അഭയാര്‍ഥി ക്യാമ്പില്‍ നിന്നും നായകനിലേക്ക്, നാടോടിക്കഥപോലെ തോമസിന്റെ ജീവിതം


2 min read
Read later
Print
Share

ഒരു അഭയാര്‍ഥിയില്‍ നിന്നും ഓസ്‌ട്രേലിയന്‍ ഫുട്‌ബോള്‍ നായകനിലേക്കുള്ള താരത്തിന്റെ യാത്ര അദ്ഭുതം ജനിപ്പിക്കുന്നതായിരുന്നു

Photo: twitter.com|Olympics

തോമസ് ഡെങ് ഇന്ന് ഓസ്‌ട്രേലിയന്‍ ഫുട്‌ബോള്‍ ടീമിന്റെ നായകനാണ്. ഒളിമ്പിക്‌സില്‍ കങ്കാരുപ്പടയെ നയിക്കുന്നത് തോമസ് ഡെങ്ങാണ്. അദ്ദേഹത്തിന്റെ നേതൃത്വപാടവത്തിന്റെ ഫലമായി ടോക്യോ ഒളിമ്പിക്‌സിലെ ആദ്യ മത്സരത്തില്‍ ശക്തരായ അര്‍ജന്റീനയെ കീഴടക്കി ഓസ്‌ട്രേലിയ കരുത്തുകാണിച്ചു.

2008 ന് ശേഷം ആദ്യമായാണ് ഓസ്‌ട്രേലിയന്‍ ടീം ഒളിമ്പിക്‌സിന് യോഗ്യത നേടിയത്. അതിനായി ടീമിനെ മുന്നില്‍ നിന്നും നയിച്ചത് തോമസാണ്. ഓസ്‌ട്രേലിയയുടെ നായകനാകും മുന്‍പ് ഫുട്‌ബോള്‍ താരമാകും മുന്‍പ് തോമസ് പിന്നിട്ട വഴികള്‍ യാതനകളുടെതായിരുന്നു. ഒരു അഭയാര്‍ഥിയില്‍ നിന്നും ഓസ്‌ട്രേലിയന്‍ ഫുട്‌ബോള്‍ നായകനിലേക്കുള്ള താരത്തിന്റെ യാത്ര അദ്ഭുതം ജനിപ്പിക്കുന്നതായിരുന്നു.

കെനിയയിലെ നെയ്‌റോബിയില്‍ ജനിച്ച തോമസ് ആറു വയസ്സുവരെ അവിടെയാണ് ജീവിച്ചത്. ആ സമയത്താണ് സൗത്ത് സുഡാനീസ് കലാപം പൊട്ടിപ്പുറപ്പെട്ടത്. പ്രാണഭയത്താല്‍ തോമസും കുടുംബവും കെനിയ ഉപേക്ഷിച്ച് ഓസ്‌ട്രേലിയയിലെത്തി. അവിടെ അഭയാര്‍ഥികളായി ജീവിതം ആരംഭിച്ചു.

അമ്മയും നാല് സഹോദരങ്ങളുമടങ്ങുന്ന കുടുംബത്തെ തോമസ് ഒറ്റയ്ക്ക് തോളിലേറ്റി. ചെറുപ്പം തൊട്ട് നന്നായി ഫുട്‌ബോള്‍ തട്ടിയിരുന്ന തോമസിന്റെ കഴിവ് ഓസ്‌ട്രേലിയയിലെ ഒരു ക്ലബ്ബ് കണ്ടെത്തി. അഡ്‌ലെയ്ഡിലുള്ള ബ്ലൂ ഈഗിള്‍സ് ഫുട്‌ബോള്‍ ക്ലബ്ബില്‍ താരം പന്തുതട്ടിത്തുടങ്ങി.

പിന്നീട് മെല്‍ബണിലെ പൊളോണിയയ്ക്ക് വേണ്ടിയും ഗ്രീന്‍ ഗള്ളിയ്ക്കും വേണ്ടി തോമസ് കളിച്ചു. ഗ്രീന്‍ ഗള്ളിയില്‍ കളിക്കുന്ന സമയത്താണ് മെല്‍ബണ്‍ വിക്ടറി ക്ലബ്ബിലേക്ക് താരത്തിന് ക്ഷണം ലഭിക്കുന്നത്. തുടര്‍ന്ന് ഓസ്‌ട്രേലിയന്‍ ദേശീയ ടീമിലും താരം ഇടം നേടി. ഇപ്പോള്‍ ഓസ്‌ട്രേലിയന്‍ ടീമിന്റെ നായകനുമായി.

ഓസ്‌ട്രേലിയയില്‍ അഭയാര്‍ഥികളായി കഴിയുന്ന നിരവധി പാവപ്പെട്ടവര്‍ക്ക് തോമസ് വലിയൊരു മാതൃകയാണ്. ' ഞാന്‍ അഭയാര്‍ഥികളുടെ പ്രതിനിധിയാണ്. എന്നെപ്പോലെ നിരവധി താരങ്ങള്‍ അഭയാര്‍ഥി ക്യാമ്പില്‍ ഇപ്പോഴും കഴിയുന്നുണ്ട്. അവരുടെ ജീവിതത്തില്‍ പ്രതീക്ഷയുടെ കണം നിറയ്ക്കാനാണ് ഞാന്‍ ശ്രമിക്കുക. എന്നെപ്പോലെ അവര്‍ക്കും സ്വപ്‌നം സാക്ഷാത്കരിക്കാനാകുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു'-തോമസ് ഒളിമ്പിക്‌സ് മത്സരത്തിനിടെ പറഞ്ഞു.

നിലവില്‍ ഓസ്‌ട്രേലിയ ഗ്രൂപ്പ് സിയില്‍ ഒന്നാം സ്ഥാനക്കാരാണ്. അര്‍ജന്റീന, സ്‌പെയിന്‍, ഈജിപ്ത് എന്നിവര്‍ ഉള്‍പ്പെട്ട മരണഗ്രൂപ്പിലും മികച്ച തുടക്കമാണ് ഓസ്‌ട്രേലിയയ്ക്ക് ലഭിച്ചിരിക്കുന്നത്.

സെന്‍ട്രല്‍ ഡിഫന്‍ഡറുടെ റോളില്‍ കളിക്കുന്ന തോമസ് ഡെങ് ഓസ്‌ട്രേലിയ അണ്ടര്‍ 20, 23 ടീമുകളില്‍ കളിച്ചിട്ടുണ്ട്. നിലവില്‍ 24 വയസ്സ് മാത്രമുള്ള താരം അര്‍ജന്റീനയ്‌ക്കെതിരായ മത്സരത്തിലാണ് ഓസ്‌ട്രേലിയന്‍ സീനിയര്‍ ടീമിനായി അരങ്ങേറിയത്. ആദ്യ മത്സരത്തില്‍ തന്നെ ഓസ്‌ട്രേലിയയുടെ നായകനായി അരങ്ങേറാനും താരത്തിന് സാധിച്ചു.

Content Highlights: From refugee to captain, Thomas Deng set for starring role for Australia on Olympic debut

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram