Photo Courtesy: twitter
ടോക്യോ: ഇരുപത്തിയഞ്ചാം വയസ്സില്‍ ചരിത്രത്തിന്റെ വക്കിലാണ് കമല്‍പ്രീത് കൗര്‍. ഒന്നാഞ്ഞുപിടിച്ചാല്‍ ഒരൊറ്റ ഏറിന്റെ ദൂരത്തില്‍ ഒരു ഒളിമ്പിക് മെഡല്‍ മാത്രമല്ല, കാത്തിരിപ്പുണ്ട് ഒരു ചരിത്രം തന്നെ. വനിതകളുടെ ഡിസ്‌ക്കസ് ത്രോയില്‍ രണ്ടുവട്ടം ഒളിമ്പിക് സ്വര്‍ണമണിഞ്ഞ സാന്ദ്ര പെര്‍കോവിച്ചിനെ മറികടന്ന് ഫൈനലിന് യോഗ്യത നേടിയ കമല്‍പ്രീതിന് ഈ സുവര്‍ണസ്വപ്‌നത്തിലേയ്ക്ക് ഇനി രണ്ടു പകലിന്റെ കാത്തിരിപ്പ്ദൂരം മാത്രമാണ് ബാക്കി.
യോഗ്യതാറൗണ്ടില്‍ 64 മീറ്റര്‍ എന്ന യോഗ്യതാ മാര്‍ക്ക് പിന്നിട്ട രണ്ടുപേരില്‍ ഒരാളാണ് കമല്‍പ്രീത്. അതുകൊണ്ടു തന്നെ ഓഗസ്റ്റ് രണ്ടിന് ത്രിവര്‍ണപതാകയില്‍ ഒരു മെഡല്‍ പിറന്നാല്‍ അത്ഭുതമില്ല. ഇന്ത്യന്‍ അത്‌ലറ്റക്‌സിന്റെ ചരിത്രത്തില്‍ അതുപക്ഷേ, ഒരു അത്ഭുതമാവും. ഒരു ചരിത്രമാവും. മില്‍ഖ സിങ്ങിനും പി.ടി.ഉഷയ്ക്കും അഞ്ജു ബോബി ജോര്‍ജിനുമെല്ലാം കപ്പിനും ചുണ്ടിനുമിടയില്‍ കൈമോശം വന്ന ചരിത്രം. എന്നാല്‍, ഇതിലും വലിയൊരു ദിശാസന്ധിയില്‍ പെട്ടുപോയൊരു സമയമുണ്ടായിരുന്നു കമല്‍പ്രീതിന്. അതും കഷ്ടിച്ച് ഒരു കൊല്ലം മുന്‍പ്. മറ്റു പലരേയും പോലെ ലോക്ഡൗണ്‍ കാലത്ത് അകത്ത് അടച്ചിരുന്ന് കടുത്ത വിഷാദം ഗ്രസിച്ച കാലത്ത് ഒരു കടുത്ത തീരുമാനം കൈക്കൊണ്ടു കമല്‍പ്രീത്. ടൂര്‍ണമെന്റുകളൊന്നുമില്ല. മത്സരിക്കാന്‍. വേദികളില്ല. ജിമ്മുകള്‍ അടച്ചിട്ടതുകാരണം ഡമ്പല്‍സിന് പകരം പൂച്ചെടികളായിരുന്നുാ ആശ്രയം. ഡെഡ്‌ലിഫ്റ്റിന് തുണി കുത്തിനിറച്ച കിടക്ക. ഓട്ടം വീടിന് സമീപം നോക്കെത്താദൂരം പരന്നുകിടക്കുന്ന ഗോതമ്പ് പാടത്ത്. എന്നിട്ടും കമല്‍പ്രീതിന് മടുത്തു. നല്ല കാലം മുഴുവന്‍ അകത്തടച്ചിരുന്നു പാഴാവുന്നത് ഓര്‍ത്ത് വിഷാദച്ചുഴയിലായി. മടുത്തു. ഇനി ഡിസ്‌ക്കസ്‌ത്രോ വേണ്ട. പകരം ക്രിക്കറ്റില്‍ ഒരു കൈ നോക്കാം.
കമല്‍പ്രീതില്‍ നിന്ന് ഹര്‍മന്‍പ്രീതിലേയ്ക്ക് ഏറെയുണ്ടായിരുന്നില്ല ദൂരം. നിരാശ കാരണം വെറുതെ ഒരാവേശത്തിന് തീരുമാനം കൈക്കൊള്ളുകയായിരുന്നില്ല കമല്‍പ്രീത്. ഒരുനാള്‍ പെട്ടന്ന് പരിശീലനം നിര്‍ത്തി നേരെ ക്രിക്കറ്റ് പിച്ചിലേയ്ക്ക് നടന്നു. കുറച്ചു ദിവസം കൂട്ടുകാര്‍ക്കൊപ്പം ക്രിക്കറ്റ് കളിച്ചുതുടങ്ങുകയും ചെയ്തു ഒറ്റനോട്ടത്തില്‍ ക്രീസില്‍ രൂപംകൊണ്ട് ഇന്‍സമാമിനെ അനുസ്മരിപ്പിക്കുന്ന കമല്‍പ്രീത്.
പണ്ടും ക്രിക്കറ്റിനോട് തന്നെയായിരുന്നു പ്രിയം കമല്‍പ്രീതിന്. കുട്ടിക്കാലത്ത് സഹോദരങ്ങളോടൊപ്പം നാട്ടില്‍ കളിക്കുന്ന കാലത്ത് ഹര്‍മന്‍പ്രീതൊക്കെ കളിച്ച് പേരെടുത്തുതുടങ്ങിയിരുന്നില്ല. പെണ്ണുങ്ങള്‍ക്ക് ക്രിക്കറ്റില്‍ വലിയ ഭാവിയുണ്ടെന്ന ധാരണയുമില്ല. സ്‌കൂളിലെ കായികാധ്യാപകനാണ് അന്ന് ക്രിക്കറ്റ് മോഹം നുള്ളിക്കളഞ്ഞ് മനസ്സില്‍ അത്‌ലറ്റിക് സ്വപ്‌നത്തിന് വിത്തുപാകിയത്. രസകരമായിരുന്നു 2012ലെ അത്‌ലറ്റിക് ട്രാക്കില്‍ അരങ്ങേറ്റം. പഠനത്തില്‍ അല്‍പം പിന്നാക്കമായിരുന്ന, തടിച്ച് ഉയരം കൂടിയ കമല്‍പ്രീതിനെയും കൊണ്ട് കായികാധ്യാപകനാണ് മീറ്റിന് പോയത്. പേരിനൊന്ന് മത്സരിച്ചുനോക്കി. നാലാം സ്ഥാനം. മനസില്‍ നേരിയ പ്രതീക്ഷ മുളപൊട്ടി. ഡിസ്‌ക്കസ് പരിശീലകയായിരുന്നു അധ്യാപകന്‍. കമല്‍പ്രീത് രണ്ടാമതൊന്ന് ആലോച്ചില്ല. ഡിസ്‌ക്കസ് കൈയിലെടുത്ത് അധ്യാപകന്റെ വഴിയേ പോയി. രണ്ട് വര്‍ഷത്തിനുശേഷം ഗ്രാമത്തിലെ സായി ക്യാമ്പില്‍ ചേര്‍ന്നു. രണ്ട് വര്‍ഷത്തിനുള്ളില്‍ ഇരുപതും പതിനെട്ടും വയസുകാരുടെ വിഭാഗത്തില്‍ ദേശീയ ചാമ്പ്യനായി. ലോക യൂണിവേഴ്‌സിറ്റി മീറ്റില്‍ ആറാമതെത്തി. രണ്ട് വര്‍ഷം മുന്‍പ് ദോഹ ഏഷ്യന്‍ ഗെയിംസില്‍ അഞ്ചാമതായി.
ഇന്ന് ദേശീയ റെക്കോഡിന് ഉടമയാണ് കമല്‍പ്രീത്. ഇക്കഴിഞ്ഞ ജൂണില്‍ ഇന്ത്യന്‍ ഗ്രാന്‍ഡ്പ്രീയിലാണ് 66.59 മീറ്റര്‍ എറിഞ്ഞ് റെക്കോഡിട്ടത്. അതിന് രണ്ട് മാസം മുന്‍പ് ഫെഡറേഷന്‍ കപ്പില്‍ 65.06 മീറ്റര്‍ എറിഞ്ഞ് സീമ അന്റിലിന്റെ റെക്കോഡ് പഴങ്കഥയാക്കിയിരുന്നു. എന്നും വഴിവിളക്കായിരുന്ന സീമയായിരുന്നു അന്ന് മെഡല്‍ സമ്മാനിച്ചത്. മോളെ, ഇതാ നിന്റെ മെഡല്‍, വരൂ നമുക്കൊന്നിച്ചൊരു ഫോട്ടോയെടുക്കാമെന്ന സീമയുടെ അന്നത്തെ വാക്കിന് സ്വര്‍ണത്തോളെ വില കല്‍പിച്ചിരുന്നു കമല്‍പ്രീത്.
ടോക്യോയ്ക്ക് മുന്‍പ് തന്നെ സീമയ്ക്ക് പോലും കൈവരിക്കാനാവാത്ത നേട്ടം സ്വന്തമാക്കിക്കഴിഞ്ഞു. ഡിസ്‌ക്കസില്‍ 65 മീറ്റര്‍ പിന്നിട്ട ഏക ഇന്ത്യന്‍ വനിതയാണ് കമല്‍പ്രീത്. ഫെഡറേഷന്‍ കപ്പിലൈ പ്രകടനത്തെക്കുറിച്ചോര്‍ത്ത് ആശങ്കപ്പെട്ട് മൂന്ന് രാത്രിയാണ് കമല്‍പ്രീത് ഉറങ്ങാതെ നേരംവെളിപ്പിച്ചത്. ഒടുവില്‍ ഈ റെക്കോഡ് പ്രകടനത്തിന്റെ ബലത്തിലാണ് ടോക്യോയിലേയ്ക്കുള്ള ടിക്കറ്റ് സ്വന്തമാക്കിയത്. 63.50 മീറ്റര്‍ മാത്രമായിരുന്നു ഒളിമ്പിക് യോഗ്യതാ മാര്‍ക്ക്. എന്നിട്ടും കമല്‍പ്രീത് 65.06 മീറ്റര്‍ എറിഞ്ഞു. പാട്യാലയിലെ പ്രകടനം ആവര്‍ത്തിച്ചാല്‍ ടോക്യോയില്‍ ചരിത്രം പിറക്കും.
എന്നാല്‍, ഒരു വര്‍ഷം മുന്‍പ് വരെ ഈ കമല്‍പ്രീതായിരുന്നില്ല. ഒരു നിമിഷം പോലും ഇനി അത്‌ലറ്റികസില്‍ തുടരാനാവില്ലെന്ന് ഉറപ്പിച്ച കമല്‍പ്രീതിനെ പഴയ താരങ്ങളാണ് മനസു മാറ്റിയെടുത്തത്. ക്രിക്കറ്റ് കളിച്ചോളു. പക്ഷേ, ഡിസ്‌ക്കസ് ത്രോ ഉപേക്ഷിക്കരുത്. ആദ്യമൊന്ന് ശങ്കിച്ചശേഷം കമല്‍പ്രീത് പിന്നെ പതുക്കെ മനസ്സുമാറ്റി. പരിശീലനത്തില്‍ തിരിച്ചെത്തി.
ഇന്ന് ടോക്യോയില്‍ യോഗ്യതാ റൗണ്ടില്‍ മാറ്റുരച്ച 31 അത്‌ലറ്റുകളില്‍ യോഗ്യതാമാര്‍ക്കായ 64 പിന്നിട്ട രണ്ടുപേരില്‍ ഒരാളാണ് കമല്‍പ്രീത്. 2012 ലണ്ടന്‍ ഒളിമ്പിക്‌സില്‍ 63.62 മീറ്റര്‍ എറിഞ്ഞ് ഫൈനലില്‍ ആറാം സ്ഥാനത്തെത്തിയ സീമ അന്റിലിനേക്കാള്‍ മികച്ച പ്രകടനം. യോഗ്യതയില്‍ 66.42 മീറ്റര്‍ എറിഞ്ഞ അമേരിക്കയുടെ വലരി ഓള്‍മാന്‍ മാത്രമാണ് കമല്‍പ്രീതിനേക്കാള്‍ കേമം. ഈ സീസണില്‍ 70.01 മീറ്റര്‍ എറിഞ്ഞ ചരിത്രവുമുണ്ട് ഓള്‍മാന്. നിലവിലെ ഒളിമ്പിക് ചാമ്പ്യന്‍ സാന്ദ്ര പെര്‍കോവിച്ച് 63.75 മീറ്ററും ലോകചാമ്പ്യന്‍ ക്യൂബയുടെ യെയ്മി പെരസ് 63.18 മീറ്ററും മാത്രമാണ് എറിഞ്ഞത്. ഈ സീസണിലുടനീളം മേധാവിത്വം പുലര്‍ത്തിയ ലോക ആറാം നമ്പറുകാരി ജൊറിന്‍ഡെ വാന്‍ ക്ലിന്‍കെന്നിന് ഫൈനലിന് യോഗ്യത നേടാന്‍ പോലുമായില്ല.
68 മീറ്റര്‍ വരെ എറിയാന്‍ കെല്‍പുള്ളവളാണ് കമല്‍പ്രീതെന്ന് പലവട്ടം സാക്ഷ്യപ്പെടുത്തിയിട്ടുണ്ട് കോച്ച് ബല്‍ജിത്ത് സിങ്. പക്ഷേ, പിഴവുകള്‍ വരുത്താനുള്ള സഹചമായൊരു വാസനയുണ്ട്. ആദ്യ ശ്രമങ്ങളില്‍ പരമാവധി കരുത്ത് പ്രയോഗിക്കുകയാണ് കമല്‍പ്രീതിന്റെ രീതി. ഓഗസ്റ്റ് രണ്ട് വിധി പറയും. ഇപ്പോള്‍ കമല്‍പ്രീതിന് മാത്രമല്ല, ഇന്ത്യയ്‌ക്കൊട്ടാക്കെ ഉറക്കമില്ലാ രാത്രിയാവും ഇത്. വരാനിരിക്കുന്ന ഈ രണ്ട് രാത്രികള്‍ക്കുശേഷം കിഴക്ക് പിറക്കുന്നത് ഒരു പൊന്‍പുലരിയാവുമോ? #IndiaIsWaiting
Content Highlights: Life Story Of Kamalpreet Kaur Enterd Tokyo Olympics Discuss Throw Final Cricket Covid Lockdown