ചുരുട്ടിയ മുഷ്ടിയുടെ രാഷ്ട്രീയം: ബ്ലാക്ക് പവര്‍ സല്യൂട്ട്


7 min read
Read later
Print
Share

സര്‍വശക്തിയുമെടുത്ത് ഞാന്‍ കുതിക്കുമ്പോള്‍ ലോകമെമ്പാടും ആക്രമിക്കപ്പെടുകയും ചവിട്ടിയരയ്ക്കപ്പെടുകയും ചെയ്യുന്ന ജനങ്ങളുടെ മുഖം എന്റെ മനസ്സിലുണ്ടായിരുന്നു. അവര്‍ നേരിടുന്ന വിശപ്പ്, അപമാനം, അസ്പൃശ്യത എന്നിവ ലോകത്തിന് കാട്ടിക്കൊടുക്കണമെന്ന് എന്റെ മനസ്സ് നിരന്തരം പറഞ്ഞു

7300 അടി തുംഗത (ആള്‍ട്ടിട്യൂഡ്) യുള്ള മെക്‌സിക്കോ ഒളിമ്പിക് സ്റ്റേഡിയത്തില്‍ അമേരിക്കയുടെ ദേശീയഗാനം ഉയര്‍ന്നുകൊണ്ടിരിക്കെ, വിജയപീഠത്തില്‍നിന്ന ടോമി സ്മിത്തിന്റെ ചുരുട്ടിപ്പിടിച്ച വലതുമുഷ്ടി പതുക്കെ ആകാശത്തിലേക്കുയര്‍ന്നു. മുഷ്ടി ഉയര്‍ത്തിപ്പിടിക്കവെ സ്മിത്ത് തലതാഴ്ത്തി. പിന്നാലെ ജോണ്‍ കാര്‍ളോസിന്റെ ഇടതുകരം പതുക്കെ ഉയര്‍ന്നു. കാര്‍ളോസും ശിരസ്സ് കുനിച്ചിരുന്നു. വിജയപീഠത്തിലുണ്ടായിരുന്ന മൂന്നാമത്തെയാള്‍ ഓസ്ട്രേലിയക്കാരന്‍ പീറ്റര്‍ നോര്‍മന്‍ തന്റെ ജാക്കറ്റില്‍ മനുഷ്യാവകാശ സംരക്ഷണത്തിന്റെ വെളുത്ത ബാഡ്ജും അണിഞ്ഞുനിന്നു.

ആ ചിത്രമെടുക്കാന്‍ ലൈഫ് ഫോട്ടോഗ്രാഫര്‍ ജോണ്‍ ഡൊമിനിസ് ക്യാമറ തെല്ല് ആകാശത്തിലേക്കുയര്‍ത്തി. സ്മിത്തിന്റെയും കാര്‍ലോസിന്റെയും കരങ്ങളുടെ ആംഗിള്‍ കൃത്യമായി ഫോക്കസ് ചെയ്ത് ഡൊമിനിസ് ക്ലിക്ക്‌ചെയ്തു.
അതൊരു അഭിവാദ്യമായിരുന്നു. ലോകം ഏറ്റവും കൂടുതല്‍ ചര്‍ച്ചചെയ്ത അഭിവാദ്യം. അതൊരു ഐക്യദാര്‍ഢ്യ പ്രസ്താവനയായിരുന്നു. ലോകത്തെമ്പാടുമുള്ള അധ്വാനിക്കുന്ന ജനങ്ങള്‍ അഭിവാദ്യം ചെയ്യുന്ന രീതി. ചുരുട്ടിപ്പിടിച്ച മുഷ്ടി കരുതലിന്റെ ചിഹ്നമാണ്. ലോകത്തിലെ ഏറ്റവും നിശ്ശബ്ദമായ ആ അഭിവാദ്യത്തിന് പിന്നില്‍ നീറിപ്പിടിച്ച വേദനയുടെ നീറ്റലുമുണ്ടായിരുന്നു. ലോകം അതിനെ 'ബ്ലാക്ക് പവര്‍ സല്യൂട്ട്' എന്നാണ് വിളിച്ചത്.

1968 മെക്‌സിക്കോ ഒളിമ്പിക്‌സില്‍ ഒക്ടോബര്‍ പതിനാറിന് നടന്ന ആ മെഡല്‍ വിതരണ പരിപാടി തുടക്കത്തില്‍ ക്രോധവും പരിഹാസവും ഉത്കണ്ഠയും പ്രതിഷേധവുമൊക്കെയാണ് ജനിപ്പിച്ചതെങ്കിലും പിന്നീടത് മനുഷ്യവംശത്തിന്റെ ചരിത്രത്തിലെ ഏറ്റവും വാചാലമായ രാഷ്ട്രീയപ്രസ്താവനയായി മാറി.
ദേശീയഗാനം കഴിഞ്ഞപ്പോള്‍, സ്റ്റേഡിയത്തിലെ കാണികള്‍ അവരെ കൂകിവിളിച്ചു. ഒളിമ്പിക്‌സിന്റെ അച്ചടക്കസമിതി അടിയന്തരയോഗം ചേര്‍ന്നു. കറുത്തഗ്ലൗസ് ധരിച്ചാണ് സ്മിത്തും കാര്‍ളോസും തങ്ങളുടെ പ്രകടനം നടത്തിയതെന്ന് സമിതിക്ക് ബോധ്യമായി. സ്മിത്ത് കഴുത്തില്‍ ഒരു സ്‌കാര്‍ഫ് ധരിച്ചിരുന്നു. കാര്‍ളോസാകട്ടെ ജാക്കറ്റ് പ്രകോപനപരമായി തുറന്നിട്ടിരുന്നു. അത് ഒളിമ്പിക് മര്യാദകള്‍ക്ക് വിരുദ്ധമാണ്. ഡൊമിനിസ് പകര്‍ത്തിയതും മറ്റ് ഫോട്ടോഗ്രാഫര്‍മാര്‍ ക്ലിക്ക്‌ചെയ്തതും ഒരേ ചിത്രമായിരുന്നെങ്കിലും ഡൊമിനിസിന്റെ ആംഗിള്‍ ആ ചിത്രത്തിന് മറ്റൊരു മാനം പകര്‍ന്നു. അതൊരു രാഷ്ട്രീയനാടകം മാത്രമല്ല, ലോകത്തോടുള്ള അഭ്യര്‍ഥനകൂടിയായിരുന്നുവെന്ന് ധ്വനിപ്പിക്കുന്നതായിരുന്നു 'ലൈഫ്' മാസികയില്‍വന്ന ഡൊമിനിസിന്റെ ചിത്രം. തൊട്ടുപിന്നാലെ അമേരിക്കയില്‍ മറ്റൊരു രംഗം അരങ്ങേറി. ദേശീയഗാനം പാടിക്കൊണ്ടിരിക്കെ അമേരിക്കന്‍ ഫുട്ബോള്‍ ലീഗിലെ റഗ്ബി താരങ്ങള്‍ മുട്ടുകുത്തിനിന്ന് പോലീസ് അതിക്രമത്തിനെതിരേ പ്രതിഷേധിച്ചു.


കറുത്തവര്‍ക്കെതിരായ നിയമത്തിന്റെ കാര്‍ക്കശ്യങ്ങള്‍, പോലീസിന്റെ വിദ്വേഷംനിറഞ്ഞ ക്രൂരഭേദ്യങ്ങള്‍, കലാലയങ്ങളിലെ കറുപ്പ്-വെളുപ്പ് വിഭജനങ്ങള്‍, പൊതുഇടങ്ങളിലെ മാറ്റിനിര്‍ത്തല്‍ എന്നിവ അമേരിക്കയുടെ സാമൂഹികജീവിതത്തിലെ ഇരുണ്ടവശങ്ങളാണെന്ന് ലോകത്തിന് ബോധ്യമായി. സ്വാതന്ത്ര്യത്തിന്റെയും നീതിയുടെയും ലോകങ്ങള്‍ നിഷേധിക്കപ്പെടുന്നതിന്റെ അര്‍ഥവത്തായ പ്രഖ്യാപനമാണ് ആ ഉയര്‍ത്തിപ്പിടിച്ച മുഷ്ടിയിലൂടെ ലോകം വായിച്ചെടുത്തത്.
ബ്ലാക്ക് പവര്‍ സല്യൂട്ടിനെ വിമര്‍ശിച്ച അമേരിക്കന്‍ മീഡിയയ്ക്കുപോലും പിന്നീട് തങ്ങളുടെ വാക്കുകള്‍ വിഴുങ്ങേണ്ടിവന്നു. ടോമി സ്മിത്ത് വെറുമൊരു അത്ലറ്റ് മാത്രമല്ല. ഒളിമ്പിക്‌സില്‍ 200 മീറ്റര്‍ ലോകറെക്കോഡ് തകര്‍ത്ത താരംകൂടിയാണെന്ന് ഓര്‍മവേണമെന്ന് പൗരാവകാശനേതാവ് ഹരി എഡ്വേര്‍ഡ്സ് മാധ്യമങ്ങളെ ഓര്‍മിപ്പിക്കുകയും ചെയ്തു. മെക്‌സിക്കോ ഒളിമ്പിക്‌സിലെ വിഖ്യാതമായ പ്രകടനങ്ങള്‍ മുഴുവനും ബ്ലാക്ക് പവര്‍ സല്യൂട്ടിലൂടെ പിന്‍നിരയിലായി. ഡിക്ക് ഫോസ്ഫെറി, തന്റെ പേര് അനശ്വരമാക്കിയ ഫോസ്ഫെറിച്ചാട്ടം പരിചയപ്പെടുത്തിയതും ബോബ് ബിമോണിന്റെ വിസ്മയകരമായ ലോങ്ജമ്പും ചെക്ക് താരം വെരാ കാസ്ലാവസ്‌ക, രാജ്യത്തിനുവേണ്ടി മെഡലുകള്‍ വാരിയതുമൊക്കെ ചരിത്രമായെങ്കിലും ബ്ലാക്ക് പവര്‍ സല്യൂട്ട് ഒളിമ്പിക് ചരിത്രത്തിലെ കനല്‍ക്കാറ്റായി മാറി.
അമേരിക്കയാവട്ടെ ബ്ലാക്ക് പവര്‍ സല്യൂട്ടോടെ കൂടുതല്‍ പ്രതിരോധത്തിലായി. വിയറ്റ്നാംയുദ്ധം അമേരിക്കയുടെ കൈ പൊള്ളിച്ചുകൊണ്ടിരുന്നു.

