ദേശീയ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പിന് കോഴിക്കോട് നാലാം തവണ ആതിഥ്യം വഹിക്കുകയാണ്. മുന്‍പുനടന്ന മൂന്നു ചാമ്പ്യന്‍ഷിപ്പുകളിലേക്ക് ഒരെത്തിനോട്ടം.
1981
ഉദയകുമാര്‍, സിറില്‍ സി. വെള്ളൂര്‍, അബ്ദുള്‍ റസാഖ്, രാജീവന്‍ നായര്‍, ഗോപിനാഥ് തുടങ്ങിയവര്‍ കേരളത്തിനായി അണിനിരന്നു. ഗോപിനാഥ് ആയിരുന്നു നായകന്‍. ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇന്ത്യന്‍ റെയില്‍വേസിനോട് തോറ്റു പുറത്തായി. ഫൈനലില്‍ ബല്‍വന്ത് സിങ് നയിച്ച പഞ്ചാബ് ജേതാക്കളായി. പഞ്ചാബിന്റെ 15-ാം ദേശീയ വോളിബോള്‍ വിജയമായിരുന്നു അത്. രണ്ടാംസ്ഥാനത്ത് സര്‍വീസസ് ടീം എത്തി. സര്‍വീസസിന്റെ ബല്‍ദേവ് സിങ് എന്ന ഓള്‍റൗണ്ടര്‍ കളംനിറഞ്ഞുകളിച്ച് വോളിബോള്‍ പ്രേമികളുടെ മനസ്സില്‍ ഇടംപിടിച്ചു. വനിതകളില്‍ സാലി, ജയ്സമ്മ, ബീനാ ചാക്കോ, ഗീത വളപ്പില്‍, റോസമ്മ കുര്യന്‍ (ക്യാപ്റ്റന്‍) അണിനിരന്ന കേരളത്തിന് റെയില്‍വേസിനുമുന്നില്‍ തോല്‍വി സമ്മതിക്കേണ്ടിവന്നു. റെയില്‍വേസിനുവേണ്ടി ശ്രീമതി, സുമതി, കൃഷ്ണ തറഫ്ഥാര്‍ എന്നിവര്‍ മികച്ച പ്രകടനം കാഴ്ചവെച്ചു.
1991
ഏറെ സാധ്യതകള്‍ കേരള പുരുഷന്മാര്‍ പുലര്‍ത്തിയ ടൂര്‍ണമെന്റായിരുന്നു ഇത്. ജോസ് ജോര്‍ജിന്റെ ശിക്ഷണത്തില്‍ ഉദയകുമാര്‍, സിറിള്‍, ബിനുജോസ്, സതീശന്‍ തുടങ്ങിയവര്‍ കളിക്കളത്തിലിറങ്ങി. എന്നാല്‍, സൈമിഫൈനലില്‍ മലയാളി താരം എസ്.എ. മധു, ശിവരാമന്‍ തുടങ്ങിയവര്‍ കളിച്ച തമിഴ്നാടിനുമുന്നില്‍ തോല്‍വിസമ്മതിക്കേണ്ടിവന്നു. 1990-ല്‍ നടന്ന ബോംബെ നാഷണലിലും ഫൈനല്‍ കേരളവും തമിഴ്നാടും തമ്മിലായിരുന്നു. അവിടെയും കേരളം രണ്ടാംസ്ഥാനക്കാരായിരുന്നു. ആ ടൂര്‍ണമെന്റിലെ തമിഴ്നാടിന്റെ തുരുപ്പുശീട്ട് ഹിന്ദുസ്ഥാന്‍ ഫോട്ടോ ഫിലിംസിന്റെ താരം രമേഷ് ആയിരുന്നു.
ശ്രീങ്കറാവു, വെങ്കിട്ടനാരായണ കൂട്ടുകെട്ടിലിറങ്ങിയ ആന്ധ്രാപ്രദേശിനെ തോല്‍പ്പിച്ച് തമിഴ്നാട് ജേതാക്കളായി. ടൂര്‍ണമെന്റില്‍ മികച്ച പ്രകടനം കാഴ്ചവെച്ച താരം തമിഴ്നാടിന്റെ ശിവരാമനായിരുന്നു. വനിതാവിഭാഗത്തില്‍ കേരളത്തിന് ടൂര്‍ണമെന്റില്‍ അധികം പിടിച്ചുനില്‍ക്കാനായില്ല. നോക്കൗട്ട് ഘട്ടത്തില്‍ കേരള വനിതകള്‍ പുറത്തായി. റെയില്‍വേസ് ജേതാക്കളും തമിഴ്നാട് റണ്ണേഴ്സുമായി.
2001
സണ്ണി ജോസഫിന്റെ ശിഷ്യത്ത്വം. തികഞ്ഞ ആത്മവിശ്വാസം. കഠിന പരിശീലനം. മത്സരഫലവും അനുകൂലം. കേരള പുരുഷന്മാര്‍ തമിഴ്നാടിനെ തറപറ്റിച്ച് ജേതാക്കളായി. കൊച്ചി പോര്‍ട്ട്ട്രസ്റ്റ് താരം ബിജു വി. തോമസ് നയിച്ച ടീം മികച്ചതായിരുന്നു. അനില്‍ സി, രാജ്വിനോദ്, ടോം ജോസഫ്, സുനി നരിക്കുനി, ശ്രീഷ്, ആര്‍. രാജീവ്, കിഷോര്‍കുമാര്‍ തുടങ്ങിയവര്‍ മത്സരങ്ങളിലുടനീളം മികച്ച കളി പുറത്തെടുത്തു. തമിഴ്നാട് നിരയില്‍ സായ്കൃഷ്ണന്‍, മനോഹരന്‍, നടരാജന്‍ തുടങ്ങിയവരും മികച്ചുനിന്നു. പഞ്ചാബിനെതിരേ നരിക്കുനി സുനി നടത്തിയ കിടിലന്‍ പോരാട്ടം കോഴിക്കോട്ടെ വോളിബോള്‍ പ്രേമികള്‍ ഇന്നും മനസ്സില്‍ സൂക്ഷിക്കുന്നു. സേതുമാധവന്റെ ശിക്ഷണത്തിലിറങ്ങിയ വനിതകള്‍ക്ക് ക്വാര്‍ട്ടര്‍ ഫൈനലിനപ്പുറം എത്താന്‍ കഴിഞ്ഞില്ല. വനിതകളില്‍ ആന്ധ്രാപ്രദേശ് ചാമ്പ്യന്‍പട്ടവും റെയില്‍വേസ് രണ്ടാം സ്ഥാനക്കാരുമായി.