ദേശീയ വോളി: കേരളം ഇരട്ടഫൈനലിന്


1 min read
Read later
Print
Share

സ്വപ്നനഗരിയില്‍ ബുധനാഴ്ച ഉച്ചയ്ക്ക് മൂന്നിന് വനിതാ വിഭാഗത്തിലും തുടര്‍ന്ന് അഞ്ചിന് പുരുഷവിഭാഗത്തിലും ഫൈനല്‍ നടക്കും.

കോഴിക്കോട്: ദേശീയ വോളിബോളില്‍ കേരളത്തിന് ഇരട്ടഫൈനല്‍. പുരുഷ-വനിത വിഭാഗങ്ങളില്‍ റെയില്‍വേസാണ് എതിരാളി. സ്വപ്നനഗരിയില്‍ ബുധനാഴ്ച ഉച്ചയ്ക്ക് മൂന്നിന് വനിതാ വിഭാഗത്തിലും തുടര്‍ന്ന് അഞ്ചിന് പുരുഷവിഭാഗത്തിലും ഫൈനല്‍ നടക്കും.

ചൊവ്വാഴ്ച നടന്ന സെമിഫൈനലില്‍ തമിഴ്നാടിനെ കീഴടക്കിയാണ് കേരളം ഫൈനലില്‍ കടന്നത് (25-22, 30-28, 25-22). കഴിഞ്ഞ ദിവസം വനിതാ വിഭാഗത്തിലും തമിഴ്നാടിനെ തോല്‍പ്പിച്ചാണ് കേരളം ഫൈനല്‍ ഉറപ്പിച്ചത്.

കഴിഞ്ഞ ഒമ്പതു വര്‍ഷത്തെ കിരീട വരള്‍ച്ചക്ക് വിരാമം കുറിക്കാനാണ് കേരളത്തിന്റെ വനിതകളിറങ്ങുന്നത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ റെയില്‍വേസിനോടെറ്റ തോല്‍വിക്ക് സ്വന്തം കാണികള്‍ക്ക് മുന്നില്‍ പകരംവീട്ടാനാകുമെന്നാണ് കോച്ച് സണ്ണി ജോസഫിന്റേയും ടീമിന്റേയും പ്രതീക്ഷ.

അതേസമയം പുരുഷവിഭാഗത്തില്‍ ഒറ്റ മത്സരവും തോല്‍ക്കാതെയാണ് കേരളവും റെയില്‍വേസും ഫൈനലില്‍ ഏറ്റുമുട്ടാനിറങ്ങുന്നത്. ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച ടീമുകള്‍ തമ്മിലുള്ള പോരാട്ടമാവും ഫൈനലില്‍ നടക്കുക. കഴിഞ്ഞ തവണ ചെന്നൈയില്‍ നേടിയ കിരീടം സ്വന്തം ആരാധകര്‍ക്കുമുന്നില്‍ നിലനിര്‍ത്തുകയാണ് കേരള പുരുഷ ടീമിന്റെ ലക്ഷ്യം. ജെറോം വനീത്, അജിത് ലാല്‍, വിബിന്‍ ജോര്‍ജ് എന്നിവരടങ്ങുന്ന ആക്രമണനിരയാണ് കേരളത്തിന്റെ കരുത്ത്. പ്രതിരോധത്തില്‍ അഖിനും രോഹിതും മികച്ച ഫോമിലാണെന്നതും കേരളത്തിന് പ്രതീക്ഷപകരുന്നു.

തന്ത്രപരമായി കളിക്കുന്ന പ്രഭാകരന്‍ എന്ന അറ്റാക്കറുടെ മികവിലാണ് റെയില്‍വേ പ്രതീക്ഷകള്‍. പ്രഭാകരന് കൂട്ടായി മലയാളി താരം മനു ജോസഫുമുണ്ട്. ഇവരെ തളയ്ക്കുന്നതിനനുസരിച്ചായിരിക്കും കേരളത്തിന്റെ ജയസാധ്യതകള്‍.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram