Photo Courtesy: twitter
സ്വന്തമായി ഒരു തുണ്ട് ഭൂമിയില്ല രാകേഷ് ദഹിയ എന്ന ഹരിയാനക്കാരന്. സോനിപട്ടിലെ നഹ്‌രിയില്‍ പാട്ടത്തിന് കൃഷിഭൂമിയെടുത്ത് പകലന്തി വിയര്‍ത്താലേ വീട്ടിലെ വയറുകള്‍ നിറയൂ. ഈ പണിക്കിടയിലും അയാള്‍ മുടക്കാത്ത ഒരു പതിവുണ്ട്. പാടത്തെ ചളി മായാത്ത വസ്ത്രവുമായി അയാള്‍ നാല്‍പത്തിയഞ്ച് കിലോമീറ്റര്‍ അകലേയുള്ള ന്യൂഡെല്‍ഹിയിലേയ്ക്ക് സൈക്കിള്‍ ചവിട്ടിപ്പോവും. പാലും പഴങ്ങളും കൊണ്ട് സൈക്കിള്‍ ചവിട്ട് സ്‌റ്റേഡിയത്തിലെത്തുമ്പോഴേയ്ക്കും തളര്‍ന്ന് പരവശനായിക്കഴിഞ്ഞിരിക്കും. എന്നിട്ടും അയാള്‍ക്ക് മടുത്തില്ല. ഒരു പതിറ്റാണ്ട് കാലത്തോളം അയാള്‍ ഈ പതിവ് തുടര്‍ന്നു. അയാള്‍ക്കറിയാമായിരുന്നു. ഛത്രസാല്‍ സ്‌റ്റേഡിയത്തില്‍ ഇതിലും വലിയ തളര്‍ച്ചയിലായിരുന്നു തന്റെ മകനെന്ന്. ഗോദയില്‍ തളരാതെ പിടിച്ചുനില്‍ക്കാന്‍ അവന് ഈ പാലും പഴവും നിര്‍ബന്ധമാണെന്ന്. ന്യൂഡല്‍ഹിയില്‍ നിന്ന് ഇതൊക്കെ കാശുകൊടുത്തു വാങ്ങാനുള്ള ശേഷിയുമുണ്ടായിരുന്നില്ല. രാകേഷ് ദഹിയ ഇപ്പോള്‍ ന്യൂഡെല്‍ഹിയിലേയ്ക്ക് സൈക്കിള്‍ ചവിട്ടിപ്പോവാറില്ല. പാലും പഴവും കഴിച്ച്, ഗുസ്തി പിടിച്ച് അയാളുടെ മകന്‍ വലുതായിക്കഴിഞ്ഞു. ഇന്ന് ഒളിമ്പിക് മെഡല്‍ എന്ന സ്വപ്‌നത്തിലേയ്ക്ക് വെറുമൊരു ഗുസ്തിയുടെ അകലത്തിലെത്തിക്കഴിഞ്ഞു രവികുമാര്‍ ദഹിയ എന്ന മിതഭാഷിയായ ആ മകന്‍.
ഗുസ്തിക്കാര്‍ക്ക് പഞ്ഞമൊട്ടുമില്ലാത്ത നാട്ടില്‍ രവികുമാറും ഗോദയിലിറങ്ങിയതില്‍ അത്ഭുതമില്ല. പത്താം വയസ്സില്‍ തന്നെ അവനും അരക്കൈ നോക്കാനിറങ്ങി. എത്തിപ്പെട്ടതാവട്ടെ ഒരു സിംഹത്തിന്റെ തന്നെ മടയിലും. ഗുരു സത്പാല്‍ എന്ന സത്പാല്‍ സിങ്ങിന്റെ കളരിയില്‍. ഡെല്‍ഹി ഏഷ്യാഡില്‍ സ്വര്‍ണവും ടെഹ്‌റാനില്‍ വെങ്കലവും നേടിയ സത്പാലിന്റെ ശിഷ്യനായിരുന്നു ഇരട്ട ഒളിമ്പിക് മെഡല്‍ നേടിയ സുശീല്‍കുമാറും.
ഗ്രാമത്തിലെ മറ്റ് ഇരുപത് കുട്ടികള്‍ക്കൊപ്പം മൂത്ത മകനായ രവികുമാറും ഗുസ്തിപിടിക്കാന്‍ ഇറങ്ങിയപ്പോള്‍ തുടക്കത്തില്‍ ചെറിയൊരു ആശങ്കയുണ്ടായിരുന്നു അച്ഛന്‍ രാകേഷിന്. പക്ഷേ, അയാള്‍ മകന്റെ ഇഷ്ടത്തിന് എതിരുനിന്നില്ല. അവന്റെ ഗുസ്തി പരിശീലനത്തിന് കാശ് കണ്ടെത്താന്‍ പാടത്ത് കൂടുതല്‍ നേരം പണിയെടുത്തുകൊണ്ടേയിരുന്നു. മകന്‍ ലോകചാമ്പ്യന്‍ഷിപ്പില്‍ വെങ്കലം നേടുമ്പോള്‍ പാടത്ത് പണിയിലായിരുന്നു രാകേഷ് ദഹിയ. അയല്‍ക്കാര്‍ ആരോ പാടത്ത് വന്നു പറഞ്ഞ വിവരം ചേറുപുരണ്ട തോര്‍ത്ത് കൊണ്ട് കണ്ണീരൊപ്പിയാണ് അയാള്‍ കേട്ടത്.

അച്ഛന്റെ ഈ കഠിനാധ്വാനമൊന്നും കാണാതിരുന്നില്ല രവികുമാര്‍. സുശീല്‍കുമാറിന്റെയും യോഗേശ്വര്‍ ദത്തിന്റെയും ഗോദയില്‍ അവന്‍ കൈമെയ് മറന്ന് പരിശീലിച്ചു. ഓരോ പോരട്ടത്തിനിറങ്ങുമ്പോഴും അവന്റെ മനസില്‍ പൊരിവെയിലില്‍ സൈക്കിള്‍ ചവിട്ടിവരുന്ന അച്ഛന്റെ ദൈന്യതയാര്‍ന്ന ചിത്രം തെളിഞ്ഞു. മുന്നില്‍ നിലയുറപ്പിച്ച എതിരാളികളെ ജീവിതപ്രാരാബ്ധങ്ങളായി കണ്ട് കാലുവാരി നിലത്തടിച്ചു.
പതിനെട്ടാം വയസ്സില്‍ സാല്‍വദോറില്‍ ലോക ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി നേടിക്കൊണ്ടായിരുന്നു തുടക്കം. തൊട്ടുപിറകേ പരിക്ക് പിടികൂടിയെങ്കിലും അവന്‍ വിട്ടുകൊടുത്തില്ല. ബുക്കാറസ്റ്റില്‍ ഇരുപത്തിമൂന്ന് വയസിന് താഴേയുള്ളവരുടെ ലോകചാമ്പ്യന്‍ഷിപ്പിലും വെള്ളി കരസ്ഥമാക്കി ഒരു വര്‍ഷത്തിനുശേഷം തിരിച്ചുവന്നു. പ്രൊ റെസലിങ് ചാമ്പ്യന്‍ഷിപ്പില്‍ ഹരിയാന ഹാമേഴ്‌സിനുവേണ്ടി ഗോദയിലിറങ്ങിയ രവി തോല്‍വി എന്തെന്ന് അറിഞ്ഞില്ല. ക്വാര്‍ട്ടറില്‍ നിഷ്പ്രഭമാക്കിയത് പഴയ ലോകചാമ്പ്യന്‍ യുകി തകാഹാഷിയെ. ഈ ജയത്തിന്റെ ബലത്തിലാണ് ടോക്യോയിലേയ്ക്ക് ടിക്കറ്റ് കിട്ടിയത്. നിലവിലെ ചാമ്പ്യന്‍ സോര്‍ യുഗ്വേവിനോട് സെമിയില്‍ തോറ്റ് വെങ്കലം കൊണ്ട് തൃപ്തിപ്പെടുകയായിരുന്നു രവികുമാര്‍. കഴിഞ്ഞ രണ്ടു തവണയായി ഏഷ്യന്‍ ചാമ്പ്യനാണ് രവികുമാര്‍.
മറ്റ് പല ഗുസ്തിക്കാരെയും അപേക്ഷിച്ച് ഉയരക്കൂടുതലുണ്ട് രവികുമാറിന്. മല്ലയുദ്ധത്തില്‍ ഇതാണ് പലപ്പോഴും ഗുണകരമാവുന്നത്. മികച്ച വേഗവും സ്റ്റാമിനയുമാണ് പ്ലസ് പോയിന്റുകളെന്ന് സാക്ഷ്യപ്പെടത്തും കോച്ച് വീരേന്ദര്‍ കുമാര്‍. മാനസികമായും ശാരീരികമായും കരുത്തനാണെന്ന് ഒപ്പം മല്ലിട്ടവരും അടിവരയിടും. ഇതൊന്നും വെറുവാക്കുകളല്ലെന്ന് ടോക്യോയിലെ ബൗട്ടുകള്‍ ഓരോന്നും സാക്ഷ്യപ്പെടുത്തും. തീര്‍ത്തും അനായാസമായിരുന്നു പ്രീക്വാര്‍ട്ടര്‍, ക്വാര്‍ട്ടര്‍ പോരാട്ടങ്ങള്‍. സെമിയിലാണ് രവിയുടെ മാസ്റ്റര്‍പീസ് ശരിക്കും കണ്ടത്. 1-9 എന്ന സ്‌കോറില്‍ പിന്നിട്ടുനിന്നശേഷമായിരുന്നു രവികുമാറിന്റെ തിരിച്ചുവരവ്. മെഡിക്കല്‍ ടൈംഔട്ടിനുശേഷം അവിശ്വസനീയമായാണ് എതിരാളിയെ മലര്‍ത്തിയടിച്ചത്. ഇനിയൊരൊറ്റ പോരാട്ടം കൂടി. ഇക്കുറി അച്ഛന്‍ രാകേഷ് പാടത്ത് പണിക്ക് പോവുന്നില്ല.മകന്റെ സെമി കാണാന്‍ അയാള്‍ കുടുംബാംഗങ്ങള്‍ക്കൊപ്പം വീട്ടിലെ ടി.വിക്ക് മുന്നിലുണ്ടായിരുന്നു.
Content Highlights: Life Story of Indian Wrestler Ravikumar Dahiya Tokyo Olympics Final