ദേശീയ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പിനെ വരവേല്‍ക്കാന്‍ നഗരം അവസാന ഒരുക്കത്തില്‍. ഇനി തീയുണ്ട കണക്കെ വര്‍ഷിക്കുന്ന തകര്‍പ്പന്‍ സ്മാഷുകളുടെയും ആക്രമണത്തിന്റെ മുനയൊടിക്കുന്ന ബ്ലോക്കുകളുടെയും രാപകലുകള്‍. നീണ്ട 16 വര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് വോളിബോളിലെ ദേശീയമാമാങ്കത്തിന് മലബാറിന്റെ സാംസ്‌കാരിക തലസ്ഥാനം വേദിയൊരുക്കുന്നത്. 21 മുതല്‍ 28 വരെയാണ് മത്സരങ്ങള്‍.
ട്രേഡ് സെന്ററും കൃഷ്ണമേനോന്‍ സ്റ്റേഡിയവും വേദികള്‍
കാലിക്കറ്റ് ട്രേഡ് സെന്റര്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തിലും വി.കെ. കൃഷ്ണമേനോന്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തിലുമുള്ള നാലു കോര്‍ട്ടുകളിലായാണ് മത്സരങ്ങള്‍ അരങ്ങേറുന്നത്. പതിനായിരം പേര്‍ക്ക് ഒരുമിച്ചിരുന്ന് കളി ആസ്വദിക്കാവുന്ന ഗാലറിയാണ് സ്വപ്നനഗരിയിലെ കാലിക്കറ്റ് ട്രേഡ് സെന്റര്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ഒരുക്കിയിരിക്കുന്നത്. ഇതില്‍ 1500 കസേരകള്‍ ഉള്‍പ്പെടും.
നൂറുമീറ്റര്‍ നീളവും അന്പത് മീറ്റര്‍ വീതിയുമുള്ള കാലിക്കറ്റ് ട്രേഡ് സെന്ററിലെ എമറാള്‍ഡ് ഹാളില്‍ 350 ടണ്‍ ശേഷിയുള്ള രണ്ട് എയര്‍ കണ്ടീഷണര്‍ സജ്ജീകരിച്ചാണ് എ.സി. ഇന്‍ഡോര്‍ സ്റ്റേഡിയം ഒരുക്കിയിരിക്കുന്നത്. രണ്ട് ടെറാഫ്‌ലക്‌സ് കോര്‍ട്ടുകളും അവസാനഘട്ട മിനുക്ക് പണികളിലാണ്.
വി.കെ. കൃഷ്ണമേനോന്‍ ഇന്‍ഡോര്‍ സ്റ്റേഡിയവും ചാന്പ്യന്‍ഷിപ്പിന് മുന്നോടിയായി മോടിയണിഞ്ഞുകഴിഞ്ഞു. ചാന്പ്യന്‍ഷിപ്പുമായി സഹകരിക്കുന്ന സ്ഥാപനങ്ങളുടെ പരസ്യങ്ങള്‍ ഗ്രൗണ്ടിന് ചുറ്റും സ്ഥാപിക്കുന്ന എല്‍.ഇ.ഡി. സ്‌ക്രീനുകളില്‍ പ്രദര്‍ശിപ്പിക്കും. ഗോകുലം ഗ്രൂപ്പാണ് ദേശീയ സീനിയര്‍ വോളിയുടെ മുഖ്യ സ്‌പോണ്‍സര്‍.
മുന്നൊരുക്കത്തിലും നിറഞ്ഞുനിന്ന കളിയാവേശം
ദേശീയ ചാന്പ്യന്‍ഷിപ്പിന് മുന്നോടിയായി സംഘടിപ്പിച്ച പ്രചാരണങ്ങളെല്ലാം മുന്നൊരുക്കങ്ങളിലും കളിയാവേശം നിറയ്ക്കാന്‍ സഹായിച്ചിട്ടുണ്ട്. സെലിബ്രിറ്റി പ്രദര്‍ശന മത്സരങ്ങളും വെറ്ററന്‍സ് വനിതാ മത്സരങ്ങളുമെല്ലാം ആസ്വാദകരുടെ പങ്കാളിത്തംകൊണ്ടും ശ്രദ്ധേയമായിരുന്നു. സ്‌കൂളുകളിലും കോളേജുകളിലും ഉള്‍പ്പെടെ സംഘടിപ്പിച്ച സര്‍വീസ് മഴയും പുതുമകൊണ്ട് ശ്രദ്ധേയമായി.
ചാമ്പ്യന്‍ഷിപ്പിനോടനുബന്ധിച്ച് എമറാള്‍ഡ് ഗ്രൂപ്പും നാഷണല്‍ യൂത്ത് പ്രൊമോഷന്‍ കൗണ്‍സിലും ചേര്‍ന്ന് കാലിക്കറ്റ് എക്‌സ്‌പോ എന്ന പേരില്‍ ചൊവ്വാഴ്ച മുതല്‍ മാര്‍ച്ച് നാലുവരെ ഒരു പ്രദര്‍ശനമേളയും സംഘടിപ്പിക്കുന്നുണ്ട്.
കളിപ്രേമികളെ കാത്ത് ടിക്കറ്റ് കൗണ്ടര്‍
ചാന്പ്യന്‍ഷിപ്പിന്റെ ടിക്കറ്റ് ആരാധന ടൂറിസ്റ്റ് ഹോമില്‍ പ്രവര്‍ത്തിക്കുന്ന സംഘാടകസമിതി ഓഫീസിലും കെ.ഡി.സി. ബാങ്കിന്റെ ശാഖകളിലും ജില്ലാ വോളിബോള്‍ അസോസിയേഷന്‍ ഓഫീസുകളിലും ചാന്പ്യന്‍ഷിപ്പ് വീക്ഷിക്കുന്നതിനുള്ള ടിക്കറ്റ് ലഭ്യമാണ്. പ്രതിദിന ഗാലറി ടിക്കറ്റിന് 200 രൂപയും ചെയര്‍ ടിക്കറ്റിന് 300 രൂപയുമാണ്.
ഗാലറി സീസണ്‍ ടിക്കറ്റിന് ആയിരം രൂപയും രണ്ടുപേര്‍ക്കുള്ള വി.ഐ.പി. ഡോണര്‍ പാസിന് പതിനായിരം രൂപയുമാണ് നിരക്ക്. അതേസമയം വിദ്യാര്‍ഥികളുടെയും കളിപ്രേമികളുടെയും ആവശ്യാര്‍ഥം വി.കെ. കൃഷ്ണമേനോന്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തിലെ മത്സരങ്ങള്‍ ഉച്ചവരെ സൗജന്യമായി കാണാന്‍ സംഘാടകര്‍ അവസരമൊരുക്കും. കളിക്കാര്‍ക്കും ഒഫീഷ്യല്‍സിനും ഭക്ഷണം സൗജന്യമായാണ് ലഭ്യമാക്കുക.