വിനോദത്തിനും ഉല്ലാസത്തിനുമായാണ് അമേരിക്കയിലെ ഹോളിയോക്ക് മാസച്യുസെറ്റ്സില്‍ ഫിസിക്കല്‍ എജ്യുക്കേഷന്‍ ഡയറക്ടറായിരുന്ന വില്യം മോര്‍ഗന്‍ 1885-ല്‍ വോളിബോള്‍ എന്ന കായിക വിനോദത്തിന് രൂപം നല്‍കിയത്. പ്രാരംഭംത്തില്‍ മിന്റൊനെറ്റ് എന്നറിയപ്പെട്ടിരുന്ന വോളിബോള്‍ കേവലം വിനോദോപാധി എന്ന നിലവിട്ട് ലോകത്തെ ഏറ്റവും തീവ്രതയുള്ള മത്സരങ്ങളിലൊന്നായി മാറിക്കഴിഞ്ഞു. ഫുട്ബോള്‍ കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവും പ്രചാരമുള്ള കളിയും വോളിയാണ്.
ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയില്‍ വോളിബോള്‍ ലോകത്താകെ പ്രചരിക്കുകയും പ്രേദശികമായി രൂപപ്പെട്ട നിയമങ്ങള്‍ക്കനുസരിച്ച് കളിച്ചുപോരുകയും ചെയ്തു. പാരീസില്‍ 1947-ല്‍ അന്താരാഷ്ട്ര വോളിബോള്‍ ഫെഡറേഷന്‍ രൂപവത്കരിക്കപ്പെട്ട ശേഷമാണ് നിയമങ്ങള്‍ ഏകീകരിക്കപ്പെടുകയും തുടര്‍ച്ചയായി അന്താരാഷ്ട്ര മത്സരങ്ങള്‍ സംഘടിപ്പിക്കപ്പെടുകയും ചെയ്തത്. കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളാണ് തൊള്ളായിരത്തി അമ്പതുകളില്‍ വോളിയെ ഗൗരവമുള്ള മത്സരയിനമായി മാറ്റിയെടുത്തത്.
ഏഷ്യന്‍ രാജ്യങ്ങള്‍ അറുപതുകളില്‍ അവരുടെ ശാരീരിക പ്രത്യേകതകള്‍ക്കും മികവിനും യോജിച്ച രീതിയിലുള്ള ശൈലി രൂപപ്പെടുത്തി. കളിക്കാരുടെയും പന്തിന്റെയും വേഗംകൂട്ടുന്ന രീതിയാണ് അവര്‍ നടപ്പാക്കിയത്. യൂറോപ്യന്‍ രാജ്യങ്ങള്‍ക്കതിരേ ഈ രീതി വിജയംകണ്ടു. താരതമ്യേന ഉയരംകുറവുള്ള ജപ്പാന്‍കാരായിരുന്നു ഈ ശൈലിയുടെ ഉപജ്ഞാതാക്കള്‍. 1972-മ്യൂണിക്ക് ഒളിമ്പിക്‌സില്‍ വോളിലോകത്തെ ഞെട്ടിച്ച് വേഗത്തിന്റെ ചിറകിലേറി ജപ്പാന്‍ പുരുഷന്‍മാര്‍ സ്വര്‍ണത്തില്‍ മുത്തമിട്ടു.
കളിനിയമങ്ങളില്‍ മാറ്റം വരുത്തിയും കളിക്കാരുടെ ശാരാരികമികവ് വര്‍ധിപ്പിച്ചുമാണ് യൂറോപ്യന്‍ രാജ്യങ്ങള്‍ ഏഷ്യന്‍ മുന്നേറ്റത്തിന് തടയിട്ടത്. ലോസ് ആഞ്ജലിസിലെ 1982 ഒളിമ്പിക്‌സില്‍ മുന്‍പെങ്ങും കാണാത്തവിധത്തില്‍ ഗെയ്മിലെ തന്ത്രങ്ങളിലും കളിക്കാരുടെ ചുമതലകളിലും വിപ്ലവകരമായ മാറ്റങ്ങളുണ്ടായി. ലോകവോളിയില്‍ കാര്യമായ നേട്ടങ്ങളൊന്നും അവകാശപ്പെടാനില്ലായിരുന്ന അമേരിക്കന്‍ ടീം സ്വര്‍ണം നേടിയപ്പോള്‍ കായികലോകം അമ്പരന്നു.
രണ്ട് കളിക്കാര്‍മാത്രം സര്‍വീസ് സ്വീകരിക്കുന്ന രീതിയാണ് അമേരിക്ക കളിക്കളത്തില്‍ നടപ്പാക്കിയത്. അടുത്ത ഒളിമ്പിക്‌സ് ആവുമ്പോഴേക്കും എഴുപത് ശതമാനം സര്‍വുകളും ഒരാള്‍തന്നെ സ്വീകരിക്കുന്ന രീതി നിലവില്‍ വന്നു. അമേരിക്കയുടെ കെര്‍ച്ച് കിരാളി-സ്‌കൂലെക് കൂട്ടുകെട്ടാണ് ടൂ മെന്‍ റിസീവിങ് സിസ്റ്റം കൊണ്ടുവന്നത്. ഒരാള്‍ക്ക് എല്ലാകാര്യങ്ങളും കുറ്റമറ്റ രീതിയില്‍ ചെയ്യാനാവില്ല. കഴിവുള്ള മേഖലയില്‍മാത്രം കളിക്കാരെ പരിശീലിപ്പിക്കുന്ന രീതി (സ്‌പെഷലൈസേഷന്‍) സാര്‍വത്രികമായി. ടീമുകളില്‍ അറ്റാക്കിങ്ങിനും റിസീവിങ്ങിനും ഡിഫന്‍സിങ്ങിനുമെല്ലാം സ്‌പെഷലിസ്റ്റുകള്‍ നിലവില്‍ വന്നു.
തൊണ്ണൂറുകളില്‍ കളിയില്‍ ആക്രമണത്തിന് കൂടുതല്‍ പ്രാധാന്യം കൈവന്നു. ഇതിന്റെ ഫലമായി കാണികളെ ത്രസിപ്പിക്കുന്ന നീണ്ട റാലികള്‍ അപൂര്‍വമായി. ഇത് ആരാധകരെ ഒട്ടൊന്നുമല്ല നിരാശപ്പെടുത്തിയത്. സൈഡ് ഔട്ട് സിസ്റ്റത്തിന് പകരമായി റാലി പോയന്റ് സമ്പ്രദായവും പ്രാബല്യത്തിലായി. കളിയുടെ ദൈര്‍ഘ്യം കുറയ്ക്കുകയായിരുന്നു ലക്ഷ്യം. ഇതോടെ കളിക്കാര്‍ക്ക് സാങ്കേതികത്തികവ് അത്യാവശ്യമായി. കളിക്കാരുടെ അനാവശ്യപിഴവുകള്‍ ടീമുകളെ തോല്‍വിയിലേക്ക് നയിക്കുന്നതിനാലാണ് 'പെര്‍ഫക്ട് പ്ലയേഴ്സി'ന് പ്രാധാന്യം ലഭിച്ചത്. സാങ്കേതികത്തികവിന് മുന്‍തൂക്കംനല്‍കി പരിശീലനംനടത്തുന്ന യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് ഇത് ഗുണകരമായപ്പോള്‍ ഇന്ത്യയെപ്പോലുള്ള രാജ്യങ്ങള്‍ക്ക് തിരിച്ചടിയുമായി.
ബ്ലോക്കിങ് ഫലപ്രദമായ ആക്രമണോപാധിയായി മാറിയതും തൊണ്ണൂറുകളിലാണ്. ബ്ലോക്കിങ്ങിലൂടെയും പോയന്റ് നേടാം എന്നതിരിച്ചറിവിലായിരുന്നു ഇത്. രണ്ട് മീറ്ററിലേറെ ഉയരമുള്ള മിഡില്‍ ബ്ലോക്കര്‍മാര്‍ ഇതോടെ വ്യാപകമായി. ഓരോ പൊസിഷനിലും സ്‌പെഷ്യലിസ്റ്റുകള്‍ അനിവാര്യമായി.
അറ്റാക്കര്‍മാര്‍ക്കുള്ള ആധിപത്യം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് രണ്ടായിരത്തിന്റെ തുടക്കത്തില്‍ ലിബറോമാര്‍ രംഗപ്രേവേശംചെയ്തത്. ടീമിന്റെ പ്രതിരോധത്തിന് മാത്രമായി ഇവരുടെ സേവനം പരിമിതപ്പെടുത്തി. സര്‍വീസ് ടീമുകളുടെ വജ്രായുധമായി മാറിയതും ഇക്കാലത്താണ്. സ്മാഷിനോളമോ അതിലേറെയോ പ്രാധാന്യം സര്‍വീസിനായി. കനത്ത ജംപ് സര്‍വുകള്‍ ടീമുകളുടെ വിജയത്തില്‍ നിര്‍ണായകമായി. കളിയുടെ സൗന്ദര്യത്തിന് ആധുനിക വോളി പ്രാധാന്യം നല്‍കുന്നില്ലെന്ന വിമര്‍ശനവും വ്യാപകമായി. ഇതിനെത്തുടര്‍ന്ന് ആക്രമണത്തിനും സര്‍വുകള്‍ക്കുമുള്ള അമിതപ്രാധാന്യം കുറയ്ക്കാനുള്ള നിയമമാറ്റങ്ങള്‍ ലോക ഫെഡറേഷന്റെ പരിഗണനയിലാണ്.
(സായ് എല്‍.എന്‍.സി.പി.യില്‍ അസോസിയേറ്റ് പ്രൊഫസറാണ് ലേഖകന്‍)