ശ്രീജേഷിനെയും സവിതയെയും വന്‍മതിലാക്കിക്കോളു, ദയവു ചെയ്ത് മറ്റൊരു ശങ്കര്‍ ലക്ഷ്മണോ ബല്ലാളോ ആക്കരുത്


ബി.കെ.രാജേഷ്

4 min read
Read later
Print
Share

ഇവിടെ വാഴ്ത്തുമൊഴികള്‍ക്കും നെറികേടിനും ഇടയില്‍ വലിയ അകലമില്ല. പുരസ്‌കാരത്തില്‍ നിന്ന് തിരസ്‌കാരത്തിലേയ്ക്കുമില്ല വലിയ ദൂരം.

പി.ആർ.ശ്രീജേഷ്, സവിത പൂനിയ, ശങ്കർ ലക്ഷ്മൺ, ആശിഷ് ബല്ലാൾ

കിഴക്കമ്പലത്തുകാരന്‍ പാറാട്ട് രവീന്ദ്രന്‍ ശ്രീജേഷിനും ഹരിയാണക്കാരി സവിത പൂനിയക്കും അങ്ങനെ പുതിയൊരു വിളിപ്പേരു ചാര്‍ത്തിക്കിട്ടി. ഇന്ത്യയുടെ വന്‍മതിലുകള്‍. പോസ്റ്റില്‍ ശ്രീജേഷ് ഒറ്റയ്ക്കു കെട്ടിയുയര്‍ത്തിയ ആ മതിലിന്മേലാണ് ടോക്യോ ഒളിമ്പിക്‌സില്‍ ഇന്ത്യ വെങ്കലക്കൊടി നാട്ടി ചരിത്രം രചിച്ചത്. നിലയ്ക്കാത്ത വെടിയുണ്ടകളെ നെഞ്ചുവിരിച്ച് നേരിട്ട സവിതയുടെ ചങ്കൂറ്റത്തിലാണ് റിയോയിലെ പന്ത്രണ്ടില്‍ നിന്ന് വനിതകള്‍ ടോക്യോയിലെ അഭിമാനനാലിലെത്തിയത്. രണ്ടും ചരിത്രമാണ്. സമാനതകളില്ലാത്ത തിരിച്ചുവരവാണ്. അതുകൊണ്ടുതന്നെ ഇരുവരും സൂപ്പര്‍ഹീറോകളുമാണ്.
പക്ഷേ, മാനംകാത്ത ശ്രീജേഷിനും സവിതയ്ക്കും വന്‍മതില്‍ പട്ടം ചാര്‍ത്തിക്കൊടുക്കും മുന്‍പ് നമ്മള്‍ ഓര്‍ക്കേണ്ട മറ്റ് രണ്ട് പഴയ മതിലുകള്‍ കൂടിയുണ്ട് ഇന്ത്യന്‍ ഹോക്കിയുടെ ചരിത്രത്തില്‍. വാനോളമുയര്‍ത്തി അടുത്ത ക്ഷണം കുപ്പത്തൊട്ടിയിലേയ്ക്ക് നിര്‍ദാക്ഷിണ്യം വലിച്ചെറിഞ്ഞവര്‍. മധുരത്തിന് പകരം വേദനയൂട്ടിയവര്‍. രണ്ട് ഒളിമ്പിക് സ്വര്‍ണവും ഒരു ഒളിമ്പിക് വെള്ളിയും ഒരു ഏഷ്യന്‍ ഗെയിംസ് സ്വര്‍ണവും രണ്ട് ഏഷ്യന്‍ ഗെയിംസ് വെള്ളിയും നേടിത്തന്ന ശങ്കര്‍ ലക്ഷ്മണിനെയും ഏതാണ്ട് ഒറ്റയ്ക്ക് തന്നെ ഒരു ഏഷ്യന്‍ ഗെയിംസ് സ്വര്‍ണം നേടിത്തന്ന ആശിഷ് ബല്ലാളിനെയും ഓര്‍ക്കാതെ ഇന്ത്യയില്‍ ഒരു ഗോളിയുടെയും വാഴ്ത്തുപാട്ട് പൂര്‍ണമാവില്ല. അവരുടെ വേദനയില്‍ ചാലിച്ചല്ലാതെ ഒരു വിജയകഥയും സമ്പൂര്‍ണമാവില്ല. ശ്രീജേഷിനെയും സവിതയെയും വാഴ്ത്തുമൊഴികള്‍ കൊണ്ട് മൂടുന്നവര്‍ അറിയേണ്ടതാണ് വിസ്മൃതിയിലാണ്ട ഈ രണ്ട് ഒളിമ്പ്യന്മാരുടെയും ജീവിതകഥ. അവരോട് നമ്മള്‍ കാട്ടിയ നന്ദികേടിന്റെ കഥ.
