രണ്ടരസെന്റിലെ വീട്ടില്‍ നിന്ന് വന്ന്, വോളിയില്‍ മേല്‍വിലാസമുണ്ടാക്കി അജിത് ലാല്‍


വിവേക് ആര്‍. ചന്ദ്രന്‍

2 min read
Read later
Print
Share

ഇതുവരെ ലഭിച്ച ട്രോഫികള്‍ പോലും സൂക്ഷിച്ചുവയ്ക്കാനുള്ള സൗകര്യവുമില്ലെങ്കിലും മകന്‍ വിയര്‍പ്പൊഴുക്കി കൊണ്ടുവരുന്ന പുരസ്‌കാരങ്ങളെ ഏവിടെയെങ്കിലും മഴനനയാതെ വെക്കാന്‍ അമ്മ ശ്യാമള ശ്രമിക്കും.

തിരുവനന്തപുരം: പട്ടയംപോലുമില്ലാത്ത രണ്ടരസെന്റിലെ വീട്ടില്‍നിന്ന് അജിത്ലാല്‍ പൊരുതിക്കയറിയത് വോളിയുടെ വലിയ ലോകത്തേക്കാണ്. അവിടെയും തളരാതെ പൊരുതിയപ്പോള്‍ കൈവന്നത് ഇരട്ടി മധുരം. ദേശീയകിരീടം കേരളത്തിന് സമ്മാനിച്ചതിനൊപ്പം മികച്ച കളിക്കാരനുള്ള പുരസ്‌കാരവും.

തിരുവനന്തപുരത്തെ അമ്പലത്തറയില്‍ തടികൊണ്ട് നിര്‍മിച്ച ഷെഡ്ഡിനുള്ളില്‍ നിറഞ്ഞിരിക്കുന്ന ട്രോഫികളുടെ ഇടയിലേക്ക് മറ്റൊന്ന് കൂടി. ഇതുവരെ ലഭിച്ച ട്രോഫികള്‍ പോലും സൂക്ഷിച്ചുവയ്ക്കാനുള്ള സൗകര്യവുമില്ലെങ്കിലും മകന്‍ വിയര്‍പ്പൊഴുക്കി കൊണ്ടുവരുന്ന പുരസ്‌കാരങ്ങളെ ഏവിടെയെങ്കിലും മഴനനയാതെ വെക്കാന്‍ അമ്മ ശ്യാമള ശ്രമിക്കും.

മകന്റെ മികച്ച പ്രകടനത്തില്‍ ഏറെ സന്തോഷത്തിലാണ് പഴയ വോളിബോള്‍ താരമായ അച്ഛന്‍ ചന്ദ്രന്‍. കൂലിപ്പണിചെയ്ത് കുടുംബം പോറ്റുന്നിതിനിടയിലും ചന്ദ്രന്‍ തന്റെ ഇഷ്ട കായിക വിനോദവും ഒരുമിച്ചുകൊണ്ടു പോയിരുന്നു. ജില്ലാ വോളിബോള്‍ ടീമില്‍ അംഗമായിരുന്ന ചന്ദ്രന്‍ ദേശീയ ബീച്ച് വോളിയിലും മത്സരിച്ചിട്ടുണ്ട്. അച്ഛന്റെ പാത പിന്തുടര്‍ന്നെത്തിയ അജിത് ദേശീയതലത്തില്‍ തന്നെ മേല്‍വിലാസമുണ്ടാക്കി.

അമ്പലത്തറ ബണ്ട് റോഡിന് സമീപം പട്ടണംകര ക്ഷത്രീയംവിളവീട്ടില്‍ ചന്ദ്രന്റെയും ശ്യാമളയുടെയും മകനാണ് അജിത്. തേങ്ങവെട്ടുകയാണ് ചന്ദ്രന്റെ ജോലി. ശ്യാമള ശുചീകരണത്തൊഴിലാളിയാണ്. ഈ തുച്ഛമായ വരുമാനത്തിലാണ് കുടുംബം കഴിഞ്ഞുകൂടുന്നത്. അജിത്തിനെയും സഹോദരങ്ങളായ അരവിന്ദിനെയും ആനന്ദിനെയും പഠിപ്പിച്ചതുമെല്ലം ഏറെ കഷ്ടപ്പെട്ടിട്ടാണ്.

ഇപ്പോഴും കഷ്ടപ്പാടിന് കുറവൊന്നുമില്ല. ഇല്ലായ്മകള്‍ക്കിടയിലും തനിക്ക് നേടാനാവത്തത് മകന്‍ നേടുന്നതില്‍ സന്തോഷവാനാണ് ചന്ദ്രന്‍. സ്വന്തം സ്ഥലത്തിന് പട്ടയമെങ്കിലും കിട്ടിയിരുന്നെങ്കില്‍ അത്രയും ആശ്വസമാണെന്നും ഇദ്ദേഹം പറയുന്നു. കയറിക്കിടക്കാന്‍ ഉറപ്പുള്ളൊരു വീടും മകന്റെ മികച്ച നേട്ടങ്ങള്‍ ഭദ്രമായി സൂക്ഷിക്കാനൊരു സ്ഥലവുമെല്ലാം ഈ കുടുംബത്തിന്റെ സ്വപ്നങ്ങളാണ്.

പത്താംക്ലാസുവരെ അജിത് കായിക ഇനങ്ങളിലൊന്നും സജീവമായിരുന്നില്ല. ഇതിന് ശേഷമാണ് അജിത്തിനെ അച്ഛന്‍ തന്റെ സ്വന്തം ക്ലബ്ബായ കാലടി വോളിബോള്‍ ക്ലബ്ബിലെത്തിക്കുന്നത്. തുടര്‍ന്ന് പ്ലസ്ടു പഠനകാലത്താണ് അജിത് വോളിബോള്‍ താരമായി മാറുന്നത്. പത്തനാപുരം സെയ്ന്റ് സ്റ്റീഫന്‍ കോളേജിലെ അവസാനവര്‍ഷം കേരള ടീമിലുമെത്തി. യൂത്ത് നാഷണലിലും കളിച്ചിട്ടുണ്ട്. കഴിഞ്ഞവര്‍ഷം കൊച്ചി ഭാരത് പെട്രോളിയത്തില്‍ ഉദ്യോഗസ്ഥനായി ജോലി ലഭിച്ചതാണ് ആശ്വാസം പകരുന്ന ഘടകം.

Content highlights: Ajith Lal Kerala Volleyball Player Life

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram