കോഴിക്കോട്: ദേശീയ വോളിബോളില്‍ കിരീടം നിലനിര്‍ത്താന്‍ ലക്ഷ്യമിട്ട് കേരളം സ്വന്തം മണ്ണില്‍ പോരാട്ടത്തിനിറങ്ങുന്നു. ഉദ്ഘാടനമത്സരത്തില്‍ കേരള പുരുഷ ടീം ബുധനാഴ്ച രാജസ്ഥാനെയാണ് നേരിടുന്നത്. വനിതകള്‍ ആദ്യകളിയില്‍ തെലങ്കാനയുമായി ഏറ്റുമുട്ടും.
ആദ്യമത്സരം ആതിഥേയര്‍ക്ക് എളുപ്പമാവില്ലെന്നാണ് വിലയിരുത്തല്‍. ഇന്ത്യന്‍ താരങ്ങളടങ്ങിയ നിരയുമായാണ് രാജസ്ഥാന്‍ കോഴിക്കോട്ടെത്തിയിരിക്കുന്നത്. മന്‍ദീപ് സിങ്, സോനു ജകാര്‍, സുരേഷ് കൊയ്വാള്‍, മന്ദിപ് മാന്‍സിങ് തുടങ്ങിയ പ്രമുഖര്‍ രാജസ്ഥാനുവേണ്ടി അണിനിരക്കുന്നു. മന്ദീപ് ഇന്ത്യന്‍ താരമാണ്. സുരേഷ് കൊയ്വാള്‍ ജൂനിയര്‍ ഇന്ത്യന്‍ ടീമിനായി കളിച്ചിട്ടുണ്ട്. എന്നാല്‍, ഇന്ത്യന്‍ താരമായ നവനീത് കത്താരിയ ടീമിലില്ലെന്നത് കേരളത്തിന് ആശ്വാസം പകരുന്നു. 2016-ലെ ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തെ തോല്‍പ്പിച്ച രാജസ്ഥാനെ നിസ്സാരമായി കാണില്ലെന്ന് കേരള കോച്ച് അബ്ദുള്‍ നാസര്‍ പറഞ്ഞു.
കളിക്കാരെല്ലാം ഫോമിലാണെന്നതും ആര്‍ക്കും കാര്യമായ പരിക്കില്ലെന്നതും കേരളത്തിന് മേല്‍ക്കൈ നല്‍കുമെന്നാണ് പ്രതീക്ഷ. കൊച്ചി ബി.പി.സി.എല്ലിന്റെ ജെറോം വിനീതിന്റെ നേതൃത്വത്തിലിറങ്ങുന്ന ടീമില്‍ മുത്തുസ്വാമിയാവും സെറ്റര്‍. അഗിന്‍, അജിത് ലാല്‍, വിപിന്‍ എം. ജോര്‍ജ,് രോഹിത് എന്നിവരും ആദ്യ ആറില്‍ കളിച്ചേക്കും.
വൈകീട്ട് നാലരയ്ക്ക് സ്വപ്നനഗരിയിലാണ് കേരളത്തിന്റെ മത്സരം. കേരളം ഉള്‍പ്പെട്ട ഗ്രൂപ്പ് എ യിലെ മറ്റൊരു മത്സരത്തില്‍ മുന്‍ ചാമ്പ്യന്‍മാരായ പഞ്ചാബും ആന്ധ്രാപ്രദേശും ഏറ്റുമുട്ടും. ഗ്രൂപ്പ് ബിയില്‍ റെയില്‍വേസ് ഹിമാചല്‍പ്രദേശിനേയും തമിഴ്നാട് സര്‍വീസസിനേയും നേരിടും.
കേരളത്തിന്റെ വനിതാ ടീമിന് താരതമ്യേന ദുര്‍ബലരായ തെലങ്കാനയാണ് എതിരാളികള്‍. ജിനി, അഞ്ജു ബാലകൃഷ്ണന്‍, അഞ്ജുമോള്‍, രേഖ, അഞ്ജലി ബാബു, ശ്രുതി എന്നിവരാവും ആദ്യ ആറില്‍ സ്ഥാനംപിടിക്കുകയെന്നാണ് സൂചന. ഇന്ത്യന്‍ ടീമിലേക്കുള്ള തിരഞ്ഞെടുപ്പ് ചാമ്പ്യന്‍ഷിപ്പില്‍നിന്നായതിനാല്‍ യുവതാരങ്ങള്‍ക്കും അവസരം നല്‍കുമെന്ന് കോച്ച് സണ്ണി ജോസഫ് പറഞ്ഞു. സ്വപ്നനഗരിയില്‍ വൈകീട്ട് ഏഴിനാണ് മത്സരം.
ഗ്രൂപ്പ് ബിയിലെ മറ്റൊരു മത്സരത്തില്‍ മഹാരാഷ്ട്രയും ഉത്തര്‍പ്രദേശും ഏറ്റുമുട്ടും. ഗ്രൂപ്പ് എയില്‍ റെയില്‍വേസ് ബംഗാളിനെയും തമിഴ്നാട് ആന്ധ്രാപ്രദേശിനെയും നേരിടും.