ആണും പെണ്ണുമായി ഇന്ത്യ സ്റ്റിക്ക് കൊണ്ട് ചരിത്രം രചിച്ച ടോക്യോ നഗരം ഇതിന് മുന്‍പ് ഒളിമ്പിക്‌സിന് വേദിയായത് 1964ലാണ്. അന്നും ഹോക്കി സ്വര്‍ണം ഇന്ത്യയ്ക്കായിരുന്നു. ടീമിന്റെ വല കാക്കുക മാത്രമല്ല, നയിക്കുക കൂടി ചെയ്തതാവട്ടെ ശങ്കര്‍ ലക്ഷ്മണ്‍ എന്ന കരസേനയിലെ ഓണററി ക്യാപ്റ്റനും. അന്നുവരെ ഒരു ടീമിനെ നയിക്കുന്ന ആദ്യ ഗോള്‍കീപ്പറായിരുന്നു മറാഠാ ലൈറ്റ് ഇന്‍ഫന്‍ട്രിയിലെ ഈ ക്യാപ്റ്റന്‍. പാകിസ്താനെതിരായ ഫൈനലില്‍ ഇന്ത്യയ്ക്ക് ജയം സമ്മാനിച്ചത് അഞ്ചാം മിനിറ്റിലെ മൊഹീന്ദര്‍ ലാലിന്റെ ഗോള്‍ മാത്രമായിരുന്നില്ല. പോസ്റ്റില്‍ ശങ്കര്‍ ലക്ഷ്മണ്‍ എന്ന അതികായന്റെ അമാനുഷികസേവുകള്‍ കൂടിയായിരുന്നു. ടോക്യോയ്ക്ക് മുന്‍പ് വെള്ളി നേടിയ റോമിലും സ്വര്‍ണം നേടിയ 1956ലെ മെല്‍ബണിലും ശങ്കര്‍ ലക്ഷ്മണ്‍ തന്നെയായിരുന്നു ഇന്ത്യയുടെ വല കാത്തത്. ഇതിനിടെ ടോക്യോ തന്നെ വേദിയായ 1958ലെ ഏഷ്യന്‍ ഗെയിംസിലും ജക്കാര്‍ത്തയിലും വെള്ളിയും ഒടുവില്‍ ബാങ്കോക്കില്‍ സ്വര്‍ണവും നേടി ശങ്കര്‍ ലക്ഷ്മണിന്റെ കാവലില്‍ ഇന്ത്യ.
പക്ഷേ, ക്ലൈമാക്‌സല്ല, എല്ലാ അര്‍ഥത്തിലും ആന്റിക്ലൈമാക്‌സായിരുന്നു ശങ്കര്‍ ലക്ഷ്മണിന് ടോക്യോയും അതുകഴിഞ്ഞുള്ള ബാങ്കോക്ക് ഏഷ്യന്‍ ഗെയിംസും. മികച്ച ഫോമില്‍ ടീമിന് സ്വര്‍ണം നേടിക്കൊടുത്തെങ്കിലും 1968ലെ മെക്‌സിക്കോ ഒളിമ്പിക്‌സിനുള്ള ടീമില്‍ ഏഷ്യന്‍ ഗെയിംസിലെ ക്യാപ്റ്റന്‍ കൂടിയായ ശങ്കറിന് ഇടം നേടാനായില്ല. നിരാശനായ ശങ്കര്‍ ഹോക്കിയോടു തന്നെ വിടപറഞ്ഞ് സൈന്യത്തില്‍ ഒതുങ്ങിക്കൂടി.
