Photo: Getty Images
ടോക്യോ: ഭൂഗോളത്തിന്റെ ഓരോ സ്പന്ദനവും കണക്കിലാണെന്നു പറഞ്ഞ ചാക്കോ മാഷെ കേട്ടുപരിചയം പോലുമില്ല ഓസ്ട്രിയക്കാരി അന്ന കെയ്‌സന്‍ഹോവര്‍ക്ക്. കണക്കില്‍ പിഴച്ച്, കര്‍ക്കശക്കാരന്‍ അച്ഛനെ ധിക്കരിച്ച് വീടുവിട്ടിറങ്ങി താന്തോന്നിയും ഓട്ടക്കാലണയുമായി മാറിയ മകന്‍ തോമയുടെ സിനിമാക്കഥയും കേട്ടിട്ടില്ല. പക്ഷേ, ചാക്കോ മാഷ് പറഞ്ഞതുപോലെ അന്നയുടെ ജീവിതത്തിന്റെ സ്പന്ദനം കണക്കാണ്. ഈ കണക്ക് വച്ച് ജീവിക്കുക മാത്രമല്ല, ടോക്യോ ഒളിമ്പിക്‌സില്‍ പല വന്‍തോക്കുകളുടെയും കണക്ക് തെറ്റിച്ച് പൊന്നണിഞ്ഞ് അത്ഭുതതാരമാവുകയും ചെയ്തു അന്ന കെയ്ൻഹോവർ എന്ന മുപ്പതുകാരി. വമ്പന്മാര്‍ മാറ്റുരയ്ക്കുന്ന വനിതകളുടെ സൈക്ലിങ് റോഡ് റെയ്‌സിലെ സര്‍പ്രൈസ് സ്വര്‍ണമായിരുന്നു ഗണിതശാസ്ത്ര അധ്യാപിക കൂടിയായ അന്നയുടേത്.
സൈക്ലിങ് സര്‍ക്യൂട്ടില്‍ അത്ര പരിചിതമല്ലാത്ത അന്നയ്ക്ക് ടോക്യോയില്‍ മാറ്റുരയ്ക്കാനെത്തുംമുന്‍പ് ആയിരത്തില്‍ ഒരു സാധ്യതയായിരുന്നു വിദഗ്ദ്ധര്‍ കല്‍പിച്ചിരുന്നത്. മൂന്ന് തവണ ലോകചാമ്പ്യനായ ചരിത്രമുളള ഡച്ച് താരം അന്നെമെയ്ക് വാന്‍ വ്‌ള്യൂറ്റനായിരുന്നു ഇവരുടെ വോട്ട്. നിലവിലെ ചാമ്പ്യന്‍ അന്ന വാന്‍ ഡെര്‍ ബ്രെഗ്ഗന്‍, മരിയാന്നെ വോസ് എന്നിവരായിരുന്നു സാധ്യത കല്‍പിക്കപ്പെട്ട മറ്റു ചിലര്‍. അപ്പോള്‍ ചിത്രത്തിലേ ഉണ്ടായിരുന്നില്ല ലൗസേന്‍ സര്‍വകലാശാലയിലെ ഗണിതശാസ്ത്ര ലക്ചററായ അന്ന.
കണക്കില്‍ പി.എച്ച്.ഡിയെടുത്ത അന്നയ്ക്ക് പക്ഷേ, മറ്റു ചില കണക്കുകൂട്ടലുകള്‍ ഉണ്ടായിരുന്നു മനസില്‍. സൈക്ലിങ് എന്നാല്‍, വേഗവും ശാരീരികക്ഷമതയും മാത്രമല്ല, അതിലൊരു കണക്കിന്റെ കളി കൂടിയുണ്ടെന്നറിയാമായിരുന്നു അന്നയ്ക്ക്. അതായിരുന്നു തുറുപ്പുചീട്ട്. എല്ലാവരും ജിമ്മില്‍ കസര്‍ത്തു കാണിച്ചപ്പോള്‍ നല്ല അസ്സല്‍ കണക്കുടീച്ചറായി ഇവിടെയും അന്ന. റേസിലെ ഒരോ കിലോമീറ്ററും വെവ്വേറെ എടുത്ത് പിന്നിടേണ്ട സമയം കണക്കാക്കി. ഓരോ കിലോമീറ്ററിലും പയറ്റേണ്ട തന്ത്രം മെനഞ്ഞു. ഓരോ സമയത്തും കഴിക്കേണ്ട ഭക്ഷണം കണക്കുകൂട്ടി. അങ്ങനെ റേസിന്റെ സൂക്ഷ്മാംശങ്ങളോരോന്നും ഗണിതശാസത്രത്തിന്റെ കൃത്യതയോടെ കണക്കുക്കൂട്ടവച്ചു. കൂട്ടിയും കിഴിച്ചും വിജയത്തിലേയ്ക്ക് നല്ലൊരു പദ്ധതി തയ്യാറാക്കി. 'സത്യത്തില്‍ ഇതിന് വലിയ ഗണിതശാസ്ത്ര അവഗാഹമൊന്നും ആവശ്യമില്ല. പക്ഷേ, കാര്യങ്ങളെ ഇങ്ങനെ കാണുന്നതാണ് എന്റെ ശീലം.'-മത്സരശേഷം അന്ന പറഞ്ഞു.
ദേശീയ ടൈം ട്രയല്‍ ചാമ്പ്യനായ അന്നയുടെ കണക്കുകൂട്ടലുകളൊന്നും പിഴച്ചില്ല. ഫുജി പര്‍വതനിരയിലെ ട്രാക്കില്‍ 137 കിലോമീറ്റര്‍ തുടക്കം മുതല്‍ ഒടുക്കം വരേ മേധാവിത്വം പുലര്‍ത്താനായി അന്നയ്ക്ക്. താരങ്ങള്‍ കൂട്ടമായി പോകുന്ന ആദ്യഘട്ടത്തിലെ വെല്ലുവിളി കണക്കുകൂട്ടി അതിജീവിച്ച അന്ന അവസാന നാല്‍പത് കിലോമീറ്റര്‍ തനിച്ചായിരുന്നു. ആധികാരികമായി തന്നെ ഫിനിഷ് ചെയ്യുകയും ചെയ്തു. മൂന്ന് തവണ ലോകചാമ്പ്യനായ അന്നമെയ്ക് താനാണ് വിജയിച്ചതെന്ന് കരുതിയ സമയമുണ്ടായിരുന്നു. വിജയാഹ്ലാദത്തിന് മുതിരുകവരെ ചെയ്തു അന്നമെ്ക്ക്. പിന്നീടാണ് 2017ല്‍ മാത്രം പ്രൊഫഷണല്‍ രംഗത്തെത്തിയ അന്നയെന്ന ഒരു കറുത്തകുതിര ഒരു മിനിറ്റും പതിനഞ്ച് സെക്കന്‍ഡും മുന്‍പ് ഫിനിഷ് ചെയ്ത വിവരം അറിയുന്നത്. നാളിതുവരെ ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ടില്‍ പേരുപോലും കേള്‍ക്കാതിരുന്ന അന്നയുടെ വിജയവാര്‍ത്ത ഞെട്ടലോടെയാണ് മറ്റ് താരങ്ങള്‍ കേട്ടത്.
'ജയിക്കേണ്ട ആളല്ലെന്ന ഉത്തമ ബോധ്യത്തോടെയാണ് ഞാന്‍ സ്റ്റാര്‍ട്ടിങ് ലൈനില്‍ നിന്നത്. ഏതുവിധേനയും ജയിക്കണമെന്ന വാശിയുണ്ടായിരുന്നു. പക്ഷേ, മത്സരം കഴിഞ്ഞപ്പോള്‍ ഊര്‍ജമത്രയും ചോര്‍ന്ന അവസ്ഥയായിരുന്നു. അവിശ്വസനീയമായിരുന്നു ജയം. കാരണം ഈ വിജയം ആരും വിശ്വസിക്കുമായരുന്നില്ല, ഞാന്‍ പോലും. ഫിനിഷ് ലൈന്‍ മുറിച്ചുകടന്നുവെന്ന് പോലും ഇപ്പോള്‍ വിശ്വസിക്കാന്‍ പ്രയാസമാണ്'-അന്ന പറഞ്ഞു.
കായികരംഗത്ത് ട്രയാത്തലണിലായിരുന്നു അന്നയുടെ തുടക്കം. പിന്നീട് വിടാതെ പിടികൂടിയ പരിക്കുകളും സ്റ്റാമിനക്കുറവും വഴിമുടക്കി. അങ്ങനെയാണ് അന്നുവരെ യാതൊരു അറിവും ഇല്ലാതിരുന്ന സൈക്ലിങ്ങിലേയ്ക്ക് തിരിയുന്നത്. കാറ്റലോണിയന്‍ ടീമിനുവേണ്ടിയായിരുന്നു അരങ്ങേറ്റം. വൈകാതെ ലോട്ടോ സൗഡല്‍ ലേഡീസിനുവേണ്ടി പ്രൊഫഷണല്‍ സൈക്ലിങ്ങിലും കൈവച്ചു. പക്ഷേ, പ്രൊഫഷണല്‍ സൈക്ലിങ് അത്ര പെട്ടന്ന് വഴങ്ങിക്കൊടുത്തില്ല അന്നയ്ക്ക്. ഏറെക്കഴിയാതെ തന്നെ കരാര്‍ അവസാനിപ്പിക്കേണ്ടിവന്നു. ഒരു വര്‍ഷത്തിനുശേഷമായിരുന്നു തിരിച്ചുവരവ്. ടൈം ട്രയല്‍ ചാമ്പ്യന്‍ഷിപ്പില്‍ വിജയിച്ചതോടെ ആത്മവിശ്വാസം തിരിച്ചുകിട്ടി. ലോകചാമ്പ്യന്‍ഷിപ്പില്‍ ഇരുപതാം സ്ഥാനത്തെത്തി. തിരിച്ചുവരവ് ഗംഭീരമായിരുന്നെങ്കിലും വീണ്ടുമൊരു പ്രൊഫഷണല്‍ കരാര്‍ സംഘടിപ്പിക്കാനായില്ല. ഒളിമ്പിക് വിജയം ഇതിന് സഹായിക്കുമെന്നാണ് വിശ്വാസമെന്ന് മത്സരശേഷം അന്ന പറഞ്ഞു.
വിയന്ന സര്‍വകലാശാലയില്‍ നിന്ന് ബിരുദവും കേംബ്രിഡ്ജില്‍ നിന്ന് മാസ്‌റ്റേഴ്‌സ് ഡ്രിഗ്രിയും കരസ്ഥമാക്കി. ബാഴ്‌സലോണയിലെ കാറ്റലോണിയ സര്‍വകലാശാലയില്‍ നിന്ന് അപ്ലൈഡ് മാത്തമാറ്റിക്‌സില്‍ ഡോക്ടറേറ്റുമെടുത്തു. തന്റെ മത്സരങ്ങളും ഭക്ഷണക്രമവുമെല്ലാം തീരുമാനിക്കുന്നത് ഇന്ന് അന്ന തന്നെയാണ്. 'എന്റെ ജീവിതം ഞാനാണ് തീരുമാനിക്കുന്നത്. ആ ജീവിതമാണ് ഞാന്‍ നയിക്കുന്നത്. ഒരു ഗണിതശാസ്ത്രജ്ഞന്‍ കണക്കിലെ സംജ്ഞകളുടെ കുരുക്കഴിക്കുന്നത് പോലെതന്നെയാണ് ഞാന്‍ സൈക്ലിങ്ങിനെയും കാണുന്നത്. എനിക്ക് മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തയാവണം. അതുകൊണ്ടാണ് ഞാന്‍ പ്രവചനാതീതയാവുന്നതും. സാധാരണ ആളുകള്‍ക്ക് മറ്റുള്ളവരുടെ ജീവതമാവും പ്രചോദനം. ഞാന്‍ എന്റെ സഹജവാസനകളെയാണ് പിന്തുടരുന്നത്.'
ടോക്യോയില്‍ നിന്ന് മെഡലുമായി അന്ന നേരെ പോകുന്നത് സര്‍വകലാശാലയിലേയ്ക്കാണ്. അവിടെ ഒരു ലെക്ചറുണ്ട്. കളിയിലെ കുരുക്ക് അനായാസമഴിച്ചെടുത്ത് മെഡലണിഞ്ഞ അന്നയ്ക്ക് ഈ കണക്കിലെ കുരുക്കുകള്‍ എത്രയോ നിസാരമാവും. ഒളിമ്പിക് ചാമ്പ്യന്റെ ക്ലാസുകള്‍ക്കായി കാത്തിരിക്കുകയാണ് ലൗസേന്‍ സര്‍വകലാശാലയിലെ ഗണിതശാസ്ത്ര വിദ്യാര്‍ഥികള്‍. വെറുതെ കളിച്ചുനടക്കാതെ പോയിരുന്ന് പഠിക്കെന്ന് ഇവരോട് അന്നയെങ്കിലും പറയുമല്ലോ. കണക്കിലെ കളിയിലും കളിയിലെ കണക്കിലും ഒരുപോലെ വിജയിച്ചവര്‍ വേറെ ഏറെയില്ലല്ലോ.