സവിത പുനിയ | Photo: twitter| Hockey India
മുത്തച്ഛന്റെ നിര്‍ബന്ധത്തിന് വഴങ്ങി ഹരിയാനയില്‍ നിന്നുള്ള ഒരു പെണ്‍കുട്ടി ഹോക്കി കളിക്കാന്‍ തുടങ്ങി. അവള്‍ക്ക് ലഭിച്ച ആദ്യ ദൗത്യം തന്നെ ഗോള്‍പോസ്റ്റിന് കീഴെ കാവല്‍ നില്‍ക്കുക എന്നതായിരുന്നു. ഹോക്കി കളിക്കാന്‍തന്നെ താത്പര്യമില്ലാതിരുന്ന അവള്‍ ഗോള്‍കീപ്പിങ് കിറ്റ് കൂടി ചുമക്കേണ്ട അവസ്ഥയായി. ഓരോ ടൂര്‍ണമെന്റിന് പോകുമ്പോഴും കിറ്റിന്റെ ഭാരം തലവേദനയായി. ഒടുവില്‍ കരിയറിന്റെ തുടക്കത്തില്‍ തന്നെ ഹോക്കി സ്റ്റിക്ക് ദൂരേക്ക് എറിയാന്‍ ഒരുങ്ങി. എന്നാല്‍ മുത്തച്ഛന്‍ സമ്മതിച്ചില്ല. എങ്ങനെ ആയാലും ഹോക്കി ഉപേക്ഷിക്കാന്‍ സമ്മതിക്കില്ലെന്ന് വാശി പിടിച്ചു. അവസാനം അവള്‍ വഴങ്ങി.
പതുക്കെ പതുക്കെ ഹോക്കിയെ സ്‌നേഹിക്കാന്‍ തുടങ്ങി. ഇന്ത്യന്‍ ഗോള്‍കീപ്പര്‍ പിആര്‍ ശ്രീജേഷ് അവളുടെ ഹീറോ ആയി മാറി. ശ്രീജേഷിനെപ്പോലെ ആ പെണ്‍കുട്ടിയുടെ പേരും വാര്‍ത്താ തലക്കെട്ടുകളായി വന്നു. അവളെ അടുത്തിരുത്തി 67-കാരനായ മുത്തച്ഛന്‍ ആ വാര്‍ത്തകള്‍ ഉറക്കെ വായിച്ചുകൊടുത്തു. ഒടുവില്‍ പിആര്‍ ശ്രീജേഷ് ഗോള്‍കീപ്പറായ ഇന്ത്യന്‍ ടീം ടോക്യോ ഒളിമ്പിക്‌സ് സെമി ഫൈനലിലേക്ക് മുന്നേറിയപ്പോള്‍ അവളുടെ ടീമും സെമിയിലെത്തി. ഹീറോ ആയ ശ്രീജേഷിന്റെ തോളിനോടൊപ്പം ചേര്‍ന്നുനില്‍ക്കുന്ന പ്രകടനം. ഇന്ത്യന്‍ വനിതാ ഹോക്കി ടീം ഗോള്‍കീപ്പര്‍ സവിത പുനിയ ആണ് ആ പെണ്‍കുട്ടി.
കരുത്തരായ ഓസ്‌ട്രേലിയക്കെതിരായ ക്വാര്‍ട്ടറില്‍ ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായകമായത് പോസ്റ്റിന് കീഴില്‍ 31-കാരിയുടെ പ്രകടനമായിരുന്നു. ഗോളെന്നുറച്ച ഓസ്‌ട്രേലിയയുടെ ഒമ്പത് ഷോട്ടുകളാണ് സവിത തടുത്തിട്ടത്. അതില്‍ ഏഴ് എണ്ണവും പെനാല്‍റ്റി കോര്‍ണറുകളായിരുന്നു. ഒടുവില്‍ ഒരൊറ്റ ഗോള്‍ ലീഡില്‍ ഒളിമ്പിക് ഹോക്കി ചരിത്രത്തില്‍ ആദ്യമായി ഇന്ത്യ സെമിയില്‍ ഇടം നേടി.
എന്നാല്‍ ടോക്യോയിലേക്ക് വിമാനം കയറും മുമ്പ് ഹോക്കിയില്‍ നിന്ന് വിരമി്ച്ചാലോ എന്നുവരെ സവിത ആലോച്ചിരുന്ന ഒരു സമയമുണ്ടായിരുന്നു. ടോക്യോയിലേക്കുള്ള യോഗ്യതാ റൗണ്ട് മത്സരം നടക്കുന്നതിനിടയിലായിരുന്നു അത്. യു.എസ്.എയ്‌ക്കെതിരായ ആ മത്സരത്തില്‍ ഇന്ത്യക്ക് വിജയം അനിവാര്യമായിരുന്നു. ഒന്നെങ്കില്‍ വിജയം, അല്ലെങ്കില്‍ പുറത്തേക്ക് എന്ന അവസ്ഥയിലായിരുന്നു യു.എസ്.എയും. ആദ്യ പാദത്തില്‍ 5-1ന് വിജയിച്ച ആത്മവിശ്വാസവുമായണ് ഇന്ത്യ കളത്തിലിറങ്ങിയത്. എന്നാല്‍ ആദ്യ പകുതിയില്‍ യു.എസ്.എ ഇന്ത്യയെ ഗോള്‍മഴയില്‍ മുക്കി. നാല് ഗോളുകളാണ് വലയിലെത്തിച്ചത്. ഇതോടെ ഇരുപാദങ്ങളിലുമായി മത്സരം 5-5 എന്ന നിലയിലായി.
ആദ്യ പകുതി അവസാനിച്ചപ്പോള്‍ എന്തു ചെയ്യണമെന്ന് ഇന്ത്യക്കറിയില്ലായിരുന്നു. എല്ലാവരും നിരാശയോടെ തളര്‍ന്നിരുന്നു. പല ചിന്തകളും സവിതയുടെ മനസ്സിലൂടെ കടന്നുപോയി. ഇനി സ്റ്റിക്ക് കൈയിലെടുക്കേണ്ട എന്നുവരെ അവര്‍ തീരുമാനിച്ചു. എന്നാല്‍ രണ്ടാം പകുതിയില്‍ കാര്യങ്ങള്‍ മാറിമറിഞ്ഞു. ക്യാപ്റ്റന് റാണി രാംപാലിന്റെ ഗോളില്‍ ഇന്ത്യ ഒളിമ്പിക്‌സിലേക്ക് ടിക്കറ്റെടുത്തു. ഗോളാഘോഷത്തിനിടയില്‍ റാണിയെ കെട്ടിപ്പിടിച്ച് സവിത പറഞ്ഞു,' നീ ഗോളടിച്ചിരുന്നില്ലെങ്കില്‍ ഞാന്‍ എന്നെന്നേക്കുമായി കരിയര്‍ അവസാനിപ്പിക്കുമായിരുന്നു. റാണീ, നന്ദി...ഒരുപാട് നന്ദി..' അതുപോലെ രാജ്യത്തെ 139 കോടി ജനങ്ങളും സവിതയോട് പറയുന്നു..'നന്ദി, ഒരുപാട് നന്ദി'
Content Highlights: Indian Goalkeeper Savita Punia Life Story Tokyo Olympics 2020