യഥാര്‍ഥ ദുരന്തം വരാനിരിക്കുന്നേ ഉണ്ടായിരുന്നുള്ളൂ. ഇന്ത്യ മോസ്‌ക്കോയില്‍ ഒളിമ്പിക്‌സ് നേടുന്നതിന് ഒരു വര്‍ഷം മുന്‍പ് സൈന്യത്തില്‍ നിന്ന് വിരമിച്ചു ശങ്കര്‍ ലക്ഷ്മണ്‍. പിന്നീടാണ് കാലിലൊരു വ്രണം പ്രത്യക്ഷപ്പെട്ടത്. അത് പിന്നെ ഗുരുതരമായി. പഴുപ്പ് പിടിവിട്ടതോടെ കാല് മുറിച്ചുനീക്കണമെന്ന് വിധിച്ചു ഡോക്ടര്‍മാര്‍. എന്നാല്‍, ലക്ഷ്മണ്‍ ആശ്രയിച്ചത് പ്രകൃതിചികിത്സയെ. ചികിത്സ നീണ്ടതോടെ സമ്പാദ്യമത്രയും തീര്‍ന്നു. വരുമാനം ഒന്നിനും തികയാതായി. സുഹൃത്തുക്കള്‍ സഹായത്തിന് ഹോക്കി ഫെഡറേഷനെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. അവര്‍ കേട്ടഭാവം നടിച്ചില്ല. ചികിത്സയ്ക്കുവേണ്ടി ഒരു ചില്ലിക്കാശ് കൊടുത്തില്ല. ഒടുവില്‍ മധ്യപ്രദേശ് സര്‍ക്കാരാണ് പേരിനെങ്കിലും കനിഞ്ഞത്. കുറച്ചുതുക സഹായം കൊടുത്തു. അതുതന്നെ തിരിച്ചടയ്‌ക്കേണ്ട വായ്പയായിരുന്നുവെന്ന് പില്‍ക്കാലത്ത് കൊച്ചുമകന്‍ വെളിപ്പെടുത്തി. ഒടുവില്‍ ഇല്ലായ്മകളോട് മല്ലിട്ട് പതിനഞ്ച് കൊല്ലം മുന്‍പ് ഒരു ദുരന്തനായകനായി ലോകത്തോട് തന്നെ വിടപറഞ്ഞു, രാജ്യത്തിന് രണ്ട് ഒളിമ്പിക് സ്വര്‍ണം നേടിത്തന്ന ഇന്ത്യന്‍ ഹോക്കിയുടെ എക്കാലത്തെയും മികച്ച ഗോള്‍കീപ്പര്‍മാരില്‍ ഒരാള്‍.
