Photo: twitter.com|KeralaBlasters
മഡ്ഗാവ്: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളിലെ അവസാന രണ്ടു മത്സരങ്ങളില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടിയായി റഫറിയുടെ വിവാദതീരുമാനങ്ങള്‍. ജംഷേദ്പുര്‍ എഫ്.സിക്കെതിരേ ഗോള്‍ അനുവദിക്കാതിരുന്നപ്പോള്‍ എ.ടി.കെ. മോഹന്‍ ബഗാനെതിരേ തെറ്റായ തീരുമാനത്തിലൂടെ പെനാല്‍ട്ടി അനുവദിക്കുകയും ചെയ്തു.
എ.ടി.കെ.ക്കെതിരായ മത്സരത്തില്‍ 63ാം മിനിറ്റിലാണ് ബ്ലാസ്റ്റേഴ്‌സിനെതിരേ പെനാല്‍ട്ടി വിധിക്കുന്നത്. 21ന് ടീം മുന്നിട്ടുനില്‍ക്കുകയായിരുന്നു. ബോക്‌സില്‍വെച്ച് നായകന്‍ ജെസല്‍ കാര്‍നെയ്‌റോയുടെ കൈയില്‍ പന്ത് തട്ടിയതിനാണ് റഫറി ശിക്ഷ വിധിച്ചത്.
എന്നാല്‍, പന്ത് തട്ടുന്നതിനുമുമ്പ് ജെസലിനെ ജേഴ്‌സിയില്‍ പിടിച്ച് ബഗാന്‍ താരം മന്‍വീര്‍ വീഴ്ത്താന്‍ ശ്രമിക്കുന്നത് റീപ്ലേകളില്‍ വ്യക്തമായിരുന്നു. ഇതിനുശേഷം ഇരുതാരങ്ങളുടെയും കൈകളില്‍ ഒരേ സമയമാണ് പന്തുതട്ടിയത്. പെനാല്‍ട്ടി റോയ് കൃഷ്ണ ലക്ഷ്യത്തിലെത്തിക്കുകയും ടീമിനെ 2-2ന് ഒപ്പമെത്തിക്കുകയും ചെയ്തു. പെനാല്‍ട്ടിയും ഗോളും ടീമിനെ തളര്‍ത്തി.
കളിയുടെ അവസാനഘട്ടത്തില്‍ കോസ്റ്റയ്‌ക്കെതിരേ വിളിച്ച ഫൗളും തുടര്‍ന്നുണ്ടായ കളിക്കാരുടെ കൈയാങ്കളിയും റഫറിയുടെ മറ്റൊരു തെറ്റായ തീരുമാനത്തിന്റെ ഫലമായിരുന്നു.
ജംഷേദ്പുര്‍ എഫ്.സിക്കെതിരായ മത്സരത്തില്‍ ആദ്യപകുതിയുടെ അവസാനഘട്ടത്തിലാണ് ഗാരി ഹൂപ്പറിന്റെ തകര്‍പ്പനടി ബാറിലടിച്ച് താഴേക്ക് പതിച്ച് ഗോള്‍ലൈന്‍ കടന്നത്. എന്നാല്‍, റഫറിയും ലൈന്‍ റഫറിയും ഇക്കാര്യം കണാതെപോയി.
റീപ്ലേകളില്‍ പന്ത് ഗോള്‍ ലൈന്‍ കടന്നത് വ്യക്തമാകുകയും ചെയ്തു. മത്സരം സമനിലയില്‍ അവസാനിച്ചതോടെ റഫറിയുടെ പിഴവ് ബ്ലാസ്റ്റേഴ്‌സിന് കനത്ത തിരിച്ചടിയായി. സൂപ്പര്‍ ലീഗില്‍ കളിയുടെ നിലവാരം കൂടിയെങ്കിലും റഫറിമാരുടെ തെറ്റായ തീരുമാനങ്ങള്‍ വര്‍ധിക്കുന്നത് ഏറെ വിമര്‍ശനങ്ങള്‍ക്ക് കാരണമാകുന്നുണ്ട്.
Content Highlights:Refereeing in Indian Super League 2020-2021 season is getting worse