ഇന്ത്യന്‍ മണ്ണില്‍ വോളിബോള്‍ എന്ന കായികവിനോദം എത്തിയത് ആയിരത്തിത്തൊള്ളായിരത്തി ഇരുപതുകളുടെ തുടക്കത്തിലാണ്. അക്കാലത്ത് ചെന്നൈ വൈ.എം.സി.എ. ഫിസിക്കല്‍ എജ്യുക്കേഷന്‍ കോളേജായിരുന്നു ഇന്ത്യന്‍ വോളിയുടെ കളിത്തൊട്ടില്‍. അവിടെ പഠിച്ച വടകര ബി.ഇ.എം. സ്‌കൂള്‍ കായികാധ്യാപകന്‍ മാധവന്‍ നമ്പ്യാരാണ് മലബാറില്‍ വോളിബോളിന് വിത്തുപാകിയതെന്ന് കരുതുന്നു.
കോഴിക്കോട് ജില്ലയില്‍ ആദ്യം കളിയെത്തിയ വടകര മേഖലയിലാണ് വോളിബോളിന് വേരോട്ടം കൂടുതലുള്ളത്. ജില്ലയിലെ ആദ്യ കോര്‍ട്ടുകളിലൊന്ന് സ്ഥാപിതമായത് 1929-ല്‍ പുറമേരി കടത്തനാട് രാജാസ് ഹൈസ്‌കൂളിലാണ്. നാല്‍പ്പതുകളില്‍ കടത്തനാട്ടില്‍ വോളിക്ക് വ്യാപക പ്രചാരം ലഭിച്ചു. വടകര ട്രെയ്നിങ് സ്‌കൂളില്‍ പരിശീലനം നേടിയ അധ്യാപകര്‍ പലസ്ഥലങ്ങളിലും കോര്‍ട്ടുകള്‍ സ്ഥാപിച്ച് കളി പഠിപ്പിച്ചു. ടി.എച്ച്. ഗോപാലക്കുറുപ്പ്, പൂന്തോട്ടത്തില്‍ ബാലന്‍ നമ്പ്യാര്‍, തമ്പുരാന്‍ ഗോപാലന്‍ നായര്‍, ബാലകൃഷ്ണന്‍ നമ്പ്യാര്‍ തുടങ്ങിയവര്‍ ഇക്കാലത്താണ് കളിക്കളത്തിലിറങ്ങുന്നത്.
പതുക്കെ ജനഹൃദയങ്ങള്‍ കീഴടക്കിയ വോളിബോള്‍ ഒരുപിടി പ്രതിഭാധനരായ കളിക്കാര്‍ക്ക് ജന്മംനല്‍കി. സി.എം. പത്മനാഭന്‍ അടിയോടി, നാരായണന്‍ നായര്‍, തിക്കോടി രാഘവന്‍ വൈദ്യര്‍, സി.കെ. കൃഷ്ണന്‍, പി. കുമാരന്‍ തുടങ്ങിയവര്‍ കാണികളുടെ മനംകവര്‍ന്നു. പുറമേരി, ഇരിങ്ങണ്ണൂര്‍, വെള്ളൂര്‍, നരിപ്പറ്റ, വാണിമേല്‍, വില്യാപ്പള്ളി, അത്തോളി, പള്ളിക്കര തുടങ്ങിയ പ്രദേശങ്ങള്‍ വോളി കേന്ദ്രങ്ങളായി. വോളിബോളിനായി ഇന്ത്യയില്‍ ആദ്യം സ്വര്‍ണക്കപ്പ് മത്സരം നടന്നത് കോഴിക്കോട്ടായിരുന്നു. മാനാഞ്ചിറ മൈതാനത്തെ മണപ്പാടന്‍ സ്വര്‍ണക്കപ്പ് ടൂര്‍ണമെന്റിന് ആയിരങ്ങള്‍ ഇരച്ചുകയറിയിരുന്നു.
കൊടുങ്ങല്ലൂരില്‍ 1947-ല്‍ നടന്ന ടൂര്‍ണമെന്റില്‍ നാരായണന്‍ നായരുടെ നേതൃത്വത്തിലുള്ള വടകര ടൗണ്‍ റിക്രിയേഷന്‍ ക്ലബ്ബ് സംസ്ഥാനത്തെ പ്രമുഖ ടീമുകളെ കീഴടക്കി ചാമ്പ്യന്‍മാരായത് ചരിത്രസംഭവമായി. നാരായണന്‍ നായര്‍ക്ക് മലബാര്‍ ചാമ്പ്യന്‍ പട്ടം ലഭിച്ചത് ഈ ടൂര്‍ണമെന്റിലാണ്. പയ്യോളിയിലെ ജിംഖാന ക്ലബ്ബും വടകര ടൗണ്‍ റിക്രിയേഷന്‍ ക്ലബ്ബും ചേര്‍ന്നാണ് മലബാര്‍ ജിംഖാന ക്ലബ്ബ് രൂപവത്കരിച്ചത്. 1948-ല്‍ പൊന്നാനിയില്‍ നടന്ന ടൂര്‍ണമെന്റില്‍ ജിംഖാന ചാമ്പ്യന്‍മാരായി. നാരായണന്‍ നായര്‍, കളത്തില്‍ മുകുന്ദന്‍, അബ്ദുറഹിമാന്‍ എന്നിവര്‍ ഇതോടെ പ്രശസ്തരായി.
മലബാറില്‍ വോളിയുടെ ജനപ്രീതി ഉയര്‍ത്തുന്നതില്‍ ഏറ്റവുമധികം പങ്കുവഹിച്ചത് വടകര ജിംഖാന ക്ലബ്ബാണ്. ജിംഖാനയുടെ താരങ്ങള്‍ പരിശീലനം നടത്തുന്നത് കാണാന്‍പോലും ആയിരങ്ങള്‍ എത്തിയിരുന്നു. ചൈന്നൈ വൈ.എം.സി.എ.യില്‍ 1950-ല്‍ നടന്ന പ്രൊവിന്‍ഷ്യല്‍ ഒളിമ്പിക്‌സില്‍ ജിംഖാന ചാമ്പ്യന്‍മാരായി. അബ്ദുറഹിമാന്‍, നാരായണന്‍ നായര്‍, പാലോറ നാണു, കളത്തില്‍ മുകുന്ദന്‍, തിക്കോടി രാഘവന്‍ വൈദ്യര്‍, പാച്ചുക്കുട്ടി തുടങ്ങിയവരാണ് ജിംഖാനയ്ക്കായി അണിനിരന്നത്. അബ്ദുറഹിമാന്‍ പിന്നീട് ഒളിമ്പ്യന്‍ റഹ്മാനായി അറിയപ്പെട്ടു. അയേണ്‍ ഫിംഗര്‍ മുകുന്ദന്‍-ഒളിമ്പ്യന്‍ റഹ്മാന്‍ കൂട്ടുകെട്ട് ഇന്ത്യയിലെങ്ങും പ്രശസ്തമായി. ഇരുവരും ഇന്ത്യന്‍ ടീമിലും സ്ഥാനംനേടി.
നൂതന തന്ത്രങ്ങളുമായാണ് ജിംഖാന കളിക്കാനിറങ്ങിയിരുന്നത്. താരങ്ങളുടെ സവിശേഷതകള്‍ ജിംഖാനയുടെ പ്രശസ്തിക്ക് മുതല്‍ക്കൂട്ടായി. ഇരുപതു വയസ്സിനകം ഇരുനൂറ്റി നാല്‍പ്പത് സ്വര്‍ണക്കപ്പ് നേടിയ താരമായാണ് നാരായണന്‍ നായരെ വിശേഷിപ്പിച്ചിരുന്നത്. ബ്ലോക്കിങ്ങില്‍ തിക്കോടി രാഘവന്‍ വൈദ്യരെ വെല്ലാന്‍ അക്കാലത്ത് ആരുമുണ്ടായിരുന്നില്ല. മദ്രാസ് പ്രൊവിന്‍ഷ്യല്‍ ഒളിമ്പിക്‌സ് വിജയത്തില്‍ വൈദ്യരുടെ ബ്ലോക്കിങ് നിര്‍ണായക പങ്കുവഹിച്ചു.
കുറുമ്പ്രനാട്ടുനിന്ന് ആദ്യമായി ഇന്ത്യന്‍ കുപ്പായമണിഞ്ഞ അബ്ദുറഹിമാന്‍ പവര്‍ ഗെയ്മില്‍ അദ്വിതീയനായിരുന്നു. ജിംഖാനയ്ക്കായി മിന്നിയ അദ്ദേഹം 1954-ല്‍ ഇന്ത്യന്‍ ടീമിലെത്തി. എന്നാല്‍, സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം അബ്ദുറഹിമാനും മുകുന്ദനും ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുക്കാനായില്ല. പിന്നീട് '58-ലെ ടോക്യോ ഏഷ്യന്‍ ഗെയിംസില്‍ അബ്ദുറഹിമാന്‍ ഇന്ത്യന്‍ ആക്രമണത്തിന്റെ കുന്തമുനയായി. കളത്തില്‍ മുകുന്ദന്‍ എന്ന അയേണ്‍ ഫിംഗര്‍ മുകുന്ദന്‍ രാജ്യംകണ്ട മികച്ച ഡിഫന്റര്‍മാരില്‍ ഒരാളാണ്. ഇന്ത്യയില്‍ പര്യടനത്തിനെത്തിയ റഷ്യന്‍ ടീമിന്റെ കോച്ചാണ് മുകുന്ദന്റെ വിരലുകളെ അയേണ്‍ ഫിംഗര്‍ എന്ന് വിശേഷിപ്പിച്ചത്.
അന്‍പതുകളില്‍ കളിക്കളങ്ങളില്‍ ഇടിമുഴക്കം സൃഷ്ടിച്ച ഇരിങ്ങല്‍ പപ്പന്‍ ഹ്യൂമന്‍ ഡൈനാമോ എന്നാണ് വിശേഷിപ്പിക്കപ്പെട്ടത്. റഹ്മാനും പപ്പനും നേതൃത്വം നല്‍കിയ ജിംഖാനയുടെ ആക്രമണം ഏതിര്‍ ടീമുകള്‍ക്ക് പേടിസ്വപ്നമായി. '57-ലും '58-ലും ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ പപ്പന്‍ കേരളത്തിനായി മികച്ച പ്രകടനം നടത്തി. പാലോറ നാണുവിന്റെ സ്പിന്‍ സര്‍വുകളായിരുന്നു ജിംഖാനയുടെ മറ്റൊരു വജ്രായുധം. ടി.പി. ഭാസ്‌കരക്കുറുപ്പിന്റെ ഫേക്ക് ജംപ് തന്ത്രവും ശ്രദ്ധേയമായിരുന്നു.
വടകര കോട്ടമൈതാനിയില്‍ 1959-ല്‍ നടന്ന സംസ്ഥാന ചാമ്പ്യന്‍ഷിപ്പില്‍ തിരുവിതാംകൂര്‍ പോലീസിനോട് ജിംഖാന കീഴടങ്ങി. കടത്തനാടന്‍ വോളി പ്രതാപം അസ്തമിക്കുന്നതിന്റെ തുടക്കമായി അന്നത്തെ തോല്‍വി. ജിംഖാന പിളരുകയും ചെയ്തതോടെ കളിയാവേശം ഒന്നുകൂടി തണുത്തു. ജിംഖാനയുടെ സ്ഥാനത്ത് ഹസീനാ സ്‌പോര്‍ട്സ് ക്ലബ്ബും വടകര സ്‌പോര്‍ട്സ് ക്ലബ്ബും സ്ഥാപിതമായി. ഇരു ക്ലബ്ബുകളിലൂടെയും ഒട്ടേറെ താരങ്ങള്‍ ഉയര്‍ന്നുവന്നു. അച്യുതക്കുറുപ്പ്, നടുവണ്ണൂര്‍ അച്ചു, മൊയ്തു മാസ്റ്റര്‍, പി.കെ. ബാലന്‍ തുടങ്ങിയ കളിക്കാര്‍ ഉയര്‍ന്നുവന്നു. ഇന്ത്യന്‍ ടീമില്‍ കളിച്ച അച്യുതക്കുറുപ്പ് പിന്നീട് ഇന്ത്യന്‍ പരിശീലകനായി.
കമ്പൗണ്ടര്‍ അച്ചു, ഇമ്പിച്ചി മമ്മു, പയിമ്പ്ര രാമന്‍ നായര്‍, പാച്ചുക്കുട്ടി, വെസ്റ്റ്ഹില്‍ അപ്പു തുടങ്ങിയവര്‍ കളിച്ചിരുന്ന വെസ്റ്റ്ഹില്‍ സിക്‌സസ്, ചെറുകുന്ന് ടീം, പെരളശ്ശേരി എന്നിവയായിരുന്നു ജിംഖാനയ്ക്കുപുറമേ മലബാറിലെ മറ്റു പ്രമുഖ ടീമുകള്‍. ടി.ഡി.ഇ. ബാംഗ്ലൂര്‍, മധുര സിറ്റി ക്ലബ്ബ്, സതേണ്‍ റെയില്‍വേ, തിരുകൊച്ചി പോലീസ്, ബാംഗ്ലൂര്‍ ഭാരത്, കേരള ടോര്‍പ്പിഡോസ്, ഇന്ത്യന്‍ നേവി, ഇന്ത്യന്‍ എയര്‍ഫോഴ്സ്, താജ്മഹല്‍ മത്രാസ് തുടങ്ങിയവയായിരുന്നു അക്കാലത്ത് ഇന്ത്യയിലെ പ്രശസ്ത ക്ലബ്ബുകള്‍.
നടുവണ്ണൂര്‍ അച്ചു നേതൃത്വം നല്‍കിയ നടുവണ്ണൂര്‍ റിക്രിയേഷന്‍ ക്ലബ്ബ്, ജോളി അത്തോളി, ബാലുശ്ശേരി സ്പാര്‍ട്ടക്കസ്, ബാലുശ്ശേരി മിറാഷ്, ഇരിങ്ങല്‍ ജവഹര്‍, വടകര സി.ഐ.എഫ്., മണിയൂര്‍ ജൂപ്പിറ്റര്‍, വില്യാപ്പള്ളി ബ്രദേഴ്സ്, വടകര പാരഡൈസ് തുടങ്ങിയ ക്ലബ്ബുകളും പ്രദേശത്തെ വോളി വളര്‍ച്ചയ്ക്ക് ആക്കംനല്‍കി. എഴുപതുകളില്‍ മലബാറിലെ വോളി വളര്‍ച്ചയ്ക്ക് കോഴിക്കോട് കെ.ടി.സി. ടീം നല്‍കിയ സംഭാവനകള്‍ വിസ്മരിക്കാനാവില്ല. ജിമ്മി ജോര്‍ജ്, ജോണ്‍സണ്‍ ജേക്കബ്, ബ്ലസന്റ് ജോര്‍ജ് തുടങ്ങിയവരെ അതിഥിതാരങ്ങളായി അണിനിരത്തിയ കെ.ടി.സി. ഒട്ടേറെ കളിക്കാരെ വളര്‍ത്തിക്കൊണ്ടുവന്നു.
വനിതാ വോളിക്ക് മേല്‍വിലാസമുണ്ടാക്കാന്‍ ഏറെ ശ്രമങ്ങള്‍ നടത്തിയവരാണ് നടുവണ്ണൂര്‍ അച്ചുവും മാണിക്കോത്ത് രാഘവനും. ഗീത വളപ്പില്‍, ശോഭ, സുജാത, രജനി, ഉഷ, അനിതാ രത്‌നം തുടങ്ങിയ കളിക്കാരെ വളര്‍ത്തിയത് അച്ചുവിന്റെ നടുവണ്ണൂര്‍ റിക്രിയേഷന്‍ ക്ലബ്ബാണ്. ശ്യാമള, ഒ.കെ. ശ്രീജ, ചിന്നമ്മ, പ്രജിഷ, ജിഷ തുടങ്ങിയവര്‍ വളര്‍ന്നുവന്നത് രാഘവന്റെ മൂണ്‍ലൈറ്റ് ക്ലബ്ബിലൂടെയാണ്.
(വിവരങ്ങള്‍ക്ക് കടപ്പാട് പുറമേരി ജാസ് ക്ലബ്ബ് സോവനീര്‍)