അമേരിക്കന്‍ നഗരങ്ങളില്‍ കറുത്തവര്‍ക്കെതിരേ പോലീസ് നിരന്തരം കൈയേറ്റങ്ങള്‍ നടത്തി. മാര്‍ട്ടിന്‍ ലൂതര്‍ കിങ്ങിന്റെയും റോബര്‍ട്ട് കെന്നഡിയുടെയും വധമാകട്ടെ അമേരിക്കയെ പ്രതിക്കൂട്ടിലാക്കി. അമേരിക്കന്‍ ഭരണകൂടത്തെ പ്രതിനായകനായി ലോകം നോക്കിക്കണ്ട കാലമാണിത്. അതിന് പിന്നാലെ വന്ന ബ്ലാക്ക് പവര്‍ സല്യൂട്ട് അമേരിക്കയെ വേട്ടക്കാരനായി ചിത്രീകരിച്ചു.

വിഖ്യാതമായ ആ ചിത്രം പകര്‍ത്തിയ ഡൊമിനിസ് 2013-ല്‍ മരണമടഞ്ഞിരുന്നു. മരണത്തിന് മുന്‍പ് സ്മിത്ത്സോണിയന്‍ മാസികയുടെ ഒരഭിമുഖത്തില്‍ ഡൊമിനിസ് പറഞ്ഞു: ''ചിത്രം എടുക്കുമ്പോള്‍ അതൊരു മഹത്തായ വാര്‍ത്താചിത്രമാകുമെന്ന് വിചാരിച്ചതേയില്ല.'' മറ്റു ഫോട്ടോഗ്രാഫര്‍മാര്‍ ചിത്രം പകര്‍ത്തിയെങ്കിലും ഡൊമിനിസിന്റെ ഇമേജായിരുന്നു കൂടുതല്‍ ശക്തം. ''അത് ശോകപൂര്‍ണമായ ഒരു നിലവിളിപോലെയായിരുന്നു'' -ഡൊമിനിസ് പിന്നീട് കൂട്ടിച്ചേര്‍ത്തു.
ടോമി സ്മിത്ത് 2016-ല്‍ പറഞ്ഞത് ആ പ്രതിഷേധം, സ്വാതന്ത്ര്യത്തിനായുള്ള നീണ്ട കരച്ചില്‍ മാത്രമായിരുന്നു എന്നാണ്. ''അതില്‍ ക്രോധമില്ല. പ്രതിഷേധം പോലുമില്ല. ലോകമെമ്പാടുമുള്ള പതിതരുടെ അവസ്ഥയാണ്.''
ഒളിമ്പിക്സിന്റെ ചരിത്രത്തില്‍ കൃത്യമായി ആസൂത്രണം ചെയ്ത ഒരു പ്രതിഷേധമായിരുന്നു അത്. ടോമി സ്മിത്തും ജോണ്‍ കാര്‍ളോസും മെക്‌സിക്കോയില്‍ എത്തുന്നതുതന്നെ 200 മീറ്ററില്‍ കരുത്തുകാണിക്കാനാണ്.


വംശീയവിദ്വേഷത്തിന്റെ നാളുകളിലാണ് ടോമി സ്മിത്ത് ജനിക്കുന്നത്. റിച്ചാര്‍ഡ് സ്മിത്തിന്റെയും ഡോറയുടെയും പന്ത്രണ്ട് മക്കളില്‍ ഏഴാമനായി ജനിച്ച ടോമി, ചെറുപ്രായത്തില്‍ കടുത്ത ന്യൂമോണിയ ബാധിച്ച് ദുരിതത്തിലായി. എങ്കിലും മകന്റെ ഉത്സാഹംകണ്ട് മാതാപിതാക്കള്‍ അവനെ കളിക്കാന്‍ വിട്ടു. ക്ലാര്‍ക്ക്സ് വില്ലെയിലെ അപ്രശസ്തമായ ഒരു അത്ലറ്റിക് ക്ലബ്ബില്‍ ചേര്‍ന്ന ടോമി ആദ്യം അമേരിക്കന്‍ ഫുട്ബോളിലാണ് ഭാഗ്യം പരീക്ഷിച്ചത്. പിന്നീട് ബാസ്‌കറ്റ് ബോളിലേക്ക് മാറി. അക്കാലത്തെ കറുത്ത വര്‍ഗക്കാരായ കുട്ടികള്‍ അവസരം തേടിയിരുന്നത് ഫുട്ബോളിലും (റഗ്ബി) ബാസ്‌കറ്റിലുമായിരുന്നു. കാലിഫോര്‍ണിയയിലെ ലെമര്‍ ഹൈസ്‌കൂളില്‍ പരിശീലനം തുടര്‍ന്ന ടോമി പഠനത്തിലും മുന്‍പിലായിരുന്നു. ലെമറില്‍ പഠിക്കുമ്പോഴാണ് അത്ലറ്റിക്സില്‍ താത്പര്യം ജനിക്കുന്നത്. ലെമര്‍ സ്‌കൂളില്‍നിന്ന് ടെക്സാസ് സാന്‍ജോസ് യൂണിവേഴ്സിറ്റിയിലേക്കുള്ള ടോമിയുടെ യാത്ര ഒരു സ്‌കോളര്‍ഷിപ്പിന്റെ പിന്‍ബലത്തിലായിരുന്നു.

ബാസ്‌കറ്റ്ബോളില്‍ അസാമാന്യമായ വേഗത്തില്‍ പന്തുമായി ഓടുന്ന ടോമിയെ കോച്ച് ബസ്വിന്റര്‍ കണ്ടെത്തിയതോടെയാണ് ടോമി സ്പ്രിന്റിലേക്ക് തിരിയുന്നത്. 200 മീറ്റര്‍ ഡാഷില്‍ ടോമി വളരെ വേഗത്തില്‍ സര്‍വകലാശാലാ റെക്കോഡുകള്‍ സ്ഥാപിച്ചു. 1967-ല്‍ ലോക യൂണ്യവേഴ്സാഡില്‍ ലോകറെക്കോഡോടെ ടോമി സ്വര്‍ണവും നേടി. ഈ ഘട്ടത്തിലാണ് യൂണിവേഴ്സിറ്റിയില്‍ത്തന്നെ ടോമിക്ക് എതിരാളിയായി ജോണ്‍ കാര്‍ളോസ് എത്തുന്നത്. ന്യൂയോര്‍ക്കിലെ ഹാര്‍ലെമില്‍നിന്നാണ് ജോണ്‍ സാന്‍ജോസ് സ്റ്റേറ്റ് കോളേജില്‍ എത്തുന്നത്. രണ്ടുപേരുടെയും പരിശീലകന്‍ ബഡ്വിന്റര്‍തന്നെയായിരുന്നു.
ക്യൂബയില്‍നിന്നുള്ള മാതാപിതാക്കളുടെ മകനായ കാര്‍ളോസ് തുടക്കത്തില്‍ ടോമിയുടെ റെക്കോഡ് തിരുത്തിയെഴുതിയിരുന്നു. ടെക്സാസ് മീറ്റില്‍ നൂറിലും ഇരുന്നൂറിലും റിലെയിലും കാര്‍ളോസ് സ്വര്‍ണം നേടി. ലേക്ക് താഹോയില്‍ നടന്ന ഒളിമ്പിക് ട്രയല്‍സിലും 19.92 സെക്കന്‍ഡിന്റെ പുതിയ സമയം കാര്‍ളോസ് കണ്ടെത്തിയിരുന്നു.
കോളേജില്‍ സോഷ്യോളജി പ്രൊഫസറും പൗരാവകാശ പ്രസ്ഥാനങ്ങളുടെ നേതാവുമായ ഹാരി എഡ്വേര്‍ഡിന് ടോമിയുടെയും കാര്‍ളോസിന്റെയും ഒളിമ്പിക് മെഡല്‍ സാധ്യതകള്‍ അറിയാമായിരുന്നു. അമേരിക്കന്‍ ഭരണകൂടവും പോലീസും കറുത്ത വര്‍ഗക്കാരുടെ അവകാശങ്ങള്‍ നിരന്തരം ഹനിക്കുന്നത് ഹാരി പലയിടത്തും ചൂണ്ടിക്കാട്ടിയിരുന്നു.

