ഭാരോദ്വഹനത്തില്‍ ഇന്ത്യയ്ക്ക് വേണ്ടി ഒളിമ്പിക്സില്‍ വെള്ളി നേടുന്ന ആദ്യ താരമായി ചാനു


1 min read
Read later
Print
Share

കഴിഞ്ഞ ഒളിമ്പിക്സില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായിരുന്നെങ്കിലും ചാനുവിന് അന്ന് മെഡല്‍ നേടാനായിരുന്നില്ല.

മീരാഭായി ചാനു


ടോക്യോ: ടോക്യോ വേദിയില്‍ ചരിത്രം കുറിച്ച് ഇന്ത്യന്‍ താരം മീരാബായ് ചാനു. ഭാരോദ്വഹനത്തില്‍ ഇന്ത്യയ്ക്ക് വേണ്ടി ഒളിമ്പിക്സില്‍ വെള്ളി നേടുന്ന ആദ്യ താരം എന്ന റെക്കോഡാണ് ചാനു സ്വന്തമാക്കിയത്. 49 കിലോ വിഭാഗത്തിലാണ് താരം ടോക്യോ ഒളിമ്പിക്സില്‍ വെള്ളി മെഡല്‍ നേടിയത്.

2020 ഒളിമ്പിക്സില്‍ ഇന്ത്യയ്ക്ക് വേണ്ടി മെഡല്‍ നേടിയ ആദ്യ താരമായ ചാനു കര്‍ണം മല്ലേശ്വരിയ്ക്ക് ശേഷം ഒളിമ്പിക്സില്‍ ഭാരോദ്വഹനത്തില്‍ മെഡല്‍ നേടുന്ന ആദ്യ താരമാണ്. കര്‍ണം മല്ലേശ്വരി വെങ്കലമെഡലാണ് നേടിയത്.

സ്നാച്ചില്‍ 87 കിലോ ഉയര്‍ത്തിയ ചാനു ക്ലീന്‍ ആന്‍ഡ് ജര്‍ക്കില്‍ 115 കിലോ ഉയര്‍ത്തി. ക്ലീന്‍ ആന്‍ഡ് ജര്‍ക്കില്‍ 115 കിലോ ഉയര്‍ത്തിയതോടെ ഒളിമ്പിക് റെക്കോഡും താരം സ്വന്തമാക്കി.

2017 ലോക ചാമ്പ്യന്‍ഷിപ്പില്‍ ചാനു ഈയിനത്തില്‍ സ്വര്‍ണം നേടിയിരുന്നു. കഴിഞ്ഞ ഒളിമ്പിക്സില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായിരുന്നെങ്കിലും ചാനുവിന് അന്ന് മെഡല്‍ നേടാനായിരുന്നില്ല. അതിനുള്ള മറുപടിയാണ് ഇന്നത്തെ മത്സരത്തിലൂടെ ചാനു സ്വന്തമാക്കിയത്.

നിലവില്‍ ക്ലീന്‍ ആന്‍ഡ് ജെര്‍ക്ക് വിഭാഗത്തിലെ ലോകറെക്കോഡ് മീരാബായിയുടെ പേരിലാണ്. 2021 ഏഷ്യന്‍ വെയ്റ്റ്ലിഫ്റ്റിങ് ചാമ്പ്യന്‍ഷിപ്പില്‍ അന്ന് 119 കിലോ ഉയര്‍ത്തിയാണ് ചാനു ലോകറെക്കോഡ് സ്വന്തമാക്കിയത്.

Content Highlight: Mirabhai Chanu, Olympics,Tokyo 2020

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram