മീരാഭായി ചാനു മത്സരത്തിന് മുൻപ് ടോക്യോയിൽ. Photo Courtesy: twitter
കുന്നിന്‍പ്രദേശമാണ് മണിപ്പൂരിലെ നോങ്‌പോക് കാക്ചിങ്. സാധാരണക്കാരുടെ അടുപ്പില്‍ തീ പുകയണമെങ്കില്‍ വിറകുവെട്ടി തലച്ചുമടായി കുന്നുകയറ്റി കൊണ്ടുവരണമായിരുന്നു അടുത്തകാലംവരെ. അങ്ങനെയുള്ള ഒരു മലയകറ്റത്തിനിടയ്ക്കാണ് സൈഖം മിരാഭായി ചാനുവിലെ ഭാരോദ്വാഹക പിറന്നത്. അമ്മയ്ക്കും ജ്യേഷ്ഠനുമൊപ്പം പതിവ്‌പോലെ വിറകെടുക്കാന്‍ പോയതായിരുന്നു പന്ത്രണ്ടുകാരിയായ ചാനു. പക്ഷേ, വലിയ കെട്ട് തലയിലേറ്റി നടക്കാന്‍ അമ്മയ്ക്കായില്ല. ഒരു കൈ സഹായിക്കാന്‍ ജ്യേഷ്ഠന്‍ ശ്രമിച്ചെങ്കിലും തുള്ളി പോലും അനങ്ങിയില്ല കാട്ടുകൊമ്പുകള്‍ വെട്ടിക്കൂട്ടിയ കെട്ട്. ചാനു രണ്ടാമതൊന്ന് ആലോചിച്ചില്ല. കെട്ട് ഒറ്റയ്ക്ക് തലയിലേറ്റി കുന്നുമുഴുവന്‍ കയറി വീട്ടിലെത്തിച്ചു. മകളുടെ കരുത്ത് അന്നാണ് അമ്മ ആദ്യമായി തിരിച്ചറിഞ്ഞത്. അവളിലൊരു ഭാവി ഭാരോദ്വാഹകയുണ്ടെന്നു അമ്മയറിഞ്ഞും അന്നാണ്.
മകളുടെ ഇഷ്ടം പക്ഷേ, മറ്റൊന്നായിരുന്നു. ഭാരോദ്വഹനം അവളുടെ മനസിലേ ഉണ്ടായിരുന്നില്ല. മണ്ണില്‍ കുളിച്ചുവരുന്ന സഹോദരങ്ങളെ കണ്ടുമടുത്തതുകൊണ്ട് ഫുട്‌ബോളിനോടും ഉണ്ടായിരുന്നില്ല പഥ്യം. വൃത്തിയുള്ള ഒരു കളിയോടായിരുന്നു ഇഷ്ടം. അങ്ങനെയാണ് അമ്പെയ്ത്ത് മനസ്സില്‍ കയറിയത്.
അങ്ങനെ പതിമൂന്നാം വയസ്സില്‍ അമ്പെയ്ത്ത് സ്വപ്‌നം കണ്ട് തലസ്ഥാനമായ ഇംഫാലിലേയ്ക്ക് വച്ചുപിടിച്ചു. കളിച്ചുതന്നെ ജീവിതവൃത്തി കണ്ടെത്തുമെന്നൊരു ദൃഢനിശ്ചയമുണ്ടായിരുന്നു മനസ്സില്‍. ഒരു ബന്ധുവിനൊപ്പം ഇംഫാലിലെ സായി സെന്ററിലെത്തിയ ചാനുവിന് നിരാശയായിരുന്നു ഫലം. അന്നവിടെ അമ്പെയ്ത്തുകാരൊന്നും പരിശീലനം നടത്തുന്നുണ്ടായിരുന്നില്ല. സ്വപ്‌നം വിരിയും മുന്‍പേ വാടിക്കൊഴിഞ്ഞ സങ്കടവുമായി അന്നു തന്നെ വീട്ടിലേയ്ക്ക് മടങ്ങി.

ആ മടക്കയാത്ര വലിയൊരു അത്ഭുതം കാത്തുവച്ചിരുന്നു ചാനുവിന്. അ സമയത്ത് നിനയ്ക്കാതെയാണ് ഒരു വീഡിയോ ചാനുവിന്റെ ശ്രദ്ധയില്‍പ്പെട്ടത്. മണിപ്പൂരിന്റെ ഭാരോദ്വഹന ഇതിഹാസം കുഞ്ചറാണി ദേവിയുടെ പ്രകടനമായിരുന്നു അത്. കുഞ്ചറാണിയുടെ കരുത്തിന് മുന്നില്‍ സ്തംബ്ധയായി നിന്നുപോയി ചാനു. പിന്നെ രണ്ടാമതൊരു ചിന്ത മനസില്‍ ഉദിച്ചില്ല. ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഇംഫാലിൽ തിരിച്ചെത്തി. ഇന്ത്യന്‍ താരം അനിത ചാനുവിനെ പോയി കണ്ടു. അനിതയാണ് ഭാരോദ്വഹനത്തില്‍ ഒരു കൈ നോക്കാനുള്ള ധൈര്യം ചാനുവിന് പകര്‍ന്നു നല്‍കിയത്. ശേഷം ടോക്യോ വരേയുള്ള ചരിത്രം.
പക്ഷേ, നോങ്‌പോക് കാക്ചിങ്ങിലെ വിറകുകെട്ട് മുതല്‍ ടോക്യോയിലെ വെള്ളിവരെയുള്ള ചാനുവിന്റെ യാത്ര അത്ര നിസാരമായിരുന്നില്ല. കുട്ടിക്കാലത്തെ പ്രാരാബ്ധത്തേക്കാള്‍ വലിയ വെല്ലുവിളികളാണ് ഭാരോദ്വഹന തട്ടകം ചാനുവിനുവേണ്ടി കരുതിവച്ചത്.
ഭാരത്തില്‍ കൈവച്ചതുമുതല്‍ തൊട്ടതെല്ലാം പൊന്നാക്കിയ ചരിത്രമായിരുന്നു ചാനുവിന്. 2014ലെ ഗ്ലാസ്‌ഗോ കോമണ്‍വെല്‍ത്ത് ഗെയിംസിലെ വെള്ളിയടക്കം നേട്ടങ്ങൾ ഒന്നൊന്നായി വെട്ടിപ്പിടിച്ചുകൊണ്ടിരുന്നു ചാനു. അതുകൊണ്ട് തന്നെ അഞ്ച് വര്‍ഷം മുന്‍പ് റിയോയിലേയ്ക്ക് യാത്ര പുറപ്പെടുമ്പോള്‍ കുട്ടിക്കാലത്തെ വിറകുകെട്ടിനേക്കാള്‍ വലിയ ഭാരം രാജ്യം എടുത്തുവച്ചിരുന്നു ചാനുവിന്റെ ചുമലില്‍.
എന്നാല്‍, റിയോ ഒളിമ്പിക്‌സ് വലിയൊരു ദുരന്തമായി ചാനുവിന്. ജീവിതത്തിലെ ഏറ്റവും വേദന നിറഞ്ഞ നിമിഷം. റിയോയില്‍ എത്തുന്നതിന് മുന്‍പ് ക്ലീന്‍ ആന്‍ഡ് ജര്‍ക്കില്‍ 107 കിലോ ഭാരം ഉയര്‍ത്തിയ ചരിത്രമുണ്ട് ചാനുവിന്. പക്ഷേ, റിയോയില്‍ 104 കിലോഗ്രാം ഭാരമുയര്‍ത്താന്‍ ശ്രമിച്ച ചാനു ആദ്യ ശ്രമത്തില്‍ തന്നെ പരാജയപ്പെട്ടു. പിന്നീട് 106 കിലോഗ്രാം ഭാരത്തിന് ശ്രമിച്ചു. അതിലും രണ്ട് ശ്രമങ്ങളിലും പരാജയമായിരുന്നു ഫലം. ക്ലീന്‍ ആന്‍ഡ് ജര്‍ക്കിലും സ്‌നാച്ചിലുമായി മൊത്തം ആറ് അവസരം ലഭിച്ചപ്പോള്‍ ഒരിക്കല്‍ മാത്രമാണ് ചാനുവിന് ഭാരം വിജയകരമായി ഉയര്‍ത്താനായത്. സ്‌നാച്ചില്‍ ആറാമതായാണ് ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷ ഫിനിഷ് ചെയ്തത്. അതുകൊണ്ട് തന്നെ ഓവറോള്‍ ടോട്ടല്‍ ഇല്ലാതെയുമായി. പാട്യാലയിലെ സെലക്ഷന്‍ ട്രയല്‍സിലെ പ്രകടനം പോലും ആവര്‍ത്തിക്കാവാതെ കടുത്ത നിരാശയിലാണ് ചാനു റിയോ വിട്ടത്. അന്നവിടെ കുഞ്ചറാണി ദേവി ഉയര്‍ത്തിയ 107 കിലോഗ്രാം ഭാരം ഉയര്‍ത്തിയാണ് ചാനു മെഡല്‍ പ്രതീക്ഷ ജ്വലിപ്പിച്ചുനിര്‍ത്തിയത്.
വലിയ ആരോപണങ്ങളാണ് റിയോയുടെ പേരില്‍ ചാനുവിന് നേരിടേണ്ടിവന്നത്. എന്നാല്‍, ആരോപണശരങ്ങള്‍ പിടിവള്ളിയാക്കുകയായിരുന്നു ചാനു. റിയോയിലെ തിരിച്ചടി ഒരു വഴിത്തിരിവാക്കി. തൊട്ടടുത്ത വര്‍ഷം അമേരിക്കയില്‍ വച്ച് ലോകചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടിക്കൊണ്ടായിരുന്നു വിമര്‍ശകര്‍ക്കുള്ള ചാനുവിന്റെ മറുപടി. അടുത്ത വര്‍ഷം കോമണ്‍വെല്‍ത്ത് ഗെയിംസിലും സുവര്‍ണപ്രകടനം ആവര്‍ത്തിച്ചു.
വൈകാതെവന്നു അടുത്ത വൈതരണി. നടുവേദനയായിരുന്നു പുതിയ വില്ലന്‍. കരിയര്‍ തന്നെ അവസാനിച്ചേക്കുമെന്ന ആശങ്കയുടെ കാലമായി പിന്നെ. പക്ഷേ, തോറ്റുകൊടുക്കാന്‍ ചാനു ഒരുക്കമായിരുന്നില്ല. മത്സരവിഭാഗം മാറുകയായിരുന്നു മുന്നില്‍കണ്ട പോംവഴി. അങ്ങനെയാണ് ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ സ്ഥിരം മത്സരിക്കാറുള്ള 48 കിലോഗ്രാം ഭാരത്തില്‍ നിന്ന് 49 കിലോഗ്രാം വിഭാഗത്തിലേയ്ക്ക് മാറുന്നത്. പരിക്ക് പലകുറി വൈതരണികള്‍ സൃഷ്ടിച്ചിരുന്നു ചാനുവിന്റെ കരിയറില്‍. കഴിഞ്ഞ വര്‍ഷം പരിശീലകന്‍ വിജയ് ശര്‍മയാണ് ഒടുവില്‍ അമേരിക്കയിലെ സെന്റ് ലൂയിസിലെ വിഖ്യാത ഫിസിയോതെറാപിസ്റ്റ് ഡോ. ആരണ്‍ ഹോഷിഗിന്റെ അടുക്കലെത്തിക്കുന്നത്.
അമേരിക്കന്‍ മേജര്‍ ലീഗ് ബേസ്‌ബോളിലും നാഷണല്‍ ഫുട്‌ബോള്‍ ലീഗിലെയും താരങ്ങളെ ചികിത്സിച്ച ഡോ. ആരണിന്റെ കണ്ടെത്തല്‍ ഞെട്ടിക്കുന്നതായിരുന്നു. ചുമലിലും ഇടുപ്പിലും ഗുരുതരമായാ പരിക്കുകളുണ്ട്. അവ പരിഹരിക്കാതെ ഇനി ഒരടി മുന്നോട്ടു പോകാനാവില്ല. ഡോ. ഹോര്‍ഷിഗിന്റെ ചികിത്സയിലായി പിന്നെ ചാനു. അത്ഭുതകരമായിരുന്നു അവിടുന്നുള്ള തിരിച്ചുവരവ്. ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം മാത്രമല്ല, ലോക റെക്കോഡ് തിരുത്തുക കൂടി ചെയ്താണ് ചാനു തന്റെ രണ്ടാംവരവറിയിച്ചത്.
ടോക്യോയിലേയ്ക്ക് പറന്ന ഏക ഇന്ത്യന്‍ ഭാരോദ്വാഹകയാണ് ചാനു. വിമാനം കയറുമ്പോള്‍ ഒരു കാര്യം ചാനു ഉറപ്പിച്ചിരുന്നു. എന്തു വന്നാലും റിയോ ആവര്‍ത്തിക്കില്ല. ഒരു വലിയ ബോട്ടിന്റെ ആകൃതിയില്‍ നിര്‍മിച്ച ടോക്യോ ഇന്റര്‍നാഷണല്‍ ഫോറം എന്ന എക്‌സിബിഷന്‍ സെന്ററില്‍ കണ്ണീരുപ്പുവീണ ചരിത്രം ആവര്‍ത്തിക്കപ്പെടുകയല്ല, മധുരം പുരട്ടിയ ഒരു പുതുചരിത്രം പിറക്കുകയാണുണ്ടായത്. ചരിത്രം എന്നും അങ്ങനെയാണ്. അതെന്നും പോരുതാനുറച്ചവര്‍ക്കൊപ്പമാണ്. ഈ സത്യമാണ് ഇരുപത്തിയാറാം വയസ്സില്‍ മിരാഭായി ചാനുവെന്ന മണിപ്പൂരുകാരി ഉയര്‍ത്തി വെള്ളി നേടിയത്.
Content Highlights: LIfe Story Of Tokyo Olympis Silver Medalist Mirabhai Chanu Rio Olympics