ഈ പ്രതിഷേധം ലോകത്തിന്റെ മുന്‍പില്‍ അവതരിപ്പിക്കാനുള്ള മികച്ച വേദിയായാണ് ഒളിമ്പിക്സിനെ, ഒരു കായികതാരം കൂടിയായ ഹാരി കണ്ടത്.
അതേസമയം ഒളിമ്പിക്‌സില്‍നിന്ന് അമേരിക്ക പിന്മാറണമെന്നായിരുന്നു ടോമിയുടെയും കാര്‍ളോസിന്റെയും ആവശ്യം. അവര്‍ നാല് ആവശ്യങ്ങളാണ് മുന്‍പില്‍ വെച്ചത്. മെക്സിക്കോ സൗത്ത് ആഫ്രിക്കയെ ഒളിമ്പിക്‌സിലേക്ക് ക്ഷണിക്കരുത്. ഒളിമ്പിക് കമ്മിറ്റി മരവിപ്പിച്ച മുഹമ്മദ് അലിയുടെ ഹെവിവെയ്റ്റ് ബോക്സിങ് കിരീടം നിലനിര്‍ത്തണം. ഒളിമ്പിക് കമ്മിറ്റിയുടെ പ്രസിഡന്റായ എവരിബ്രണ്ടാഷ് ആ സ്ഥാനം ഒഴിയണം. കൂടുതല്‍ ആഫ്രോ അമേരിക്കന്‍ കോച്ചുകളെ അനുവദിക്കണം.
ഹാരി എഡ്വേര്‍ഡ്സ് ജന്മം നല്‍കിയ ഒളിമ്പിക് പ്രോജക്ട് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് സംഘടനയില്‍ ടോമി സ്മിത്ത് ഈ ആവശ്യങ്ങള്‍ ഉന്നയിച്ചു. അതിനുവേണ്ട പ്രചാരവേല നടത്തണമെന്നും ടോമി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത് അത്രവേഗം പരിഹരിക്കപ്പെടില്ലെന്ന് വന്നതോടെ സ്മിത്ത് പ്രതിഷേധിക്കാന്‍ പുതുമാര്‍ഗങ്ങള്‍ തേടുകയായിരുന്നു. അമേരിക്കയിലെയും മറ്റു രാജ്യങ്ങളിലെയും ദാരിദ്ര്യത്തിനെതിരേ ഉറച്ച സന്ദേശം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് സ്മിത്ത് മെക്സിക്കോയിലേക്ക് പറന്നത്.
മെക്സിക്കോയിലെ 200 മീറ്റര്‍ മത്സരത്തില്‍ വിജയിക്കുമെന്ന കാര്യത്തില്‍ സ്മിത്തിന് യാതൊരു സംശയവുമുണ്ടായിരുന്നില്ല.

സ്മിത്തിന്റെ അപാരമായ ഇച്ഛാശക്തി 200 മീറ്ററിന്റെ ഫൈനലില്‍ തെളിഞ്ഞുനിന്നു. തുടക്കത്തില്‍ പിന്നിലായെങ്കിലും ആദ്യത്തെ 25 മീറ്ററിനുള്ളില്‍ ഗതിവേഗം കണ്ടെത്തിയ സ്മിത്ത് വ്യക്തമായ പദ്ധതിയോടുകൂടിയാണ് ഓടിയത്. സ്മിത്തിന് പിന്നാലെ ഓടിയ കാര്‍ളോസിന് ഒരിക്കലും സ്മിത്തിനോട് ഒപ്പമെത്താല്‍ കഴിഞ്ഞില്ല. അവസാനത്തെ പത്തുമീറ്ററില്‍ പീറ്റര്‍ നോര്‍മന്‍ മുന്നിലേക്ക് കുതിച്ച് കരുത്തുകാട്ടുകയും ചെയ്തു. 200 മീറ്ററില്‍ സ്മിത്ത് 19.83 സെക്കന്‍ഡിന്റെ പുതിയ ലോകറെക്കോഡ് സ്ഥാപിക്കുകയും ചെയ്തു. ഒളിമ്പിക്‌സില്‍ 20 സെക്കന്‍ഡില്‍ താഴെ ഓടുന്ന ആദ്യത്തെ താരമായി സ്മിത്ത്. നോര്‍മനായിരുന്നു വെള്ളിമെഡല്‍. അവസാന നിമിഷത്തില്‍ കാര്‍ളോസ് മൂന്നാമതായി.
സമ്മാനദാനച്ചടങ്ങിനെക്കുറിച്ച് ഒളിമ്പിക് ഗ്രാമത്തില്‍വെച്ച് മീറ്റിന്റെ ഒരു ഒഫീഷ്യല്‍ അറിയിച്ചപ്പോള്‍തന്റെ യഥാര്‍ഥ മീറ്റ് വരാനിരിക്കുന്നതേയുള്ളൂ എന്ന് സ്മിത്തിന് തോന്നി. ''സര്‍വശക്തിയുമെടുത്ത് ഞാന്‍ കുതിക്കുമ്പോള്‍ ലോകമെമ്പാടും ആക്രമിക്കപ്പെടുകയും ചവിട്ടിയരയ്ക്കപ്പെടുകയും ചെയ്യുന്ന ജനങ്ങളുടെ മുഖം എന്റെ മനസ്സിലുണ്ടായിരുന്നു. അവര്‍ നേരിടുന്ന വിശപ്പ്, അപമാനം, അസ്പൃശ്യത എന്നിവ ലോകത്തിന് കാട്ടിക്കൊടുക്കണമെന്ന് എന്റെ മനസ്സ് നിരന്തരം പറഞ്ഞു''-പില്‍ക്കാലത്ത് സ്മിത്ത് എഴുതി.


ആദ്യം സ്മിത്തും കാര്‍ളോസും നോര്‍മനോടാണ് ഇക്കാര്യം പറഞ്ഞത്. പ്രതിഷേധത്തിന്റെ വ്യാപ്തിയാലോചിച്ചപ്പോള്‍ നോര്‍മന്‍ നടുങ്ങി. ''നിങ്ങളുടെ അത്ലെറ്റിക് സ്വപ്‌നങ്ങള്‍ക്ക് പിന്നീട് ജീവിതത്തില്‍ ഒരു സ്ഥാനമുണ്ടാകില്ല'' എന്ന് നോര്‍മന്‍ തറപ്പിച്ചുപറഞ്ഞു. നോര്‍മനാണ് കറുത്ത ഗ്ലോവ് ധരിക്കണമെന്ന് നിര്‍ദേശിച്ചത്. മറ്റൊരു രാജ്യത്തിന്റെ പൗരനെന്ന നിലയ്ക്ക് തനിക്കത് ചെയ്യാനാവുകയില്ലെങ്കിലും മനുഷ്യാവകാശ സംരക്ഷണപദ്ധതിയുടെ ബാഡ്ജ് ധരിച്ചുകൊണ്ട് താന്‍ വിജയപീഠത്തില്‍ നില്‍ക്കാമെന്ന് അദ്ദേഹം സമ്മതിച്ചു. 2006-ല്‍ ഹൃദയാഘാതംമൂലം നോര്‍മന്‍ മരണമടഞ്ഞപ്പോള്‍ ആ ശവമഞ്ചം ചുമക്കാന്‍ ടോമി സ്മിത്തും ജോണ്‍ കാര്‍ളോസും മെല്‍ബണില്‍ എത്തി.
സ്മിത്തിന്റെയും കാര്‍ളോസിന്റെയും നടപടി വലിയ പ്രതിഷേധമാണ് ജനിപ്പിച്ചത്. ഒളിമ്പിക് കമ്മിറ്റി, അത് ഗുരുതരമായ വീഴ്ചയാണെന്നും ഒളിമ്പിക് സ്പിരിറ്റിനെ അപമാനിക്കുന്നതാണെന്നും വിലയിരുത്തി. രണ്ടുദിവസത്തിനകം ഒളിമ്പിക് ഗ്രാമം വിടണമെന്ന് സമിതി അവരോട് ആവശ്യപ്പെട്ടു.
പിന്നീട് ലോകം ആ അഭിവാദ്യത്തെ സഹര്‍ഷം സ്വാഗതംചെയ്യുകയാണുണ്ടായത്. സ്മിത്തിനെയും കാര്‍ലോസിനെയും അയോഗ്യരാക്കിയ നടപടിപോലും പരക്കെ വിമര്‍ശിക്കപ്പെട്ടു. അമേരിക്കന്‍ ഒളിമ്പിക് കമ്മിറ്റി അധ്യക്ഷന്‍ ആവെരി ബ്രണ്ടാഷിനെതിരേയും കുറ്റപ്പെടുത്തലുണ്ടായി.

1936-ല്‍ ജര്‍മനിയില്‍ ഒളിമ്പിക്സ് നടന്നപ്പോള്‍ എന്തുകാണ്ട് നാസി സല്യൂട്ടിനെതിരേ പ്രതിഷേധിച്ചില്ലെന്ന് ചോദ്യമുയര്‍ന്നു. നാസി സല്യൂട്ട് ഒരു ആതിഥേയരാഷ്ട്രത്തിന്റെ അഭിവാദനരീതിയാണെന്ന് ബ്രണ്ടാഷ് വാദിച്ചെങ്കിലും അതിനെ പിന്താങ്ങാന്‍ അധികമാരും തയ്യാറായില്ല. എന്നാല്‍ ടൈം മാസികയും സി.ബി.എസ്. സ്പോര്‍ട്സുമെല്ലാം ബ്ലാക് ഒളിമ്പിക് സല്യൂട്ടിനെ വിമര്‍ശിക്കുകയാണ് ചെയ്തത്. പക്ഷേ, ലോകം അതിനെ വേറിട്ടൊരു പ്രതിഷേധംതന്നെയായാണ് കണ്ടത്. അത് സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള അഭിവാദ്യമാണെന്നായിരുന്നു എച്ച്.ബി.ഒ. തയ്യാറാക്കിയ പ്രത്യേക ഡോക്യുമെന്ററിയില്‍ വിശേഷിപ്പിച്ചത്. ക്രമേണ അത് നീതിക്കും തുല്യതയ്ക്കും വേണ്ടിയുള്ള കറുത്തവന്റെ ആത്മരോഷമായി വിശേഷിപ്പിക്കപ്പെട്ടു. ഒളിമ്പിക് ചാമ്പ്യന്‍ റാല്‍ഫ് ബോസ്റ്റണ്‍ സ്മിത്തിന്റെയും കാര്‍ളോസിന്റെ നടപടിയെ വാഴ്ത്തുകയാണ് ചെയ്തത്. ''ലോകം വളരെ ഹൃദയവേദനയോടെയാണ് ആ അഭിവാദ്യത്തെ കണ്ടത്. അമേരിക്ക മാത്രമാണ് അതിനെ പ്രതികൂലമായി വിലയിരുത്തിയത്. മനുഷ്യരുള്ള കാലംവരെ ആ സല്യൂട്ട് ആദരിക്കപ്പെടും.'' സ്മിത്ത് പിന്നീട് ഒരു അഭിമുഖത്തില്‍ തങ്ങള്‍ അന്തിക്രിസ്തുമാരല്ലെന്ന് തിരിച്ചടിച്ചു. ''ലോകത്തിന്റെ അസമത്വത്തിലേക്ക് വെളിച്ചംവീശുന്നതാണ് ഞങ്ങളുടെ നടപടി.''
സ്മിത്തും കാര്‍ളോസും പില്‍ക്കാലത്ത് അമേരിക്കന്‍ ഫുട്ബോള്‍ ലീഗിലേക്ക് മാറി.

സ്മിത്ത് സോഷ്യോളജിയില്‍ മികച്ച വിജയം നേടി. പിന്നാലെ ഫിസിക്കല്‍ എജുക്കേഷനില്‍ ഉന്നതബിരുദം കരസ്ഥമാക്കി. സാന്താമോണിക്ക കോളേജില്‍ സോഷ്യോളജി പ്രൊഫസറായി ജോലിചെയ്തു. എഴുപതുകളില്‍ കാര്‍ലോസ് കനേഡിയന്‍ ഫുട്ബോള്‍ ലീഗില്‍ തിളങ്ങുന്ന താരമായിരുന്നു. പിന്നീട് ചെറിയൊരു ഇടവേളയില്‍ പ്രതിസന്ധിയിലേക്ക് വീണുപോയെങ്കിലും പാം സ്പ്രിങ്ങില്‍ ഒരു കൗണ്‍സിലറായി തിരിച്ചുവന്നു. 2008-ല്‍ അവര്‍ക്കിരുവര്‍ക്കും ആര്‍തര്‍ ആഷെ അവാര്‍ഡ് ലഭിച്ചു. 1984-ല്‍ കാര്‍ളോസ് ലോസ് ആഞ്ജല്‍സ് ഒളിമ്പിക് കമ്മിറ്റിയുടെ സംഘാടകരിലൊരാളായി പ്രവര്‍ത്തിച്ചു.
സാന്‍ജോസ് സ്റ്റേറ്റ് യൂണിവേഴ്സിറ്റി അവരെ ആദരിച്ചത് മറ്റൊരു രീതിയിലാണ്. സര്‍വകലാശാലയുടെ മുന്‍പില്‍ ആര്‍ട്ടിസ്റ്റ് റിഗോയുടെ ശില്പിയായ എറിക് ഗ്രേറ്റ്സ്, 'ബ്ലാക് പവര്‍ സല്യൂട്ട്' ഒരു ശില്പമായി പുനരാവിഷ്‌കരിച്ചു. ഈ ശില്പത്തില്‍ പക്ഷേ, പീറ്റര്‍ നോര്‍മന്‍ മാത്രമില്ല.

സ്മിത്തിന്റെയും കാര്‍ളോസിന്റെയും അഭിവാദ്യത്തോട് സാഹോദര്യം പ്രകടിപ്പിച്ച നോര്‍മന്റെ സ്ഥാനത്ത് ഏത് സന്ദര്‍ശകനും നിന്ന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാം. ഓസ്ട്രേലിയയിലെ സിഡ്നിയിലുള്ള ന്യൂടൗണ്‍ സിറ്റിയില്‍ നോര്‍മന്റെ ഒരു മ്യൂറല്‍ മറ്റൊരു ശില്പി സ്ഥാപിച്ചിട്ടുണ്ട്. മരിക്കുന്നതിനുമുന്‍പ് അത് കാണാന്‍ നോര്‍മന്‍ എത്തിയിരുന്നു. പീറ്റര്‍ നോര്‍മന്റെ ഐക്യദാര്‍ഢ്യത്തെ ഓസ്ട്രേലിയന്‍ ഒളിമ്പിക് കമ്മിറ്റി വിമര്‍ശിക്കുകയാണ് ചെയ്തത്. നോര്‍മന് സമിതി കനത്ത താക്കീത് നല്‍കി. നോര്‍മന്‍ ഓസ്ട്രേലിയുടെ വര്‍ണവെറിയെ വിമര്‍ശിച്ചിരുന്ന താരമാണ്. മെക്സിക്കോയില്‍നിന്ന് മടങ്ങിവന്നതിനുശേഷം നോര്‍മന്‍ പ്രതികരിച്ചത് ഇങ്ങനെയാണ്: ''എല്ലാവരും തുല്യരായാണ് ജനിക്കുന്നത്. എല്ലാവരെയും നാം പരിഗണിക്കേണ്ടതും തുല്യരായാണ്.'' ആ വാചകത്തില്‍ എല്ലാമുണ്ട്. 1972-ലെ ഒളിമ്പിക് ട്രയല്‍സില്‍ നോര്‍മന്‍ മത്സരിച്ചെങ്കിലും കമ്മിറ്റി ടീമിലെടുത്തില്ല. പതിമൂന്ന് തവണ അദ്ദേഹം ഓസ്ട്രേലിയയുടെ 200 മീറ്റര്‍ യോഗ്യതാസമയം മറികടന്നിരുന്നു.
സിഡ്നി ഒളിമ്പിക്സില്‍ നോര്‍മനെ അതിഥിയായി ക്ഷണിച്ചിരുന്നു. യു.എസ്. അത്ലെറ്റിക് സംഘം നേര്‍മനെ കണ്ടപ്പോള്‍ ലോകറെക്കോഡ് താരം മൈക്കേല്‍ ജോണ്‍സണ്‍ ഉറക്കെ വിളിച്ചുപറഞ്ഞു: ''നോര്‍മന്‍ നിങ്ങളാണ് എന്റെ ഹീറോ.''1968-ന്റെ സ്മരണയില്‍ സ്മിത്തും കാര്‍ളോസും ഇന്നും ജീവിക്കുന്നു. ഈയിടെയാണ് ആ പ്രതിഷേധത്തിന്റെ ചുരുളഴിഞ്ഞത്. സ്മിത്ത് ഗ്ലോവ് അണിഞ്ഞത് വലതുകരത്തിലായിരുന്നു. കാര്‍ളോസാകട്ടെ ഉയര്‍ത്തിയത് ഇടതുകരവും. കാര്‍ളോസ് ഗ്ലോവ്സ് കൊണ്ടുവരാന്‍ മറന്നിരുന്നു. നോര്‍മനാണ് അത് പരിഹരിച്ചത്. ''സ്മിത്ത് വലതുകരത്തില്‍ കൈയുറ ധരിക്കുമ്പോള്‍ കാര്‍ളോസ് ഇടതുകരത്തില്‍ സ്മിത്ത് കൊണ്ടുവന്നത് ധരിച്ചാല്‍ പ്രശ്‌നം തീരും!

സ്‌പോര്‍ട്‌സ് മാസികയില്‍ പ്രസിദ്ധീകരിച്ച ലേഖനം

Content Highlights: 1968 Olympics Black Power salute,

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram