മീരാഭായി ചാനു. Photo Courtesy: twitter
മീരാബായ് ചാനു ഒളിമ്പിക്‌സില്‍ വെള്ളി മെഡല്‍ നേടിക്കൊണ്ട് ഇന്ത്യയുടെ അഭിമാനമായി മാറി. ഇന്ത്യയെ ലോകത്തിന് മുന്നില്‍ അടയാളപ്പെടുത്തി. ഇന്ത്യയ്ക്ക് വേണ്ടി ടോക്യോ ഒളിമ്പിക്‌സില്‍ ആദ്യ മെഡല്‍ നേടി. ലോകറെക്കോഡും ഒളിമ്പിക് റെക്കോഡും സ്വന്തമാക്കി.
എന്നാല്‍ ഈ 26 കാരിയായ മണിപ്പുര്‍ സ്വദേശി കുട്ടിക്കാലത്ത് കണ്ട സ്വപ്നത്തിന് പിന്നാലെ പോയിരുന്നെങ്കില്‍ ഇന്ന് നമുക്ക് ലോകോത്തര നിലവാരമുള്ള ഒരു ഭാരോദ്വഹകയെ നഷ്ടപ്പെട്ടേനേ. കുട്ടിക്കാലത്ത് ഒരു അമ്പെയ്ത്ത് താരമാകാനാണ് ചാനു ആഗ്രഹിച്ചത്.
ചെറുപ്പത്തില്‍ സഹോദരങ്ങള്‍ക്കൊപ്പം ഫുട്‌ബോള്‍ കളിച്ചാണ് ചാനു കായികലോകത്തേക്ക് പിച്ചവെയ്ക്കുന്നത്. എന്നാല്‍ ശരീരം മുഴുവന്‍ ചെളികൊണ്ട് നിറഞ്ഞപ്പോള്‍ ചാനു ഒന്നു തീരുമാനിച്ചു. ഫുട്‌ബോള്‍ വേണ്ട, ശരീരത്തില്‍ ചെളി പറ്റാത്ത ഏതെങ്കിലും കായിക ഇനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം. അങ്ങനെയാണ് അമ്പെയ്ത്തിനോട് താത്പര്യം വന്നത്.
മണിപ്പുരിന്റെ തലസ്ഥാനമായ ഇംഫാലില്‍ നിന്നും 20 കിലോമീറ്റര്‍ അകലെയുള്ള നോങ്‌പോക് കാക്ചിങ് ഗ്രാമത്തിലുള്ള ചാനുവിന് ഏറെ സഞ്ചരിച്ചാല്‍ മാത്രമേ ഒരു പരിശീലകനെ ലഭിക്കുമായിരുന്നുള്ളൂ. അതിനായി ചാനു പരിശ്രമം ആരംഭിച്ചു. ഒരു അമ്പെയ്ത്ത് പരിശീലകന് വേണ്ടി ഇംഫാലിലുള്ള സായ് കേന്ദ്രം സന്ദര്‍ശിച്ചു. പക്ഷേ നിരാശയായിരുന്നു ഫലം.
ആയിടയ്ക്കാണ് ചാനു മണിപ്പുരി ഭാരോദ്വഹകയായ കുഞ്ജറാണി ദേവിയുടെ ചിത്രങ്ങള്‍ കാണാനിടയായത്. അത് ചാനുവില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവന്നു. അമ്പെയ്ത്തിനോടുള്ള മോഹം വെടിഞ്ഞ് ഭാരോദ്വഹനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ചാനു തീരുമാനിച്ചു.
അതിനായി വീട്ടില്‍ നിന്നും 22 കിലോമീറ്റര്‍ അകലെയുള്ള പരിശീലന കേന്ദ്രത്തിലേക്ക് ദിവസേന സഞ്ചരിച്ചു. രാവിലെ ആറുമണിയ്ക്ക് ആരംഭിക്കുന്ന പരിശീലനം ചാനുവിനെ ശക്തയാക്കി. 12-ാം വയസ്സില്‍ സ്വന്തം ചേട്ടനേക്കാള്‍ കരുത്തുറ്റവളായി.
പിന്നീട് പെട്ടെന്നാണ് ചാനുവിന്റെ വളര്‍ച്ച. 2014 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെള്ളിയും 2016 ദേശീയ സീനിയര്‍ മത്സരത്തില്‍ സ്വര്‍ണവും നേടി ചാനു വരവറിയിച്ചു. 2017-ല്‍ ലോക ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടിയതോടെ ചാനു ലോകപ്രശസ്തയായി. ലോകറെക്കോഡും സ്വന്തമാക്കി. കഴിഞ്ഞ ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായിരുന്നുവെങ്കിലും താരത്തിന് കാലിടറി.
ഇത്തവണ തികഞ്ഞ ആത്മവിശ്വാസത്തിലാണ് ചാനു ടോക്യോയിലെത്തിയത്. ഏല്ലാവരുടെയും പ്രതീക്ഷ കാത്തുകൊണ്ട് വെള്ളി മെഡല്‍ നേടി അഭിമാനത്തോടെയാണ് ചാനു മണിപ്പൂരിലെ തന്റെ കൊച്ചു ഗ്രാമത്തിലേക്ക് മടങ്ങുന്നത്.
Content Highlights: LIfe Story Of Tokyo Olympics Weightlifting Medal Winner Mirabhai Chanu