ചരിത്രത്തിന് വിചിത്രമായ ചില യാദൃച്ഛികതകളുണ്ട്. ശങ്കര്‍ ലക്ഷ്മണ്‍ നയിച്ച ടീം സ്വര്‍ണമണിഞ്ഞശേഷം ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യ ഒരു മെഡല്‍ സ്വന്തമാക്കുന്നത് ഏതാണ്ട് മൂന്നര പതിറ്റാണ്ടിനുശേഷമാണ്. 1998ല്‍ ബാങ്കോക്കില്‍വച്ചുതന്നെ. അതും മറ്റൊരു ഗോള്‍കീപ്പറുടെ മികവില്‍. ഇന്ത്യന്‍ ഹോക്കിയുടെ തിരിച്ചുവരവെന്ന് അന്നു വാഴ്ത്തപ്പെട്ട ഗെയിംസിനുശേഷവും പക്ഷേ, ഹോക്കി മേലാളന്മാരുടെ സ്വഭാവത്തിനുണ്ടായില്ല തരിമ്പുപോലും മാറ്റം. സ്വര്‍ണവുമായി നാട്ടില്‍ തിരിച്ചെത്തിയ ടീമിനെ വരവേറ്റത് മുഖത്തടിച്ചതുപോലുള്ളൊരു പ്രഹരമാണ്. ദക്ഷിണ കൊറിയക്കെതിരായ ഫൈനലില്‍ രണ്ട് പെനാല്‍റ്റി സ്‌ട്രോക്ക് തടഞ്ഞ് അവിശ്വസനീയമായ വിജയം സമ്മാനിച്ച ഗോള്‍കീപ്പര്‍ ആശിഷ് ബെല്ലാള്‍ അടക്കം ആറുപേര്‍ ടീമിന് പുറത്ത്. ഹോക്കി ഫെഡറേഷന്റെ മാടമ്പി പ്രസിഡന്റ് കെ.പി.എസ്.ഗില്ലിന്റെ നീരസമായിരുന്നു കാരണം. ഇന്നത്തെ ശ്രീജേഷിനെ പോലെ അന്ന് സൂപ്പര്‍ഹീറോയായി നാട്ടില്‍ വന്നിറങ്ങിയ ബെല്ലാള്‍ പിന്നെ ഇന്ത്യന്‍ കുപ്പായമണിഞ്ഞതേയില്ല. ഭാഗ്യം. പുതിയ കാലമായതുകൊണ്ട് ബെല്ലാളിന് പട്ടിണി കിടക്കേണ്ടിവന്നില്ല. രോഗംവന്ന് ചികിത്സിക്കാന്‍ പണമില്ലാതെ പട്ടിണികിടന്ന് മരിക്കേണ്ടിയുംവന്നില്ല. അതുകഴിഞ്ഞ് പതിനാറു കൊല്ലമാണ് ഇന്ത്യയ്ക്ക് ഒരു ഏഷ്യന്‍ ഗെയിംസ് മെഡലിനുവേണ്ടി കാത്തിരിക്കേണ്ടിവന്നത്. ഇതിന്റെ പേരിൽ ഇക്കാലമത്രയും തെല്ലുമുണ്ടായില്ല മനസ്താപം, ഖാലിസ്ഥാന്‍ തീവ്രവാദികളെപോലെ ഹോക്കി താരങ്ങളെ നേരിട്ട, ഗില്ലിനോ പഴയ സൂപ്പര്‍ കോപ്പിന്റെ തൊമ്മിയായ സെക്രട്ടറി ജ്യോതികുമാരനോ. അന്നുമിന്നും വിശദീകരണമൊട്ടും നൽകിയിട്ടുമില്ല.
ഇഞ്ചിയോണിലും ചരിത്രം ആവര്‍ത്തിച്ചു. മറ്റൊരു ഗോള്‍കീപ്പറിലൂടെ പാകിസ്താനെതിരേ രണ്ട് പെനാല്‍റ്റി സ്‌ട്രോക്കുകള്‍ തടഞ്ഞ് കേരളത്തിന്റെ സ്വന്തം പി.ആര്‍.ശ്രീജേഷ് മറ്റൊരു ഏഷ്യന്‍ ഗെയിംസ് സ്വര്‍ണം നേടിത്തരുമ്പോള്‍ ആഹ്ലാദത്തേക്കാള്‍, ആശങ്ക നിഴലിട്ടത് സ്വാഭാവികം. വിജയിച്ചുവന്ന ശ്രീജേഷിന്റെ കണ്ണില്‍ ശങ്കര്‍ ലക്ഷ്മണിനെയും ബെല്ലാളിനെയും കണ്ടത് സ്വഭാവികം. ഹോക്കി ഇന്ത്യയില്‍ ഗില്ലിന്റെ കാലം കഴിഞ്ഞതുകൊണ്ടാവാം. ഇഞ്ചിയോണിനുശേഷം ശ്രീജേഷ് തഴയപ്പെട്ടില്ല. ഏഴു കൊല്ലത്തിനുശേഷം ഇതേ ശ്രീജേഷിലൂടെ ഇന്ത്യ നാലു പതിറ്റാണ്ട് കാലത്തെ ഒളിമ്പിക് മെഡല്‍ ദാഹം തീര്‍ക്കുകയും ചെയ്തു. നന്ദി, ഹോക്കി ഇന്ത്യ... കളിക്കാര്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കിക്കൊടുത്തതിനല്ല. അവരെ നിഷ്‌കാസനം ചെയ്യാതിരുന്നതിന് നിഷ്‌കരുണം ചവറ്റുകുട്ടയിലേക്ക് വലിച്ചെറിയാതിരുന്നതിന്.
ശങ്കര്‍ ലക്ഷ്മണിന്റെ ഗതി ശ്രീജേഷിനോ മന്‍പ്രീതിനോ സവിതയ്‌ക്കോ വരാനിടയില്ല. തഴയപ്പെടാന്‍ ഭാഗ്യത്തിന് ശ്രീജേഷിനും സവിതയ്ക്കും ഇനി ഒരുപാട് ബാല്യം ബാക്കിയില്ല. പ്രൊഫഷണല്‍ ലീഗിന്റെ കാലത്ത് പട്ടിണിയും പരിവട്ടവും പഴങ്കഥയുമാണ്. എങ്കിലും പുതിയ വീരപട്ടങ്ങള്‍ ചാര്‍ത്തി ആഘോഷിച്ച് താരങ്ങളെ എഴുന്നള്ളിക്കുമ്പോള്‍ ആ പഴയ ഇരുണ്ട കാലത്തെക്കുറിച്ച് കൂടി സ്മരണ ഉണ്ടാവുന്നത് നല്ലതാണ്. പഴയ ആ നന്ദികേടിന്റെ കെട്ടകാലം കൂടി ഓര്‍ക്കുന്നതും നന്ന്. ഏഷ്യന്‍ ഗെയിംസ് വെളളിമെഡല്‍ ജേതാവിന് നിത്യവൃത്തിക്ക് മൊട്ടയടിച്ച പൂരത്തിന് വെടിമരുന്ന് നിറയ്‌ക്കേണ്ടിവന്ന നാടാണിത്. ഒളിമ്പ്യന് കുടംബംപോറ്റാന്‍ സെക്കന്തരബാദിലെ തട്ടുകടയില്‍ ചായ അടിക്കേണ്ടിവന്ന നാടാണിത്. ട്രാക്കിലെ ഇതിഹാസമാവേണ്ടിയിരുന്ന ആള്‍ നീതികിട്ടാതെ കൊള്ളക്കാരനായി മാറിയ നാടാണിത്. ഇവിടെ വാഴ്ത്തുമൊഴികള്‍ക്കും നെറികേടിനും ഇടയില്‍ വലിയ അകലമില്ല. പുരസ്‌കാരത്തില്‍ നിന്ന് തിരസ്‌കാരത്തിലേയ്ക്കുമില്ല വലിയ ദൂരം. അതുകൊണ്ട് വിജയകഥകള്‍ക്കൊപ്പം നമുക്ക് കളത്തില്‍ ജയിച്ചിട്ടും പുറത്ത് നന്ദികേടിന്റെ കോര്‍ട്ടില്‍ തോറ്റുപോയവരുടെ നിറംകെട്ട കഥകള്‍ കൂടി ഓര്‍ത്തെടുക്കാം. തിരിച്ചുവരവിനൊപ്പം തിരസ്‌കാരം കൂടി ചേര്‍ത്തുവായിക്കാം. നാളെ ശ്രീജേഷിനും സവിതയ്ക്കുംശേഷം മറ്റൊരു ശങ്കര്‍ ലക്ഷ്മണോ മറ്റൊരു കെ.കെ.പ്രേമചന്ദ്രനോ മറ്റൊരു പാന്‍ സിങ് തോമറോ പിറക്കാതിരിക്കുകയെങ്കിലും ചെയ്താലോ?

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram