സെല്യൂട്ട് ലേഡീസ്... ഈ കണ്ണീരെന്തിന്? നിങ്ങളാണ് 130 കോടിയുടെ റിയൽ ഹീറോസ്


ബി.കെ.രാജേഷ്

4 min read
Read later
Print
Share

അത്ര പെട്ടന്ന് അവസാനിക്കുന്നതല്ലല്ലോ അത്ഭുതങ്ങള്‍. ഇന്ത്യ അത്ഭുതങ്ങള്‍ തുടങ്ങിയിട്ടല്ലേ ഉള്ളൂ.

Photo: Twitter

വിധി എന്നൊന്നുണ്ടോ? ഇല്ലെന്ന് തറപ്പിച്ചുപറഞ്ഞ ഒരാളുണ്ട്. ഒരു ഡച്ചുകാരന്‍. കൃത്യം ഇന്നേക്ക് മൂന്ന് കൊല്ലം മുന്‍പ് ലണ്ടനില്‍ ലോകകപ്പ് ക്വാര്‍ട്ടറില്‍ അയര്‍ലന്‍ഡിനോട് തോറ്റ് ഗ്രൗണ്ടിലിരുന്ന് വിങ്ങിപ്പൊട്ടിക്കരഞ്ഞ റാണി രാംപാലിനോടും സംഘത്തോടും സോര്‍ദ് മാരിന്‍ എന്ന ഡച്ച് പരിശീലകന് ഒരൊറ്റ കാര്യമേ പറയാനുണ്ടായിരുന്നുള്ളൂ. 'വിധിയെന്ന് കരുതി ഇങ്ങനെ കരഞ്ഞിരിക്കരുത്. നിങ്ങളുടെ ആത്മവിശ്വാസത്തിന്റെ തെളിവാണ് ഈ കണ്ണീര്‍. കാത്തിരിക്കൂ, നിങ്ങള്‍ സ്വയം അഭിമാനം കൊള്ളുന്ന ഒരു ദിവസം വരും.'
മാരിന്റെ ആ വാക്കുകൾ മൂന്ന് കൊല്ലത്തിനുശേഷം ഒരിക്കൽക്കൂടി മുഴങ്ങുകയാണ്. ടോക്യോയിലും ഇതുപോലെ ടർഫിൽ കരഞ്ഞിരിക്കുമ്പോൾ റാണിയോടും സവിത പൂനിയയോടും വിനീതയോടുമെല്ലാം ഇക്കുറി ഇതു പറയുന്നത് കോച്ചല്ല. ഒരു രാജ്യം മുഴുവനാണ്. അതു മാത്രമല്ല, മറ്റൊന്ന് കൂടി ചേർത്തു നൂറ്റിമുപ്പത് കോടിവരുന്ന ജനം. കരഞ്ഞിരിക്കരുത്. നിങ്ങൾ തോൽക്കുകയല്ല, യഥാർഥ പോരാട്ടം എന്തെന്ന് ഞങ്ങൾക്ക് കാണിച്ചുതന്നിരിക്കുകയാണ്. മെഡൽ പോട്ടെ. കിട്ടിയ മെഡലുകളേക്കാൾ പത്തരമാറ്റ് തിളക്കമുണ്ട് നിങ്ങളുടെ ഈ പോരാട്ടത്തിന്. നിങ്ങളാണ് യഥാർഥ ഹീറോസ്.
Sjoerd Marijne

വിധിയില്‍ വിശ്വാസമില്ലാതെ മാരിന്റെ വാക്കുകള്‍ക്ക് ഒരു പ്രവചനത്തിന്റെ സ്വരം കൈവന്നത് വിചിത്രമാണ്. മൂന്ന് കൊല്ലത്തിനുള്ളില്‍ ഇതേ റാണി രാംപാലും സംഘവും ചരിത്രം കുറിച്ചിരിക്കുകയാണ്. അതും മാരിന്റെ കീഴില്‍ തന്നെ. അയര്‍ലന്‍ഡിനെയും ഓസ്‌ട്രേലിയയെയുമെല്ലാം മറികടന്ന് ചരിത്രത്തില്‍ ആദ്യമായി ഒളിമ്പിക്സിൽ നാലാം സ്ഥാനത്തെത്തുമെന്ന് ഡച്ച് ക്ലബായ ഡെന്‍ ബോഷിനുവേണ്ടി മാത്രം കളിച്ച പാരമ്പര്യമുള്ള മാരിന്‍ പോലും കരുതിയിരുന്നോ എന്നു സംശയം. 'സോറി ഫാമിലി, ഞാൻ ഞാൻ തിരിച്ചെത്താൻ ഇനിയും വൈകും' എന്നായിരുന്നു മത്സരശേഷം ടീംബസിലെ ചിത്രത്തിനൊപ്പം മാരിൻ കുറിച്ചത്. അത്രമേല്‍ അത്ഭുതകരമാണ് മൂന്ന് കൊല്ലം കൊണ്ട് ഇന്ത്യന്‍ വനിതാ ടീമിനുണ്ടായ പരിവര്‍ത്തനം. അല്ലെങ്കില്‍ മാരിന്‍ വരുത്തിയ പരിവര്‍ത്തനം.
ബോളിവുഡിന്റെ ചക്‌ദേ ഇന്ത്യയില്‍ പോലും കാണാത്തവണ്ണം ഇന്ത്യയെ അടിമുടി മാറ്റിമറിച്ച മാരിന്‍ മാജിക്കിന്റെ യഥാര്‍ഥ വിലയറിയണമെങ്കില്‍ റാണിയും സംഘവും കരഞ്ഞിരുന്ന ലണ്ടനില്‍ നിന്ന് പിന്നെയും ബഹുദൂരം സഞ്ചരിക്കണം. ഒരു രണ്ടു വര്‍ഷം കൂടി പിറകിലേയ്ക്ക്. 2016 റിയോ ഒളിമ്പിക്‌സ് വരെ. ബഹുഭൂരിപക്ഷം രാജ്യങ്ങളും ബഹിഷ്‌കരിച്ചതുകൊണ്ട് മാത്രം നാലാം സ്ഥാനം നേടാനായ 1980ലെ മോസ്‌ക്കോയ്ക്കുശേഷം ഇന്ത്യന്‍ വനിതകള്‍ ആദ്യമായി ഒരു ഒളിമ്പിക്‌സിന് യോഗ്യത നേടുന്നു. വീരപരിവേഷമായിരുന്നു ടീമിന്. പക്ഷേ, വീരോചിതമായിരുന്നില്ല മടക്കം.
പേക്കിനാവ് പോലെയായിരുന്നു ഇന്ത്യയ്ക്ക് റിയോ. ബ്രിട്ടണും അമേരിക്കയ്ക്കും അര്‍ജന്റീനയ്ക്കുമൊപ്പം ഗ്രൂപ്പ് ബിയില്‍. ആകെയുള്ള അഞ്ച് കളികളില്‍ നാലിനും തോറ്റമ്പി. ആശ്വസിക്കാന്‍ ആകെയുണ്ടായിരുന്നത് ജപ്പാനെതിരായ ഒരു സമനില മാത്രം. പത്തൊന്‍പത് ഗോള്‍ വഴങ്ങിയപ്പോള്‍ തിരിച്ചടിക്കാനായത് മൂന്നെണ്ണം മാത്രം. മുറിവില്‍ എരിവ് പുരട്ടുന്നതിന് തുല്ല്യമായിരുന്നു അര്‍ജന്റീനയ്‌ക്കെതിരെ മടക്കമില്ലാത്ത അഞ്ചു ഗോളിനും ഓസ്‌ട്രേലിയയയോട് ഒന്നിനെതിരേ ആറ് ഗോളിനും ബ്രിട്ടനോട് മടക്കമില്ലാത്ത മൂന്ന് ഗോളിനുമുള്ള തോല്‍വികള്‍. കൊട്ടുംകുരവയുമായി യാത്രയാക്കിയ ടീം നെഞ്ച്‌നീറി തലകുമ്പിട്ട് നാട്ടില്‍ വന്നിറങ്ങുമ്പോള്‍ മുപ്പത്തിയാറു വര്‍ഷത്തിനുശേഷമുള്ള ഇന്ത്യന്‍ വനിതകളുടെ ഒളിമ്പിക് പ്രവേശനത്തെ ചരിത്രനിമിഷമെന്ന് വാഴ്ത്തിയവരെയൊന്നും ആ വഴിക്ക് കണ്ടില്ല. പന്ത്രണ്ടില്‍ പന്ത്രാമതായി ഫിനിഷ് ചെയ്തവരെ ആശ്വസിപ്പിക്കാന്‍ പോലും ആളുണ്ടായില്ല നാട്ടില്‍.
റിയോയ്ക്ക് തൊട്ടു പിറകേ നടന്ന വിമന്‍സ് ഹോക്കി വേള്‍ഡ് ലീഗിലെ കഥ മറ്റൊന്നായിരുന്നില്ല. ആറു കളികളില്‍ നാലും തോറ്റ് പതിനാറാം സ്ഥാനം. അത് അവസാനമായിരുന്നില്ല. പക്ഷേ, ആ മുറിവും വേദനയുമായിരുന്നു വഴിത്തിരിവ്. അവിടെവച്ചാണ് ഡച്ചുകാരന്‍ മാരി ടീമിനൊപ്പം കൂടിയത്.
സ്വിച്ചിട്ടതുപോലെയായിരുന്നു മാറ്റം. ആദ്യം ഏഷ്യാകപ്പ്. ആറില്‍ ആറ് കളിയും ജയിച്ച് കിരീടം. പിന്നെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ആറില്‍ മൂന്ന് കളിജയിച്ച് നാലാമത്. പിറകെ ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫിയില്‍ റണ്ണറപ്പ്. ലോകകപ്പില്‍ എട്ടാം സ്ഥാനം. എഫ്.ഐ.എച്ച് വിമന്‍സ് സീരീസ് ഫൈനല്‍സിന്റെ ഹിരോഷിമാ ലെഗ്ഗില്‍ ജേതാക്കള്‍.
ടോക്യോയിലെ അത്ഭുതത്തിനുവേണ്ടി വെടിമരുന്ന് നിറച്ചുകൊണ്ടിരുന്നു മാരിന്‍ ടീമില്‍. ഇന്ന് കളിക്കാര്‍ക്ക് അവരില്‍ വിശ്വാസമുണ്ട്. നേരത്തെ അവര്‍ ചെറിയ മാര്‍ജിനുകളില്‍ തോറ്റുകൊണ്ടിരിക്കുകയായിരുന്നു. ഇന്നവര്‍ക്ക് തോല്‍വികള്‍ സഹിക്കാന്‍ കഴിയില്ല- ടോക്യോയ്ക്ക് പുറപ്പെടുംമുന്‍പ് ഒരു അഭിമുഖത്തില്‍ മാരിന്‍ പറഞ്ഞു.
ആത്മവിശ്വാസം കൊണ്ട് മാത്രം ഒന്നും നേടാനാവില്ലെന്ന് മറ്റാരേക്കാളും നന്നായി അറിയാവുന്ന ആളായിരുന്നു മാരിന്‍. ഇക്കഴിഞ്ഞ നാലു കൊല്ലത്തിനിടയ്ക്ക് കുറ്റവും കുറവും കണ്ടെത്തി രാകിമിനുക്കിക്കൊണ്ടിരുന്നു. ഗ്രൂപ്പിലെ വൈരികളായ ജര്‍മനിയിലും ഇംഗ്ലണ്ടിലും ടീമിനെയും കൊണ്ടുപോയി. പക്ഷേ, വൈതരികള്‍ വേണ്ടുവോളമുണ്ടായിരുന്നു വഴിയില്‍. ആദ്യത്തേത് കോവിഡ്. ടീമിന് ഒന്നിച്ച് പരിശീലിക്കാന്‍ വേണ്ടത്ര സമയം ലഭിച്ചില്ല. പിന്നെ ഒളിമ്പിക്‌സിന് തൊട്ടുമുന്‍പ് ക്യാപ്റ്റന്‍ റാണി അടക്കം ഏതാനും പേര്‍ പോസറ്റീവായി. ടീമിന്റെ ഫിറ്റ്‌നസിനും ഒത്തൊരുമയ്ക്കും വേണ്ടത്ര അന്താരാഷ്ട്ര സൗഹൃദമത്സരങ്ങള്‍ ലഭിച്ചില്ല. പക്ഷേ, ഈ പരിമിതികള്‍ക്കിടയിലും മാരിന്‍ ടീമിന്റെ പോരായ്മകള്‍ കണ്ടെത്തി പരിഹരിച്ചുകൊണ്ടിരുന്നു. നേരത്തെ തോല്‍വിയുടെ ആഘാതം കുറയ്ക്കുകയായിരുന്നു ലക്ഷ്യം. ഇക്കുറി പക്ഷേ, ഞങ്ങള്‍ ജര്‍മനിയിലും ഇംഗ്ലണ്ടിലും പോയത് അവരെ തോല്‍പിക്കുക എന്ന ഒരൊറ്റ ലക്ഷ്യവുമയാണ്. ജയിക്കാനാവുമെന്ന് ഉറപ്പിച്ചുതന്നെയാണ് ഞങ്ങള്‍ കളിച്ചത്. കളിയിലല്ല, മനസിലാണ് മാറ്റമുണ്ടായത്-ഒളിമ്പിക്‌സ് തയ്യാറെടുപ്പിനിടെ മാരിന്‍ മറ്റൊരു അഭിമുഖത്തില്‍ പറഞ്ഞു.
ഈ വാക്കുകള്‍ക്ക് എന്തിന് വേറെ ദൃഷ്ടാന്തം. ആദ്യ മത്സരത്തില്‍ നെതര്‍ലന്‍ഡ്‌സിനോടും രണ്ടാം മത്സരത്തില്‍ ജര്‍മനിയോടും പിന്നെ ബ്രിട്ടനോടും തോറ്റവര്‍ അയര്‍ലന്‍ഡിനെയും റാങ്കിങ്ങില്‍ മുകളിലുള്ള ദക്ഷിണാഫ്രിക്കയെയും വീഴ്ത്തി ഗ്രൂപ്പില്‍ നാലാം സ്ഥാനക്കാരായി. ബ്രിട്ടണ്‍ അയര്‍ലന്‍ഡിനോട് തോറ്റതോടെ ക്വാര്‍ട്ടറിലേയ്ക്കുള്ള വഴിതെളിയുകയും ചെയ്തു.
കളിച്ച അഞ്ച് മത്സരങ്ങളില്‍ അഞ്ചും ജയിച്ച് ഗ്രൂപ്പ് ബിയിലെ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയക്കെതിരായ ക്വാര്‍ട്ടറില്‍ നൂറിലൊരു സാധ്യത പോലുമുണ്ടായിരുന്നില്ല. ഒഐ ഹോക്കി സ്‌റ്റേഡിയത്തില്‍ പിറന്നത് മറ്റൊരു ചരിത്രം. റിയോയിലെ മാനക്കേടിന്റെ വേദനയത്രയും ഇരുപത്തിരണ്ടാം മിനിറ്റില്‍ ഓസീസ് വല തുളച്ച ഒരൊ ഡ്രാഗ് ഫ്‌ളിക്കിലൂടെ മായ്ച്ചുകളഞ്ഞിരിക്കുകയാണ് ഗുര്‍ജിത്ത് കൗര്‍ എന്ന പഞ്ചാബുകാരി. വെള്ളിത്തിരയെ കോള്‍മയിര്‍കൊള്ളിച്ച ചക്‌ദേ ഇന്ത്യ പോലും അപ്രസക്തമായ നിമിഷം.
വെങ്കലത്തിനായുള്ള പോരാട്ടത്തിലും മറ്റൊരു ഇന്ത്യയെയാണ് നമ്മൾ കണ്ടത്. ഒരുവേള ലീഡെടുത്ത് കരുത്തരായ ബ്രിട്ടണെ വിറപ്പിക്കുക വരെ ചെയ്തു. അവസാന നിമിഷം വരെ ഗോൾ മടക്കാനുള്ള ജീവൻമരണ പോരാട്ടം നടത്തുകയും ചെയ്തു. ക്ലാസിക് ഹോക്കി എന്നാണ് കമന്റേറ്റർമാർ വിളിച്ചുപറഞ്ഞത്. തോൽക്കുകയല്ല, ഇന്ത്യ ജയിക്കുക തന്നെയായിരുന്നു അവസാന പോരാട്ടത്തിലും.
പോരാട്ടങ്ങൾ അവസാനിക്കുന്നില്ലല്ലോ. ടോക്യോയോയേക്കാൾ വലിയ അതഭുതത്തിന് ചിലപ്പോൾ നാലു വർഷത്തിനപ്പുറം പാരീസ് സാക്ഷിയായേക്കാം. നമുക്ക് പ്രതീക്ഷയോടെ കാത്തിരിക്കാം. അത്ര പെട്ടന്ന് അവസാനിക്കുന്നതല്ലല്ലോ അത്ഭുതങ്ങള്‍. ഇന്ത്യ അത്ഭുതങ്ങള്‍ തുടങ്ങിയിട്ടല്ലേ ഉള്ളൂ. ഉറപ്പ്. സെല്യൂട്ട് ലേഡീസ്.
Content Highlights: Indian Women Hockey Team enters Semi Final Of Tokyo Olympics Coach Sjoerd Marijne Rio Rani Rampal

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram