'' മരണശേഷം, ഭാര്യയോ കുട്ടികളോ ആ മെഡല്‍ സ്വീകരിക്കാന്‍ പാടുള്ളതല്ല"


എം.പി. സുരേന്ദ്രന്‍

5 min read
Read later
Print
Share

''ബാസ്‌കറ്റ്ബോളില്‍ ഒരു വിജയി മാത്രമേയുള്ളൂ. രണ്ടും മൂന്നും മെഡലുകള്‍ വെറും സമാശ്വാസത്തിന്റെ പ്രതീകം മാത്രം. ബാസ്‌കറ്റ്ബോളിന്റെ നിയമമനുസരിച്ച് ആ ഗെയിം ജയിച്ചത് അമേരിക്കയാണ്.''

-

1972-ലെ ദുഃസ്വപ്‌നംപോലുള്ള തോല്‍വിക്കുശേഷം കെന്നത്ത് ബ്രയന്‍ ഡേവിസ് എന്ന കെന്നിഡേവിസ് തന്റെ ബാസ്‌കറ്റ്ബോള്‍ ടീമംഗങ്ങളെ കാണുന്നത് 2012-ല്‍ മാത്രമാണ്. അപ്പോഴേക്കും 40 വര്‍ഷം കഴിഞ്ഞുപോയിരുന്നു. മ്യൂണിക് ഒളിമ്പിക്‌സില്‍ സോവിയറ്റ് യൂണിയനുമായുള്ള ബാസ്‌കറ്റ്ബോള്‍ ഫൈനലിലെ പ്രചണ്ഡമായ തോല്‍വിക്കുശേഷം അവര്‍ പരസ്പരം കാണുകയായിരുന്നു. ഒരു കനല്‍ക്കാറ്റുപോലെ അവരുടെ ബാസ്‌കറ്റ്ബോള്‍ സ്വപ്‌നങ്ങളെ കശക്കിയെറിഞ്ഞ ആ തോല്‍വിക്കുശേഷം റണ്ണേഴ്സ് അപ്പിന്റെ മെഡല്‍ അവര്‍ സ്വീകരിച്ചിരുന്നില്ല.

ന്യൂയോര്‍ക്കിലെ ആ കൂടിക്കാഴ്ചയ്ക്കിടയില്‍ 12 പേരും കൈകോര്‍ത്തുപിടിച്ച് പ്രതിജ്ഞചെയ്തു. ''മരണംവരെ ആ വെള്ളിമെഡല്‍ ഞങ്ങള്‍ സ്വീകരിക്കുകയില്ല.''കെന്നിസേവിച്ച് തന്റെ പ്രിയപ്പെട്ട കൂട്ടുകാരോട് പറഞ്ഞു: ''ബാസ്‌കറ്റ്ബോളില്‍ ഒരു വിജയി മാത്രമേയുള്ളൂ. രണ്ടും മൂന്നും മെഡലുകള്‍ വെറും സമാശ്വാസത്തിന്റെ പ്രതീകം മാത്രം. ബാസ്‌കറ്റ്ബോളിന്റെ നിയമമനുസരിച്ച് ആ ഗെയിം ജയിച്ചത് അമേരിക്കയാണ്. അതുകൊണ്ട് മരണംവരെ നമ്മള്‍ ആ വെള്ളിമെഡല്‍ തിരസ്‌കരിക്കുന്നു.''

കെന്റക്കിയില്‍ തിരിച്ചെത്തിയശേഷം ഡേവിസ് ഒരു മരണപത്രം എഴുതിവെച്ചു. ''തന്റെ മരണശേഷം, ഭാര്യയോ കുട്ടികളോ ആ മെഡല്‍ സ്വീകരിക്കാന്‍ പാടുള്ളതല്ല. മക്കള്‍ക്കുശേഷം തുടര്‍ന്നുള്ള തലമുറകളും ആ പ്രതിജ്ഞ നിറവേറ്റുകതന്നെവേണം.'' കെന്നിയെ ആ മത്സരം അത്രയേറെ കയ്പുനീര്‍ കുടിപ്പിച്ചിരുന്നു. ഒളിമ്പിക്‌സിലെ ആ തോല്‍വിക്കുശേഷം ഒരു പ്രൊഫഷണലാവാന്‍പോലും കെന്നി തയ്യാറായില്ല. 1992-ല്‍ ഈ മെഡല്‍ സ്വീകരിക്കാന്‍ യു.എസ്. ഒളിമ്പിക് കമ്മിറ്റി കളിക്കാരോട് അഭ്യര്‍ഥിച്ചിരുന്നു. ടീം അംഗമായ എഡ് റാറ്റ്ലെഫ് അത് ആവശ്യപ്പെട്ടു എന്നായിരുന്നു കമ്മിറ്റിയുടെ വിശദീകരണം. എന്നാല്‍ തനിക്കത് ആവശ്യമില്ല എന്നായിരുന്നു റാറ്റ്ലെഫ് വ്യക്തമാക്കിയത്. റാറ്റ്ലെഫിന്റെ ഭാര്യ അതുമുമ്പേ ആവശ്യപ്പെട്ടിരുന്നുവെന്ന് റാറ്റ്ലെഫ് വിശദീകരിക്കുന്നുണ്ട്. ''പക്ഷേ ഇപ്പോള്‍ ഞങ്ങള്‍ ബന്ധം വേര്‍പിരിഞ്ഞ ഘട്ടത്തില്‍ അവരതിനു ആവശ്യപ്പെടുമെന്ന് തോന്നുന്നില്ല.'' ഒരു അഭിമുഖത്തില്‍ റാറ്റ്ലെഫ് അതു സൂചിപ്പിച്ചു.

1972 olympics basketball final
അമേരിക്കയുടെ ബാസ്‌കറ്റ്ബോള്‍ അജയ്യത തകര്‍ന്നുവീണ ദിവസമായിരുന്നു 1972 സെപ്റ്റംബര്‍ 10. ഒളിമ്പിക്‌സിന്റെ സമാപനത്തിന് ഒരുദിവസം മുന്‍പേ, മ്യൂണിക്കിലെ റൂഡി സെഡിമേയര്‍ ഹാളില്‍ നടന്ന ബാസ്‌കറ്റ്ബോള്‍ ഫൈനല്‍ ഏകപക്ഷീയമായ പോരാട്ടമായിരിക്കുമെന്നാണ് അമേരിക്കക്കാര്‍ കരുതിയത്. ബാസ്‌കറ്റ്ബോള്‍ അമേരിക്കയുടെ ദേശീയ വികാരമാണ്. 1936ലെ ബെര്‍ലിന്‍ ഒളിമ്പിക്‌സില്‍ ബാസ്‌കറ്റ്ബോള്‍ ഒരു ഇനമായി ഉള്‍പ്പെടുത്തിയശേഷം അമേരിക്ക ഒരു മത്സരംപോലും തോറ്റിട്ടില്ല. 63-0 എന്നാണ് അമേരിക്കയുടെ അജയ്യമായ റെക്കോഡ്. മ്യൂണിക് വരെയുള്ള എല്ലാ ഒളിമ്പിക്‌സിലും സ്വര്‍ണം അമേരിക്കയ്ക്കുതന്നെയായിരുന്നു. ഇതില്‍ പല ടീമുകളും അജയ്യതയുടെ പരിവേഷമണിഞ്ഞു. 2010-ലെ ഡ്രീം ടീമിനോട് കിടപിടിക്കുന്നതായിരുന്നു 1960-ലെ ഒളിമ്പിക് ടീം. ഈ കാലങ്ങളിലൊക്കെ യു.എസ്.എസ്.ആറും ബ്രസീലും യുഗോസ്ലാവ്യയും ഇറ്റലിയും എതിരാളികളായി ഉണ്ടായിരുന്നെങ്കിലും അമേരിക്കയെ വീഴ്ത്താന്‍ കഴിഞ്ഞിരുന്നില്ല.

