അലൻ സ്‌കോഫീൽഡ
ടോക്കിയോ ഒളിംപിക്‌സ് ഹോക്കിയില്‍ ഇന്ത്യ സെമിഫൈനലില്‍ കടന്നപ്പോള്‍ നമ്മുടെയൊക്കെ മനസില്‍ മാനുവല്‍ ഫ്രെഡറിക്‌സിനു ശേഷം ആദ്യമായി ഒരു ഒളിംപിക് മെഡല്‍ ശ്രീജേഷിലൂടെ കേരളത്തിലെത്തണമെന്ന ആഗ്രഹം നിറയുന്നു. അത് യാഥാര്‍ഥ്യമാകട്ടെ എന്ന് ആശംസിക്കാം. ഒപ്പം, ഞാന്‍ മലയാളിയാണ് എന്നു പറയുന്നതില്‍ അഭിമാനിക്കുന്നു എന്നു പറയുന്നൊരു ഒളിംപിക് സ്വര്‍ണ മെഡല്‍ ജേതാവിനെ നമ്മള്‍ മറക്കരുത്.
കണ്ണൂരിന്റെ മാനുവല്‍ ഫ്രെഡറിക്‌സ് 1972 ല്‍ മ്യൂണിക്കില്‍ വെങ്കലം നേടിയ ഇന്ത്യന്‍ ഹോക്കി ടീമിന്റെ ഗോള്‍ കീപ്പര്‍ ആയിരുന്നു. എന്നാല്‍ 1980 ല്‍ മോസ്‌കോയില്‍ സ്വര്‍ണം നേടിയ ഇന്ത്യന്‍ ടീമിന്റെ ഗോള്‍കീപ്പറെ ഓര്‍ക്കുന്നില്ലേ? അലന്‍ സ്‌കോഫീല്‍ഡ്. അയര്‍ലന്‍ഡില്‍ നിന്ന് ശ്രീലങ്ക വഴി മൂന്നാറില്‍ എത്തിയ ടീ പ്ലാന്റര്‍ ജോര്‍ജ് സ്‌കോഫീല്‍ഡിന്റെയും കോട്ടയം കഞ്ഞിക്കുഴി വളഞ്ഞാറ്റില്‍ ഗ്രേസ് തോമസിന്റെയും പുത്രന്‍. 1957 ജനുവരി 26ന് മുന്നാറിലാണ് അലന്‍ ജനിച്ചത്. കളമശേരി സെന്റ് ജോസഫ്‌സ് സ്‌കൂളില്‍ പഠിച്ചു. ഗ്രേസ് നഴ്‌സിങ്ങിനു പഠിക്കുമ്പോഴാണ് സ്‌കോഫീല്‍ഡിനെ പരിചയപ്പെട്ടത്. താമസിയാതെ അവര്‍ വിവാഹിതരായി. അലന് അഞ്ചു സഹോദരന്മാരും രണ്ടു സഹോദരിമാരുമുണ്ട്.
എസ്റ്റേറ്റ് ഉപേക്ഷിച്ച് സ്‌കോഫീല്‍ഡ് ബെംഗളൂരുവിലേക്ക് മാറി. അലന്‍ നാവിക സേനയില്‍ ചേര്‍ന്നു ഹോക്കി കളിക്കാരനുമായി. മാനുവലും അലനും സര്‍വീസസിലുടെയാണ് ഇന്ത്യന്‍ ടീമില്‍ എത്തിയത്.

അച്ഛന്‍ 1990ലും അമ്മ 95ലും മരിച്ചു. അലന്‍ മകന്‍ മാര്‍ക്കുമൊത്ത് കാനഡയില്‍ ആയിരുന്നു. ഗള്‍ഫില്‍ ജോലി നോക്കിയ, നല്ലൊരു ഗായകന്‍ കൂടിയായ അലന്‍ ഇടയ്ക്ക് ബെംഗളൂരുവില്‍ വരും. ഇന്നു ഫോണില്‍ വിളിച്ചിട്ട് കിട്ടുന്നില്ല. ഇന്ത്യയിലെ തന്റെ വേരുകള്‍ മുണ്ടക്കയത്തും കോട്ടയത്തുമുള്ള അമ്മ വീട്ടുകാര്‍ വഴിയാണെന്നും ഒരു മലയാളിയാണെന്നു പറയാന്‍ അഭിമാനിക്കുന്നെന്നും അലന്‍ പലതവണ പറഞ്ഞിട്ടുണ്ട്. തനിക്ക് വേണ്ട അംഗീകാരം നല്‍കാമെന്ന് ഒരു കേരള മുഖ്യമന്ത്രി പറഞ്ഞ കാര്യം അലന്‍ പറഞ്ഞപ്പോള്‍ ഞാന്‍ പല പേരുകള്‍ പറഞ്ഞു. അതൊന്നുമല്ല. 'തമാശൊക്കെ പറയുന്ന ഒരു രസികന്‍'. ഞാന്‍ പറഞ്ഞു ഇ.കെ. നായനാര്‍.
അതു തന്നെ. അലന്‍ സമ്മതിച്ചു.
ഒളിംപിക് സ്വര്‍ണം നേടിയ ശേഷം ക്യാപ്റ്റന്‍ വി. ഭാസ്‌കരനുമൊത്ത് അലന്‍ കേരളത്തിലെത്തി. സ്വീകരണച്ചടങ്ങില്‍ ഇ.കെ. നായനാര്‍ ഉണ്ടായിരുന്നു.
അലന്‍ മലയാളം പറയുന്നതു കേട്ട് നായനാര്‍ക്ക് അങ്ങ് ഇഷ്ടപ്പെട്ടു. കൂടെ നിന്നവരോട് നായനാര്‍ പറഞ്ഞു. 'എടോ, ഓന്‍ നമ്മുടെ ആളാ. മലയാളി. നല്ല സുന്ദരന്‍. ഓനെ ഇവിടെ കൊണ്ടുവന്ന് നമ്മുടെ പിള്ളാരെ ഹോക്കി പഠിപ്പിക്കണം.'
നായനാര്‍ വീണ്ടും മുഖ്യമന്ത്രിയായപ്പാള്‍ അലന്‍ ഗള്‍ഫില്‍ ആയിരുന്നു.
'അദ്ദേഹം വീണ്ടും മുഖ്യമന്ത്രിയായത് ഞാന്‍ അറിഞ്ഞില്ല. അല്ലെങ്കില്‍ തീര്‍ച്ചയായും വന്നേനെ'
അലന്‍ പറഞ്ഞത് ഓര്‍ക്കുന്നു.
അലന്റെ ഹോക്കി കളി ഫിലിമിലാക്കി നമ്മുടെ കുട്ടികളെയൊക്കെ കാണിക്കണമെന്നു നായനാര്‍ നിര്‍ദേശിച്ച കാര്യവും അലന്‍ ഒരിക്കല്‍ പറഞ്ഞു.
മൗത്ത് ഓര്‍ഗനില്‍ മലയാളം ഗാനങ്ങള്‍ മനോഹരമായി ആലപിക്കുന്ന അലന്‍ സ്‌കോഫീല്‍ഡിന് വീണ്ടുമൊരിക്കന്‍ നായനാരെ കണ്ട് പാട്ടുകേള്‍പ്പിക്കാന്‍ കഴിയാത്തതില്‍ നിരാശയുണ്ട്.
ഇനി വരുമ്പോള്‍ നമുക്ക് ശാരദ ടീച്ചറെ കാണാമെന്നു ഞാന്‍ പറഞ്ഞു. ശ്രീജേഷിലൂടെ രണ്ടാമതൊരു ഒളിംപിക് മെഡല്‍ കേരളത്തില്‍ എത്തട്ടെ. പക്ഷേ, നമ്മള്‍, അലന്‍ സ്‌കോഫീല്‍ഡിനെ മറക്കരുത്.
Content Highlights: Indian Hockey Player Allan Schofield Moscow Olympics Gold Medal Winner, PRSreejesh