജ്‌മോഹന്റെ ഭാര്യ. രണ്ടു മക്കള്‍, യദുനന്ദന്‍(പ്ലസ് വണ്‍) ശാന്തനു(മൂന്നു വയസ്സ്) അച്ഛന്‍ കേശവക്കുറുപ്പ് തിരുവനന്തപുരം മ്യൂസിയത്തിലെ റിട്ട. ഉദ്യോഗസ്ഥനാണ്. സഹോദരന്‍ റാം മോഹന്‍ കൊച്ചിയിലെ മറൈന്‍ പ്രൊഡക്റ്റ്സ് എക്സ്പോര്‍ട്ട് ഡെവലപ്മെന്റ് അതോറിറ്റിയില്‍ ജോയിന്റ് ഡയറക്ടറാണ്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram