Photo: twitter.com|IndSuperLeague
ഫത്തോര്‍ഡ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഈസ്റ്റ് ബംഗാളിന് തകര്‍പ്പന്‍ വിജയം. കരുത്തരായ ജംഷേദ്പുരിനെ ഒന്നിനെതിരേ രണ്ടുഗോളുകള്‍ക്കാണ് ഡാനിയേല്‍ ഫോക്‌സും സംഘവും കീഴടക്കിയത്. ഈസ്റ്റ് ബംഗാളിനായി മാറ്റി സ്‌റ്റെയിന്‍മാനും ആന്റണി പില്‍കിങ്ടണും സ്‌കോര്‍ ചെയ്തപ്പോള്‍ നായകന്‍ പീറ്റര്‍ ഹാര്‍ട്‌ലി ജംഷേദ്പുരിന്റെ ആശ്വാസ ഗോള്‍ നേടി.
ഈ വിജയത്തോടെ ഈസ്റ്റ് ബംഗാള്‍ പോയന്റ് പട്ടികയില്‍ ബ്ലാസ്റ്റേഴ്‌സിനെ മറികടന്ന് ഒന്‍പതാം സ്ഥാനത്തെത്തിയപ്പോള്‍ ജംഷേദ്പുര്‍ എഴാം സ്ഥാനത്ത് തുടരുന്നു. ഈസ്റ്റ് ബംഗാളിന്റെ മാറ്റി സ്റ്റെയിൻമാൻ മത്സരത്തിലെ ഹീറോ ഓഫ് ദ മാച്ച് പുരസ്കാരം സ്വന്തമാക്കി
മത്സരം തുടങ്ങി രണ്ടാം മിനിട്ടില്‍ തന്നെ ജംഷേദ്പുര്‍ മികച്ച അവസരം സൃഷ്ടിച്ചു. സ്റ്റീഫന്‍ എസ്സെയെ ഫൗള്‍ ചെയ്തതിന് ജംഷേദ്പുരിന് അനുകൂലമായി ഫ്രീകിക്ക് ലഭിച്ചു. കിക്കെടുത്ത ജംഷേദ്പുരിന്റെ നെരിയസ് വാല്‍സ്‌കിസ് മികച്ച ഷോട്ടുതിര്‍ത്തെങ്കിലും പന്ത് പോസ്റ്റിനെ തൊട്ടുരുമ്മി കടന്നുപോയി.
തൊട്ടുപിന്നാലെ ഈസ്റ്റ് ബംഗാളിന്റെ പില്‍കിങ്ടണ് മികച്ച ഒരു പാസ് ലഭിച്ചെങ്കിലും അദ്ദേഹത്തിന് അത് ഗോളാക്കാനായില്ല. ആ അവസരത്തിന്റെ ഭാഗമായി ആറാം മിനിട്ടില്‍ ഈസ്റ്റ് ബംഗാളിന് കോര്‍ണര്‍ ലഭിച്ചു. മത്സരത്തിലെ ആദ്യ കോര്‍ണര്‍ ആയിരുന്നു അത്. അതില്‍ തന്നെ ഗോള്‍ നേടി ഈസ്റ്റ് ബംഗാള്‍ ജംഷേദ്പുരിനെതിരേ ലീഡെടുത്തു.
ഒരു തകര്‍പ്പന്‍ ഹെഡ്ഡറിലൂടെ മാറ്റി സ്റ്റെയിന്‍മാനാണ് ടീമിനായി ഗോള്‍ നേടിയത്. നാരായണ്‍ ദാസ് എടുത്ത കോര്‍ണര്‍ കിക്കിന് കൃത്യമായി തലവെച്ച് മികച്ച ഒരു ഹെഡ്ഡറിലൂടെ താരം ടീമിനെ മുന്നിലെത്തിച്ചു. കഴിഞ്ഞ മൂന്നു മത്സരങ്ങളില്‍ ക്ലീന്‍ ഷീറ്റ് ലഭിച്ചിരുന്ന ജംഷേദ്പുരിന്റെ മലയാളി ഗോള്‍കീപ്പര്‍ രഹനേഷിന് ഇത് നോക്കിനില്‍ക്കാനേ സാധിച്ചുള്ളൂ.
ഗോള്‍ വഴങ്ങിയതോടെ ജംഷേദ്പുര്‍ ഉണര്‍ന്നുകളിച്ചു. ചില അവസരങ്ങള്‍ സൃഷ്ടിക്കാനും ടീമിന് സാധിച്ചു. പക്ഷേ ഈസ്റ്റ് ബംഗാള്‍ പ്രതിരോധം അതിനെ അനായാസം നേരിട്ടു. ഗോള്‍ നേടിയിട്ടും ആക്രമിച്ചുതന്നെയാണ് ഈസ്റ്റ് ബംഗാള്‍ കളിച്ചത്.
30-ാം മിനിട്ടില്‍ ആന്റണി പില്‍കിങ്ടണ്‍ ഉഗ്രന്‍ ഫ്രീകിക്കെടുത്തെങ്കിലും അത് ക്രോസ് ബാറിന് മുകളിലൂടെ പറന്നുപോയി. പിന്നീട് മികച്ച അവസരം ആദ്യ പകുതിയില്‍ സൃഷ്ടിക്കാന്‍ ഇരുടീമുകള്‍ക്കും കഴിഞ്ഞില്ല.
രണ്ടാം പകുതിയിലും മികച്ച പ്രകടനമാണ് ഈസ്റ്റ് ബംഗാള്‍ കാഴ്ചവെച്ചത്. ആക്രമിച്ച് കളിക്കുന്നതിന് പകരം കൂടുതല്‍ പ്രതിരോധത്തിലേക്ക് ശ്രദ്ധകൊടുത്താണ് ഡാനിയേല്‍ ഫോക്‌സും സംഘവും കളിച്ചത്.
58-ാം മിനിട്ടില്‍ ഈസ്റ്റ് ബംഗാളിന്റെ നാരായണ്‍ ദാസ് മികച്ച ഒരു ഷോട്ട് പോസ്റ്റിലേക്കുതിര്‍ത്തെങ്കിലും ഗോള്‍കീപ്പര്‍ രഹനേഷ് പന്ത് തട്ടിയകറ്റി. സമനില ഗോള്‍ നേടാനായി ജംഷേദ്പുര്‍ താരങ്ങളെ മാറ്റിപ്പരീക്ഷിച്ചു. 64-ാം മിനിട്ടില്‍ ജംഷേദ്പുരിന്റെ നെരിയസ് വാല്‍സ്‌കിസ് എടുത്ത കിക്ക് ഈസ്റ്റ് ബംഗാള്‍ പോസ്റ്റില്‍ തട്ടിത്തെറിച്ചു.
68-ാം മിനിട്ടില്‍ ജംഷേദ്പുരിന്റെ ഹൃദയം തകര്‍ത്തുകൊണ്ട് ഈസ്റ്റ് ബംഗാള്‍ രണ്ടാം ഗോള്‍ നേടി. ആന്റണി പില്‍കിങ്ടണാണ് ടീമിനായി രണ്ടാം ഗോള്‍ നേടിയത്. മാറ്റി സ്‌റ്റെയിന്‍മാനില്‍ നിന്നും പന്ത് സ്വീകരിച്ച പില്‍കിങ്ടണ്‍ മികച്ച ഒരു ഷോട്ടിലൂടെ പന്ത് വലയിലെത്തിച്ചു. ഇതോടെ ഈസ്റ്റ് ബംഗാള്‍ മത്സരത്തില്‍ വിജയമുറപ്പിച്ചു.
79-ാം മിനിട്ടില്‍ പില്‍കിങ്ടണ്‍ വീണ്ടും ജംഷേദ്പുര്‍ പ്രതിരോധനിരയ്ക്ക് തലവേദന സൃഷ്ടിച്ചു. ബ്രൈറ്റിന്റെ പാസ്സ് സ്വീകരിച്ച താരം മികച്ച ഷോട്ടുതിര്‍ത്തെങ്കിലും പന്ത് പോസ്റ്റില്‍ തട്ടിത്തെറിച്ചു. രണ്ട് ഗോള്‍ നേടിയിട്ടും ആക്രമിച്ചുതന്നെയാണ് ഈസ്റ്റ് ബംഗാള്‍ കളിച്ചത്.
എന്നാല്‍ 83-ാം മിനിട്ടില്‍ ജംഷേദ്പുര്‍ ഒരു ഗോള്‍ തിരിച്ചടിച്ചു. നായകന്‍ പീറ്റര്‍ ഹാര്‍ട്‌ലിയാണ് ടീമിനായി ഗോള്‍ നേടിയത്. ഐസക്കിന്റെ ക്രോസില്‍ നിന്നും ഒരു ഹെഡ്ഡറിലൂടെയാണ് താരം സ്‌കോര്‍ ചെയ്തത്. ബോക്‌സിനകത്തെ കൂട്ടപ്പൊരിച്ചിലിനൊടുവില്‍ മാര്‍ക്ക് ചെയ്യപ്പെടാതിരുന്ന ഹാര്‍ട്‌ലി മുന്നോട്ട് കയറി ഹെഡ്ഡ് ചെയ്ത് പന്ത് വലയിലെത്തിച്ചു.
ഇതോടെ കളി ആവേശത്തിലായി. ഗോള്‍ വഴങ്ങിയിട്ടും ഈസ്റ്റ് ബംഗാള്‍ ആക്രമിച്ചുതന്നെയാണ് കളിച്ചത്. കളിയവസാനിക്കാന്‍ സെക്കന്‍ഡുകള്‍ മാത്രം ബാക്കിനില്‍ക്കെ വാല്‍സ്‌കിസ് ഒരു തകര്‍പ്പന്‍ ഹെഡ്ഡര്‍ പോസ്റ്റിലേക്ക് നടത്തിയെങ്കിലും ഗോള്‍കീപ്പര്‍ സുബ്രതോപാല്‍ പന്ത് അത്ഭുതകരമായി തട്ടിയകറ്റി. പിന്നാലെ ഫൈനല്‍ വിസിലും മുഴങ്ങി.
മത്സരത്തിന്റെ തത്സമയ വിവരണം വായിക്കാം....
Content Highlights: SC East Bengal vs Jamshedpur FC ISL 2020-2021