1959-ലെ ലോക ബാസ്‌കറ്റ്ബോളിലും 1963-ലെ ലോകകപ്പിലും മാത്രമാണ് സോവിയറ്റ് യൂണിയന്‍ വിജയിച്ചത്. ഒളിമ്പിക്‌സില്‍ അന്നൊക്കെ പ്രൊഫഷണല്‍ കളിക്കാര്‍ക്ക് വിലക്കുണ്ടായിരുന്നു. ഈ നിയമം സോവിയറ്റ് യൂണിയനും ഈസ്റ്റ് ബ്ലോക്ക് രാജ്യങ്ങള്‍ക്കും ബാധകമായിരുന്നുവെങ്കിലും അവര്‍ അമേച്വര്‍ എന്ന വ്യാജേന പട്ടാളത്തിലും നേവിയിലുമൊക്കെയുള്ള കളിക്കാരെ ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നു. അവരെ യൂണിവേഴ്സിറ്റികളില്‍ രജിസ്റ്റര്‍ ചെയ്താണ് ടീമിലേക്കെടുത്തിരുന്നത്. പട്ടാളക്കാരെ അമേച്വര്‍ ടീമില്‍ ഉള്‍പ്പെടുത്തുന്നത് യു.എസ്.എ.യില്‍ നിയമവിരുദ്ധമായിരുന്നു.

മ്യൂണിക് ഒളിമ്പിക്‌സില്‍ പൊതുവേ അമേരിക്കന്‍ വിരുദ്ധവികാരം ശക്തമായിരുന്നു. സോവിയറ്റ് യൂണിയനുമായുള്ള ശീതസമരം മൂര്‍ച്ഛിച്ച കാലമാണിത്. ഇതിനിടയില്‍ യു.എസ്. പ്രസിഡന്റ് റിച്ചാര്‍ഡ് നിക്‌സണ്‍ എട്ടുദിവസം ചൈനയില്‍ പോയി ചെയര്‍മാന്‍ മാവോ സെ തൂങ്ങിനെ കണ്ടത് സോവിയറ്റ് യൂണിയനെ അസ്വസ്ഥമാക്കി. ഒന്നരമാസത്തിനുശേഷം അമേരിക്കന്‍ സൈന്യം വിയറ്റ്നാമില്‍ യുദ്ധം തുടങ്ങി. മേയ് മാസത്തില്‍ നിക്‌സണ്‍ മോസ്‌കോവില്‍വെച്ച് ലിയോനിദ് ബ്രഷ്മേവിനെ കണ്ട് മിസൈല്‍വിരുദ്ധ ഉടമ്പടിയില്‍ ഒപ്പുവെച്ചെങ്കിലും നിക്സണെ, സ്വന്തം നാട്ടില്‍ വാട്ടര്‍ഗേറ്റ് വിവാദം കാത്തിരുന്നു.

അമേരിക്ക ഏറ്റവും യുവത്വമുള്ള ടീമിനെയാണ് മ്യൂണിക്കിലേക്ക് അയച്ചത്. കോളേജ് ബാസ്‌കറ്റ്ബോളില്‍ അവരുടെ സൂപ്പര്‍സ്റ്റാറായിരുന്ന ബില്‍ വാള്‍ട്ടന്‍ ടീമിലേക്ക് വന്നില്ല. ഇന്നത്തെ എന്‍.ബി.എ. സൂപ്പര്‍ കോച്ചായ ഡഗ്കോളിന്‍സ്, ഏഴടി നാലിഞ്ച് ഉയരമുള്ള ടോമി ബേള്‍സണ്‍, ഫോര്‍വേഡ് ജിം ബ്രൂവര്‍, ഗ്വാര്‍ഡ് കെന്നി ഡേവിസ്, സ്വിറ്റ് ജോണ്‍സ്, കെവിന്‍ ജോയ്സ്, എഡ് റാറ്റ്ലെഫ്, ജെയിംസ് ഫോര്‍ബസ്, ടോം ഹെന്‍ഡേഴ്സണ്‍, മൈക്ക് ബാന്റണ്‍ എന്നിവരൊന്നും അമേരിക്കയിലൊഴിച്ച് എവിടെയും അറിയപ്പെടുന്നവരായിരുന്നില്ല. അതേസമയം റഷ്യന്‍ ടീമില്‍ നാല് ഒളിമ്പിക്‌സ് കളിച്ച ഗെന്നഡി മോള്‍നോവ്, സൂപ്പര്‍ താരം അലക്‌സാണ്ടര്‍ ബെലോവ്, സെര്‍ജി ബെലോവ്, മോഡസ്ലാവ് പൊളുസ്‌കാസ് എന്നിവരൊക്കെ നിര്‍ണായകഘട്ടത്തില്‍ കളി മാറ്റിമറിക്കാന്‍ കെല്‍പ്പുള്ളവരായിരുന്നു.

ചെക്കോസ്ലാവാക്യ, ഓസ്ട്രേലിയ, ക്യൂബ, ഈജിപ്ത്, ജപ്പാന്‍, സ്‌പെയിന്‍ എന്നീ ടീമുകളെ തകര്‍ത്തുവിട്ട അമേരിക്കന്‍ ടീം ബ്രസീലില്‍നിന്ന് മാത്രമാണ് വെല്ലുവിളി നേരിട്ടത്. അതേസമയം ക്യൂബ, യൂഗോസ്ലാവ്യ, ഇറ്റലി തുടങ്ങിയ ടീമുകളെ വീഴ്ത്താന്‍ സോവിയറ്റ് യൂണിയന് കടുത്ത മത്സരവീര്യം പുറത്തെടുക്കേണ്ടിവന്നു. ഫൈനല്‍ മത്സരത്തിന്റെ തലേന്ന് സോവിയറ്റ് യൂണിയന്‍ 49 സ്വര്‍ണമെഡലുകള്‍ നേടിയിരുന്നു. അവരുടെ ലക്ഷ്യം അന്‍പത് സ്വര്‍ണമാണ്.

1972 olympics basketball final
അന്‍പതാമത്തെ സ്വര്‍ണം നേടണമെന്ന് സോവിയറ്റ് ഒളിമ്പിക് കമ്മിറ്റിക്ക് കടുത്ത ആഗ്രഹമുണ്ടായി. സോവിയറ്റ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കായികവിഭാഗം തലവന്‍ ഇക്കാര്യം കമ്മിറ്റിയോട് സൂചിപ്പിച്ചിരുന്നു. അന്‍പത് സ്വര്‍ണമെഡലുമായി, അമേരിക്കയെ പിന്നിലാക്കുമ്പോള്‍ ബാസ്‌കറ്റ്ബോളിലെ വിജയം ശരിക്കും ഒരട്ടിമറി വിജയമായി മാറുമെന്ന് അവര്‍ക്കറിയാമായിരുന്നു. ചുവപ്പ് ജേഴ്സിയണിഞ്ഞ സോവിയറ്റ് കളിക്കാരും വെള്ള ജേഴ്സിയില്‍ യു.എസ്. ടീമും നിരന്നപ്പോള്‍ അമേരിക്കന്‍ ഗാര്‍ഡ് ഡഗ് കോളിന്‍സിന്റെ മനസ്സില്‍ സ്വര്‍ണമെഡല്‍ നേടുന്ന നിമിഷത്തെക്കുറിച്ചായിരുന്നു ചിന്ത. ''ഞങ്ങള്‍ രാജാക്കന്മാര്‍ തന്നെയായിരുന്നു. കളി തുടങ്ങിയപ്പോള്‍ സോവിയറ്റ് നിശ്ചയദാര്‍ഢ്യം ശരിക്കും ഞെട്ടിച്ചു. അവരുടെ സൂക്ഷ്മമായ നീക്കങ്ങള്‍ ഞങ്ങളുടെ ഗെയിമിനെ തകര്‍ത്തുകളഞ്ഞു.

ഒന്നാം പകുതി തീരുമ്പോള്‍ അവര്‍ 26-21-ന് ലീഡ് നേടിയിരുന്നു. എങ്കിലും മത്സരം തിരിച്ചുപിടിക്കാനാകുമെന്നാണ് അമേരിക്ക കരുതിയത്. പക്ഷേ, രണ്ടാം പകുതി തുടങ്ങിയപ്പോള്‍ സോവിയറ്റ് യൂണിയന്റെ ലീഡ് അഞ്ചില്‍നിന്ന് പത്തായി ഉയര്‍ന്നു. ഈ ഘട്ടത്തില്‍ തിരക്കഥയിലെന്നപോലെ ഒരു ആന്റിക്ലൈമാക്സ് സംഭവിക്കുന്നു. അമേരിക്കയുടെ സൂപ്പര്‍സ്റ്റാര്‍ സ്വിറ്റ് ജോണ്‍സിന്റെ കൈയിലുള്ള പന്തിനുവേണ്ടി ഏതാണ്ട് ശാരീരികമായിത്തന്നെ സോവിയറ്റ് താരം മിഖൈലി കോര്‍ക്കിയ പോരാടി. സ്വിറ്റ് പന്ത് വിട്ടുകൊടുക്കാതിരിക്കാന്‍ കോര്‍ക്കിയയെ തള്ളി. ഇരുവരും പുറത്താക്കപ്പെട്ടു. സൈഡ്ബെഞ്ചിലിരുന്ന് പ്രതിഷേധിച്ച റഷ്യന്‍ താരം ഇവാന്‍ സൈവോഴ്സിനെയും റഫറി പുറത്താക്കി. അമേരിക്കയ്ക്ക് അവരുടെ ഏറ്റവും മികച്ച ഫോര്‍വേഡിനെ നഷ്ടമായി. ഈ ഘട്ടം മുതല്‍ അമേരിക്ക കരുതലോടെ തിരിച്ചടിക്കാന്‍ തുടങ്ങി. മത്സരത്തില്‍ ആറുമിനിറ്റ് അവശേഷിക്കുമ്പോള്‍ ഈ മുന്നേറ്റങ്ങളുടെ ഭാഗമായി റഷ്യന്‍ ആധിപത്യം യു.എസ്. കുറച്ചുകൊണ്ടിരുന്നു. കളിതീരാന്‍ 10 സെക്കന്‍ഡ് അവശേഷിക്കെ സോവിയറ്റ് ലീഡ് 49-48 ആയി അവര്‍ വെട്ടിക്കുറച്ചു. അതോടെ മത്സരം കളിക്കാരുടെയും കാണികളുടെയും സിരകളെ തീപിടിപ്പിച്ചു.

മത്സരം പുരോഗമിക്കവേ സോവിയറ്റ് ബാസ്‌കറ്റിനടുത്തേക്ക് പന്തുമായി കുതിച്ച കെവിന്‍ ജോയ്സിനെ, സുറാബ് സാക്കന്‍ഡെലിസ് കൈയില്‍തട്ടി ലക്ഷ്യം തെറ്റിച്ചു. അലക്സാണ്ടര്‍ ബെവോവിന്റെ ഒരു ക്രോസ്‌കോര്‍ട്ട് പാസ്, കോര്‍ട്ടിന്റെ ഒത്ത മധ്യത്തില്‍വെച്ച് പിടിച്ചെടുത്തായിരുന്നു ഡഗ് കോളിന്‍സിന്റെ ശ്രമം. ഇതോടെ റഫറി രണ്ട് ഫ്രീത്രോ അനുവദിച്ചു. ആദ്യത്തെത് കോളിന്‍സ് ബാസ്‌കറ്റ് ചെയ്തു. അതോടെ, സ്‌കോര്‍ 49-49 ആയി. രണ്ടാമത്തെ ഫ്രീത്രോ കോളിന്‍സ് എറിയുന്നതിനിടയ്ക്ക് സ്‌കോറര്‍ടേബിളില്‍നിന്ന് ഹോണ്‍ മുഴങ്ങി. പക്ഷേ, പന്ത് അപ്പോഴേക്കും വല കടന്നിരുന്നു. അതോടെ സ്‌കോര്‍ 50- 49 ആയി. ഈ സമയത്താണ് സോവിയറ്റുകള്‍ ടൈംഔട്ട് വിളിക്കുന്നത്. റഫറി അത് നിരസിച്ചു. പക്ഷേ, കളി തുടങ്ങിയ അതേ നിമിഷത്തില്‍ സോവിയറ്റ് താരം അമേരിക്കന്‍ ബാസ്‌കറ്റിനടുത്തേക്ക് പന്ത് നീട്ടിയെറിഞ്ഞെങ്കിലും ബെലോവിന് അത് സ്‌കോര്‍ചെയ്യാന്‍ കഴിഞ്ഞില്ല. അതോടെ കളിതീര്‍ന്നുവെന്നു കരുതി അമേരിക്കക്കാര്‍ തുള്ളിച്ചാടി. പക്ഷേ, ടൈംഔട്ട് സംബന്ധിച്ച് തീരുമാനമെടുക്കാന്‍ കളി നിര്‍ത്തിയതായി റഫറി അറിയിച്ചു. അമേരിക്കക്കാര്‍ പ്രതിഷേധവുമായി രംഗത്തെത്തി. കോച്ച് ഹാങ്ക് ഇബ ഇത് വന്‍ ചതിയാണെന്ന് വിളിച്ചുപറഞ്ഞു.

SPORTS MASIKA
സ്‌പോര്‍ട്‌സ് മാസിക വാങ്ങിക്കാം...">
സ്‌പോര്‍ട്‌സ് മാസിക വാങ്ങിക്കാം...

ഒഫീഷ്യല്‍സ് ഇതിനിടയില്‍ ക്ലോക്ക് റീസെറ്റ് ചെയ്തു. അതോടെ മൂന്നുസെക്കന്‍ഡ് സമയം കളിക്ക് കിട്ടി. യു.എസ്. ടീമും കോച്ചും ആരാധകരും പ്രതിഷേധം കനപ്പിച്ചു. കളി പുനരാരംഭിച്ച നിമിഷം എസ്ഷ്‌കോ ഒരു ഷോര്‍ട്ട്ബോള്‍ മോസ്സ്റ്റാസിന് നല്‍കി. ബോള്‍, ബെലോവിന് നല്‍കുന്നതിനിടയ്ക്ക് വീണ്ടും സ്‌കോര്‍ടേബിളില്‍നിന്ന് ഹോണ്‍ മുഴങ്ങി. ഒടുവില്‍ കളി പുനരാരംഭിച്ചപ്പോള്‍ എസ്ഷ്‌കോ ഒരു ഷോര്‍ട്ട്പാസ് ഇടുമെന്നാണ് അമേരിക്കക്കാര്‍ കരുതിയത്. പക്ഷേ, അയാള്‍ ഒരു ഫുള്‍കോര്‍ട്ട് പാസെറിഞ്ഞു. അത് പിടിക്കാന്‍ കെറിന്‍ജോയ്സും ജിംഫോര്‍ബസും ചാടിയെങ്കിലും അവരെക്കാള്‍ ഉയരത്തില്‍ ഉയര്‍ന്നുചാടിയ ബെലോവ് ബാലന്‍സ് തെറ്റിയെങ്കിലും ഒന്ന് നിന്നതിനുശേഷം ചാടിയുയര്‍ന്ന് ബോള്‍ ബാസ്‌കറ്റ് ചെയ്തു. സ്‌കോര്‍ 51-50

അങ്ങനെ റഷ്യ 50 സ്വര്‍ണം തികച്ചു. ബെലോവ് ഒരു ഹീറോ ആയി. പിന്നീട് യൂറോപ്പിലെത്തന്നെ മികച്ച കളിക്കാരനായി മാറിയ സെര്‍ജി ബെലോവ് ലോകത്തിലെത്തന്നെ ആദ്യത്തെ ഹാള്‍ ഓഫ് ഗെയിം ആയി മാറി. മത്സരം തീര്‍ന്നപ്പോള്‍ അമേരിക്കന്‍ കളിക്കാര്‍ക്ക് സങ്കടവും രോഷവും തോന്നി. ഒഫീഷ്യല്‍ സ്‌കോര്‍ഷീറ്റില്‍ റഫറി റെനാറ്റോ ഒപ്പുവെച്ചില്ല. അമേരിക്ക പരാതി നല്‍കി. ക്ലോക്ക് എന്തിന് റീസെറ്റ് ചെയ്തു? ഇതായിരുന്നു അവരുടെ ചോദ്യം. ഫിബ നിയമങ്ങള്‍ മുഴുവന്‍ കാറ്റില്‍ പറത്തി സോവിയറ്റ് യൂണിയന് അനുകൂലമായി തീരുമാനമെടുത്തതായി അവര്‍ വിശദീകരിച്ചു. അമേരിക്കന്‍ ടീം മെഡല്‍ദാനച്ചടങ്ങില്‍ പങ്കെടുത്തില്ല. ഇപ്പോഴും സ്വിറ്റ്സര്‍ലന്‍ഡില്‍ ലുസന്നെയിലെ ഒളിമ്പിക് മ്യൂസിയത്തിലുള്ള ഒരു ഷെല്‍ഫില്‍ ആ മെഡലുകള്‍ ആരാലും ധരിക്കപ്പെടാതെ ഇരിക്കുന്നുണ്ട്.

സ്‌പോര്‍ട്‌സ് മാസികയില്‍ പ്രസിദ്ധീകരിച്ച ലേഖനം

Content Highlights: 1972 olympics basketball final

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram