ദിപ കർമാക്കർ. Photo Courtesy: twitter
മരണത്തിന്റെ മലക്കംമറിച്ചില്‍ എന്നൊരു മറുപേരുണ്ട് ജിംനാസ്റ്റിക്‌സിലെ പ്രൊദ്യുനോവ വോള്‍ട്ടിന്. അടിയൊന്ന് തെറ്റിയാല്‍ മരണം സുനിശ്ചിതമായ ഈ വോള്‍ട്ടില്‍ വിജയിച്ച അഞ്ച് സ്ത്രീകളേയുളളൂ ലോക ജിംനാസ്റ്റിക്‌സിന്റെ ചരിത്രത്തില്‍. അതിലൊരാള്‍ ഇന്ത്യക്കാരിയാണ്. ഒളിമ്പിക് മെഡല്‍ തലനാരിഴയ്ക്ക് വഴുതിപ്പോയിട്ടും ഒരൊറ്റ രാത്രികൊണ്ട് മെഡല്‍ ജേതാക്കളേക്കാള്‍ വലിയ താരമായിമാറിയ ദിപ കര്‍മാക്കര്‍. ഒരൊറ്റ പ്രകടനം കൊണ്ട് അത്ഭുതബാലികയായി മാറിയ ദിപയെ രാജ്യം പുരസ്‌കാരങ്ങള്‍ വാരിക്കൊരി നൽകി ആദരിച്ചു.
അഞ്ച് കൊല്ലം മുന്‍പ് റിയോയില്‍ ദിപയുടെ പ്രൊദ്യുനോവ് വോള്‍ട്ട് കണ്ട് അന്തംവിട്ടുനിന്നവര്‍ ഒരൊറ്റ സ്വരത്തില്‍ പറഞ്ഞു: ഇതാ ടോക്യോയിലെ ഇന്ത്യയുടെ ഉറച്ച മെഡല്‍. അഞ്ച് കൊല്ലം കണ്ണുചിമ്മി തുറക്കുന്ന വേഗത്തില്‍ കടന്നുപോയി. ടോക്യോയില്‍ ഇന്ത്യ തിളക്കമുള്ളൊരു വെള്ളിയും നേടി. അതും റിയോയില്‍ പ്രതീക്ഷയുടെ ഭാരമുയര്‍ത്താനാവാതെ തലകുമ്പിട്ടു മടങ്ങേണ്ടിവന്ന മിരാബായ് ചാനു അഞ്ചു വർഷത്തിനിപ്പുറം ടോക്യോയിൽ വെള്ളി കൊണ്ട് കണക്ക് തീര്‍ത്തപ്പോള്‍ റിയോയിലെ പ്രവചനമത്രയും അപ്രസക്തമാക്കിക്കൊണ്ട് വീട്ടില്‍ വിശ്രമിക്കുകയാണ് ദിപയെന്ന അന്നത്തെ അത്ഭുതതാരം. ടോക്യോയിലെ ആഘോഷം കണ്ട് സഹിക്കവയ്യാതെയാവണം കഴിഞ്ഞ ദിവസം ട്വിറ്ററില്‍ കുത്തുന്നൊരു കുറിപ്പിട്ടു ദിപ. 'ആശയക്കുഴപ്പത്തിലായവര്‍ അറിയാനായി, ഞാന്‍ ഇപ്പോഴും ഒരു ആര്‍ട്ടിസ്റ്റിക് ജിംനാസ്റ്റ് തന്നെയാണ്.' അടക്കിപ്പിടിച്ച സങ്കടവും നിരാശയുമെല്ലാമുണ്ടായിരുന്നു ഈ വാക്കുകളില്‍.
ഈ ട്വീറ്റ് കണ്ടപ്പോള്‍ മാത്രമാണ് ചിലരെങ്കിലും ദിപയെക്കുറിച്ചോര്‍ത്തത്. എന്ത്‌കൊണ്ട് ദിപ ടോക്യോയോയിലേയ്ക്ക് പറന്നില്ലെന്നോർത്ത് തലപുകച്ചത്.
കായികതാരങ്ങളുടെ പതിവ് അവഗണനക്കഥയല്ല ദിപയ്ക്ക് പറയാനുണ്ടായിരുന്നത്. മരണത്തിന്റെ മലക്കംമറിച്ചിലില്‍ വിജയിച്ച ഇന്ത്യയുടെ നാദിയ കോമനേച്ചിയുടെ വഴിയടച്ചത് വിട്ടൊഴിയാത്ത പരിക്കുകളാണ്. അവസാനം വീണുകിട്ടിയൊരു കച്ചിത്തുരുമ്പാവട്ടെ കൊറോണ കവരുകയും ചെയ്തു.
2014 ഗ്ലാസ്‌ഗോ കോമണ്‍വെല്‍ത്ത് ഗെയിംസ് മുതലാണ് ദിപ പ്രശസ്തിയുടെ വെള്ളിവെളിച്ചത്തിലെത്തിയത്. ഗെയിംസില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിത എന്ന ബഹുമതി സ്വന്തമാക്കിയ ദിപ തൊട്ടടുത്ത വര്‍ഷം ഹിരോഷിമ ഏഷ്യന്‍ ഗെയിംസില്‍ വെങ്കലം നേടി. അങ്ങനെയാണ് റിയോ ഒളിമ്പിക്‌സിന് യോഗ്യത നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയായി ചരിത്രം കുറിച്ചത്. റിയോയില്‍ ശരിക്കും അത്ഭുതമായിരുന്നു ദിപ. കരുത്തരോട് മാറ്റുരച്ചാണ് നാലാമതെത്തിയത്. സ്വര്‍ണത്തേക്കാള്‍ തിളക്കമുള്ള പ്രകടനം എന്നാണ് അന്ന് സകലരും വാഴ്ത്തിയത്.
റിയോയുടെ തകര്‍ച്ചയില്‍ നിന്നാണ് മിരബായ് ചാനു എന്ന ടോക്യോയിലെ വെള്ളിമെഡല്‍ ജേതാവ് പിറന്നതെങ്കില്‍ ദിപയുടെ തകര്‍ച്ച തുടങ്ങുന്നത് അവിടെ വച്ചാണ്. രാജീവ്ഗാന്ധി ഖേല്‍ രത്‌നയും പത്മശ്രീയുമെല്ലാം നല്‍കി രാജ്യം ആദരിക്കുമ്പോള്‍ പരിക്കിന്റെ രൂപത്തില്‍ ഒരു വില്ലന്‍ പതുങ്ങിക്കഴിയുന്നുണ്ടായിരുന്നു.
റിയോ ഒളിമ്പിക്‌സ് കഴിഞ്ഞ് ഏറെ വൈകാതെ തന്നെ കൈക്കുഴയ്ക്ക് പരിക്കേറ്റു. ശസ്ത്രക്രിയ വേണ്ടിവന്നു തിരിച്ചുവരാന്‍. ഇതോടെ പലരും എഴുതിത്തള്ളിയെങ്കിലും ക്ഷണത്തില്‍ ദിപ തിരിച്ചുവന്നു. തുര്‍ക്കിയില്‍ നടന്ന എഫ് ഐ ജി ആര്‍ട്ടിസ്റ്റിക് ജിംനാസ്റ്റിക്‌സ് വേള്‍ഡ് ചാലഞ്ച് കപ്പായിരുന്നു വിമര്‍ശകര്‍ക്കുള്ള ആദ്യ മറുപടി.
പക്ഷേ, ഈ സന്തോഷവും അല്‍പായുസ്സായിരുന്നു. ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസിന് തൊട്ടുമുന്‍പ് വണ്ടും ശസ്ത്രക്രിയ വേണ്ടിവന്നു. വലിയ വിലയാണ് ഇതിന് കൊടുക്കേണ്ടിവന്നത്. ഒളിമ്പിക് വെങ്കലത്തോളം എത്തിയ ആള്‍ക്ക് ഏഷ്യന്‍ ഗെയിംസിന്റെ വ്യക്തിഗത വോള്‍ട്ടില്‍ ഫൈനലിന് യോഗ്യത നേടാനായില്ല. ടീം ഫൈനലില്‍ നിന്ന് പിന്‍വാങ്ങേണ്ടിയും വന്നു.
അടുത്ത പ്രതീക്ഷ ടോക്യോ ഒളിമ്പിക്‌സായിരുന്നു. ഒളിമ്പിക് യോഗ്യതയ്ക്കായി നിശ്ചയിച്ചത് എഫ്. ഐ.ജി വേള്‍ഡ് കപ്പ് പരമ്പരയായിരുന്നു. ആകെയു്‌ളള എട്ട് മത്സരങ്ങളില്‍ ലഭിക്കുന്ന പോയിന്റിന്റെ ശരാശരിയാണ് യോഗ്യതാമാര്‍ക്കായി നിശ്ചയിച്ചത്. ഇതില്‍ 2018ലെ ഒരു ലോകകപ്പും 2019ലെ നാല് ലോകകപ്പുകളും 2020ലെ മൂന്ന് ലോകകപ്പുകളം ഉള്‍പ്പെടും. ലോകകപ്പില്‍ വെങ്കലവും ലോകചാലഞ്ച് കപ്പില്‍ സ്വര്‍ണവും നേടിയ ദിപയ്ക്ക് ഈസി വാക്കോവര്‍ പ്രവചിക്കപ്പെട്ടത് സ്വാഭാവികം. പക്ഷേ, സംഭവിച്ചതൊരു ആന്റി ക്ലൈമാക്‌സ്. മൂന്ന് കൊല്ലത്തിനിടെ നടന്ന എട്ട് മത്സരങ്ങളില്‍ ദിപയ്ക്ക് പങ്കെടുക്കാന്‍ കഴിഞ്ഞത് ആകെ രണ്ടെണ്ണത്തില്‍ മാത്രം. ഒന്ന് 2018ലും മറ്റൊന്ന് 2019ലും. 2019ല്‍ വീണ്ടും പരിക്കിന്റെ പിടിയിലായി. അതോടെ ശേഷിക്കുന്ന ലോകകപ്പുകളില്‍ നിന്ന് പിന്‍വാങ്ങേണ്ടിവന്നു. 2020ലെ മൂന്ന് മത്സരങ്ങളാവട്ടെ കോവിഡ് കാരണം റദ്ദാക്കുകയും ചെയ്തു.
പതിനൊന്നാം മണിക്കൂറില്‍ കച്ചിത്തുരുമ്പു പോലെ ഒരവസരം കൂടി ലഭിച്ചു ദിപയ്ക്ക്. ഇക്കഴിഞ്ഞ മെയ് 29 മുതല്‍ നടത്താന്‍ നിശ്ചയിച്ച ഏഷ്യന്‍ ആര്‍ട്ടിസ്റ്റിക് ജിംനാസ്റ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ്. കോവിഡിന്റെ തടസ്സങ്ങള്‍ക്കിടയിലും ഇതിനുവേണ്ടി കഠിനമായ പരിശീലനത്തിലായിരുന്നു ദിപ. പക്ഷേ, വിധിയെ മാത്രം തോല്‍പിക്കാനായില്ല. കോവിഡ് കാരണം ഈ ടൂര്‍ണമെന്റ് റദ്ദാക്കി. ഇതിന് പകരം 2019ലെ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിന്റെ യോഗ്യതാ ടൂര്‍ണമെന്റായി പുനര്‍നിര്‍ണയിക്കുകയും ചെയ്തു. ഈ ടൂര്‍ണമെന്റിലാവട്ടെ ദിപയ്ക്ക് പങ്കെടുക്കാന്‍ കഴിഞ്ഞിരുന്നുമില്ല. അങ്ങനെ കായികസ്വപ്നങ്ങള്‍ പരിക്ക്മൂലം പൊലിഞ്ഞ അനേകം കായികതാരങ്ങളില്‍ ഒരാളായി മാറി ഇന്ത്യയുടെ പഴയ അത്ഭുതബാലിക.
'ഞാന്‍ അന്നാകെ തകര്‍ന്നുപോയി. ദിപയുടെ അന്ത്യമെന്ന് ആളുകള്‍ പറയുന്നത് കേള്‍ക്കുമ്പോള്‍ ചങ്ക് തകരും. ഞാനും പരിശീലകന്‍ ബിശ്വേശ്വര്‍ നന്ദിയും കഠിനമായി തന്നെ പ്രയത്‌നിക്കുന്നുണ്ടായിരുന്നു'-ദിപ ഒരു അഭിമുഖത്തില്‍ പറഞ്ഞു.
സങ്കടം ഉള്ളിലൊതുക്കി കഴിയുമ്പോഴും ദിപ പ്രതീക്ഷ കൈവിട്ടിട്ടില്ല. ടോക്യോ ലോകാവസാനമല്ല. മനസ്സിലുറച്ചാല്‍ തിരിച്ചുവരവ് അസാധ്യമല്ലെന്ന് മറ്റാരേക്കാളും നന്നായി ദിപയ്ക്കറിയാം. റിയോയില്‍ എതിരാളിയായിരുന്ന ഉസ്ബക്ക് ജിംനാസ്റ്റ് ഒസാക്ക ചുസുവിറ്റിനയാണ് ഇക്കാര്യത്തില്‍ പ്രചോദനം. റിയോയില്‍ ഏഴാം ഒളിമ്പിക്‌സില്‍ മാറ്റുരയ്ക്കാനെത്തുമ്പോള്‍ നാല്‍പത്തിയൊന്ന് വര്‍ഷവും രണ്ട് മാസവുമായിരുന്നു ചുസുവിറ്റിനയുടെ പ്രായം. ഇരുപത്തിയേഴിലെത്തിയിട്ടേയുള്ളൂ ദിപ. കാലം കടലുപോലെ കിടപ്പുണ്ട് മുന്നില്‍. പരിക്കിനെന്നല്ല, ഒന്നിനും ഒരാളെ എക്കാലവും തോല്‍പിക്കാനാവില്ലല്ലോ. തിരിച്ചുവരുമെന്നു തന്നെയാണ് ദിപ വിശ്വസിക്കുന്നത്. കുത്തുന്ന ട്വീറ്റിന് മൂര്‍ച്ചയേകുന്നതും ഈ ആത്മവിശ്വാസമാണ്.
Content Highlights: Gymnast Dipa karmakar Says I am still an artistic gymnast Tokyo Olympics 2020