Photo: PTI
ലവ്‌ലിനയുടെ ജന്മനാടായ ആസ്സാമിലെ ഗോലാഘട്ടിലെ കുട്ടികള്‍ക്ക് ഒരു ശീലമുണ്ട്. പാട്ടും ഡാന്‍സുമൊക്കെ പഠിക്കുന്നതുപോലെ ചെറുപ്പം തൊട്ടേ അവര്‍ ആയോധന കലകളിലേതെങ്കിലുമൊന്ന് പഠിച്ചെടുക്കും. കിക്ക് ബോക്‌സിങ്ങും ബോക്‌സിങ്ങുമെല്ലാം അവര്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്.
അത്തരത്തിലൊരു ചുറ്റുപാടില്‍ നിന്നും വളര്‍ന്നുവന്നതുകൊണ്ടുതന്നെ ലവ്‌ലിന ബോര്‍ഗൊഹെയ്‌നിനും മറിച്ചൊന്നും ചിന്തിക്കാനില്ലായിരുന്നു. ചെറുപ്പം തൊട്ടേ ഇടിക്കൂട്ടിലെ കാഴ്ചകള്‍ അവള്‍ ഇഷ്ടപ്പെട്ടുതുടങ്ങി.
ലവ്‌ലിനയുടെ വീട്ടിലും സ്ഥിതി മറിച്ചായിരുന്നില്ല. താരത്തിന് ഇരട്ടകളായ ചേച്ചിമാരാണുള്ളത്. ഇരുവരും കിക്ക് ബോക്‌സിങ്ങിലാണ് മികവ് കണ്ടെത്തിയത്. അതോടെ ലവ്‌ലിനയും കിക്ക് ബോക്‌സിങ്ങിലേക്ക് തിരിഞ്ഞു. ചേച്ചിമാര്‍ ദേശീയ തലത്തില്‍ മെഡലുകള്‍ വാരിക്കൂട്ടിയതോടെ കുഞ്ഞുലവ്‌ലിനയുടെ മനസ്സില്‍ കിക്ക് ബോക്‌സിങ്ങിലൂടെ ലോകമറിയുന്ന താരമായി വളരണമെന്ന ആശ മുളപൊട്ടി.
കിക്ക് ബോക്‌സിങ്ങിന്റെ ബാലപാഠങ്ങള്‍ ചേച്ചിമാര്‍ പഠിപ്പിച്ചു. പിന്നീട് അവര്‍ പഠനത്തിലേക്ക് ശ്രദ്ധ തിരിച്ചപ്പോഴും ലവ്‌ലിന വിട്ടില്ല. സ്ഥിരമായി പരിശീലനം നടത്തി അവള്‍ ലക്ഷ്യത്തിനായി പ്രയത്‌നിച്ചു. ആ സമയത്താണ് അപ്രതീക്ഷിതമായി ലവ്‌ലിന പഠിച്ച സ്‌കൂളില്‍ ഒരു സെലക്ഷന്‍ ക്യാമ്പ് നടന്നത്.
ലവ്‌ലിന പഠിച്ച ബര്‍പാതാര്‍ ഗേള്‍സ് ഹൈസ്‌കൂളില്‍ സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ സെലക്ഷന്‍ ട്രയല്‍സ് നടന്നു. പരിശീലകന്‍ പദും ബാരോയുടെ നേതൃത്വത്തിലാണ് സെലക്ഷന്‍ നടന്നത്. സെലക്ഷന് ലവ്‌ലിനയും പങ്കെടുത്തു. അവിടെ വെച്ചാണ് ലവ്‌ലിനയുടെ ജീവിതം മാറിമറിഞ്ഞത്.
ലവ്‌ലിനയുടെ തകര്‍പ്പന്‍ പഞ്ചുകള്‍ കണ്ട് ബാരോ അത്ഭുതപ്പെട്ടു. താരത്തിന് ലോകം കീഴടക്കാനാകുമെന്ന് ബാരോ മനസ്സിലാക്കി. ലവ്‌ലിനയെ സായിലേക്ക് തെരെഞ്ഞെടുത്തു. ഇതോടെ കിക്ക് ബോക്‌സിങ് ഉപേക്ഷിച്ച് താരം ബോക്‌സിങ്ങിലേക്ക് മാത്രം ശ്രദ്ധ ചെലുത്തി. പദും ബാരോയുടെ കീഴിലാണ് ലവ്‌ലിന അറിയപ്പെടുന്ന ബോക്‌സിങ് താരമായി വളര്‍ന്നത്.
ചെറിയ കാലം കൊണ്ടുതന്നെ രണ്ട് ലോക ചാമ്പ്യന്‍ഷിപ്പുകളില്‍ വെങ്കലം നേടിക്കൊണ്ട് ലവ്‌ലിന ഇന്ത്യയ്ക്ക് അഭിമാനമായി മാറി. ഒപ്പം ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലും വെങ്കലം നേടി. നിലവില്‍ ലോക റാങ്കിങ്ങില്‍ മൂന്നാം സ്ഥാനത്താണ് താരം. അടുത്ത ഒളിമ്പിക്‌സില്‍ ഇന്ത്യയ്ക്ക് വേണ്ടി സ്വര്‍ണം നേടുക എന്നതാണ് ലവ്‌ലിനയുടെ അടുത്ത ലക്ഷ്യം
Content Highlights: Lovlina Borgohain life story, tokyo 2020, indian boxer